തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മേഖലാ സമിതകള്‍ക്ക് ചുമതല നല്‍കി: സുധീരന്‍

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പോരായ്മകള്‍ വന്നിട്ടുണ്ടോ എന്നും സമിതികള്‍ പരിശോധിക്കും. കണ്‍വീനര്‍മാര്‍ ഡിസിസി അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാകും സിറ്റിംഗ് തീരുമാനിക്കുക. മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മേഖലാ സമിതകള്‍ക്ക് ചുമതല നല്‍കി: സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം സംബന്ധിച്ച് നീതിയുക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖലാ സമിതികള്‍ക്ക് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നിര്‍ദ്ദേശം നല്‍കി. പരാജയം ചര്‍ച്ച ചെയ്യാനുള്ള നാല് മേഖലാ സമിതി അംഗങ്ങളുടെ യോഗം ഇന്ന് ഇന്ദിരാ ഭവനില്‍ ചേര്‍ന്നു. ഈ യോഗത്തിന് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖലാ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയത്. ജൂലൈ നാലിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.


ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പോരായ്മകള്‍ വന്നിട്ടുണ്ടോ എന്നും സമിതികള്‍ പരിശോധിക്കും. കണ്‍വീനര്‍മാര്‍ ഡിസിസി അധ്യക്ഷന്‍മാരുമായി ചര്‍ച്ച  നടത്തിയ ശേഷമാകും സിറ്റിംഗ് തീരുമാനിക്കുക. മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. തെരഞ്ഞെടുപ്പ് പരാതികള്‍ പരിശോധിക്കുന്നതിനായി കണ്‍വീനര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ ഉള്ള നാല് മേഖലാ സമിതിയാണ് കെപിസിസി എക്‌സിക്യൂട്ടീവ് നിയോഗിച്ചത്.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ കെപിസിസി ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ എബ്രഹാം കണ്‍വീനറായും അഡ്വ.ബാബു പ്രസാദ്,ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് നിയമിച്ചത്. ആലപ്പുഴ,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഭാരതീപുരം ശശി കണ്‍വീനറായും എന്‍ വേണുഗോപാന്‍,ബിന്ദു കൃഷ്ണ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്. പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ അഡ്വ.സജീവ് ജോസഫ് കണ്‍വീനറും പ്രൊഫസര്‍ ജി ബാലചന്ദ്രന്‍,അബ്ദുള്‍ മുത്തലിബ് എന്നിവര്‍ അംഗങ്ങളുമാണ്. വയനാട്,കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളില്‍ വി എ നാരായണന്‍ കണ്‍വീനറും അഡ്വ.കെപി അനില്‍ കുമാര്‍ വിവി പ്രകാശ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അന്വേഷിക്കുക