സവർണ്ണ സ്ത്രീ ശരീരം കറുപ്പണിയുമ്പോൾ

ശരീരത്തിൽ ചായമടിക്കാതെയും നമുക്ക് ജാതി വിവേചനത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ സങ്കൽപ്പിച്ചെടുക്കാനായേക്കാം - മനസ്സുകൊണ്ടുള്ള ഒരു താദാത്മ്യപ്പെടലിലൂടെ.പക്ഷേ , ജാതീയതയുടെ കയ്പ്പേറിയ അനുഭവങ്ങൾ അത്തരം സാമൂഹിക ഇടങ്ങളിൽ ജീവിക്കുന്നവരുടേത് തന്നെയായിരിയ്ക്കും.

സവർണ്ണ സ്ത്രീ ശരീരം കറുപ്പണിയുമ്പോൾ

എന്‍ പി ജോണ്‍സന്‍

സവർണ്ണ  ശരീരങ്ങൾ  ദലിതരുടെ കാര്യങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് പറയുന്നതിന്റെ അടുത്തവരിയിൽ നിറമല്ല ജാതിയുടെ അടിസ്ഥാനം എന്നു പറയുന്നതിൽ ഒരു പൊരുത്തമില്ലായ്മ ഉണ്ട്.സവർണ്ണ ദലിത് ശരീരങ്ങളും ഉണ്ടെന്നാണല്ലോ അതിനർത്ഥം. അപ്പോൾ പറയേണ്ടിയിരുന്നത് മേൽ ജാതി സ്ത്രീ ശരീരങ്ങൾ എന്നാണെന്നു വരും.പിന്നെ മേൽ ജാതി ആരെന്നും കീഴ്ജാതി ആരെന്നും തർക്കങ്ങൾ വരും.

കറുമ്പനായ ഒരാളുടെ മകനായ് ജനിച്ച എനിക്ക് കറുപ്പല്ല ജാതി വിവേചനത്തിന്റെ അടിസ്ഥാനം എന്ന് നന്നായ് അറിയാം. പക്ഷേ, ജാതിവിവേചനത്തിന് ഇരകളാകുന്നവർ ഭൂരിപക്ഷവും കറുത്തവരാണെന്ന യാഥാർത്ഥ്യവും ഉണ്ട്.വെളുത്ത ശരീരവുമായ് ഇക്കാലമത്രയും ജീവിച്ച ഒരു പെൺകുട്ടിയ്ക്ക് കറുത്ത ചായം പൂശി നടക്കുമ്പോൾ തൻറെ ചുറ്റുമുള്ള ലോകം മാറുന്നത് തീർച്ചയായും മനസ്സിലാക്കാനാകും. മറ്റൊരു നിറത്തിലേയ്ക്ക് കൂടുമാറിക്കൊണ്ടുള്ള ജയയുടെ ലൈവ് പെർഫോമൻസ് ആ നിലയ്ക്ക് ഒരന്വേഷണം തന്നെയാണ്.കേവലം ഒരു നിറഭേദത്തിലൂടെ മാത്രം പ്രതികരണങ്ങളിൽ വരുന്ന മാറ്റം തിരിച്ചറിയുന്നത്‌ യുക്തിരഹിതമായ ജാതിബോധങ്ങൾക്കെതിരായ ഒരു സമരാനുഭവം തന്നെയാണ്.തൊലിയുടെ നിറവുമായ് ബന്ധപ്പെട്ട സൌന്ദര്യസങ്കൽപ്പങ്ങളിലെ പൊള്ളത്തരങ്ങൾക്കെതിരായ രൂക്ഷമായ ഒരു പരിഹാസവുമാണത്.


ശരീരത്തിൽ ചായമടിക്കാതെയും നമുക്ക് ജാതി വിവേചനത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ സങ്കൽപ്പിച്ചെടുക്കാനായേക്കാം - മനസ്സുകൊണ്ടുള്ള ഒരു താദാത്മ്യപ്പെടലിലൂടെ.പക്ഷേ , ജാതീയതയുടെ കയ്പ്പേറിയ അനുഭവങ്ങൾ അത്തരം സാമൂഹിക ഇടങ്ങളിൽ ജീവിക്കുന്നവരുടേത് തന്നെയായിരിയ്ക്കും.ഇല്ലായ്മകളുടെയും വിവേചനങ്ങളുടെയും അവമതിപ്പുകളുടെയും അത്തരം ലോകങ്ങൾ ഇല്ലാതാക്കണമെങ്കിൽ എല്ലാ ശ്രേണികളിലും പെട്ട മനുഷ്യരിൽ നീതി ബോധത്തിന്റെ ഒരുണർവ്‌ ഉണ്ടാകേണ്ടതുണ്ട്.മാറ്റങ്ങൾക്കായുള്ള ദൃഢനിശ്ചയത്തോടെയുള്ള സമരങ്ങൾ ഉണ്ടാകേണ്ടതുണ്ട്.ക്ഷണികമായ വൈകാരികതകളേക്കാൾ യുക്തിഭദ്രമായ രാഷ്ട്രീയബോധ്യങ്ങളും ഭേദചിന്തകളെ മറികടക്കുന്ന ഉൾക്കാഴ്ചകളും ആയിരിക്കണം അതിന്റെ പ്രചോദനങ്ങൾ.

വിവേചനങ്ങൾക്കെതിരെ ഉയിരുകൊടുത്തും പൊരുതാനുള്ള പ്രാഥമിക ബാധ്യത അതനുഭവിക്കുന്നവർക്കു തന്നെയാണ്.പക്ഷേ , മറ്റാരും അതിൽ അഭിപ്രായം പറയുന്നതിനു പോലും അർഹരല്ലെന്ന നിലപാടിനു പിന്നിൽ സ്വത്വരാഷ്ട്രീയ വ്യഗ്രതകൾ മാത്രമാവില്ല. വിവേചനങ്ങൾക്കെതിരായ പ്രതിഷേധം എന്നതിനപ്പുറം ചില ഉൾപ്രേരണകളും ഉണ്ടാകാം. സ്നേഹപൂർവ്വം തന്നെ അതിനെ മനസ്സിലാക്കാൻ ശ്രമിയ്ക്കാം.

കലാകക്ഷിയുടെ സംരംഭത്തെ ഒരു ദലിത് വിരുദ്ധ ഇടപെടലായ് കാണുന്നവർ ആ കൂട്ടായ്മയെ അടുത്തു പരിചയപ്പെടാത്തവർ ആണെന്നു വരാം. ഈ സംവാദങ്ങൾ അകലം കുറയ്ക്കാനും കൂടുതൽ പരസ്പരം അറിയാനും ഉപകരിച്ചേക്കാം.ഇന്നലെ തൃപ്പൂണിതതുറയിലേയ്ക്ക്‌ പോകും വഴി സാജൻ പറഞ്ഞു: "ഇങ്ങിനെയായാൽ ചങ്ങമ്പുഴയ്ക്കെതിരെയും കേസെടുക്കേണ്ടി വരും. മലയപ്പുലയൻ വാഴനട്ടതിനെപ്പറ്റി കവിതയെഴുതാൻ അങ്ങോർക്കെന്താണവകാശം?"