'ആര്' എന്നതിന്റെ അല്ല 'എന്ത്' എന്നതിന്റെ വിമര്‍ശനം

മുകളിലേക്ക് പോകും തോറും ബഹുമാനവും താഴോട്ട് പോകും തോറും അവജ്ഞയും ഉണ്ടാക്കുന്ന ഒരു ശ്രേണികൃതമായ വിവേചനമാണ് (structured discrimination) ജാതി വ്യവസ്ഥ സൃഷ്ടിക്കുന്നത് എന്നു അംബേദ്ക്കര്‍ എഴുതിയിട്ടുണ്ടല്ലോ.

സാബ്ലു തോമസ്

ശരീരം കറുപ്പിച്ച്  സ്വയം ഒരു കലാരൂപമാകാന്‍ ശ്രമിച്ച, കലാകകക്ഷിയിലെ പി എസ് ജയയുടെ പ്രവര്‍ത്തിയില്‍ 'വ്യക്തിപരമായി' ഒരു എതിര്‍പ്പുമില്ല. 'ആരു' ചെയ്തുവെന്നതല്ല, 'എന്ത്' ചെയ്തുവെന്നതാണ് പ്രശ്‌നം. ഒരു കാര്യം കൂടി, ജയയുടെത് ഒരു 'പെര്‍ഫോമന്‍സ്' മാത്രമാണെങ്കില്‍ ഒരു എതിര്‍പ്പുമില്ല. അത് ഒരു 'പൊളിറ്റിക്കല്‍ ആക്റ്റായി' വായിച്ചെടുക്കുന്നതിനെയാണ് വിമര്‍ശിക്കുന്നത്. ജയയുടെ സോഷ്യല്‍ ലൊകേഷനല്ല ആ ആക്റ്റിന്റെ പ്രത്യായശാസ്ത്ര ഉള്ളടക്കത്തെയാണ് വിമര്‍ശിക്കുന്നത്. രാഷ്ട്രിയമായ എതിര്‍പ്പ്, കറുപ്പിനെ ജാതിവ്യവസ്ഥയുമായി ബന്ധിക്കുന്ന പൊതുബോധത്തിന്റെ യുക്തിയെ അത് പിന്തുടരുന്നത് കൊണ്ടാണ്. ഈ യുക്തിയ്ക്ക് ചരിത്രപരമായി യാതൊരു പിന്‍ബലവുമില്ല. നിറം ഒരുമൂര്‍ത്തമായ  ചിഹ്നം മാത്രമാണ്. കേവലം ഒരുചിഹ്നത്തെ മുന്‍നിര്‍ത്തി ഒരുവ്യവസ്ഥിതിയെ വിലയിരുത്താനാവില്ല. പ്രത്യേകിച്ചും ജാതിയെ നിലനിര്‍ത്തുന്നത് ഇത്തരം മൂര്‍ത്തമായ യഥാര്‍ഥ്യമല്ല, അമൂര്‍ത്തമായ മുന്‍വിധികളാണ് എന്നത് കൊണ്ട്. ജാതി ഒരു മാനസിക നിലയാണ് എന്ന  അംബേദ്ക്കറുടെ വാക്കുകള്‍ ഓര്‍ക്കുക. നിറത്തോടുള്ള വിവേചനം ഒരു 'ലയര്‍' മാത്രമുള്ള ഒന്നാണ്. വംശിയത എന്നത് മാത്രമാണ് അതിന്റെ അടിത്തറ. എന്നാല്‍ ജാതി ഒരു ശ്രേണികൃത വിവേചനമാണ്. വംശിയമായ കാരണങ്ങള്‍ മാത്രമല്ല സാംസ്‌കരികവും, സാമൂഹികവും ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൂടി അതിനുണ്ട്. മുകളിലേക്ക് പോകും തോറും ബഹുമാനവും താഴോട്ട് പോകും തോറും അവജ്ഞയും ഉണ്ടാക്കുന്ന ഒരു ശ്രേണികൃതമായ വിവേചനമാണ് (structured discrimination) ജാതി വ്യവസ്ഥ സൃഷ്ടിക്കുന്നത് എന്നു  അംബേദ്ക്കര്‍ എഴുതിയിട്ടുണ്ടല്ലോ. കേരളത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലും  കൂടുതല്‍ ഉയര്‍ന്നവനും താഴ്ന്നവനും ഉണ്ട്.  പോരെങ്കില്‍ ഒരേ പരമ്പരാഗത  തൊഴില്‍ ചെയ്യുന്നവര്‍ക്കിടയില്‍ തന്നെ ഒന്നിലധികം ജാതികളുണ്ട്. ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധാ-അശുദ്ധികള്‍ എന്ന മുന്‍വിധികള്‍ മാത്രം നിറഞ്ഞ ഒരു  ഡൈകോഡമിക്ക് ലോജിക്കിന്നകത്താണ്. ഒരാളുടെ ഭക്ഷണം, ജീവിത രീതി, ഭൂമിശാസ്ത്രപരമായ ഇടം എന്നിവയൊക്കെ അത്തരം മുന്‍വിധികളെ നിയന്ത്രിക്കുന്നുണ്ട്.


തീര്‍ത്തും മതേതരവും പുരോഗമനപരവുമായ വീക്ഷണമുണ്ട് എന്ന് വിചാരിക്കുന്നവരുടെ അബോധത്തിലും  ശുദ്ധിയും അശുദ്ധിയെയും കുറിച്ചുള്ള ഈ ബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു തകഴിയെ കുറിച്ചുള്ള ഒരു പ്രബന്ധത്തില്‍ കെ.ഇ.എന്‍ വിവരിക്കുന്നുണ്ട്. കെ.ഇ.എന്‍ പറയുന്നത് നോക്കാം: ചെമ്മിനെഴുതുമ്പോള്‍ തകഴിയും 'ഭമീന്‍നാറ്റ'മോര്‍ത്ത് മൂക്ക് പൊത്തിയിരുന്നിരിക്കണം. അങ്ങിനെ അഭ്യുഹിക്കാന്‍ വായനക്കാരെ നിര്‍ബന്ധിക്കുന്നത് 'എന്റെ ചെമ്മീന്‍ കഥ എന്ന ആമുഖ കുറിപ്പിലെ ഒരു സന്ദര്‍ഭമാണ്. ഒരു മത്തായിയുടെ ഹോട്ടലിനെ കുറിച്ച് പറയുന്നതാണ് സന്ദര്‍ഭം. തകഴി എഴുതുന്നു: 'മി.മത്തായി, കിഴക്ക് റോഡരികില്‍ ഒരു കണിശമായ സസ്യാഹാരശാല നടത്തിയിരുന്നു.അവിടത്തെ ആഹാരം ശരിക്ക് വീറും വൃത്തിയുമുള്ളതായിരുന്നു. ക്ഷമിക്കണം, കോട്ടയംകാര്‍ മി.മത്തായിയ്ക്ക് കൊടുത്തിരുന്ന പേര്‍ മത്തായി പോറ്റി എന്നാണ്. ഈ പ്രബന്ധത്തിന്റെ തുടക്കം മുതല്‍ വിവരിക്കുന്ന 'സംസ്‌കൃതവല്കരണ ബാധ' തകഴിയുടെ അബോധത്തില്‍ കൊടി പറത്തിയിരുന്നു. 'മത്തായി പോറ്റി'യെന്ന മതസൗഹാര്‍ദ നാമത്തിലല്ല, മറിച്ചു അവിടത്തെ ഭക്ഷണം ശരിക്ക് വീറും വൃത്തിയുമുള്ളതായിരുന്നു എന്ന സ്‌പെഷ്യല്‍ 'സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ' ചെയ്യുന്ന സന്ദര്‍ഭതിലാണത്  നുരച്ചു പൊങ്ങിയത് എന്ന് കെഇ.എന്‍ പറഞ്ഞുവെക്കുന്നുണ്ട്. ചില സ്വത്വങ്ങളെ അശുദ്ധവും കലര്‍പ്പുള്ളതുമായി കണ്ടു പുറത്തു നിര്‍ത്തുന്ന ഒരു ശുദ്ധാ-അശുദ്ധികളുടെ  ഡൈകോഡമിക്ക് ലോജിക്ക്  ഉല്‍പാദിക്കുന്ന  ഒരു സാമൂഹിക സാഹചര്യത്തിലാണ് ജാതി  പ്രവര്‍ത്തിക്കുന്നത്. 'കറുപ്പ്' എന്നത്തിന്റെ അല്ല 'കലര്‍പ്പ്'  ഉണ്ടാക്കുന്നത് എന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ മനുഷ്യരെ ജാതിയമായി വേര്‍തിരിക്കുന്നത്.

ദയാനന്ദ സരസ്വതി സത്യാര്‍ഥപ്രകാശത്തിലും മറ്റും ഇത്തരം മലീനികരണം ഉണ്ടാക്കുന്ന  സ്വത്വങ്ങള്‍  എങ്ങനെ അശുദ്ധികള്‍ സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. 1882ല്‍ 'ഗോരക്ഷിണി സഭ' എന്ന സംഘടന സ്ഥാപിച്ച് പശു സംരക്ഷണ രാഷ്ട്രിയം ആരംഭിക്കുന്നത് ഈ സരസ്വതിയാണ്. വെള്ളം, വായു, പരിസ്ഥിതി എന്നിവയുടെ മലിനീകരണം ഹിന്ദുത്വ പ്രത്യായശാസ്ത്രം എങ്ങനെ ഹിന്ദു സ്വത്വത്തിന്റെ 'മലീനികരണയായി' വായിക്കുന്നു എന്നും അണ്ണാ ഹസാരെയുടെ റെലിഗന്‍ സിദ്ധിയിലെ പാരിസ്ഥിതിക ഇടപെടലുക്കള്‍, സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേത്യത്വത്തില്‍ ടെഹ്രി ഡാമിനെതിരെ നടന്ന സമരം വൃന്ദാവന്‍ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍ എന്നിവയുടെ പാശ്ചാത്തലത്തില്‍ മുകുള്‍ ശര്‍മ  വിവരിക്കുന്നുണ്ട്. അണ്ണാ ഹസാരെയുടെ റെലിഗന്‍ സിദ്ധിയില്‍ ദളിതരെ അതിന്റെ ഭൂമിശാസ്ത്രപരമായ അതിരില്‍ നിര്‍ത്തുന്നത് ഇത്തരം ഒരു ബോധമാണ് എന്ന് ശര്‍മ പറഞ്ഞുവെക്കുന്നുണ്ട്. അധ്വാനത്തെയും മറ്റും ജാതി വായിക്കുന്നത് അശുദ്ധതയായാണ്. ജീവിതം അധ്വാനമാണ് എന്ന തത്വത്തെ അസാധുവാക്കി ജീവിതം വിശ്രമമാണ് എന്ന വിശ്വാസമാണ് സ്വര്‍ണ പണിയും മരപണിയുമൊക്കെ ചെയ്യുന്നവരുടെ കലകളും ശാസ്ത്രങ്ങളും ജ്ഞാന വ്യവസ്ഥകളും അസാധുവാക്കി, ജ്ഞാന വ്യവസ്ഥക്കള്‍ എന്ന് പറയാന്‍ കഴിയാത്ത മന്ത്രം, പൂജ, തപസ്യ എന്നിവയ്‌ക്കെല്ലാം സാധുത നല്‍കിയത്.'' എന്ന കാഞ്ച ഐലയ്യയുടെ നീരീക്ഷണം ഓര്‍ക്കാം. ഉത്പാദനത്തെ വിലകുറച്ചു തള്ളുകയും വിശ്രമത്തെ അധ്വാന പ്രക്രിയയ്ക്ക് മീതെ പ്രതിഷ്ഠിക്കയും ചെയ്യുന്ന ഒരു സമ്പദ്ശാസ്ത്രത്തിനു രൂപം നല്‍കിയതും ചിലതിനെ  ശുദ്ധവും മറ്റ് ചിലതിനെ അശുദ്ധവുമായി വായിക്കുന്ന മുന്‍വിധി മാത്രം അടിസ്ഥാനമായ യുക്തിയാണ്. അധ്വാനിക്കുന്നവരെല്ലാം കലര്‍പ്പുള്ളവര്‍ എന്നാണ് അത് പറഞ്ഞുവെക്കുന്നത്. പറഞ്ഞു വന്നത് ഇത്ര മാത്രം. ജാതിയെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ആക്റ്റായി''  അവതരിപ്പിച്ചത്  കൊണ്ടാണ്  ജയയുടെ പ്രവര്‍ത്തിയുടെ  പ്രത്യായശാസ്ത്ര ഉള്ളടക്കത്തെ വിമര്‍ശിക്കേണ്ടി വരുന്നത്. കാരണം ജാതിയെ നിലനിര്‍ത്തുന്ന മുന്‍വിധികളെ അടിസ്ഥാനമാക്കിയ ശുദ്ധ-അശുദ്ധകളുടെ ഡൈകോഡമിക്ക് ലോജിക്കിനെ അത് സ്പര്‍ശിക്കുന്നു പോലുമില്ല. കലര്‍പ്പ് എന്ന മുന്‍വിധിയെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കാതെ കറുപ്പ് എന്ന അടയാളത്തെ അത് ജാതി വിവേചനത്തിന്റെ അടിസ്ഥാനമാക്കുന്നു.

1.(കെ.ഇ.എന്‍-മീന്‍ നാറ്റവും പച്ചകറി ഗന്ധവും-സമുഹം,സാഹിത്യം,ഭാഷ,(കേരള ഭാഷ
ഇന്‍സ്റ്റിറ്റ്യൂട്ട്)  77
2.മുകുള്‍ ശര്‍മ ഗ്രീന്‍ ആന്‍ഡ് സഫ്രോണ്‍:ഹിന്ദു നാഷണലിസം ആന്‍ഡ് ഇന്ധ്യന്‍
എന്‍വയര്‍മെന്റല്‍ പോളിറ്റിക്‌സ്
3 .കാഞ്ച ഐലയ്യയുടെ ഉദ്ധരണികള്‍ സംവാദം ബുക്‌സ് 2001ല്‍ പുറത്തിറക്കിയ
ഭഞാനെന്തു കൊണ്ടൊരു ഹിന്ദുവല്ല' എന്ന പുസ്തകത്തല്‍ നിന്ന്. വിവര്‍ത്തനം എസ്.
സഞ്ജീവ്