നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള ബന്ധം ഗുണം ചെയ്തില്ല: ബിജെപി നേതൃയോഗത്തില്‍ ബിഡിജെഎസിനെതിരെ രൂക്ഷ വിമര്‍ശനം

ആര്‍എസ്എസിന്റെ അമിത ഇടപെടല്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്ക് ചിലയിടങ്ങളില്‍ നീതി ലഭിക്കുന്നതിന് തടസ്സമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി, പി.സി ജോര്‍ജ് തുടങ്ങിയവരുടെ മണ്ഡലങ്ങളിലും കണ്ണൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് കുറഞ്ഞതിനെ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള ബന്ധം ഗുണം ചെയ്തില്ല: ബിജെപി നേതൃയോഗത്തില്‍ ബിഡിജെഎസിനെതിരെ രൂക്ഷ വിമര്‍ശനം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം. ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് ഫലം തന്നതെന്നും ബിഡിജെഎസിനൊപ്പമുള്ള കെപിഎംഎസിന്റെ നേതാക്കള്‍ പലയിടത്തും പരസ്യമായിതന്നെ എല്‍ഡിഎഫിനൊപ്പം നിന്നത് എന്‍ഡിഎ മുന്നണിയെ പരാജയപ്പെടുത്തുന്നതിന് കാരണമായെന്നും ജില്ലാ, മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസുകാര്‍ ഹൈജാക്ക് ചെയ്തെന്നും ബിജെപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മണ്ഡലങ്ങളിലെ ധനവിനിയോഗം കൈകാര്യം ചെയ്ത ആര്‍എസ്എസുകാര്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ഇന്നലെ അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ വരവുചെലവ് കണക്കുകള്‍ ഉണ്ടായിരുന്നില്ല.

ആര്‍എസ്എസിന്റെ അമിത ഇടപെടല്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്ക് ചിലയിടങ്ങളില്‍ നീതി ലഭിക്കുന്നതിന് തടസ്സമായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി, പി.സി ജോര്‍ജ് തുടങ്ങിയവരുടെ മണ്ഡലങ്ങളിലും കണ്ണൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് കുറഞ്ഞതിനെ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

12.11 എന്ന വോട്ട് ശതമാനത്തില്‍ നിന്നും പത്തു വര്‍ഷം കൊണ്ട് 15-ല്‍ എത്തിയത് ഗംഭീര വളര്‍ച്ചയായി കാണാന്‍ കഴിയില്ലെന്നും ജില്ലാ നേതാക്കള്‍ സൂചിപ്പിച്ചു. കേരളത്തില്‍ പാര്‍ട്ടി ഇപ്പോഴും മേല്‍ജാതിക്കാരുടേതു മാത്രമാണെന്ന അഭിപ്രായം തന്നെയാണ് സാധാരണക്കാര്‍ക്കുള്ളത്. പട്ടിക വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടിഘടകങ്ങളില്‍ കാര്യമായ പ്രാതിനിധ്യമില്ലാത്തതും ഇത് ഒരു പരിധിവരെ ശരിവയ്ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബൂത്ത് കമ്മിറ്റികള്‍ നിര്‍ജീവമായിരുന്നത് പലയിടത്തും വോട്ട് സമാഹരണത്തിനു തടസമായെന്നും യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 23ന് കോഴിക്കോട് നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗം സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ ചുമതലപ്പെടുത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ പുതുക്കിപ്പണിയും. അതുവരെ ഓഫീസ് പ്രവര്‍ത്തനം ലോ കോളേജ് ജങ്ഷനിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്കു മാറ്റാമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

തദ്ദേശ സ്ഥാപനങ്ങളിലേക്കു ജയിച്ചവര്‍ക്കും മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ക്യാമ്പുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ച് വോട്ട് മറിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതിനു നടക്കുന്ന എന്‍ഡിഎ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പ്രവര്‍ത്തകസമിതി യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലും ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.