ടൈറ്റിലുകള്‍ ഇല്ലാത്ത ചന്ദ്രകാന്ത്

"ഒട്ടനവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ടൈറ്റില്‍ കാര്‍ഡില്‍ സ്ഥിരമായി ഒരു ടൈറ്റില്‍ ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓരോ സിനിമയിലും ഓരോ ടൈറ്റിലാണ് എനിക്ക് ലഭിക്കുന്നത്"

ടൈറ്റിലുകള്‍ ഇല്ലാത്ത ചന്ദ്രകാന്ത്

പുതു തലമുറ ചലചിത്രങ്ങളില്‍ ഛായാഗ്രാഹകര്‍ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് റിഗ്ഗിംഗ് (എക്യുപ്‌മെന്റ് ഡിസൈനിങ്). ക്യാമറയുടെ ആനന്ദ സാധ്യതകള്‍ റിഗ്ഗിംഗ് വഴി പൂര്‍ണ തോതില്‍ ഉപയോഗപ്പെടുത്തിയ സംവിധായകനാണ് രാജീവ്‌ രവി. അദ്ദേഹത്തിന്‍റെ റിഗ്ഗിംഗ് സഹായി ചന്ദ്രകാന്ത് മാധവന്‍ നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും...


  • എന്ത് കൊണ്ട് 'ടൈറ്റിലുകള്‍ ഇല്ലാത്ത ചന്ദ്രകാന്ത്'


"ഒട്ടനവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ടൈറ്റില്‍ കാര്‍ഡില്‍ സ്ഥിരമായി ഒരു ടൈറ്റില്‍ ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓരോ സിനിമയിലും ഓരോ ടൈറ്റിലാണ് എനിക്ക് ലഭിക്കുന്നത്. 'കീ ഗ്രിപ്പ്, വെഹിക്കിള്‍ റിഗ്, വാക്കം റിഗ് ' എന്നിങ്ങനെ വ്യത്യസ്ഥ ടൈറ്റിലുകളില്‍ എന്റെ പേര് ഞാന്‍ കണ്ടിട്ടുണ്ട്.  ചിലപ്പോള്‍ എന്റെ ജോലിയുടെ പ്രത്യേകത കൊണ്ടാവും."

  • സിനിമ മോഹം


"സിനിമ എന്ന മോഹവുമായി ഞാന്‍ ആദ്യം തുടങ്ങുന്നത് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നുമാണ്.ചെറുപ്പത്തില്‍ ചിലറ ചിലറ ഉപകരണങ്ങള്‍ ഒക്കെ ഞാന്‍ ഉണ്ടാക്കുമായിരുന്നു. കോളേജില്‍ എത്തിയ ശേഷം ആദ്യമായി ഞാന്‍ ഒരു മിനി ജിബ് ഉണ്ടാക്കി. അത് 2010ല്‍ കോളേജില്‍ വെച്ച് നടന്ന ഫെസ്റ്റില്‍ വയ്ക്കുകയും പിന്നീട് അത് പല സിനിമാക്കാരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. തുടര്‍ന്നാണ് എന്റെ സിനിമ പ്രവേശനം. അന്ന് കോളേജില്‍ ഇന്നത്തെ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് (കുഞ്ഞിരാമായണം) എന്‍റെ സീനിയര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ 'ഒരു തുണ്ട് പടം' എന്ന ഹൃസ്വ ചിത്രത്തിലും ഞാന്‍ പ്രവര്‍ത്തിച്ചു"

  • എങ്ങനെ എക്യുപ്‌മെന്റ് ഡിസൈനറിലേക്ക് ?


"ക്യാമറമാന്‍ ആകണമെന്ന ആഗ്രഹത്തോട് കൂടിയാണ് സിനിമയില്‍ എത്തിയത്.ഇന്ന് എക്യുപ്‌മെന്റ് ഡിസൈനില്‍ വന്ന്  നില്‍ക്കുന്നു. വൈകാതെ സ്വതന്ത്ര ക്യാമറമാന്‍ ആകാന്‍ ദൈവം അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു അസിസ്റ്റന്‍റ്റ് ആയി പണിയെടുത്താല്‍ ഒരാളുടെ കീഴില്‍ മാത്രമായി നമ്മുടെ പഠനം ഒതുങ്ങി പോകും. ഇപ്പോള്‍ റിഗിനു (എക്യുപ്‌മെന്റ് ഡിസൈനില്‍)  വേണ്ടി പോവുന്നതിനാല്‍ ഒരുപാട് സംവിധായകരെ കാണാനും പരിചയപ്പെടാനും അവരുടെ രീതികള്‍ പഠിക്കാനുമൊക്കെ സാധിക്കുന്നുണ്ട്."

  • ആദ്യ ചിത്രം


"അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്താണ് ആദ്യ ചിത്രം. ആ ചിത്രത്തില്‍ ജയന്റ് വീലില്‍ റിഗ് വയ്ക്കുവാന്‍ വേണ്ടിയാണ് എന്നെ വിളിക്കുന്നത്. തിരുവനന്തപുരം പൂജപ്പുരയില്‍ വച്ചായിരുന്നു അന്ന് ഷൂട്ട്‌. അതിന് ശേഷം കുറെനാള്‍ സിനിമ ഒന്നും ലഭിച്ചില്ല.പിന്നീട് രാജീവേട്ടനെ പരിചയപ്പെടുകയും സ്റ്റീവ് ലോപ്പസില്‍ എത്തുകയും ചെയ്തു."

  • രാജിവ് രവി എന്ന സംവിധായകന്‍


"ആവശ്യമുള്ളവര്‍ മാത്രം സെറ്റില്‍ മതി എന്ന നിലപാടാണ് രാജീവ് രവി എപ്പോഴും സ്വീകരിക്കുന്നത്. സാധാരണ ഒരു സെറ്റില്‍ ചെന്നാല്‍ അവിടെ ഷൂട്ടിംഗ് കാണാന്‍ വന്നവരും. അവരുടെ കൂടെ വന്നവരും അങ്ങനെ ഒരുപാട് പേരെ കാണാം. എന്നാല്‍ രാജീവ് രവിയുടെ സെറ്റില്‍ ആ സെറ്റില്‍ ആവശ്യമുള്ളവരില്‍ കൂടുതലായി ആരേയും അനുവദിക്കാറില്ല.

ആവശ്യമുള്ളപ്പോള്‍ മാത്രം സെറ്റില്‍ പോവുക, അല്ലെങ്കില്‍ റൂമില്‍ ഇരിക്കുക". ഇതാണ് രാജീവ് രവിയുടെ രീതി. അദ്ദേഹത്തോട് ഒപ്പം രണ്ട് ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. സ്റ്റീവ് ലോപ്പസിലും കമ്മട്ടിപാടത്തിലും.

മലയാള സിനിമയില്‍ വലിയ ഷഡ്യൂളുകള്‍ പതിവില്ല. ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവുന്നതാണ് മിക്ക ചിത്രങ്ങളും. ഇതില്‍ നിന്നും വ്യത്യസ്ഥമായിയാണ് രാജീവ് രവിയുടെ കമ്മട്ടിപാടം ഒരുങ്ങിയത്. അത് എനിക്ക് വലിയ അനുഭവം തന്നെയായിരുന്നു.

സാധാരണ ഗതിയില്‍ നിന്നും ഏറെ വ്യത്യസ്ഥമായി ആറ്- ഏഴ് മാസങ്ങള്‍ കൊണ്ടാണ് കമ്മട്ടിപാടം പൂര്‍ത്തിയാക്കിയത്.തനിക്ക് തൃപ്തിയാകുന്നത് വരെ രാജീവേട്ടന്‍ (രാജീവ് രവി)  ഓരോ രംഗങ്ങളും ചിത്രീകരിക്കുമായിരുന്നു."

  • രാജീവ് രവി ലൊക്കേഷനുകള്‍


"രാജീവ് ചേട്ടന്റെ ഏത് പടം എടുത്താലും അതില്‍ ലോക്കേഷന് വലിയ സ്ഥാനംകാണും. ലൊക്കേഷനുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ അദ്ദേഹം നൈപുണ്യനാണ്. എങ്ങനെ എന്ന് അറിയില്ല, പക്ഷെ അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ ലൊക്കേഷനുകള്‍ക്ക് ആ കഥയുമായി വിസ്മയകരമായ ഒരു ബന്ധവും അടുപ്പവുമെല്ലാം ഉണ്ടാവാറുണ്ട്"

  • യൂണിറ്റും ചന്ദ്രകാന്തും തമ്മിലുള്ള വ്യത്യാസം?


"യൂണിറ്റ് എന്ന് പറഞ്ഞാല്‍ അവര്‍ പല ഉപകരണങ്ങളും വാങ്ങിയ ശേഷം ചിത്രീകരണങ്ങള്‍ക്ക് വിട്ടുകൊടുക്കും. ഞാന്‍ ഓരോ ചിത്രത്തിന്റെയും ക്യാമറമാന്‍ പറയുന്നതിന് അനുസരിച്ച് ക്യാമറ ഡിസൈന്‍ ചെയ്യും. ക്യാമറയുടെ ഭാരം കുറയ്ക്കുക, 360 ഡിഗ്രി ബോഡി ക്യാമറ ഉണ്ടാക്കുക എന്നിങ്ങനെയുള്ളജോലികളാണ് ഞാന്‍ ചെയ്യുന്നത്.

സ്റ്റീവ് ലോപ്പസില്‍ ബോഡി റിഗ്' ചെയ്തപ്പോള്‍, റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ 'കില്ലിംഗ് വീരപ്പനില്‍' 360 ഡിഗ്രി ബോഡി ക്യാമറ ഉണ്ടാക്കുകയാണ്ഞാന്‍ ചെയ്തത്."

  • ബോഡി റിഗ് പരീക്ഷണങ്ങള്‍


"ബോഡി റിഗില്‍ എന്നും പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കും. ഏറ്റവും പുതിയതായി ചെയ്തയാണ് കമ്മട്ടിപാടത്തിലെ ടെലിസ്കോപിക് ഉപകരണം."

  • മലയാള സിനിമയിലെ ബോഡി റിഗ് സാധ്യതകള്‍? 


"മലയാള സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ മജീഷ്യന്മാരാണ്. കാരണം 30 ദിവസം കൊണ്ട് 90 സീന്‍ തീര്‍ക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. കൂടുതല്‍ താരങ്ങളെ വച്ച് കുറഞ്ഞ ചിലവില്‍ ചിത്രം നിര്‍മ്മിക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയുകയുള്ളൂ. അവിടെ റിഗ്ഗിംഗ് കൂടി കൃത്യമായി ഉപയോഗിച്ചാല്‍ ലോകോത്തര നിലവാരമുള്ള ചിത്രങ്ങള്‍ നമുക്ക് ഒരുക്കാന്‍ സാധിക്കും. "

  • പുതിയ ചിത്രങ്ങള്‍?


പിന്നെയും, മുത്തശ്ശി ഗദ, ഗപ്പി, വീരപ്പന്‍(റാംഗോപാല്‍ വര്‍മ്മ)എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍.

റിഗ്ഗിംഗിന് ആവശ്യക്കാര്‍ കൂടിയപ്പോള്‍ സിനിമറ്റോഗ്രാഫി എന്ന സ്വപ്നത്തിന് ഒരു താല്‍കാലിക ബ്രേക്ക് നല്‍കിയിരിക്കുകയാണ് ചന്ദ്രകാന്ത്. ഇതില്‍ നഷ്ടങ്ങള്‍ ഒന്നും താന്‍ കാണുന്നില്ലയെന്നും, ഓരോ ദിവസവും താന്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.