പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം; തീര്‍ത്ത് കളയുമെന്ന് ഭീഷണി

പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ബിജെപി പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്തിന് പരിക്കേറ്റു.

പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം; തീര്‍ത്ത് കളയുമെന്ന് ഭീഷണി

പാലക്കാട്: പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരയും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ബിജെപിയുടെ ആക്രമണം.

നെല്ലായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണം. പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ബിജെപി പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്തിനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിനും പരിക്കേറ്റു.


"ചാനലില്‍ വാര്‍ത്ത കൊടുത്തോ, പക്ഷേ ജില്ലാ പ്രചാരകന്റെ  മേല്‍ തൊട്ടാല്‍... എംഎല്‍എയും കേന്ദ്രവും ഭരണവും ഇല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. തീര്‍ത്തു കളയും" എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.

പാലക്കാട് നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

പ്രദേശിക പ്രവര്‍ത്തകര്‍ വല്ലതും പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം നടത്തുന്നു എന്നതരത്തില്‍ വ്യാഖ്യാനിക്കരുതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. പത്മകുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ബോധപൂര്‍വ്വമായ അക്രമണം ഉണ്ടായിട്ടില്ല. കോടതികളില്‍ രാഷ്ട്രീയ കേസുകളില്‍ പാര്‍ട്ടിക്കാരെ ഹാജരാക്കുമ്പോള്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുന്ന രീതി പൊതുവെ കേരളത്തിലുണ്ട്. മാധ്യമങ്ങളുമായി ബിജെപിക്ക് എന്നും നല്ല ബന്ധമാണുള്ളതെന്നും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചോ ഭീഷണിപ്പെടുത്തിയോ വാര്‍ത്തകള്‍ നിയന്ത്രിക്കാമെന്ന് ബിജെപി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story by
Read More >>