മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് ചിലി സെമിയിലേക്ക്; നിലവിലെ ചാമ്പ്യന്‍മാരുടെ ജയം എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്

16-ആം മിനിറ്റില്‍ റൗള്‍ പൂച്ചിന്റെ വകയായിരുന്നു ചിലിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് സമീപം നിന്ന് വര്‍ഗാസ് നല്‍കിയ പന്ത് ഡയസ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും മെക്‌സിക്കന്‍ ഗോളി ഓച്വ തട്ടിയകറ്റി. എന്നാല്‍ പന്ത് എത്തിയത് പൂച്ചിന്റെ കാലുകളിലായിരുന്നു അദ്ദേഹം അത് വലക്കുള്ളിലാക്കി

മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് ചിലി സെമിയിലേക്ക്; നിലവിലെ ചാമ്പ്യന്‍മാരുടെ ജയം എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്

ഗോളടിയന്ത്രം ഇക്വര്‍ഡോ വര്‍ഗാസിന്റെ നാലുഗോളിന്റെ മികവോടെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മെക്‌സിക്കോയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ചിലി ശതാബ്ദി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയിലേക്ക്. ഇരട്ട ഗോള്‍ നേടിയ റൗള്‍ പൂച്ചും ഒരു ഗോള്‍ നേടിയ അലെക്‌സിസ് സാഞ്ചെസുമാണ് ചിലിക്ക് വേണ്ടി സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍.
ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം രുചിച്ചിട്ടില്ലാത്ത മെക്‌സിക്കോയ്ക്ക് ചിലിക്കെതിരെ തൊട്ടതെല്ലാം പിഴച്ചു. ഉറുഗ്വെയ്‌ക്കെതിരെയും ജമൈക്കയ്‌ക്കെതിരെയും നേടിയ വിജയത്തിന്റെയും വെനിസ്വേലയ്‌ക്കെതിരെ നേടിയ സമനിലയുടെയും ആത്മവിശ്വാസത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് മെക്‌സിക്കോ സി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ പ്രാഥമിക റൗണ്ടിലെ കളിമികവൊന്നും മെക്‌സിക്കോയ്ക്ക് ചിലിക്കെതിരെ പുറത്തെടുക്കാനായില്ല. തുടരെ തുടരെ പെനാല്‍റ്റി ബോക്‌സില്‍ കയറിവന്ന ചിലിയന്‍ ഫോര്‍വേഡുകളെ പ്രതിരോധിക്കുന്നതിനിടെ മെക്‌സിക്കോ ആക്രമണം മറന്നു. എന്നാല്‍ പ്രതിരോധം ഒട്ടും ഫലവത്തായതുമില്ല. ഇതോടെ ഗോള്‍മഴ തീര്‍ത്ത് ചിലി സെമിയിലേക്കും പ്രവേശിച്ചു.


16-ആം മിനിറ്റില്‍ റൗള്‍ പൂച്ചിന്റെ വകയായിരുന്നു ചിലിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് സമീപം നിന്ന് വര്‍ഗാസ് നല്‍കിയ പന്ത് ഡയസ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും മെക്‌സിക്കന്‍ ഗോളി ഓച്വ തട്ടിയകറ്റി. എന്നാല്‍ പന്ത് എത്തിയത് പൂച്ചിന്റെ കാലുകളിലായിരുന്നു അദ്ദേഹം അത് വലക്കുള്ളിലാക്കി. 37-ആം മിനിറ്റില്‍ മെക്‌സിക്കന്‍ വലയ്ക്കുള്ളില്‍ വര്‍ഗാസ് പന്തടിച്ച് കയറ്റിയെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. തുടരന്‍ ആക്രമണങ്ങള്‍ ചിലി അഴിച്ചുവിട്ടെങ്കിലും പിന്നീട് ഏഴു മിനിറ്റുകള്‍ക്ക് ശേഷമാണ് മെക്‌സിക്കന്‍ വല വീണ്ടും കുലുങ്ങിയത്. 44-ആം മിനിറ്റില്‍ വര്‍ഗാസിന്റെ സംഭവനയായിരുന്നു ആ ഗോള്‍. മെക്‌സിക്കന്‍ പ്രതിരോധത്തെ കബളിപ്പിച്ച് അലെക്‌സിസ് സാഞ്ചെസ് ഗോള്‍മുഖത്തേക്ക് നല്‍കിയ ഒരു പാസ് വര്‍ഗാസ് ഗോളാക്കിമാറ്റുകയായിരുന്നു. ഇതോടെ ഇടവേളയ്ക്ക് കളി നിറുത്തുമ്പോള്‍ 2 - 0 എന്ന നിലയില്‍ മെക്‌സിക്കന്‍ ആധിപത്യമായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയിലും മെക്‌സിക്കോയ്ക്ക് കളിമികവ് പുറത്തെടുക്കാനായില്ല. ഇതിനുള്ള പിഴ കളി തുടങ്ങിയ ശേഷം 49-ആം മിനിറ്റില്‍ തന്നെ കിട്ടി. അലെക്‌സിസ് സാഞ്ചെസ് ആയിരുന്നു ഈ സമയം മെക്‌സിക്കന്‍ പ്രതിരോധം ഭേദിച്ചത്. വിഡാല്‍ നല്‍കിയ പാസിലായിരുന്നു സാഞ്ചെസിന്റെ ഗോള്‍. മൂന്നു മിനിറ്റുകള്‍ക്കകം വര്‍ഗാസ് വീണ്ടും മെക്‌സിക്കോയ്ക്ക് അടുത്ത പ്രഹരം നല്‍കി. സാഞ്ചെസിന്റെ പാസിലായിരുന്നു 52-ാം മിനിറ്റില്‍ വര്‍ഗാസിന്റെ വക മെക്‌സിക്കോയുടെ നാലാം ഗോള്‍ പിറന്നത്. 57-ാം മിനിറ്റില്‍ ഹാട്രിക് തികച്ച വര്‍ഗാസ് 74-ആം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടി തന്റെ പട്ടിക തികച്ചു. വിഡാലിന്റെ കുറിയ പാസ് സ്വീകരിച്ച് മെക്‌സിക്കന്‍ ഗോളി ഓച്വയ്ക്ക് മീതെ പറത്തി വലയിലെത്തിച്ച പൂച്ച് തന്റെ രണ്ടാം ഗോളും നേടി. ഇതോടെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സെമിയിലേക്ക് വഴിതുറന്നു. ഓര്‍മ്മിക്കാന്‍ ഒന്നും ശേഷിക്കാതെ മെക്‌സിക്കോയ്ക്ക് ശതാബ്ദി കോപ്പയുടെ പുറത്തേക്കുള്ള വഴിയും ഒരുങ്ങി. കൊളംബിയയെ ആകും ചിലി സെമിയില്‍ നേരിടുക.
4-3-3 എന്ന ലൈനപ്പിലായിരുന്നു ഇരുടീമുകളും ക്വാര്‍ട്ടറില്‍ പൊരുതാന്‍ ഇറങ്ങിയത്.

Story by