ഓസ്‌ട്രേലിയന്‍ സ്വതന്ത്ര സിനിമയുടെ പിതാവ് പോള്‍ കോക്‌സ് വിടവാങ്ങി

1982 ല്‍ പുറത്തിറങ്ങിയ ലോണ്‍ലി ഹാര്‍ട്‌സാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഡേറ്റിംഗ് ഏജന്‍സിയുടെ സഹായത്തോടെ കാമുകിയെ അന്വേഷിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് ലോണ്‍ലി ഹാര്‍ട്‌സ് പറയുന്നത്. ചിത്രത്തിന് എഫ്‌ഐ പുരസ്‌കാരം ലഭിച്ചു.

ഓസ്‌ട്രേലിയന്‍ സ്വതന്ത്ര സിനിമയുടെ പിതാവ് പോള്‍ കോക്‌സ് വിടവാങ്ങി

പ്രമുഖ ഓസ്‌ട്രേലിയന്‍ സിനിമാ സംവിധായകന്‍ പോള്‍ കോക്‌സ്(76) അന്തരിച്ചു. ആസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ഇന്ന രാവിലെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയന്‍ സ്വതന്ത്ര സിനിമയുടെ പിതാവ് എന്നറിയപ്പെട്ട പോള്‍ കോക്‌സ് എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡേവിഡ് വെന്‍ഹം പ്രധാന വേഷത്തിലെത്തിയ ഫോര്‍സ് ഓഫ്

ഡെസ്റ്റിനിയാണ് അവസാന ചിത്രം. സ്വന്തം ചിത്രം ഉള്‍പ്പെടെ ഏഴോളം സിനിമകളില്‍ പോള്‍ കോക്‌സ് വേഷമിട്ടിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

1982 ല്‍ പുറത്തിറങ്ങിയ ലോണ്‍ലി ഹാര്‍ട്‌സാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഡേറ്റിംഗ് ഏജന്‍സിയുടെ സഹായത്തോടെ കാമുകിയെ അന്വേഷിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് ലോണ്‍ലി ഹാര്‍ട്‌സ് പറയുന്നത്. ചിത്രത്തിന് എഫ്‌ഐ പുരസ്‌കാരം ലഭിച്ചു.

കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മാന്‍ ഓഫ് ഫ്‌ളവേഴ്‌സ്, മൈ ഫസ്റ്റ് വൈഫ്, എ വുമണ്‍സ് ടെയ്ല്‍, ഇന്നസെന്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

മലയാളി ചലച്ചിത്ര പ്രേക്ഷകര്‍ക്കും സുപരിചിതനാണ് പോള്‍ കോക്‌സ്. 2012ലെ കേരള ചലച്ചിത്ര മേളയില്‍ ജൂറി ചെയര്‍മാനായിരുന്നു. ഗോവയിലെയും തിരുവനന്തപുരത്തെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പോള്‍ കോക്സിന്റെ ചിത്രങ്ങള്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

1940ല്‍ നെതര്‍ലന്‍ഡില്‍ ജനിച്ച കോക്‌സ് 1963ല്‍ ഫോട്ടോഗ്രഫി പഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയതോടെയാണ് ചലച്ചിത്ര രംഗത്തേക്ക് തിരിയുന്നത്. 1970കളിലാണ്  ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്തുതുടങ്ങിയത്.