കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തിലെ ആദ്യ വിജയം കൊളംബിയക്ക്

ആഥിഥേയരായ യു.എസ്.എയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് കൊളംബിയ വിജയം നേടിയത്.

കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തിലെ ആദ്യ വിജയം കൊളംബിയക്ക്കാലിഫോര്‍ണിയ: കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തിലെ ആദ്യ വിജയം കൊളംബിയക്ക്. ആഥിഥേയരായ യു.എസ്.എയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് കൊളംബിയ വിജയം നേടിയത്.

ക്രിസ്റ്റിയന്‍ സബാറ്റ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഹാമിഷ് റോഡ്രിഗസ് കോപ്പയിലെ തന്റെ ആദ്യ ഗോള്‍ നേടി. കളിയുടെ തുടക്കം മുതല്‍ കൊളംബിയ വ്യക്തമായ  ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ യു എസ് എ തീര്‍ത്തും നിഷ്പ്രഭരാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസി മിലാന്റെ പ്രതിരോധ താരമായ ക്രിസ്റ്റിയന്‍ സബാറ്റ ആദ്യ ഗോള്‍ നേടി. എഡ്വിന്‍ കാര്‍ഡോനയുടെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സബാറ്റയുടെ ഗോള്‍. 42-ആം മിനിറ്റില്‍ റോഡ്രിഗസിലൂടെ കൊളംബിയയുടെ രണ്ടാം ഗോള്‍ പിറന്നു. ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ യെദ്‌ലിന്റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചില്ല. റോഡ്രിഗസിന്റെ കരിയറിലെ 15-ആം അന്തര്‍ദേശീയ ഗോളായിരുന്നു അത്.


രണ്ടാം പകുതിക്ക് ശേഷം യു.എസ്.എ കളിയിലേക്ക് തിരിച്ചു വരാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 62-ആം മിനിറ്റില്‍ ഡെംപ്‌സിയെടുത്ത ഫ്രീ കിക്ക് യു.എസ്.എയ്ക്ക് ആദ്യ ഗോള്‍ സമ്മാനിക്കുമെന്ന് കരുതിയെങ്കിലും ഒസ്പിനയുടെ  സേവിംഗ് കൊളംബിയ രക്ഷിച്ചു.  വിജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി കൊളംബിയ ഒന്നാമതെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച കൊളംബിയ പരാഗ്വെക്കെതിരെ കളത്തിലിറങ്ങും.

Read More >>