ഉഡ്താ പഞ്ചാബിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് കത്രിക വീണ് ഗുജറാത്തി ചിത്രം; നിര്‍ദേശിച്ചത് നൂറ് കട്ട്

ചിത്രത്തില്‍ നിന്ന് ഒരുസീന്‍ പോലും മുറിച്ച് കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ന്നും സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഇതാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംവിധായകന്‍ രാജേഷ് ഗോലി പറഞ്ഞു.

ഉഡ്താ പഞ്ചാബിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് കത്രിക വീണ് ഗുജറാത്തി ചിത്രം; നിര്‍ദേശിച്ചത് നൂറ് കട്ട്

അഹമ്മദാബാദ്: ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പൂട്ടിന് ഇരയായി ഗുജറാത്തി ചിത്രം 'സലാഗതോ സവാല്‍ അനാമത്'. പട്ടേല്‍ സംവരണത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. നൂറ് കട്ടുകളാണ് ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിനെതിരെ ചിത്രത്തിന്റെ നിര്‍മാതക്കളില്‍ ഒരാളായ ജയ പ്രതാപ്‌സിന്‍ ചൗഹാന്‍ റിവ്യൂ കമ്മിറ്റിയില്‍ പരാതി നല്‍കി. ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച വാദം കേള്‍ക്കും.


സിനിമയില്‍ ബിആര്‍ അംബേദ്കറിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും പട്ടീദാര്‍, പട്ടേല്‍ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം. സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്ന് നിര്‍മാതാവ് ആരോപിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേലുമായി സാമ്യമുണ്ട് എന്നതാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിന് കാരണം. എന്നാല്‍ ഹാര്‍ദിക് പട്ടേലിനെ അടിസ്ഥാനമാക്കിയുള്ളതല്ല കഥാപാത്രമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

രാജ്യദ്രോഹക്കുറ്റം നേരിടുന്ന ഹാര്‍ദിക് പട്ടേലിനെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ളതാണ് സിനിമയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്. കുറഞ്ഞ ബജറ്റിലെടുത്ത ചിത്രം ഈ മാസം 17ന് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിര്‍മാതാക്കള്‍. സെന്‍സര്‍ബോര്‍ഡ് കട്ടുകള്‍ പറഞ്ഞതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

സിനിമയില്‍ നിന്നും പട്ടീദാര്‍ എന്ന പ്രയോഗം പിന്‍വലിച്ചാല്‍ ചിത്രത്തിന്റെ ആത്മാവ് നഷ്ടമാകുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

ചിത്രത്തില്‍ നിന്ന് ഒരുസീന്‍ പോലും മുറിച്ച് കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ന്നും സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഇതാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംവിധായകന്‍ രാജേഷ് ഗോലി പറഞ്ഞു.

കഴിഞ്ഞ ദിവസം ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിനെതിരെ 89 കട്ടുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ ബോംബെ ഹൈക്കോടതി വിധി വന്നിരുന്നു. ചിത്രത്തില്‍ നിന്നും ഒരു സീന്‍ മാത്രം നീക്കം ചെയ്താല്‍ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്.