ബ്രെക്‌സിറ്റിലെ ഇടതുപക്ഷ നിലപാടുകൾ

യു.കെ യിലെ ഹിതപരിശോധനാ ഫലം വിശകലനം ചെയ്യപ്പെടേണ്ടത് വെറുമൊരു ആന്റി ഇമ്മിഗ്രേഷൻ പ്രശ്‌നമായോ നഷ്ടപ്പെടുന്ന ക്ഷേമ കാര്യങ്ങളായോ അല്ല. പകരം ഇടതു പക്ഷം മുന്നോട്ടു വച്ച നിലപാടുകളുടെ ശരിയും ഒരു ബദൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള പ്രേരകശക്തി ആയി കൂടിയാണ് - വിഎസ് ശ്യാം എഴുതുന്നു.

ബ്രെക്‌സിറ്റിലെ ഇടതുപക്ഷ നിലപാടുകൾ

വി എസ് ശ്യാം

ബ്രിട്ടൻ, ആ രാജ്യത്തെ ജനങ്ങൾക്കിടയിൽ യുറോപ്യൻ യൂണിയനിലെ അംഗത്വം സംബന്ധിച്ചു നടത്തിയ ഹിതപരിശോധനാ ഫലം പല മേഖലകളിലും ആശങ്കകളുടെ നിഴൽ പരത്തുന്ന വാർത്തകളാണെങ്ങും. ബ്രെക്‌സിറ്റ് വോട്ടിങ്ങിൽ ഇ യുവിൽ നിന്നു പുറത്തു വരാൻ വോട്ടു ചെയ്ത പകുതിയിലേറെ പേർ തീരുമാനിച്ചതിനു പിന്നിലെ വിവിധ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തലുകൾക്ക് വിധേയമായി വരുന്നതേയുള്ളൂ. പ്രാഥമികമായും ദേശാന്തരാധിവാസ (Immigration) ത്തിനെതിരായ ഒരു ജനവികാരമായാണ് ഈ തീരുമാനം ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്.


2015 ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആണ് ബ്രിട്ടന്റെ ഇ യു അംഗത്വം പുനഃപരിശോധിക്കുന്നതിനു മുൻകയ്യെടുക്കുമെന്നു പ്രഖ്യാപിക്കുന്നത്. ഇ യു വിൽ ബ്രിട്ടന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സംബന്ധിച്ച് നിരവധി വിലപേശലുകൾ യൂറോപ്യൻ യൂണിയനുമായി നടത്തിയതിനു ശേഷമാണ് ഒരു ഹിതപരിശോധനയിലേക്ക് കാമറൂൺ നീങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടണിലെ രാഷ്ട്രീയ കക്ഷികൾ, സംഘടനകൾ, ലോബിയിംഗ് ഗ്രൂപ്പുകൾ മുതലായവർ സമ്മിശ്ര സമീപനം ആണു കൈക്കൊണ്ടത്. ലേബർ പാർട്ടി, ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി തുടങ്ങിയവർ തൽസ്ഥിതി തുടരുന്നതിനും യൂക്കിപ്പ് (UKIP) മുതലായ തീവ്ര ദേശീയ വലതുപക്ഷ സംഘടനകൾ ഇയു വിട്ടു വരുന്നതിനുമായി വാദിച്ചു. കൺസർവേറ്റീവ് പാർട്ടി നിക്ഷ്പക്ഷ നിലപാടാണ് ഈ വിഷയത്തിൽ കൈക്കൊണ്ടത്. എന്നിരുന്നാൽ തന്നെയും ഈ പാർട്ടികൾക്കുള്ളിൽ തന്നെയുള്ള അനവധി കാമ്പെയ്ൻ ഗ്രൂപ്പുകളും വ്യക്തികളും വിഷയത്തിൽ ഭിന്നനിലപാടുകൾ സ്വീകരിക്കുയുണ്ടായി. പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ലേബർ പാർടി നേതാവ് ജെറമി കോർബിൻ തുടങ്ങിയവർ യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന് വാദിച്ചപ്പോൾ കൺസർവേറ്റീവ് എംപിയും മുൻ ലണ്ടൻ മേയറും തീവ്ര യാഥാസ്ഥിതിക നിലപാടുകാരനുമായ ബോറിസ് ജോൺസൻ, ഇൻഡിപ്പെൻഡൻസ് പാർടിയുടെ നിഗേല് ഫറാഷ് തുടങ്ങിയവർ യൂറോപ്യൻ യൂണിയനിൽനിന്ന് പിന്മാറണമെന്ന അഭിപ്രായക്കാരായിരുന്നു. ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും മറ്റു സങ്കുചിത നിലപാടുകൾക്കായും വലിയ ലോബിയിംഗ് ഗ്രൂപ്പുകളും അതിസമ്പന്നരും കോർപ്പറെഷനുകളും പ്രചാരണത്തിനായി പണമൊഴുക്കി.

ഇയു വിടണമെന്ന് ഏറ്റവും ശക്തമായി വാദിച്ച കാമ്പെയ്ൻ നേതൃത്വത്തില് തീവ്രയാഥാസ്ഥിതിക വിഭാഗങ്ങളും സങ്കുചിത ദേശീയവികാരം ആളിക്കത്തിക്കുന്നവരും ആയിരുന്നു മുൻപന്തിയിൽ. മുൻപു സൂചിപ്പിച്ചതുപോലെ കുടിയേറ്റ വിരുദ്ധത, ഇസ്ലാമോഫോബിയ, ബ്രസ്സൽസ്സിലെ ഇ യു നേതൃത്വം ബ്രിട്ടന്റെ പരമാധികാരങ്ങൾക്ക് മേൽ നടത്തുന്ന കൈ കടത്തൽ തുടങ്ങിയ വികാരപരമായ വിഷയങ്ങളിൽ ഊന്നിയായിരുന്നു അത്തരം പ്രചാരങ്ങളും. എന്നാൽ യൂറോപ്യൻ യൂണിയന്റെ നിക്ഷിപ്ത സാമ്പത്തിക നിലപാടുകളുടെയും സാമൂഹ്യ വീക്ഷണ വികലതയുടെയും ആകെത്തുകയായ പ്രശ്‌നങ്ങളെ മറച്ചു വെച്ചു തീവ്ര വലതു പക്ഷത്തിന്റെ ദേശാന്തരാധിവാസത്തിനെതിരായ പ്രചാരണത്തിനു ഊന്നൽ ലഭിച്ചെങ്കിലും ഇപ്പോൾ ഇയു ഹിതപരിശോധനാ ഫലത്തിനു പിന്നിൽ സജീവമായിരുന്ന ഇടതുപക്ഷ- ജനക്ഷേമ കാംപെയ്‌നുകൾ പ്രസക്തമാവുകയാണ്. വൻകിട രാഷ്ട്രീയ പാർട്ടികളും കോടീശ്വരന്മാരുടെ കോർപ്പറേഷനുകളും വലിയ പണവും സ്വാധീനവും ഉപയോഗിച്ചിട്ടും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടി, ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ, സിപിഐ എം ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (ബ്രിട്ടൺ), റെയിൽ മാരിടൈം യൂണിയനുകൾ, ലേബർ പാർട്ടിയിൽപ്പെട്ട ലീവ് ഈയു വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇയു റഫറണ്ടത്തിൽ യൂറോപ്യൻ യൂണിയൻ വിട്ടു വരുന്നതിനായി നടത്തിയ 'ലെക്‌സിറ്റ്' കാമ്പെയ്ന് അനുകൂലമായ ജനവിധിയാണ് ഉണ്ടായത്.

യൂറോപ്യൻ യൂണിയന്റെ ജനവിരുദ്ധവും കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതുമായ സാമ്പത്തികനയങ്ങൾ, അവ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക അടിത്തറ ഇളക്കിയ രീതി- പ്രത്യേകിച്ചും ഗ്രീസ് പോലെയുള്ള ഉദാഹരണങ്ങൾ മുൻനിർത്തി - അത് സാമാന്യ ജന ജീവിതത്തിൽ കൊണ്ടു വന്ന മാറ്റങ്ങൾ തുടങ്ങി യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രശ്‌നങ്ങളെ അധികരിച്ചായിരുന്നു ലെക്‌സിറ്റ് കാമ്പെയ്ൻ. ബ്രെക്‌സിറ്റ് തീരുമാനത്തെ ശരി വയ്ക്കുന്ന രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഇടതു പക്ഷത്തിന്റെ നിലപാടുകൾ തീവ്ര വലതു പക്ഷത്തിന്റെ ദേശാന്തരാധിവാസത്തിനെതിരായ നിലപാടുകളെ മാറ്റി നിർത്തി യുക്തിസഹമായി വിലയിരുത്തുമ്പോൾ തെളിഞ്ഞു വരുന്ന മറ്റൊരു ചിത്രമുണ്ട്.

യൂറോപ്യൻ യൂണിയൻ സാമ്പത്തികനയങ്ങൾ

രണ്ടു ലോക മഹായുദ്ധങ്ങൾ വരുത്തിയ നഷ്ടങ്ങളെ നികത്തുന്നതിന് വേണ്ടി 1957 ൽ 6 രാജ്യങ്ങൾ ചേർന്നു തുടങ്ങിയ യൂറോപ്യൻ സാമ്പത്തിക സമൂഹം വിപുലപ്പെടുത്തിയാണ് 1993ൽ യൂറോപ്യൻ യൂണിയൻ രൂപീകരിക്കപ്പെടുന്നത്. പിന്നീട് 28 അംഗ രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുന്ന, അംഗീകൃത നിയമങ്ങളുള്ള ഒരു ഒറ്റ മാർക്കറ്റ് ആയി യൂറോപ്പ് രൂപാന്തരീകരിക്കപ്പെട്ടു. ഈയു നയങ്ങൾ കൊണ്ടുള്ള ഗുണങ്ങൾ പരിസ്ഥിതിയുടെ കാര്യത്തിലും മറ്റും വളരെ ശ്രദ്ധ അർഹിക്കുന്നതാണ്. എന്നാൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ വർദ്ധിയ്ക്കുകയും, രാജ്യങ്ങളുടെ പരമാധികാരം നഷ്ടപ്പെടുകയും ചെയ്തത് യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക നിലപാടുകളുടെ ആകെത്തുകയാണെന്ന് അവിടുത്തെ ഇടതുപക്ഷം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് പൂർണമായും ശരിയാണെന്ന് പിന്നീടിന്നോളമുണ്ടായ സംഭവ വികാസങ്ങൾ ശരി വയ്ക്കുകയും ചെയ്തു. ഒറ്റ മാർക്കറ്റ് ആയി പ്രവർത്തിയ്ക്കുന്ന യൂറോപ്യൻ യൂണിയന്റെ ഉടമ്പടികളുടെ അനന്തര ഫലങ്ങളും ആനുകൂല്യങ്ങളും എല്ലാ അംഗരാജ്യങ്ങളും ഒരു പോലെയല്ല അനുഭവിച്ചത്.

കടക്കെണിയിലകപ്പെട്ട ഗ്രീസ് പോലെയുള്ള രാജ്യങ്ങളിൽ കർക്കശമായ സാമ്പത്തിക നിലപാടുകൾ എടുക്കാൻ യൂറോപ്യൻ യൂണിയൻ ചുക്കാൻ പിടിച്ചത് എങ്ങനെയാണെന്ന് നമ്മൾ കണ്ടതാണ്. എന്നാൽ ജർമനി പോലെയുള്ള വലിയ രാജ്യങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടു തന്നെ നിന്നു. ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നിർത്തലാക്കപ്പെട്ട രാജ്യങ്ങളിൽ അതുകൊണ്ടു തന്നെ സ്വാഭാവികമായും ദേശീയതയിലൂന്നിയ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാരണം യൂറോപ്യൻ യൂണിയൻ അനുവദിച്ച ദേശാന്തര വാസം മൂലമാണെന്ന വികാരം പ്രബലമാക്കപ്പെട്ടു. തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രവർത്തനങ്ങൾ ഇതിനു ഒരു കാരണമായിട്ടുണ്ട്. എന്നാൽ എന്താണ് സത്യാവസ്ഥ? എന്തായിരുന്നു യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക നയങ്ങളുടെ പ്രശ്‌നങ്ങൾ? അവ എങ്ങനെയാണ് യു.കെ യിലെ ജനങ്ങളെ യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തിലെത്തിച്ചത്? യൂറോപ്യൻ യൂണിയന്റെ നിലപാടുകൾക്കെതിരായി ഇടതു പക്ഷം എടുത്ത നിലപാടുകൾ പരിശോധിച്ചാൽ ഇതു മനസിലാവും.

ഇടതുപക്ഷ നിലപാടുകൾ

യൂറോപ്യൻ യൂണിയന് എതിരായി അവിടുത്തെ ഇടതുപക്ഷം ഉയർത്തിയ ചില ഉത്കണ്ഠകൾ പ്രബലമാണ്. യൂറോപ്പിന് ഒരു പൊതു മാർക്കറ്റ് വരുമ്പോൾ അതു വലിയ കോർപറേഷനുകളുടെ അധികാരം അല്ലെങ്കിൽ നിയന്ത്രണ ശക്തി വർദ്ധിപ്പിക്കും. ഇത് അംഗ രാജ്യങ്ങളിലെ പൊതു ഉടമസ്ഥതയിലുള്ള പ്രവർത്തനങ്ങളിൽ സാരമായ പരിമിതികൾ (serious restrictions) ഉണ്ടാക്കുകയും പൊതു സേവന രംഗം മത്സരങ്ങൾക്ക് വേണ്ടി തുറന്നു നൽകപ്പെടുന്ന അവസ്ഥയ്ക്ക് വഴി വയ്ക്കുകയും ചെയ്യും.

ജനാധിപത്യ പരമായി ചിന്തിക്കുമ്പോൾ അതാത് രാജ്യങ്ങളിൽ ജനാധിപത്യ പ്രക്രിയകൾ വഴി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിസഭകൾ പല്ലു കൊഴിഞ്ഞ, പുതിയ നിയമ നിർമാണത്തിന് കോപ്പില്ലാത്ത ഒരു അസ്തിത്വം ആയി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. ജനക്ഷേമ നടപടികൾക്ക് ഇ യു അനുമതികളും പരിമിതികളും വിലങ്ങു തടിയാകും. കർക്കശ സാമ്പത്തിക നിലപാടുകൾ എടുക്കുന്നത് അംഗരാജ്യങ്ങൾക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട രീതി ആകുന്നതിനു പകരം ഒരു ബാധ്യത ആയി മാറും. ഗ്രീസിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ യൂറോപ്യൻ യൂണിയന്റെ പല തീരുമാനങ്ങളും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിന് പകരം തകർക്കുന്നവയാണ്. ഈ പ്രശ്‌നങ്ങളൊക്കെ തന്നെയും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ ഏറ്റകുറച്ചിലുകളോടെ അനുഭവിക്കുന്നവയാണ്.

അമേരിക്കയുമായി ചേർന്ന് യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന ട്രാൻസ് അതലാന്റിക് കച്ചവട ഉടമ്പടിയും മറ്റും വൻകിട കോർപ്പറേറ്റുകളുടെ നിക്ഷേപ താല്പര്യങ്ങൾക്കു വേണ്ടിയാണെന്നുള്ള തിരിച്ചറിവ് ജനങ്ങൾക്കിടയിൽ വ്യാപകമാകുവാൻ എക്‌സിറ്റ് കാമ്പെയ്ൻ കൊണ്ടായി. അതത് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ബ്രിട്ടണിൽ ആരോഗ്യവും ഗതാഗതവും ഉൾപ്പെടെയുള്ള മേഖലകൾ പൊതുമേഖലയിൽ നിന്ന് അടർത്തി സ്വകാര്യവത്കരിക്കുന്നതിന് ഈ സാഹചര്യത്തിൽ ആക്കം കൂടും. അവ തടയുന്നതിന് യൂറോപ്യൻ യൂണിയന്റെ അധികാര പരിധിക്കുള്ളിൽ നിന്നു പുറത്തു വന്നേ മതിയാകൂ.

മറ്റൊരു പ്രധാന സംഗതി, യൂറോപ്യൻ യൂണിയന്റെ നയസമീപനങ്ങൾ, തീരുമാനങ്ങൾ ഇവയെ ഒക്കെ രൂപപ്പെടുത്തുന്നതിൽ യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെന്ട്രൽ ബാങ്ക് തുടങ്ങിയവ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇവയൊന്നും എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങൾ അല്ല. ഈ വിഷയത്തെ സംബന്ധിച്ച് ആരാഞ്ഞ പത്രപ്രവർത്തകരോട് ഈയു ട്രേഡ് കമ്മീഷണർ സെസിലിയ മാൻസ്‌ട്രോം പറഞ്ഞത്  'താൻ യൂറോപ്യൻ ജനതയിൽ നിന്നും അനുശാസനകൾ സ്വീകരിക്കാറില്ല,' എന്നായിരുന്നു!

ഇതോടൊപ്പം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളും വളരെ ഏറെ ചർച്ച ചെയ്യപ്പെട്ടു. രാജ്യങ്ങൾക്കിടയിലുള്ള ഫ്രീ മൂവ്‌മെന്റ് എന്നത് തൊഴിലാളി വർഗ ചൂഷണത്തിനുള്ള മറ മാത്രമായി മാറുന്നത് ഒരു നഗ്‌നസത്യം മാത്രമാണ്. ബ്രിട്ടണിലെ വ്യവസായങ്ങൾ നില നിർത്തുന്നതിന് ചീപ്പ് ലേബർ സപ്ലൈയർ എന്ന നിലയിലേക്ക് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വരേണ്ടി വന്നു. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും എന്ന വാദം ഇതിനോടകം പൊളിയുകയും ചെയ്തു. കൂടാതെ ഇത് തൊഴിൽ വിവേചനങ്ങൾക്കും തൊഴിൽ സ്ഥലത്തെ ചൂഷണങ്ങൾ, പരിതാപകരമായ തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയവയ്ക്കും വളമാകും.

ഇയു നയങ്ങളുടെ അപാകതകൾ മൂലമുണ്ടായ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ സാമ്പത്തിക നയങ്ങളുടെ അനന്തരഫലം എന്നതിലുപരി കുടിയേറ്റത്തിന്റെ ആകെത്തുകയാണെന്ന് കരുതപ്പെട്ടു. യു.കെ യുടെ യൂറോപ്യൻ യൂണിയൻ അംഗത്വം ഇമ്മിഗ്രന്റ്‌സിനു വേണ്ടി വാതിലുകൾ തുറക്കുകയും അതു മൂലം ബ്രിട്ടീഷ് ക്ഷേമപ്രവർത്തനങ്ങളുടെ പങ്കു പറ്റുന്ന, സ്വദേശീയ ജോലി സാധ്യതകളെ ഇല്ലാതാക്കുന്ന ഒരു കൂട്ടം ദേശാന്തര വാസികളെ പ്രോത്സാഹിപ്പിക്കുന്നവയുമാണെന്നു ജനം ചിന്തിച്ചു. ദേശാന്തരാവാസത്തെക്കുറിച്ചുള്ള ഇത്തരം ചിന്തകളുടെ അപകടം അവ പല തരത്തിൽ ജാതി, വർഗ്ഗീയ ചിന്തകളെ പരിപോഷിപ്പിക്കുകയും അതു വഴി ജനങ്ങളുടെ അരക്ഷിതാവസ്ഥ വര്ദ്ധിപ്പിക്കുകയും ചെയ്യുമെന്നുള്ളതാണ്. പ്രബലമായി ഇന്ന് നിലവിലുള്ളത് മുസ്ലിം വിരുദ്ധ വികാരമാണ്. സംഘർഷഭരിതമായിരിക്കുന്ന അറബ് രാജ്യങ്ങളിൽ നിന്നു ജീവൻ നിലനിർത്താൻ വേണ്ടി പലായനം ചെയ്യുന്ന ദേശാന്തരവാസികൾ തങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ കൂട്ടുമോ എന്ന ഭയവും യു. കെ യിലെ ജനങ്ങളുടെ തീരുമാനത്തിന് പുറകിലുണ്ട്. എന്നാൽ ഇടതു പക്ഷം ഊന്നി പറയുന്നത് യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക ഇടപാടുകളുടെ ആകെത്തുകയായി ജനങ്ങളുടെ തീരുമാനത്തെ കാണണമെന്നും വേറിട്ടൊരു സാമ്പത്തികനയം രൂപീകരിക്കുന്നതിനെക്കുറിച്ചു ജനങ്ങൾ ഈ അവസരത്തിൽ ചിന്തിക്കണം എന്നുമാണ്.

മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളുടെ ആന്റി-ഇമ്മിഗ്രേഷൻ സെന്റിമെന്റ്‌സ് ആഘോഷിക്കുമ്പോഴും, യു.കെ എടുത്ത തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ചു വ്യാകുലപ്പെടുകയും ചെയ്യുമ്പോൾ, അദ്ധ്വാന വർഗ്ഗത്തിന്റെ സമര സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയര്ഹിക്കുന്നുണ്ട്. വളരെ കൃത്യമായും നിയോലിബറൽ ക്യാപിറ്റലിസം വരുത്തി വച്ച പ്രശ്‌നങ്ങളെ നേരിടുമ്പോഴും, അവയെയൊന്നും വിമർശനാത്മകമായി കാണാതെ, ബദലുകളും കാഴ്ചപ്പാടുകളും മുന്നോട്ടു വയ്ക്കാതെ, നഷ്ടപ്പെടുന്ന ക്ഷേമത്തെ മാത്രം മുൻനിർത്തിയുള്ള അദ്ധ്വാന വർഗ്ഗത്തിന്റെ ചർച്ചകൾ ഒരു പക്ഷേ രാജ്യത്തിനു ദോഷകരമായി ഭവിച്ചേക്കാം. യു.കെ യിലെ ഹിതപരിശോധനാ ഫലം അതു കൊണ്ടു തന്നെ വിശകലനം ചെയ്യപ്പെടേണ്ടത് വെറുമൊരു ആന്റി ഇമ്മിഗ്രേഷൻ പ്രശ്‌നമായോ നഷ്ടപ്പെടുന്ന ക്ഷേമ കാര്യങ്ങളായോ അല്ല. പകരം ഇടതു പക്ഷം മുന്നോട്ടു വെച്ച നിലപാടുകളുടെ ശരിയും ഒരു ബദൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രേരകശക്തി ആയി കൂടിയാണ്.