രണ്ട് പേര്‍ക്ക് കാഴ്ച നല്‍കി യുവ ഡോക്ടര്‍ വിടവാങ്ങി

ആറ്റിങ്ങല്‍ ഐടിഐക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി വിടവാങ്ങി.

രണ്ട് പേര്‍ക്ക് കാഴ്ച നല്‍കി യുവ ഡോക്ടര്‍ വിടവാങ്ങി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐടിഐക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി വിടവാങ്ങി.

പഠിക്കുന്ന കാലം മുതല്‍ക്കേ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന കാഴ്ച്ചപ്പാടായിരുന്നു സുമലക്ഷ്മിയുടേത്. തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിലും ബന്ധുക്കള്‍ മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. സഹോദരങ്ങളായ സുദര്‍ശനന്‍ നമ്പൂതിരിയും സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമാണ് കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയത്.

കണ്ണുകള്‍ ദാനം ചെയ്തതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം ഭതൃവസതിയായ മുട്ടട പരുത്തിപ്പാറലൈന്‍ തോട്ടപ്പള്ളി ഇല്ലത്തില്‍ കൊണ്ടു പോയി. വൈകുന്നേരം ശാന്തി കവാടത്തില്‍ സംസ്കരിക്കും.

മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. സുമലക്ഷ്മി. നിസാര പരിക്കുകളുള്ള ഭര്‍ത്താവ് അജിത് ടി. വിജയനും (31) മകന്‍ ആദിനാഥും (7 മാസം) അനന്തപുരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജായി.
ടൂറിസ്റ്റ് ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്. ഭര്‍ത്താവിനും മകന്‍ ആദിനാഥിനും ഒപ്പം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോകുകയായിരുന്നു സുമലക്ഷ്മി. പള്ളിക്കല്‍ പകല്‍ക്കുറിയില്‍ നാരായണന്‍ നമ്പൂതിരിയുടേയും ചന്ദ്രിക ദേവിയുടേയും മകളാണ് സുമലക്ഷ്മി. കൊല്ലം വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു.

തുടര്‍ന്ന് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നും പ്ലസ് ടൂവും നേടി. പഠിക്കാന്‍ മിടുക്കിയായ മകളുടെ ആഗ്രഹം പോലെ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. രണ്ട് വര്‍ഷം മുമ്പായിരുന്നു എഞ്ചിനീയറായ അജിത്തുമായുള്ള സുമലക്ഷ്മിയുടെ വിവാഹം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുഞ്ഞ് ജനിച്ചത്. ജീവിതത്തില്‍ അല്‍പം പച്ചപിടിച്ച് വന്നപ്പോഴാണ് തങ്ങളുടെ പൊന്നുമോളെ നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ അനുസ്മരിച്ചു.

അച്ഛന്‍ വിരമിച്ച ശേഷം ടാക്സ് പ്രാക്ടീഷണറായി ജോലിചെയ്യുന്നു. സഹോദരരില്‍ സുദര്‍ശനന്‍ നമ്പൂതിരി ശാന്തിക്കാരനും സുബ്രഹ്മണ്യന്‍ നമ്പൂതിരി സംഗീത കോളേജിലുമാണ്.

പഠിക്കാന്‍ മിടുക്കിയും കാര്യക്ഷമയുള്ള കുട്ടിയുമാണ് സുമലക്ഷ്മിയെന്ന് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അധ്യാപകര്‍ അനുസ്മരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Read More >>