ചിതറാലിന് ചിലത് പറയാനുണ്ട്

ഒൻപതാം നൂറ്റാണ്ടിന്റെ ജൈനസംസ്‌കൃതിയുടെ നിറവിലേക്കാണ് ചൊക്കൻ തൂങ്ങിമലയിലെ ചിതറാൽ ജൈനസ്മാരകങ്ങൾ നമ്മെ കൊണ്ട് പോവുക. തിരുച്ചരണത്തുപള്ളിയെന്ന ചരിത്രനാമധേയത്തിലറിയപ്പെടുന്ന ഈ പ്രദേശം കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ വിലവൻകോട് താലൂക്കിലാണ്. നിഖിൽ എഴുതുന്നു.

ചിതറാലിന് ചിലത് പറയാനുണ്ട്

നിഖിൽ

ഒൻപതാം നൂറ്റാണ്ടിന്റെ ജൈനസംസ്‌കൃതിയുടെ നിറവിലേക്കാണ് ചൊക്കൻ തൂങ്ങിമലയിലെ ചിതറാൽ ജൈനസ്മാരകങ്ങൾ നമ്മെ കൊണ്ട് പോവുക. തിരുച്ചരണത്തുപള്ളിയെന്ന ചരിത്രനാമധേയത്തിലറിയപ്പെടുന്ന ഈ പ്രദേശം കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ വിലവൻകോട് താലൂക്കിലാണ്. ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നിതെങ്കിലും 1956 ൽ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളിൽ വിഭജിച്ചപ്പോൾ ഇത് തമിഴ്‌നാടിന്റെ ഭാഗമായിത്തീർന്നു.

താമ്രപർണ്ണി നദിയും, കുഴിത്തുറ പുഴയും, ചില ചെറുനദികളും ചേർന്ന അഴകും അകലെ കാഴ്ചയിൽ പശ്ചിമഘട്ടവും നേരുന്ന ഭൂപ്രകൃതിയാണ് ചിതലാറിന്റെ അതിവിശേഷത. മലൈകോവിൽ എന്ന് നാട്ടുകാർ വിളിക്കുന്ന ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണണെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപെട്ടുവെന്ന് ചരിത്രകാരന്മാർ കരുതുന്നു. ആദ്യ കാലത്ത് ക്ഷേത്രം ജൈന സന്യാസിമാരുടെ താവളമായിരുന്നുവെങ്കിലും ഹിന്ദുമതത്തിന്റെ കടന്നുവരവോടുകൂടി പതിമൂന്നാം നൂറ്റാണ്ടിൽ ഇതൊരു ഹിന്ദു ക്ഷേത്രമായി മാറുകയാണുണ്ടായത് .


chitharal_1ചിതറാൽ മലയുടെ താഴ്വാരത്തു നിന്ന് ഒന്നര കിലോമീറ്റർ മുകളിലേക്ക് നടന്നാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഈ ക്ഷേത്രത്തിൽ എത്തിച്ചേരും. വസന്തവും ഗ്രീഷ്മവും കടന്നുപോയ നൂറ്റാണ്ടുകളുടെ സമയച്ചൂരിൽ, 'അഹിംസാ പരമോ ധർമ്മമെന്ന' സദ്വാക്യവുമായി ധ്യാന നിരതരായ തീർഥങ്കരന്മാരുടെ കാൽപാദം പതിഞ്ഞ മണ്ണിൽ, ശില്പങ്ങളുടെയും കൊത്തുപണികളുടെയും നിറഭൂവാണ് കാലം നമുക്കുവേണ്ടി ഇവിടെ കാത്തു വച്ചിരിക്കുന്നത്.

കരിങ്കൽ പാകിയ പടവുകൾകയറി വേണം മുകളിലെക്കെത്താൻ കുന്നു കയറി ചെല്ലുന്നത് ഒരുവലിയ പേരാൽ മരത്തിന്റെ ചുവട്ടിലെക്കാണ്, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അവിടെനിന്നും മുകളിലേക്കുള്ള പടവുകൾ കയറിയാൽ കരിങ്കല്ലിനാൽ തീർത്ത കവാടം കാണാം അതിലൂടെ കടന്ന് രണ്ടു വലിയ പാറകളുടെ വിടവിലൂടെ മുന്നോട്ട് സഞ്ചരിച്ച് ക്ഷേത്രത്തിന്റെ മുന്നിലെക്കെത്താം.

chitharal_6ക്ഷേത്രത്തിൻറെ ചുവരുകളിൽ മഹാവീരൻറെ വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്. കരിങ്കൽ കൊത്തുപണികളുടെ അഭൂതപൂർവമായ ചാരുതയെ സാക്ഷ്യപ്പെടുത്തുന്ന വേദിയാണീ ജൈന ചരിത്രാടയാളങ്ങൾ. പ്രധാന മണ്ഡപത്തിലേക്ക് കടക്കുമ്പോൾ ഉള്ളിൽ മൂന്ന് ഗർഭഗൃഹങ്ങൾ കാണാം നടുവിലത്തേതിൽ അവസാനത്തെ തീർത്തങ്കരനായ വർദ്ധമാനമഹാവീരൻറെയും ഇടതുവശത് പാർശ്വനാഥൻറെയും വലത് പത്മാവതിയുടെയും പ്രതിഷ്ടകൾ ഉറപ്പിച്ചിരിക്കുന്നു. ശിലാശില്പ സമ്പന്നത നിറഞ്ഞ ചുവരുകളും മച്ചും ഏകാകിയുടെ മനക്കരുത്തിൻറെ പ്രഭവകേന്ദ്രമായ നിശ്ശബ്ദതയാൽ മൂടപ്പെട്ടിരിക്കുന്നു. കണ്ണടക്കുമ്പോൾ അഹിംസാ പരമോ ധർമ്മ എന്ന് കാത് അറിയുന്നത് പോലെ.

പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തിൽ പതിനാറു കൽത്തൂണുകളുണ്ട്. അതിൽ എട്ട് കൽത്തൂണുകൾ ചിത്രാലംകൃതമായി കാണപ്പെടുന്നു. ചുവരിൽ കൊത്തിവചിരിക്കുന്ന സംഭോഗചിത്രങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലൈന്ഗീകതയെ അശ്ലീലമായി കരുതുന്ന സംസ്‌കാരസ്‌നേഹികളെ തെല്ലൊന്ന് നിരാശപ്പെടുത്തിയേക്കും..

chitharal_5മൂന്നു മുനിഗുഹകളുള്ളതിൽ മധ്യത്തിലുള്ളതാണ് ഭഗവതി മന്ദിരം. AD 889ൽ ഒരു ജൈന സന്യാസിനി ഈ ഗുഹയിൽ പത്മാവതി യക്ഷി വിഗ്രഹത്തെ പ്രതിഷ്ടിച്ചുവെന്ന് ജൈന ശാസനത്തിൽ പറയപ്പെടുന്നു. ഇതായിരിക്കാം പിന്നീടു ഭഗവതിമന്ദിരം എന്ന പേരിൽ അറിയപ്പെട്ടത്. അതല്ല ശ്രീമൂലം തിരുനാൾ രാജാവ് പദ്മാവതിയെ മാറ്റി ഭഗവതിയെ കുടിയിരുത്തിയതെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. മറ്റ് രണ്ട് ഗുഹകളിൽ പാർശ്വനാഥ, മഹാവീര തീർത്ഥങ്കരന്മാരുടെ വിഗ്രഹങ്ങളുണ്ട്.

പുറത്തേ കാഴ്ചകളിൽ ആകർഷകമാവുന്നത് പാറകൂട്ടങ്ങൾക്ക് മുകളിലുള്ള മണ്ഡപങ്ങളും അതിനോട് ചേർന്ന ചെറിയകുളവും താഴെ നോക്കെത്താ ദൂരം പടർന്നുകിടക്കുന്ന പച്ചപ്പുമോക്കെയായി മറക്കാനാവാത്ത കാഴ്ചയാണ്. മനുഷ്യഹസ്തങ്ങളുടെ സഹായമില്ലാതെ പ്രകൃത്യ സൃഷ്ടിക്കപ്പെട്ട കുളമാണ് ഇതെന്ന് ഐതിഹ്യം.

chitharal_2പുരാതനലിപികളുടെ കല്ലെഴുത്തുകൾ കാലങ്ങളിലേക്ക് നമ്മെ പിറകെ വലിക്കുന്ന ചരിത്ര സാന്നിധ്യമുണ്ടിവിടെ. ദിഗംബരർ നടന്നെത്തിയ ദിക്കുകളിൽ ഭൂമിയിൽ ജീവനുള്ള ഒന്നിനെയും നോവിക്കാതിരിക്കാനുള്ള ചിത്രതൂണുകളുടെ പ്രബോധനം.

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവുമായി ദിഗംബര ജൈനന്മാരുടെ സംസ്‌കാരത്തിൻറെ ഓർമകളും പേറി തലയുയർത്തി നിൽക്കുന്ന ചിതറാൽ സ്മാരകങ്ങൾ, ചരിത്രസ്‌നേഹികളെ തല്ല് നിമിഷത്തെക്കെങ്കിലും ഭൂതകാലതെക്ക് കൂട്ടികൊണ്ടുപോയിരിക്കും തീർച്ച.

തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ, മാർത്താണ്ഡത്തു നിന്നും നാല് കിലോമീറ്ററോളം സഞ്ചരിച്ചാൽ ആറ്റൂർ എന്ന ഗ്രാമത്തിലെത്താം അവിടെ നിന്ന് ഏകദേശം മൂന്നുകിലോമീറ്റർ കൂടി പോയാൽ ചിതറാലിലെത്താം. അടുത്തെങ്ങും കടകളോ ഹോട്ടലുകളോ ഇല്ലാത്തതിനാൽ യാത്രികർ ലഘുഭക്ഷണവും ജലവും കയ്യിൽ കരുതുന്നതാവും ഉചിതം.
chitharal_3