സിനിമാ പാരഡൈസോ ക്ലബ്ബിന്റെ ചരിത്രവും വർത്തമാനവും

മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഏതാനം പേർ ചേർന്ന് തുടങ്ങിയ സിനിമാ പാരഡൈസോ ക്ലബ്ബ്. ഒരു സിനിമാ ചർച്ചാവേദി എന്നതിൽനിന്ന് മാറി സർഗാത്മകമായ ഒരിടമായി സിനിമാ പാരഡൈസോ മാറി. ക്ലബ്ബിന്റെ ചരിത്രമെഴുതുകയാണ് തുടക്കം മുതൽ ക്ലബ്ബിലെ സജീവ അംഗമായ ബെൻ മാത്യു.

സിനിമാ പാരഡൈസോ ക്ലബ്ബിന്റെ ചരിത്രവും വർത്തമാനവും

ബെൻ മാത്യു

എല്ലാത്തിനും ഉള്ളതുപോലെ സിനിമ പാരഡൈസോ ക്ലബ്ബിനും ഒരു ചരിത്രമുണ്ട്. അത് മലയാളിയുടെ ഓൺലൈൻ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. മലയാളിയുടെ ഓൺലൈൻ ജീവിതം ഓർക്കുട്ടിൽ നിന്നും ഏതാണ്ട് പൂർണമായി ഇറങ്ങി ഫേസ്ബുക്കിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കാലം.. ഈ യാത്രയിൽ ഒരു ഇടത്താവളം എന്ന് പറയുന്നത് ബ്ലോഗുകൾ ആണ്. അതിൽ തന്നെ ബെർളി തോമസ് എന്ന ബെർളിച്ചായന്റെ 'ബെർളിത്തരങ്ങൾ' അക്ഷരങ്ങൾ ചിതറിച്ച് വായനക്കാരനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ബ്ലോഗുകളെക്കാൾ ബഹുദൂരം മുന്നിൽ പായുന്നു. അന്ന് ബെർളിയുടെ ബ്ലോഗിലെ കമന്റ് ബോക്‌സിൽ തീപ്പൊരി കമന്റുകൾ ഇട്ടിരുന്ന ഒരുകൂട്ടം സഹൃദയരായ വാഗ്മികൾ.. മെല്ലെമെല്ലെ അവർ കമന്റുകളിലൂടെ അവർപോലും അറിയാതെ ഒരു സൗഹൃദവലയം അവർ രൂപീകരിച്ചു.


ആ സൌഹൃദവലയം അവരെ ഫേസ്ബുക്കിലെ ഒരു ചെറിയ ഗ്രൂപ്പിൽ ഒന്നിച്ചു ചേർത്തു. Universal Commentators Federation(UCF) എന്ന് അവർ ഇംഗ്ലീഷിലും ശ്രീ രാജരാജേശ്വരി അധോലോകം എന്ന് അവർ മലയാളത്തിലും ആ ഗ്രൂപ്പിന് പേരിട്ടു.. ഏതാനും മാസങ്ങളിലെ ഗ്രൂപ്പ് ചർച്ചകളിൽ നിന്നും തമാശകളിൽ നിന്നും നെല്ലും പതിരും വേർതിരിഞ്ഞു. വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ അഭിരുചികൾ ഉണ്ടായിരുന്ന അവർക്കെല്ലാം പൊതുവായി ഉണ്ടായിരുന്ന ഇഷ്ടം ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവരുടെ തമാശകളും സംവാദങ്ങളും എല്ലാം ആ ഒരൊറ്റ മോഹിപ്പിക്കുന്ന വിഷയത്തിനു ചുറ്റും ഗ്രഹങ്ങളെപ്പോലെ വട്ടമിട്ടു കറങ്ങാൻ തുടങ്ങി. സിനിമ ആയിരുന്നു ആ മോഹിപ്പിക്കുന്ന വലയം.

മറ്റെന്തിനെക്കാളും ഉപരി അവരുടെ ഹൃദയങ്ങളിൽ നിന്നു വിരലുകൾ വഴി കീബോർഡിലേക്ക് ഉതിർന്നു വീണ അക്ഷരങ്ങളിൽ നിറഞ്ഞു നിന്നത് സിനിമ മാത്രം ആയിരുന്നു. അങ്ങനെ ഒരിക്കൽ അവരിൽ ഒരു ദീർഖ ദർശി സിനിമാ പാരദൈസോ എന്ന ഇറ്റാലിയൻ സിനിമയെപ്പറ്റി ഒരു ചർച്ച തുടങ്ങി. അങ്ങനെ ഒരു സിനിമയെപ്പറ്റി കേട്ട് കേൾവിപോലും ഇല്ലാത്ത പലരും ആ ചർച്ചയിലൂടെ സിനിമാ പാരദൈസോ കണ്ടു.. നൂറ്റിയൻപതിൽ താഴെ മാത്രം ആളുകൾ ഉള്ള ആ സീക്രട്ട് ഗ്രൂപ്പിലെ സിനിമാ പാരദൈസോ എന്ന സിനിമയെപ്പറ്റിയുള്ള ചർച്ച അവസാനിച്ചില്ല.. വിരാമചിഹ്നത്തെ കേവലം ഒരു ചിഹ്നം മാത്രമാക്കിയ ആ പോസ്റ്റ് സിനിമാ പാരദൈസോ എന്ന ഗ്രൂപ്പിന്റെ ഉൽപ്പത്തിയിലൂടെ ചരിത്രത്തിലേക്കുള്ള വാതായനം തുറക്കുകയാണ് ഉണ്ടായത്.. 2011 മേയ് മാസം 8ആം തീയതി രാകേഷ് റോസ് സിനിമാ പാരദൈസോ എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു.

ഒരു കോനൻ ഡോയൽ കഥാപാത്രത്തെ പോലെ എന്നും ദുരൂഹതകളിലൂടെ മാത്രം സഞ്ചരിച്ച രാകേഷ് റോസ് എന്ന ചുവന്ന തൊപ്പിക്കാരനും ദിവ്യാ കൃഷ്ണനും ഗ്രൂപ്പിന്റെ ആദ്യ അഡ്മിനുകൾ ആയി.

ആ തുടക്കം ഒരു ഗംഭീര യാത്രയുടെ ആരംഭം ആയിരുന്നു. മാസങ്ങൾ മുന്നോട്ടു പോകെപ്പോകെ ആളുകളുടെ എണ്ണം വർദ്ധിച്ചു വന്നു. ചർച്ചകൾ പെരുകി. പല രാജ്യങ്ങളിൽ പല പല ടൈം സോണിൽ ജീവിക്കുന്ന ആളുകളുടെ ചർച്ചുകളാൽ മുഖരിതമായ പാരദൈസോ രാവും പകലും ഉറങ്ങാത്ത ഒരു വേദിയായി മാറി. അംഗസംഖ്യ നൂറുകളിൽ നിന്നും ആയിരങ്ങളിലേക്ക് വർധിച്ചു. ആദ്യ കാലങ്ങളിൽ നടന്ന ചർച്ചകൾക്ക ഒരു ഗൌരവ സ്വഭാവം ആണ് ഉണ്ടായിരുന്നത്.. കൂടുതലും കൊറിയൻ സിനിമകളെ പറ്റി നടന്ന ചർച്ചകളിൽ കിം കിദുക്കും ത്രീ അയണും ഒക്കെ നിറഞ്ഞു നിന്നു.

അങ്ങനെയിരിക്കെ പൊടുന്നനെ ഒരുനാൾ കുമാരേട്ടൻ പൂഞ്ഞാർ എന്നൊരു മനുഷ്യൻ പാരദൈസോയിൽ വന്നു കയറി. അസാധ്യമായ ഹ്യൂമർ സെൻസും വാക്ചാതുര്യവും സമാസമം ചേർത്തു പോസ്റ്റുകളും കമന്റുകളും എഴുതിയ അദ്ദേഹം പെട്ടെന്ന് തന്നെ പാരദൈസോയുടെ മൊത്തം ഗതിയെ തന്നെ മാറ്റി വിട്ടു. ഇദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കാൻ വേണ്ടി മാത്രം ആളുകൾ പാരദൈസോയിൽ വരാൻ തുടങ്ങിയ നാളുകൾ. പാരദൈസോ ജനകീയമാവുകയായിരുന്നു, കുമാരെട്ടനിലൂടെ. ആ ജനകീയത മറ്റു വിഷയങ്ങളിലേക്കും കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ പാരദൈസോയുടെ അംഗസംഖ്യ ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്ക് ഉയർന്നു. അതോടെ പാരദൈസോയുടെ 'അപരന്മാർ' ആയി സൃഷ്ടിക്കപ്പെട്ട പല ഗ്രൂപ്പുകളും വിസ്മൃതിയിലേക്ക് ആണ്ടു.

പാരദൈസോയുടെ ജനപ്രിയത അതിലേക്ക് മലയാളത്തിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ വരവിനിടയാക്കി. പല പ്രശസ്തരുടെയും കമന്റുകളും പോസ്റ്റുകളും ഗ്രൂപ്പിലെ അംഗങ്ങളിൽ ആവേശം പടർത്തി. ഒരു സിനിമ റിലീസ് ആയാൽ ആദ്യ റിപ്പോർട്ട് അറിയാൻ പാരദൈസോ നോക്കിയാൽ മതി എന്നൊരു രീതി തന്നെ ഉണ്ടായി. അതിനു നന്ദി പറയേണ്ടത് ഏതൊരു സിനിമയെയും ആദ്യ ഷോയ്ക്ക് തന്നെ പോയി കാണാനും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചൂടോടെ പങ്കു വെക്കാനും തയ്യാറായ പ്രബുദ്ധരായ ഗ്രൂപ്പ് മെമ്പർമാരോട് ആണ്. അവരില്ലായിരുന്നുവെങ്കിൽ ഈ ഗ്രൂപ്പ് ഒന്നുമാകില്ലായിരുന്നു..

2012 ജൂൺ 29ആം തീയതി സിനിമാ പാരടിസോയുടെ ചരിത്രത്തിൽ ഒരു സുപ്രധാന ദിവസമാണ്. ഗ്രൂപ്പിന്റെ പേര് അന്ന് ആദ്യമായി ഒരു സിനിമയുടെ താങ്ക്‌സ് കാർഡിൽ കാണപ്പെട്ട ദിവസം. ഗ്രൂപ്പിലെ ആക്ടീവ് മെമ്പർ ആയിരുന്ന ശ്രീ എം.എ. നിഷാദ് ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. 2012ഇൽ പാരദൈസോ മറ്റൊരു ചുവടുവെപ്പ്കൂടി നടത്തി. മലയാള ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു പാരദൈസോ ഗ്രൂപ്പിലെ ആളുകൾ സ്വമേധയ തന്ന സംഭാവനകൾ ഉപയോഗിച്ച് ഒരു ഷോര്ട്ട് ഫിലിം നിർമ്മിച്ചു. പൂർണ്ണമായും ഗ്രൂപ്പ് മെംബേര്‌സ് തന്നെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ആ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് ഇപ്പോൾ പരസ്യരംഗത്ത് സജീവമായ ബിലാഹരി കെ രാജ് ആണ്. അന്ന് ആ ഷോർട്ട് ഫിലിമിലൂടെ ഗാനരചന രംഗത്ത് എത്തിയ വിനായക് ശശികുമാർ നീലാകാശം പച്ചക്കടൽ, നോർത്ത് ഇരുപത്തിനാല് കാതം, സപ്തമാശ്രീ തസ്‌കര, ലോർഡ് ലിവിംഗ്സ്റ്റൻ തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമാ ഗാനരചന രംഗത്ത് ചുവടുകൾ ഉറപ്പിച്ചു.

2013-2014 ഒക്കെ ആയപ്പോഴേക്കും കൂണുപോലെ മുളച്ചുപൊങ്ങിയ നിരവധി സിനിമാ ഗ്രൂപ്പുകൾ പാരദൈസോ മൂന്നു വർഷം കൊണ്ട് നേടിയ അംഗബലം മാസങ്ങൾകൊണ്ട് നേടിയെടുത്തു. പക്ഷെ അംഗസംഖ്യയുടെ വർധനവിനുവേണ്ടി ക്വാളിറ്റിയിൽ ഒത്തുതീർപ്പുകൾ വരുത്താൻ തയ്യാറാകാതെ ഇരുന്ന പാരദൈസോയുടെ നിലപാട് ഈ പുതിയ ഗ്രൂപ്പുകളുടെ തള്ളിക്കയറ്റത്തിനിടയിലും പാരദൈസൊയെ തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് തന്നെ നിർത്തി. ആളുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി ആളുകളെ കുത്തി നിറയ്ക്കാതെ ഇരുന്നതുവഴി നല്ല ചർച്ചകൾ അവയ്ക്ക് ഏറ്റവും ഉചിതമായ ഒരു അന്തരീക്ഷത്തിൽ നടത്തുന്നതിനും അതുവഴി അത്തരം ആരോഗ്യപരമായ ചർച്ചകകളിൽ ആകൃഷ്ടരായ ആളുകളുടെ ഒരു ഒഴുക്ക് ഉണ്ടാക്കുന്നതിനും പാരദൈസോയ്ക്ക് സാധിച്ചു.

2014 ഫെബ്രുവരി 7ആം തീയതി സിനിമാ പാരദൈസോ ഗ്രൂപ്പിനെ മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ വലിയ സ്‌ക്രീനിൽ വലുതായി കണ്ട ദിവസമാണ്, ഓം ശാന്തി ഓശാന എന്ന സിനിമയുടെ താങ്ക്‌സ് കാർഡിലൂടെ. ഓം ശാന്തി ഓശാനയുടെ വൻ വിജയം ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അഭിമാനം ആയിരുന്നു. ഗ്രൂപ്പിലെ സജീവ സാന്നിധ്യങ്ങളായ രണ്ടു ചെറുപ്പക്കാർ, ജൂഡ് ആ്ന്റണിയും മിഥുൻ മാനുവേലും ആയിരുന്നു ഓം ശാന്തിയുടെ അമരക്കാർ. ഇതെല്ലാം ഗ്രൂപ്പിലേക്കുള്ള പുതിയ പുതിയ ആളുകളുടെ വരവിനു വഴി തെളിച്ചു. രണ്ടായിരത്തി പതിനാല് ഒക്ടോബറിൽ ഗ്രൂപ്പ് അതിന്റെ ലോഗോ ലോഞ്ച് ചെയ്തു. ഗ്രൂപ്പിൽ ഏറ്റവും അധികം ട്രോളിങ്ങിനു വിധേയരായ, ആ ട്രോളുകളെ എല്ലാം അതിന്റേതായ സ്പിരിറ്റിൽ തന്നെ ഉൾക്കൊണ്ട നടൻ വിനു മോഹൻ, സൈജു കുറുപ്പ് എന്നിവരെക്കൊണ്ട് തന്നെ ലോഗോ ലോഞ്ച് ചെയ്യിക്കാൻ സാധിച്ചത് ആരോഗ്യപരമായ ട്രോളിങ്ങിനും നിലവാരമില്ലാത്ത പരിഹാസത്തിനുമിടയിൽ കൃത്യമായ അതിർവരമ്പുകൾ തീർത്ത പാരദൈസോ നിലപാടുകളുടെയും ഇവരുടെ ഉയർന്ന് ഹ്യൂമർ സെൻസിന്റെയും ഫലമായാണ്..

അജു വർഗീസ്, സാജിദ് യാഹിയ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാവുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സിനിമാ പാരദൈസോ എന്ന ഗ്രൂപ്പ് ഉടലെടുക്കുവാൻ നിമിത്തമായ അതേ പേരിലുള്ള ഇറ്റാലിയൻ സിനിമയുടെ എസ്സെൻസ് പരിപൂർണ്ണമായും ഉൾക്കൊണ്ട ലോഗോ ഡിസൈൻ ചെയ്തത് ഇന്ന് നവധാര മാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ നിപിൻ നാരായണൻ ആണ്. അങ്ങനെ 2014 ഡിസംബർ 31 അവസാനിക്കുമ്പോൾ പാരദൈസോയുടെ അംഗസംഖ്യ 50000 ആയി. പബ്ലിസിറ്റിക്ക് വേണ്ടി ഒന്നും ചെയ്യാതെ തന്നെ ഗ്രൂപ്പിനെ തേടി വന്ന പബ്ലിസിറ്റിയുടെ ഒരു ഉദാഹരണം മാത്രമായിരുന്നു ഈ അമ്പതിനായിരം ആളുകളുടെ സാന്നിധ്യം. അവരിലൂടെ പാരദൈസോ എന്ന നീളൻ പേര് സി.പി.സി എന്ന ചെറിയ പേരിലേക്ക് ചുരുങ്ങി.. ഇതേ വർഷം തന്നെ ഗ്രൂപ്പ് ആദ്യമായി അംഗങ്ങളുടെ പങ്കാളിത്തത്തോടെ സി.പി.സി സിനിമാ അവാർഡ് നിർണ്ണയം നടത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നാണ്.

2015ൽ ഗ്രൂപ്പിന്റെ സ്വന്തം സംവിധായകൻ മിഥുൻ മാനുവേലിന്റെ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന സിനിമ ഇറങ്ങി വലിയൊരു അളവിൽ 'കൾട്ട് ഫോളോവിംഗ്' നേടിയത് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ മറ്റൊരു മുഹൂർത്തമായിരുന്നു. തുടർന്ന് ആദ്യമായി ഒരു ഔദ്യോഗിക സി.പി.സി മീറ്റ് എറണാകുളത്ത് നടത്തപ്പെടുകയും അവിടെ 'കരി' എന്ന സിനിമയുടെ സ്‌ക്രീനിംഗ് നിറഞ്ഞ സദസിൽ നടത്തപ്പെടുകയും ചെയ്തു. പ്രശസ്ത നിർമ്മാതാവും നടനുമായ വിജയ് ബാബു ആണ് അന്നത്തെ മീറ്റ് ഉദ്ഘാടനം ചെയ്തത്.

ഇപ്പോൾ സി.പി.സി അഞ്ചാം വർഷത്തിന്റെ നിറവിൽ നില്ക്കുമ്പോൾ അവിടെ ഏതാണ്ട് 80000 അടുത്ത് ആളുകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചും അറിയിക്കാതെയും ഗ്രൂപ്പിന്റെ ഭാഗമായി നിലകൊള്ളുന്നു. മലയാളത്തിൽ ഏറ്റവും മികച്ച സിനിമാ ചർച്ചകൾ നടത്തുന്ന ഗ്രൂപ്പ് ഏതാണ് എന്നുള്ള ചോദ്യത്തിനു എതിരാളികൾ പോലും സി.പി.സി എന്ന് ഉത്തരം പറയുന്നവിധത്തിൽ ഗ്രൂപ്പ് വളർന്നിരിക്കുന്നു. ഫാൻ മത്സരങ്ങൾക്കും തമ്മിൽ തല്ലുകൾക്കും വേര് പിടിക്കാനാവാത്ത വിധം നിലവാരമുള്ള ചർച്ചകളാൽ ഗ്രൂപ്പ് വാൾ ഇപ്പോഴും നിറച്ചു നിർത്തുന്ന മെംബേഴ്‌സും അവരെ ഒരിക്കലും അവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ നയിക്കുന്ന അഡ്മിൻസും ഈ വിജയത്തിൽ ഒരുപോലെ പങ്കാളികൾ ആണ്. ഇപ്പോൾ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികം മുൻവർഷങ്ങളെക്കാൾ ഗംഭീരമായി നടത്തുവാനുള്ള പ്ലാനിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു.