ബിഡിജെഎസിനെ ബിജെപി കേന്ദ്ര നേതൃത്വം കൈയൊഴിയുന്നു; സമ്മര്‍ദ്ദ തന്ത്രവുമായി വെള്ളാപ്പള്ളി നടേശന്‍

ഇക്കാര്യം വിശ്വസ്തരില്‍ നിന്നുമറിഞ്ഞ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയില്‍ ഉറച്ചുനിന്ന് ബിഡിജെഎസിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ബിജെപി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ തള്ളിപ്പറച്ചില്‍....

ബിഡിജെഎസിനെ ബിജെപി കേന്ദ്ര നേതൃത്വം കൈയൊഴിയുന്നു; സമ്മര്‍ദ്ദ തന്ത്രവുമായി വെള്ളാപ്പള്ളി നടേശന്‍

എന്‍ഡിഎ മുന്നണിയുടെ ഭാഗമായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിഡിജെഎസിനെ ബിജെപി കേന്ദ്ര നേതൃത്വം കൈയൊഴിയുന്നു. തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തി ഫലപ്രഖ്യാപനത്തോടെ കേരള  രാഷ്ട്രീയത്തില്‍ അപ്രസക്തമായി മാറിയ ബിഡിജെഎസിനെ കൂടെക്കൂട്ടരുതെന്ന ഗ്രൂപ്പ് ഭേദമന്യേ ഭൂരിപക്ഷം സംസ്ഥാന നേതാക്കളുടെ മുന്നറിയിപ്പ് അമിത് ഷാ മുഖവിലയ്‌ക്കെടുത്തതായാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളുടെ അധ്യക്ഷസ്ഥാനം ചര്‍ച്ചചെയ്യുന്നതിന് ഡല്‍ഹിയിലെത്തിയ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇക്കാരണം കൊണ്ടാണ് അമിത് ഷായോ മോഡിയോ കാണാന്‍ കൂട്ടാക്കാത്തതെന്നാണ് ബിജെപി കേന്ദ്ര നേതാക്കളില്‍ നിന്നും  ലഭിക്കുന്ന വിവരം.


വന്‍ വോട്ട്ബാങ്ക് കൈയിലുണ്ടെന്ന വിശ്വാസത്തോടെയാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസ് രൂപീകരിച്ച് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വെള്ളാപ്പള്ളിയുടേയും തുഷാറിന്റേയും വാഗ്ദാനങ്ങള്‍ വിശ്വസിച്ച ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഈ തെരഞ്ഞെടുപ്പില്‍ അഞ്ച് മുതല്‍ എട്ട് വരെ സീറ്റുകള്‍ കിട്ടുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്രതീക്ഷിതമായി എന്‍ഡിഎ മുന്നണിയിലേക്ക് കയറിവന്ന് ഏകദേശം  നാല്‍പതോളം സീറ്റുകള്‍ സ്വന്തമാക്കിയ ബിഡിജെഎസിനോട് ഭൂരിപക്ഷം സംസ്ഥാന നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പായിരുന്നു. ഇക്കാര്യം അവര്‍ കേന്ദ്ര നേതൃത്വത്തെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ  അറിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന നേതാക്കളുടെ പരാതി കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം മാറുകയായിരുന്നു. ബിഡിജെഎസിന് കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര നേതൃത്വത്തിനും ബോധ്യമായി. ശക്തി കേന്ദ്രങ്ങള്‍  എന്ന് ബിഡിജെഎസ്  അവകാശപ്പെട്ടിരുന്ന  കൊല്ലം ആലപ്പുഴ ജില്ലകളിലെ പരാജയവും, ഉറപ്പായും  ജയിക്കുമെന്ന്  ബിജെപിയും ബിഡിജെഎസും പ്രതീക്ഷിച്ചിരുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള സീറ്റുകളിലെ തോല്‍വി ബിഡിജെഎസിന്റെ പൂച്ച് പുറത്താക്കി. ഇതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിന്റെ വോട്ട് ബാങ്കിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് നല്‍കുകയും ചെയ്തിരുന്നു. ഈ  റിപ്പോര്‍ട്ടിന്റെ  അവലോകനവും അമിത് ഷാ  കേരളത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതാക്കള്‍  പറയുന്നത്.  ബൂത്ത്‌ തലത്തിലുള്ള  ഈ  റിപ്പോര്‍ട്ട്  കൂടെ  പരിഗണിച്ചാകും ഭാവി പരിപാടികള്‍ സ്വീകരിക്കുക.

കാര്യങ്ങള്‍ വിചാരിച്ച രീതിയിലല്ല പോകുന്നതെന്ന്  വിശ്വസ്തരില്‍ നിന്നുമറിഞ്ഞ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയില്‍ ഉറച്ചുനിന്ന് ബിഡിജെഎസിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ബിജെപി കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ തള്ളിപ്പറച്ചില്‍. കൂട്ടത്തില്‍ പിണറായിയെയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പുകഴ്ത്താനും മറന്നില്ല. എസ്എന്‍ഡിപി യോഗത്തിന് ബിഡിജെഎസുമായി യാതൊരു ബന്ധവുമില്ലെന്നും യോഗത്തിന്റെ വസ്തുവകകള്‍ ആ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും വെള്ളാപ്പള്ളി നല്‍കി. തുഷാര്‍- അമിത്ഷാ സന്ദര്‍ശനം തീരുമാനിച്ചിരുന്നതിനു തൊട്ടുമുന്നേയാണ് വെള്ളാപ്പള്ളി പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇക്കാര്യങ്ങള്‍  ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അമിത്ഷാ കൂടിക്കാഴ്ച റദ്ദാക്കിയതായി തുഷാറിനെ അറിയിച്ചത്. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണെന്നും അതിനുശേഷം ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്നുമാണ് കൂടിക്കാഴ്ച റദ്ദാക്കിയതിന് അമിത്ഷാ കാരണമായി അറിയിച്ചത്. വരുന്ന 23ന് കേരളത്തിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താമെന്ന് അമിത്ഷാ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയുണ്ടായാലും ബോര്‍ഡ് ചര്‍ച്ച 23ന് ഉണ്ടാകില്ലെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് പാര്‍ട്ടിവളര്‍ത്തുവാന്‍ കഷ്ടപ്പെട്ടിട്ടുള്ള നേതാക്കള്‍ക്ക് കിട്ടേണ്ട സ്ഥാനങ്ങള്‍ ഒരു ജാതി സംഘടന തട്ടിയെടുക്കുന്നതിന്റെ ഫലങ്ങള്‍ തീര്‍ച്ചയായും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പ് കേന്ദ്രനേതൃത്വം മുഖവിലയ്‌ക്കെടുത്തുവെന്നാണ് സൂചന. അതിന്റെ പ്രതിഫലനമായാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ തുഷാറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിലൂടെ വ്യക്തമാകുന്നതും.