കാസര്‍ഗോഡ് മുക്കുപണ്ട പണയ തട്ടിപ്പിന് പിന്നില്‍ ബ്ലേഡ് മാഫിയ എന്ന് സംശയം; തട്ടിപ്പിൽ ബാങ്ക് മാനേജർക്കും പങ്ക്

തട്ടിപ്പ് നടത്താനായി സൂക്ഷിച്ച ഒരു കിലോ വ്യാജ സ്വര്‍ണാഭരണങ്ങളും അത് പണയപ്പെടുത്താനായി തയ്യാറാക്കിയ വിവിധ പേരുകളില്‍ ഉള്ള അപേക്ഷകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. 916 ഹാള്‍മാര്‍ക്ക് മുദ്രയടക്കമുള്ള മുക്കുപണ്ടങ്ങളാണ് ഇവ. 'തിരൂര്‍ പൊന്ന്' ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത് എന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് മുക്കുപണ്ട പണയ തട്ടിപ്പിന് പിന്നില്‍ ബ്ലേഡ് മാഫിയ എന്ന് സംശയം; തട്ടിപ്പിൽ ബാങ്ക് മാനേജർക്കും പങ്ക്

ജിബിന്‍ പി സി

കാസര്‍ഗോഡ് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് വായ്പയെടുത്ത സംഘം ബ്ലെയ്ഡ് മാഫിയയുടെ ഭാഗമാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം പിടിയിലായ പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ശരത്ചന്ദ്രന്‍ ബ്ലേഡ് മാഫിയയിലെ സുപ്രധാന കണ്ണി ആണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 23 ആളുകളുടെ പേരിലുള്ള 57 അപേക്ഷകളിലാണ് 80.45 ലക്ഷത്തിന്റെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബാങ്കിലും ശരത്ചന്ദ്രന്റെ വസതിയിലും പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി എഴുതാത്ത മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് ബ്ലെയ്ഡ് പണമിടപാടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബാങ്കില്‍ വായ്പക്കെത്തുന്ന അത്യാവശ്യക്കാരോട് സാങ്കേതികത്വം പറഞ്ഞു ബാങ്ക് വായ്പ തടസ്സപ്പെടുത്തുകയും അവര്‍ക്ക് ബ്ലെയ്ഡ് പലിശക്ക് സ്വകാര്യമായി പണം കടം നല്‍കുകയും ചെയ്തതായി സൂചനകള്‍ ഉണ്ട്.


തട്ടിപ്പ് നടത്താനായി സൂക്ഷിച്ച ഒരു കിലോ വ്യാജ സ്വര്‍ണാഭരണങ്ങളും അത് പണയപ്പെടുത്താനായി തയ്യാറാക്കിയ വിവിധ പേരുകളില്‍ ഉള്ള അപേക്ഷകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. 916 ഹാള്‍മാര്‍ക്ക് മുദ്രയടക്കമുള്ള മുക്കുപണ്ടങ്ങളാണ് ഇവ. 'തിരൂര്‍ പൊന്ന്'  ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത് എന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാള്‍മാര്‍ക്ക് പോലുള്ള ഗുണമേന്മാ മുദ്രകള്‍ ഒന്നും തന്നെ തിരൂര്‍ പൊന്നടക്കമുള്ള ഫാന്‍സി ഗോള്‍ഡ് വിഭാഗങ്ങളില്‍ ഉണ്ടാകാറില്ല. തട്ടിപ്പ് നടത്താനായി വിദഗ്ധമായി നിര്‍മിച്ച മുക്കുപണ്ടങ്ങള്‍ തന്നെയാണ് ഇവ. ജില്ലയിലെ തട്ടിപ്പുനടന്ന നാല് ബാങ്കുകളില്‍ നിന്നും പിടിച്ചെടുത്ത ആഭരണങ്ങള്‍ സമാനമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ നറുക്കെടുത്ത കേരള സര്‍ക്കാര്‍ലോട്ടെറിയുടെ രണ്ടു ലക്ഷം രൂപയോളം വില വരുന്ന ടിക്കറ്റുകളും ലോട്ടറി നറുക്കെടുപ്പും മറ്റു വിവരങ്ങളും അടങ്ങിയ പുസ്തകവും ശരത്ചന്ദ്രന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തവയില്‍ പെടും. ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം ഉള്‍പ്പെടെയുള്ള വന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന മാഫിയക്കും സംഭവവുമായി ബന്ധമുണ്ടെന്ന് ഉറപ്പാണ്.

മുന്‍പ് പോലീസ് നടത്തിയ 'ഓപ്പറേഷന്‍ കുബേര' അടക്കമുള്ള അന്വേഷണങ്ങളില്‍ ഒന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്താനാവാതിരുന്നത് സംഘത്തിന്റെ ഉന്നതതല സ്വാധീനം വ്യക്തമാക്കുന്നതാണ്. ഹോസ്ദുര്‍ഗ് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ശരത് ചന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ശരത് ചന്ദ്രനി നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് നീലേശ്വരം സി ഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. ഇതിനിടെ ഉദുമ പനയാല്‍ സഹകരണ സംഘത്തില്‍ നിന്നും 42.48 ലക്ഷം രൂപയുടെ മുക്കുപണ്ട പണയത്തട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്ത് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സഹകരണ ധനകാര്യ സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.

Story by
Read More >>