ബോളിവുഡിന്റെ സ്റ്റണ്ട് നായിക ഗീത ടാന്ടെന്‍

വിവാഹം എന്നാല്‍ എനിക്ക് ജീവിതത്തിന്‍റെ സ്ഥിരതയും, സ്നേഹമുള്ള ബന്ധുക്കളും, നല്ല ഭക്ഷണവും ആയിരുന്നു. ഒരിക്കലും അറിയാത്ത ഒരാളോടൊപ്പം ജീവിക്കുവാന്‍ അങ്ങനെ ഞാന്‍ തയ്യാറായി.

ബോളിവുഡിന്റെ സ്റ്റണ്ട് നായിക ഗീത ടാന്ടെന്‍

സിനിമയിലെ നായകന്മാരുടെ ഡ്യുപ്പുകളെ കുറിച്ച് നമ്മള്‍ അറിഞ്ഞിട്ടുണ്ട്. അപകടം നിറഞ്ഞ രംഗങ്ങളില്‍ നായകന്മാര്‍ക്ക് പകരക്കാരായി അവര്‍ അഭിനയിക്കുകയോ ജീവിക്കുകയോ ചെയ്യുന്നു. ഇത്തരം രംഗങ്ങളില്‍ മലയാത്തിലെ നായികമാര്‍ക്ക് അധികം രംഗങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ സ്ത്രീകളായ സ്റ്റണ്ട് നടിമാരെ കുറിച്ച് നമ്മള്‍ അധികം കേട്ടിട്ടുമില്ല. പലരും ഒരു പക്ഷെ അതിന്നു ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിക്കുന്നവര്‍ ചുരുക്കമാണ്. ഹിന്ദി സിനിമയിലെ അത്തരം ഒരു വിജയിച്ച നടിയാണ് ഗീതാ ടാന്ടെന്‍. 31 വയസ്സുകാരിയായ ഗീത ഏറ്റവും അപകടം നിറഞ്ഞ ഈ ജോലി തിരഞ്ഞെടുക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയില്‍ ഇനിയും തോല്‍ക്കാതിരിക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ്.


അടുത്തിടെ യൂട്യൂബ് ബ്ലഷിന്നു നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ് ഗീത തന്റെ ജീവിതത്തിന്‍റെ ഒട്ടും സുഖകരമല്ലാത്ത കുറച്ചു ദിവസങ്ങളെ ഓര്‍മ്മിക്കുന്നത്. 2009 മുതല്‍ ബോളിവുഡിന്റെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമയി മാറിയ ഗീത ബാല വിവാഹത്തിന്റെയും, തുടര്‍ന്ന് ശാരീരികമായും, മാനസികമായും, ലൈംഗീകമായും പീഡിപ്പിക്കപ്പെട്ടത്തിന്‍റെ ഇരയാണ്.

അമ്മയുടെ മരണത്തോടെയാണ് ജീവിതം ഇപ്പോഴും സന്തോഷങ്ങള്‍ മാത്രമല്ലെന്ന് 9 വയസ്സുകാരിയായ ഗീത മനസിലാക്കുന്നത്‌. ഗീതയും മൂന്ന് കൂടപ്പിറപ്പുകളും അന്ന് മുതല്‍ ബന്ധുകളുടെ വീടുകളില്‍ നിന്നു ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റപെട്ടുകൊണ്ടേയിരുന്നു. മുംബൈയില്‍ ഗായകനായ പിതാവിന്നു അവരെ ശ്രദ്ധിക്കുവാന്‍ സമയമുണ്ടായിരുന്നില്ല.
എങ്കിലും ഗീത സന്തോഷവതിയായി തന്നെ വളര്‍ന്നു. ഒരു പക്ഷെ, ഒരു പെണ്ണിന്നുണ്ടാവേണ്ടതായ അടക്കവും ഒതുക്കവും അവള്‍ പ്രകടിപ്പിച്ചില്ലെന്നു മാത്രം.

ഗീതയുടെ കുട്ടിത്തം വിട്ടു മാറുന്നില്ല എന്ന് തോന്നിയത് കൊണ്ടാകാം വീട്ടുകാര്‍ ഗീതയ്ക്കു 15 വയസ്സില്‍ വിവാഹാലോചനകള്‍ ആരംഭിച്ചു. ഗീതയ്ക്കു അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. തന്റെ മൂത്ത സഹോദരിയുടെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം കുഞ്ഞു ഗീതയെ അത്തരത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. എന്റെ പിതാവിനോട് തര്‍ക്കിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല..അതിന്റെ ആവശ്യവും ഉണ്ടെന്നു തോന്നിയിരുന്നില്ല. വിവാഹം എന്നാല്‍ എനിക്ക് ജീവിതത്തിന്‍റെ സ്ഥിരതയും, സ്നേഹമുള്ള ബന്ധുക്കളും, നല്ല ഭക്ഷണവും ആയിരുന്നു. ഒരിക്കലും നേര്‍ത്ത പരിചയം പോലും ഇല്ലാത്ത ഒരാളോടൊപ്പം ജീവിക്കുവാന്‍ അങ്ങനെ ഞാന്‍ തയ്യാറായി.
അടുത്ത അഞ്ചു വര്‍ഷം തനിക്ക് ദുസ്വപ്നങ്ങളുടെ നാളുകള്‍ ആണെന്ന് അന്ന് ആ 15കാരി അറിഞ്ഞിരുന്നില്ല.

ജയ്പൂരില്‍ നിന്നുള്ള 24 വയസ്സുകാരനുമായി ഗീതയുടെ വിവാഹം നടന്നു. ഗീതയുടെ ഭര്‍തൃ വീട്ടുകാര്‍ക്ക് വിവാഹം കൊണ്ട് അവള്‍ക്കുള്ള സങ്കല്‍പ്പങ്ങളെക്കാള്‍ മറ്റു ചില കാഴ്ചപാടുകള്‍ ആണ് ഉണ്ടായിരുന്നത്. ഞാന്‍ ഒരു അടിമയായിരുന്നു..ശാരീരികമായും ലൈംഗീകമായും ..എല്ലാം! അയാളുടെ എല്ലാ ഇഷ്ടങ്ങളും നിറവേറ്റാന്‍ ഉള്ള ഒരു വേസ്റ്റ് ബാഗ്‌ ആണ് ഞാന്‍ എന്ന് എനിക്ക് തോന്നി തുടങ്ങി. വീട്ടുകാര്‍ ആഗ്രഹിച്ചത്‌ പോലെ എന്റെ കുട്ടിത്തം എപ്പോഴേ വിട്ടു മാറിയിരുന്നു. 16 വയസ്സില്‍ ഞാന്‍ ഗര്‍ഭിണിയായി. അങ്ങനെയെങ്കിലും ശാരീകമായി എന്നെ ഉപദ്രവിക്കുന്നത് അയാള്‍ നിര്‍ത്തുമെന്ന് ഞാന്‍ കരുതി. പക്ഷെ, അതുണ്ടായില്ല..

രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. മുലയൂട്ടുന്ന സമയത്ത് പോലും അയാള്‍ എന്നെ അതി ക്രൂരമായി മര്‍ദിച്ചിരുന്നു. തളര്‍ന്നു വീഴുന്ന ഞാന്‍, എന്റെ കുട്ടികളുടെ അടുത്തേക്ക് നിരങ്ങി നീങ്ങാന്‍ പോലും അശക്തയായിരുന്നു. സഹിക്ക വയ്യാതെ ഞാന്‍ 3 പ്രാവശ്യം കുട്ടികളുമായി വീട് വിട്ടു. പലപ്പോഴും ഞാന്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. എപ്പോഴും അവര്‍ ചോദിക്കും - ആരാണ് ഉപദ്രവിക്കുന്നത്?
ഞാന്‍ പറയും - ഭര്‍ത്താവ്..
അവര്‍ ചിരിക്കും. എന്നിട്ട് പറയും..മോളെ തിരിച്ചു വീട്ടില്‍ പോകു. ഭര്‍ത്താവുമായി ചേര്‍ന്ന് ജീവിക്കു..എന്നൊക്കെ. വീട്ടിലെ പ്രശ്നങ്ങള്‍ വീട്ടില്‍ തന്നെ തീര്‍ക്കണം എന്നും അവര്‍ ഉപദേശിക്കുമായിരുന്നു. എങ്ങനെ ജീവിക്കാനാണ്? മരണം തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍?

ചിലപ്പോള്‍ ഞാന്‍ എന്റെ സഹോദരിയുടെ വീട്ടില്‍ അഭയം  തേടി. അയാള്‍ അവിടെയും വന്നു എന്റെ സഹോദരിയെ ഉപദ്രവിക്കുവാനും തുടങ്ങി. അവരുടെ കുടുംബത്തിലും ഇത് അസ്വാരസ്യം സൃഷ്ടിക്കുവാന്‍ തുടങ്ങിയതോടെ എനിക്ക് പിന്നീട് അങ്ങോട്ട്‌ പോകുവാനും കഴിയാതെയായി.
ഒടുവില്‍ ഞാന്‍ രക്ഷപ്പെടുവാന്‍ തീരുമാനിച്ചു. 20മത് വയസ്സില്‍ ഞാന്‍ വൈവാഹിക പീഡന ബന്ധത്തില്‍ നിന്നും മോചിതയാകുവാന്‍ നിശ്ചയിക്കുമ്പോള്‍, ഇനിയെന്ത് എന്നുള്ളത് അനിശ്ചിതമായിരുന്നു. 10 ക്ലാസ് വിദ്യഭ്യാസമുള്ള ഞാന്‍ രണ്ടു കുട്ടികളുമായി എന്ത് ചെയ്യും എന്നറിയാതെ തെരുവിലേക്കിറങ്ങി. മരണം അവിടുത്തെ ജീവിതത്തെക്കാള്‍ മികച്ചതായിരിക്കും എന്ന് എനിക്ക് തോന്നി.

പല ചെറിയ ജോലികളും ചെയ്തു ഞാന്‍ ജീവിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വേശ്യാവൃത്തി ഒഴികെ എന്തും ചെയ്യുവാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ചപ്പാത്തി ഉണ്ടാക്കി വില്‍ക്കുവാന്‍ തുടങ്ങി. നാളത് വരെ നൃത്തം ചെയ്യാത്ത ഞാന്‍ ഭാന്ഗ്ര നര്‍ത്തകിയായി. വിവാഹ പാര്‍ട്ടികളിലും മറ്റും അധികം വരുന്ന ഭക്ഷണം എടുത്തു കൊണ്ട് പോയി ഞാന്‍ മക്കള്‍ക്ക് നല്‍കിയിരുന്നു. പതുക്കെ ഞങ്ങള്‍ ജീവിക്കുവാന്‍ തുടങ്ങുകയായിരുന്നു.

സഹനര്‍ത്തകിമാരില്‍ ഒരാളാണ് എന്നോട് സിനിമയില്‍ സ്റ്റണ്ട് നടിയാകാമോ എന്ന് ചോദിച്ചത്. സ്ത്രീകള്‍ അധികം മുന്നോട്ടു വരാത്ത മേഖലയാണ് അത് എന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷെ, ഞാന്‍ ശ്രമിച്ചു നോക്കുവാന്‍ ഞാന്‍  തീരുമാനിച്ചു. എന്നിലെ കുട്ടിത്തം വീണ്ടും എന്നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നതാകും ശരി. അങ്ങനെ ലഡാക്കിലെ എന്റെ ആദ്യ ഡ്യുപ്പ് അഭിനയത്തിന്നു ഞാന്‍ മുതിര്‍ന്നു. നായികയെ തീയില്‍ ഇടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ആദ്യ സിനിമ ഷൂട്ടില്‍ തന്നെ എനിക്ക് മുഖത്തെല്ലാം പൊള്ളലേറ്റ് അപകടം സംഭവിച്ചു. പക്ഷെ പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല.. സുഖപ്പെട്ടു വന്നുടനെ തന്നെ ഞാന്‍ സ്റ്റണ്ട് രംഗങ്ങളും പരിശീലിച്ചു.

കാര്‍ ചെസിംഗ്,ബൈക്ക്സ്റ്റണ്ട് എന്നിവയൊക്കെ  ചെയ്യുന്ന സ്റ്റണ്ട് വനിതാ നടിമാര്‍ മറ്റാരും ഇന്ത്യയില്‍ ഇല്ല. മിക്കപ്പോഴും മുഖവും ശരീരവും മറച്ചു പുരുഷ ഡ്യുപ്പാണ് അത് അഭിനയിക്കാറുണ്ടായിരുന്നത്‌. ഗീത കാര്‍ ചെസിങ്ങും ബൈക്ക് റൈഡിങ്ങും ഒക്കെ ചെയ്യും. മണ്ണിലും, വെയിലിലും സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാന്‍ ഗീതയ്ക്കു മടിയില്ല. പലപ്പോഴും ഗുരുതരമായി പരിക്ക് ഏറ്റിട്ടുണ്ട്. നട്ടെല്ലിനു ഏറ്റ ക്ഷതം സുഖപ്പെടുകയില്ല എന്ന് കരുതിയ നാളുകളും ഉണ്ട്. പക്ഷെ, ഇതെല്ലം ഗീതയുടെ കരുത്തു കൂടുതല്‍ വര്‍ദ്ധിപ്പിച്ചതേയുള്ളൂ...മനസ്സിന്റെ ബലം എല്ലാറ്റിലും ഗീതയുടെ കരുത്തായിരുന്നു.

ഇന്ന് പ്രതിവര്ഷം 7 മുതല്‍ 8 ലക്ഷം വരുമാനം ഗീതയ്ക്കുണ്ട്. പ്രത്യേക പ്രോജെക്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ വേറെ. അഭിനയിച്ച എല്ലാ നടി-നടന്മാരോടും നല്ല ബന്ധം പുലര്‍ത്തുന്ന ഗീതയെ കുറിച്ച് ബോളിവുഡില്‍ നല്ല അഭിപ്രായമാണ് ഉള്ളത്. ഐശ്വര്യ റായി, ദീപിക പദുകോണ്‍, കരീന കപ്പൂര്‍..അങ്ങനെ നീണ്ട നിരയുടെ യഥാര്ത്ഥ നായികയാണ് ഗീത. അരങ്ങിലെ നായികയുടെ തിരശീലയ്ക്ക് പിന്നിലെ ശക്തിയാണ് ഈ പഞ്ചാബി സുന്ദരി.

"സ്വന്തം കാലില്‍ നിന്നിട്ട് മതി വിവാഹം എന്ന് എന്റെ മക്കള്‍ എപ്പോഴും പറയും. അവര്‍ക്ക് എന്റെ ജീവിതം മതിയെല്ലോ അങ്ങനെ ചിന്തിക്കാന്‍." ഗീത പറയുന്നു.

ആത്മവിശ്വാസം ഒന്നു മതി..ഏതൊരു സ്ത്രീക്കും പ്രതിസന്ധികളെ അതിജീവിക്കാന്‍..പക്ഷെ അവള്‍ സ്വയം തിരിച്ചറിയണം എന്ന് മാത്രം!