രക്തം നമ്മെ ബന്ധിപ്പിക്കട്ടെ

രക്തമാണ് ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. അതിനു വിലമതിക്കുവാൻ കഴിയുന്നതല്ല.

രക്തം നമ്മെ ബന്ധിപ്പിക്കട്ടെ

ഇന്ന് ജൂൺ 14, ലോക രക്തദാതാക്കളുടെ  ദിനം! ലാഭേച്ഛ കൂടാതെ സേവനതൽപരായി രക്തം ദാനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും, അധികമാളുകളെ ഇതിലേക്ക് ബോധവൽക്കരിച്ചു ആനയിക്കുവാനുമാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനമാചരിക്കുന്നത്. "രക്തം നമ്മെ ബന്ധിപ്പിക്കുന്നു" എന്ന വാക്യത്തോടെയാണ് 2016 ൽ ലോക രക്തദാതക്കളുടെ  ദിനം ആഘോഷിക്കപ്പെടുന്നത്.

ബാഹ്യമായ രൂപത്തിലും, നിറത്തിലും ഓരോരുത്തരും വ്യത്യസ്തരാണ് എങ്കിലും നമ്മൾ എല്ലാവരും ഒന്നാണ്. നമ്മുടെ ഞരമ്പുകളിൽ ഒരേ രക്തമാണ്. രക്തം നമ്മെ ബന്ധിപ്പിക്കുന്നു. ലോകാരോഗ്യ സം

ഘടനയുടെ ഡയറക്ടർ ജനറൽ മാർഗററ്റ് ചാൻ പറഞ്ഞു. രക്തമാണ് ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. അതിനു വിലമതിക്കുവാൻ കഴിയുന്നതല്ല.


ആഗോളതലത്തിൽ ഏകദേശം 108 മില്യൺ രക്തദാതാക്കൾ പ്രതിവർഷം രക്തദാനത്തിലേർപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇതിൽ 50% വും സമ്പന്ന രാജ്യങ്ങളിൽ നിന്നാണ്. പക്ഷെ, ഇത് ആകെ ജനസംഖ്യയുടെ 20% മാത്രമാണ് എന്നും ലോകാരോഗ്യ സംഘന വിവരിക്കുന്നു. ലോകരാജ്യങ്ങളിലെല്ലാം തന്നെ രക്തത്തിനു ആവശ്യക്കാരേറുകയും, രക്തദാതാക്കളുടെ എണ്ണം ഇതിന് ആനുപാതികമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.

ഒരോ രാജ്യത്തിലെയും 1% പൗരൻമാരെങ്കിലും രക്തദാനത്തിനു തയ്യാറായാൽ ആ രാജ്യത്തിലെ മെഡിക്കല്‍ ആവശ്യത്തിനുള്ള രക്തം ശേഖരിക്കപ്പെടുമെന്നും WHO വിശദീകരിക്കുന്നു. പലരുടെയും ജീവൻ നിലനിർത്തുവാനുള്ള ഈ 'അത്ഭുത ദ്രാവകം' ദാനം ചെയ്യുവാനുള്ള ബോധവൽക്കരണ പ്രക്രിയയാണ് ഊർജ്ജിതമാക്കേണ്ടതായ ഒന്ന്.

രക്തദാനത്തെ കുറിച്ചു അറിയേണ്ടുന്നത് 

17 മുതൽ 65 വയസ്സു വരെയുള്ളവരിൽ നിന്നാണ് സാധാരണയായി രക്തം സ്വീകരിക്കപ്പെടുക. രക്തദാതാവ് ആരോഗ്യവാനായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. 50 കിലോഗ്രാമെങ്കിലും ഭാരമുള്ളവരെയാണ് അധികമായി രക്തദാനത്തിനു പ്രോത്സാഹിപ്പിക്കുന്നത്. ദാതാവിന്റെ ശരീരത്തിലെ രക്തത്തിന്റെ അളവുമായി ഒത്തുചേർന്നാണ് രക്തം ശേഖരിക്കപ്പെടുന്നത് എന്നത് കൊണ്ടാണിത്.

ശരിയായ വൈദ്യ സഹായത്താൽ സ്വീകരിക്കപ്പെടുന്ന രക്തം സുരക്ഷിതമായിരിക്കും. മഹത്തായ ഈ സേവന കര്‍മ്മത്തിനിടയിലെ ബിസിനസ് വലയത്തിലെ ഇരകള്‍ ആകരുതെന്ന് മാത്രം!

സാധാരണ രീതിയിലുള്ള ഭക്ഷണം കഴിച്ചതിനു ശേഷം രക്തദാനം ചെയ്യാവുന്നതാണ്.

ഒരു സമയം ഒരാളിൽ നിന്നും സ്വീകരിക്കുന്ന രക്തത്തിന്റെ അളവിനെ സംബന്ധിച്ചാണ് മറ്റൊരു ആശങ്ക പൊതുവെ നില നിൽക്കുന്നത്. എല്ലാവരിൽ നിന്നും ഒരേ അളവിലുള്ള രക്തമല്ല ശേഖരിക്കുന്നത്. 450 മില്ലി ലിറ്റര്‍ രക്തമാണ്  ഒരു വ്യക്തിയിൽ നിന്നു  ശേഖരിക്കപ്പെടുക. ഈ അളവിലെ രക്തം 36 മണിക്കൂറിനകം രക്തദാതാവിന്റെ ശരീരത്തിൽ ഉത്പാദിക്കപ്പെടുകയും ചെയ്യുന്നു.

നാലു മാസം കൂടുമ്പോൾ രക്തം വീണ്ടും ദാനം ചെയ്യാവുന്നതാണ്.  നാല് മാസത്തിലൊരിക്കല്‍ കേവലം 20 മുതൽ 30 മിനിറ്റ് വരെ മാത്രം സമയം മാറ്റി വച്ച് നിങ്ങൾ രക്തദാന സേവനത്തിനു മുതിർന്നാൽ, മരണത്തിൽ നിന്നും രോഗത്തിൽ നിന്നും തിരികെ ജീവിതത്തിലെത്തുന്നവരുടെ പുഞ്ചിരി നിങ്ങളുടെ കൂടി അവകാശമാകും. അഭിമാനത്തോടെ പറയു, ഞാനും രക്തദാതാവ് ആണെന്ന്!

രക്തം മനുഷ്യരെ ബന്ധിപ്പിക്കട്ടെ!