ഡിങ്കമതം സ്വീകരിച്ച് അന്താരാഷ്ട്ര ബ്രാൻഡുകൾ
| Updated On: 2016-06-22T12:54:27+05:30 | Location :
ആൻഡ്രോയ്ഡ്, മോസില, ഫെവിക്കോൾ, പെൻഗ്വിൻ ബുക്സ്, ബക്കാർഡി, നെസ്ലേ, ട്വിറ്റർ, ജഗ്വാർ തുടങ്ങിയ അന്തർദേശീയ ബ്രാൻഡുകളാണ് പേരും രൂപവും മാറി ഡിങ്കമതത്തിൽ ചേർന്നത്.
പരമ്പരാഗത മതവിശ്വാസങ്ങൾക്കെതിരെ പ്രതിഭാധനരായ ഒരു കൂട്ടമാളുകൾ തുടങ്ങിയ ആശയക്കൂട്ടമായ ഡിങ്കമതം പുതിയ മേഖലകളിലേക്ക് ചേക്കേറുകയാണ്. സർവ്വവും മതമയമാകുമ്പോൾ മതത്തെതന്നെ ട്രോൾ ചെയ്ത് കൊണ്ടാണ് ഡിങ്കമത വിശ്വാസികൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്.
ദിലീപിനെ നായകനാക്കി പ്രമുഖ ഛായഗ്രാഹകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രൊഫസർ ഡിങ്കൻ എന്ന് പേരിട്ടപ്പോൾ ഡിങ്കമത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഡിങ്കമതം ഒരു വെർച്വൽ മതം എന്ന സങ്കല്പം മാറി. ഈ മതത്തിലും വിശ്വാസികളുണ്ടെന്നും അവർക്ക് ഡിങ്കനെ അപമാനിച്ചാൽ ഹനുമാൻ വിശ്വാസികൾക്ക് ഹനുമാനെ ആക്ഷേപിച്ചാൽ ഉണ്ടാകുന്നത് പോലെ മതവികാരം വ്രണപ്പെടുമെന്നും ഇതോടെ ബോധ്യമായതാണ്.
നിങ്ങളുടെ മതവികാരം വ്രണപ്പെടില്ലെങ്കിൽ ഞാൻ ഒന്ന് തുമ്മിക്കോട്ടെ എന്ന സോഷ്യൽ മീഡിയ ട്രോളും കൊണ്ട് ഡിങ്കമത വിശ്വാസികളുടെ അടുത്തേക്കൊന്നും പോകാൻ സാധിക്കില്ല. അവർ അതുക്കും മേലേയാണ്.
മതം നടത്തുന്ന കടന്ന് കയറ്റങ്ങൾക്കെതിരെ ഒരു തമാശയ്ക്ക് എന്നവണ്ണം തുടങ്ങിയതാണ് ഡിങ്കമതം. എന്നാൽ ഓൺലൈൻ ഇടങ്ങളിൽ അതിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. മറ്റ് മതങ്ങളിലെ യുക്തിക്ക് നിരക്കാത്ത പലതിനേയും തമാശയിലൂടെ വിമർശിച്ചും ഡിങ്കനെ സ്തുതിച്ചും വലിയൊരു കൂട്ടമായി ഡിങ്കോയിസം മാറി. സെമിറ്റിക് മതങ്ങളുടെ യുക്തിയാണ് എലിയെ ദൈവമാക്കി ഡിങ്കോയിസ്റ്റ് വക്താക്കൾ ചോദ്യം ചെയ്യുന്നത്.
ഒരു കുട്ടിക്കഥയിലെ എലിയിൽനിന്ന് ദൈവരൂപം പ്രാപിച്ച ഡിങ്കൻ ഇന്നിപ്പോൾ ഒരു മഹാനായി മാറിയിട്ടുണ്ട്.
ഇവിടെയിപ്പോ ഡിങ്കനെ സ്തുതിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2013ൽ സ്ഥാപിച്ച മലയാളം ഗ്രാഫിക്സ്, കാലിഗ്രഫി പേജായ മലയാളീഗ്രഫിയിലെ പുതിയ പോസ്റ്റാണ് കാരണം. ചില അന്താരാഷ്ട്ര ബ്രാൻഡുകൾ ഡിങ്കമതം സ്വീകരിച്ചാൽ എങ്ങനെയായിരിക്കും അവരുടെ ബ്രാൻഡ് നെയിമും ലോഗോയും എന്ന ചിന്തയാണ് ഇവർ പങ്കുവെയ്ക്കുന്നത്. ആൻഡ്രോയ്ഡ്, മോസില, ഫെവിക്കോൾ, പെൻഗ്വിൻ ബുക്സ്, ബക്കാർഡി, നെസ്ലേ, ട്വിറ്റർ, ജഗ്വാർ തുടങ്ങിയ അന്തർദേശീയ ബ്രാൻഡുകൾ പേരും രൂപവും മാറി ഡിങ്കമതത്തിൽ ചേർന്നാൽ എങ്ങനെയിരിക്കും എന്ന് കാണാം. മലയാളീഗ്രഫി പേജിന്റെ ബിഹാൻസ് ലിങ്ക്.









