നെയ്യാര്‍ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍; സോണിയ ഗാന്ധിക്ക് എതിരെ കരാറുകാരന്‍ കോടതിയില്‍

പണിപൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാലാണ് ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്

നെയ്യാര്‍ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍; സോണിയ ഗാന്ധിക്ക് എതിരെ കരാറുകാരന്‍ കോടതിയില്‍

തിരുവനന്തപുരം: ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് പണിത വകയില്‍ പണം ലഭിക്കാത്തതിനാല്‍ കരാറുകാരായ ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചു.

കെട്ടിടനിര്‍മാണത്തിനു മുന്‍കൈയെടുത്ത മുന്‍ കെപിസിസി അധ്യക്ഷന്‍കൂടിയായ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്‌ടര്‍ ഹിദുര്‍ മുഹമ്മദ്‌ എന്നിവരാണു മറ്റു പ്രതികള്‍.


പണിപൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാലാണ്  ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്. കെട്ടിടനിര്‍മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേര്‍ത്ത്‌ കിട്ടണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കെപിസിസി വാങ്ങിയ രണ്ടര ഹെക്‌ടറില്‍ മലേഷ്യയിലെ യൂത്ത്‌ സെന്റര്‍ മാതൃകയില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിച്ചത്‌. 2013 സെപ്‌റ്റംബറില്‍ പ്രധാനകെട്ടിടത്തിന്റെ പണി തീര്‍ത്ത്‌ സോണിയാ ഗാന്ധിയെക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിച്ചു. അതു മുതലുള്ള ബില്‍ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്‌.

ബില്ലുകള്‍ പരിശോധിച്ച്‌ ഒരു മാസത്തിനകം പണം കൊടുക്കുന്ന രീതിയാണു കെപിസിസിക്ക് ഉള്ളതെങ്കിലും ഉദ്‌ഘാടനത്തിനായി ധൃതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ രമേശും ഉമ്മന്‍ ചാണ്ടിയൂം കരാറുകാരനോടു നിര്‍ദേശിച്ചിരുന്നു. ഫണ്ടിനു ബുദ്ധിമുട്ടുണ്ടാകില്ലെന്ന്‌ ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ബാങ്ക്‌ വായ്‌പയെടുത്ത്‌ പ്രധാനകെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെന്നു പരാതിയില്‍ പറയുന്നു.

പണി പൂര്‍ത്തിയാക്കിയശേഷം 2,80,40,376 രൂപയുടെ ബില്‍ കെ.പി.സി.സിക്കു നല്‍കി. ഇതിനിടെ രമേശിനു പകരം വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായി.ഇത്രയും ഭീമമായ ചെലവില്‍ ഒരു സംരംഭം കെപിസിസിക്ക്‌ ആവശ്യമുണ്ടായിരുന്നില്ലെന്ന നിലപാട്‌ സുധീരനുമെടുത്തതോടെ കരാറുകാരന്‍ വെട്ടിലായി.

കരാറുകാരന്‍ പിന്നീടു സോണിയയെ നേരില്‍ കണ്ട്‌ കാര്യങ്ങളവതരിപ്പിക്കുകയും എത്രയും വേഗം കുടിശിക കൊടുത്തുതീര്‍ക്കാന്‍ സോണിയ കെപിസിസിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തുവെങ്കിലും കേരളത്തില്‍ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.

Read More >>