യൂറോ 2016 : ആരാധകരുടെ കുരുത്തക്കേടില്‍ ക്രൊയേഷ്യക്ക് സമനിലക്കുരുക്ക്

88-ആം മിനിറ്റില്‍ സ്വന്തം ആരാധകര്‍ കുരുത്തക്കേട് കാണിച്ചില്ലെങ്കില്‍ മത്സരഫലം ക്രൊയേഷ്യക്ക് അനുകൂലമാകുമായിരുന്നു. കളി തടസപ്പെട്ടതിന് ശേഷം അനുവദിച്ച അധികസമയത്തിലാണ് ക്രൊയേഷ്യയുടെ കുതിപ്പ് ചെക്കിന് തടയാനായത്.

യൂറോ 2016 : ആരാധകരുടെ കുരുത്തക്കേടില്‍ ക്രൊയേഷ്യക്ക് സമനിലക്കുരുക്ക്

കാണികളുടെ കുരുത്തക്കേടില്‍ മനസുതളര്‍ന്ന ക്രൊയേഷ്യയെ ഒടുവില്‍ ചെക്ക് റിപ്ലബ്ലിക് പിടിച്ചുകെട്ടി. 75-ആം മിനിറ്റ് വരെ രണ്ടു ഗോളിന് പിറകിലായിരുന്ന ചെക്ക് റിപ്പബ്ലിക് കളി അവസാനിക്കാന്‍ 15 മിനിറ്റുകള്‍ ബാക്കിനില്‍ക്കെ രണ്ടു ഗോളുകള്‍ നേടി ക്രൊയേഷ്യക്ക് 2 -2 എന്ന സമനില കുരുക്കിട്ടു. ആദ്യപാദത്തിലും രണ്ടാം പകുതിയുടെ ആദ്യവും മികച്ച ഫോമില്‍ കളിച്ച ക്രൊയേഷ്യക്ക് വിനയായത് സ്വന്തം കാണികളുടെ കുരുത്തക്കേട്. അത്യന്തം നാടകീയമായ രംഗങ്ങളാണ് യൂറോ കപ്പ് ഡി ഗ്രൂപ്പിലെ ക്രൊയേഷ്യ - ചെക്ക് റിപ്ലബ്ലിക് മത്സരത്തില്‍ അരങ്ങേറിയത്.


88-ആം മിനിറ്റില്‍ സ്വന്തം ആരാധകര്‍ കുരുത്തക്കേട് കാണിച്ചില്ലെങ്കില്‍ മത്സരഫലം ക്രൊയേഷ്യക്ക് അനുകൂലമാകുമായിരുന്നു. കളി തടസപ്പെട്ടതിന് ശേഷം അനുവദിച്ച അധികസമയത്തിലാണ് ക്രൊയേഷ്യയുടെ കുതിപ്പ് ചെക്കിന് തടയാനായത്.

37-ആം മിനിറ്റില്‍ ഐവാന്‍ പെരിസിക്കിലൂടെയാണ് ക്രൊയേഷ്യ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും ബെദല്‍ജി മുന്നേറ്റക്കാരന്‍ പെരിസിക്കിന് നീട്ടിനല്‍കിയ പന്ത് പിന്നീട് സിവോക്കിന് കൈമാറി. വീണ്ടും പന്ത് തിരികെ വാങ്ങിയ പെരിസിക് ചെക്ക് ഗോളി പീറ്റര്‍ ചെക്കിനെയും കബളിപ്പിച്ച് ഇടതുകാല്‍ കൊണ്ട് വലയിലേക്ക് തട്ടിയിട്ടു.

ഐവാന്‍ രാകിറ്റിക്കിന്‍റെ വകയായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍. ചെക്ക് ഡിഫന്‍ഡര്‍മാരില്‍ നിന്നും പന്ത് തട്ടിയെടുത്ത ബ്രോസോവിക് തൊട്ടടുത്ത നിമിഷം തന്നെ രാകിറ്റിക്കിന് കൈമാറി. ബാഴ്സലോണന്‍ മിഡ്ഫീല്‍ഡര്‍ ചിപ്പ് ചെയ്ത് അത് വലയ്ക്കുള്ളിലാക്കി. ഇതോടെ രണ്ടു ഗോളുകള്‍ക്ക് മുന്‍പിലെത്തിയ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചെന്ന പ്രതീതിയുണ്ടാക്കി. മികച്ച പന്തടക്കവും കളിയും പുറത്തെടുത്ത ക്രൊയേഷ്യയുടെ കൈയില്‍ നിന്ന് കളി കൈവിട്ട് പോയത് പിന്നീടാണ്.

പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശരായി കളിച്ച ചെക്കിന് ആശ്വാസമായാണ് 76-ആം മിനിറ്റിലെ ഗോള്‍ പിറന്നത്. ഡേവിഡ് ലഫാറ്റയ്ക്ക് പകരക്കാരനായെത്തിയ മിലാന്‍ സ്കോഡയുടെ വകയായിരുന്ന ആ ഗോള്‍. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നും റോസിക്കി ഉയര്‍ത്തി നല്‍കിയ പന്ത് തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്‍ഡര്‍ക്ക് മീതെ പറന്ന് തല കൊണ്ട് കുത്തി സ്കോഡ വലയിലാക്കുകയായിരുന്നു.

സ്കോഡയുടെ ഗോളില്‍ ചെക്ക് റിപ്ലബ്ലിക്കിന് പോരാട്ടവീര്യം തിരികെ കിട്ടിയെങ്കിലും കളി ക്രൊയേഷ്യയുടെ കൈയില്‍ തന്നെയായിരുന്നു. ഈ സമയമാണ് ചെക്ക് ഗോളിയുടെ പിറകിലിരുന്ന ക്രൊയേഷ്യന്‍ കാണികള്‍ കുരുത്തക്കേട് ഒപ്പിച്ചത്. മൈതാനത്തേക്ക് തീപ്പന്തം എറിഞ്ഞുകൊണ്ട് കളി തടസപ്പെടുത്തിയ ആരാധകരോട് പിന്നീട് ക്രൊയേഷ്യന്‍ ക്യാപ്റ്റനും കളിക്കാരും ചേര്‍ന്ന് അടങ്ങിയിരിക്കണമെന്ന് അപേക്ഷിച്ചു. ഗാലറിയോട് ശാന്തരാകാന്‍ ആവശ്യപ്പെട്ട് കളത്തിലിറങ്ങിയ ക്രൊയേഷ്യ പിന്നീട് കളി കൈവിടുന്നതാണ് കണ്ടത്.

അതുവരെ മികച്ച ഫോമില്‍ കളിച്ച ക്രൊയേഷ്യന്‍ താരങ്ങളുടെ കാലുകളില്‍ നിന്നും ചോര്‍ന്ന പന്തുകള്‍ ഉപയോഗപ്പെടുത്തി ചെക്ക് റിപ്ലബ്ലിക് ഗോള്‍മുഖത്തേക്ക് ഓടിക്കയറി. അവസാന 15 മിനിറ്റില്‍ നിരവധി അവസരങ്ങളാണ് ചെക്ക് സൃഷ്ടിച്ചത്.

ഒടുവില്‍ 89-ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ക്രൊയേഷ്യയുടെ വിഡായുടെ കൈയില്‍ തട്ടിയതിന് റഫറി ക്ലാറ്റന്‍ബര്‍ഗ് വിധിച്ചത് പെനാല്‍റ്റി. പകരക്കാരനായി ഇറങ്ങിയ നേസിഡ് പെനാല്‍റ്റി കിക്ക് വലയിലെത്തിച്ചതോടെ മത്സരം 2 - 2 എന്ന ഗോള്‍ക്രമത്തില്‍ സമനിലയിലായി.

കാണികളുടെ ആക്രമണത്തെ തുടര്‍ന്ന് സമയനഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് 10 മിനിറ്റാണ് ഇന്‍ജ്വറി ടൈം ഉണ്ടായിരുന്നത്. ഈ സമയമെല്ലാം ആക്രമിച്ചു കളിച്ച ചെക്ക് റിപ്ലബ്ലിക്കിനെ പ്രതിരോധിക്കാന്‍ ക്രൊയേഷ്യ പാടുപെടുകയായിരുന്നു. ആരാധകരുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ക്രൊയേഷ്യന്‍ കളിക്കാരും പഴിക്കുന്നുണ്ടാകും. നാടകീയ രംഗങ്ങള്‍ കൊണ്ട് ചെക്കിന് ജീവന്‍ തിരിച്ചുകിട്ടിയെന്ന് അവര്‍ക്ക് ആശ്വസിക്കാം എന്നു മാത്രം.

Read More >>