കലാജീവിത വിഭ്രമം?

''ജയ പി.എസ് എന്നൊരു കലാകാരി രോഹിത് വെമൂലയുടെ മരണശേഷം പൊടുന്നനെ വെളിപാടുണ്ടായി ദളിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്, ശരീരത്തില്‍ കറുത്ത ചായം തേച്ച് നാല് മാസം നടന്നുവെന്നും അതിന്റെ പേരില്‍ അവര്‍ അനുഭവിച്ച വിവേചനം ആധാരമാക്കി ഒരു പുസ്തകം എഴുതുന്നുവെന്നും വായിച്ചപ്പോള്‍'' എന്നെഴുതുന്ന വൈഖരി ആര്യാട്ട് ഈ 'വ്യാജയാഥാര്‍ത്ഥ്യ'ത്തെയാണ് വിമര്‍ശിക്കുന്നത്. ദളിത്പ്രശ്നത്തിന്റെ ലളിതവല്‍ക്കരണമാണ് ജയയുടേതെന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നതും ഈ പശ്ചാത്തലത്തിലാണ്.

കലാജീവിത വിഭ്രമം?

ബാബുരാജ് ഭഗവതി

പി എസ് ജയയെ പലരും പല തരത്തില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു. 'കറുത്ത തൊലിയുടെ പേരില്‍ തിരിച്ചറിവ് എത്തുന്നത് മുതല്‍ ചാവുന്നത് വരെ വിവേചനങ്ങളും അപമാനവും നേരിടുന്ന, അതിനെ പ്രതിരോധിക്കാന്‍ സ്വയം കരുത്താര്‍ജ്ജിച്ചു നില്‍ക്കുന്ന ഒരു വലിയ വിഭാഗം ജനക്കൂട്ടത്തെ മുഴുവനായി കൊഞ്ഞനം കുത്തിക്കാണിക്കുന്ന, ദളിത് എന്നാല്‍ കറുത്തവര്‍ എന്ന് സമീകരിക്കുന്ന'താണ് ഈ പെര്‍ഫോമന്‍സും ആഘോഷവുമെന്ന് വൈഖരി ആര്യാട്ട് പറയുന്നു. ദലിത്പ്രശ്നത്തില്‍ ദലിതരല്ലാത്തവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലേ എന്നാണ് ജയയോടൊപ്പം നില്‍ക്കുന്നവരുടെ ചോദ്യം. യാഥാര്‍ഥ്യവും കലയും തമ്മിലുള്ള കൂടിക്കലരലുകളാണ് വില്ലന്‍ എന്നാണ് എന്റെ തോന്നല്‍.


സ്വന്തം ശരീരം ഒരു കലാ മാധ്യമമായി കറുപ്പ് എന്ന തീമിനെ പ്രശ്നവല്‍ക്കരിക്കാനുള്ള കലാകാരിയുടെ ശ്രമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടവതന്നെ. അത്തരം കലാശ്രമങ്ങള്‍ ദളിത് വിരുദ്ധമാണെന്ന് കരുതുന്നില്ല. അതൊരു പെര്‍ഫോമെന്‍സായി കാണുകയും ചെയ്യുന്നു. പക്ഷേ, അതിനപ്പുറം അതിനെ 'യഥാര്‍ത്ഥ' ദളിത് അനുഭവം എന്ന് പേരിട്ടുവിളിക്കുന്നുണ്ടെങ്കില്‍ അതൊരു പ്രശ്നമാണ്. ജയയോടൊപ്പം നില്‍ക്കുന്നവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ ജയയുടേത് ഒരു പെര്‍ഫോമെന്‍സ് മാത്രമാണെന്ന കാര്യം ചിലപ്പോഴെങ്കിലും മറച്ചുവെക്കുകയോ മറന്നുപോകുകയോ ചെയ്യുന്നുണ്ട്. ചില പത്രവാര്‍ത്തകളില്‍ നിന്ന് അങ്ങനെയാണ് മനസ്സിലാവുന്നത്. ''ജയ പി.എസ് എന്നൊരു കലാകാരി രോഹിത് വെമൂലയുടെ മരണശേഷം പൊടുന്നനെ വെളിപാടുണ്ടായി ദളിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്, ശരീരത്തില്‍ കറുത്ത ചായം തേച്ച് നാല് മാസം നടന്നുവെന്നും അതിന്റെ പേരില്‍ അവര്‍ അനുഭവിച്ച വിവേചനം ആധാരമാക്കി ഒരു പുസ്തകം എഴുതുന്നുവെന്നും വായിച്ചപ്പോള്‍'' എന്നെഴുതുന്ന വൈഖരി ആര്യാട്ട് ഈ 'വ്യാജയാഥാര്‍ത്ഥ്യ'ത്തെയാണ് വിമര്‍ശിക്കുന്നത്. ദളിത്പ്രശ്നത്തിന്റെ ലളിതവല്‍ക്കരണമാണ് ജയയുടേതെന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഈ വാര്‍ത്ത നോക്കൂ: ''Even if you haven't heard the name of PS Jaya, many of you would surely have seen photos of an actually fair skinned, curly-haired girl dousing her face and exposed limbs with Kohl each day, before roaming the streets of Kochi, pretending to be a Dalit.(Catchnews) '' ജയയുടെ അനുഭവം എത്രത്തോളം ബഹുജനശ്രദ്ധയിലെത്തുന്നുവോ അത്രത്തോളം അത് പെര്‍ഫോമെന്‍സ് മാത്രമായി മാറുകയാണ്. അത്രത്തോളം അത് 'യഥാര്‍ത്ഥ അനുഭവത്തിനു പുറത്തേയ്ക്കു സഞ്ചരിക്കുകയും ചെയ്യുന്നു.

അതോടൊപ്പം യഥാര്‍ത്ഥത്തില്‍ കറുത്തശരീരങ്ങള്‍ ഉണ്ടായിരുന്നിട്ടും ചായം തേച്ച ശരീരങ്ങള്‍ കലയുടെ മാധ്യമമായി ഉപയോഗിക്കുന്നിടത്ത് സംഭവിക്കുന്ന ബലതന്ത്രങ്ങള്‍ ഇവിടെയും ബാധകമാണെന്ന വിമര്‍ശനവും പരിഗണിക്കണം. ആ രീതിയിലുള്ള എഴുത്തുകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളെ ദളിത കലാവിമര്‍ശനത്തിന്റെ ഭാഗമായി കാണാവുന്നതാണ്. യഥാര്‍ഥത്തില്‍ കറുത്തശരീരങ്ങള്‍ ഉണ്ടായിരുന്നിട്ടും 'കറുത്തമുത്ത്' എന്ന സീരിയലില്‍ നായകനടിയായി വെളുത്ത ഒരു നടിയെ ഉപയോഗപ്പെടുത്തുന്നതും യഥാര്‍ഥത്തില്‍ അതൊരു വെളുത്ത ശരീരമുള്ള നടിയാണെന്ന് പരസ്യപ്പെടുത്തുന്നതും ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കാവുന്നതാണ്. ആ പരസ്യപ്പെടുത്തലിലാണ് കാര്യത്തിന്റെ ഗുട്ടന്‍സ് കിടക്കുന്നത്. ജയയുടെ കാര്യത്തിലും ഈ പരസ്യപ്പെടുത്തല്‍ വ്യാപകമായി സംഭവിച്ചു.(മുകുന്ദന്റെ ദളിത് യുവതിയുടെ കദനകഥയിലെ ഫ്‌ളാഷ് ലൈറ്റുകളുടെ കളിയോടാണ് ഇതിനെ ഉപമിക്കാനാവുക). അതിനര്‍ത്ഥം ജയ തന്റെ ചായം തേച്ച ശരീരത്തോടെയുള്ള യാത്രയില്‍ വിവേചനങ്ങളനുഭവിച്ചിരിക്കില്ല എന്നല്ല, തീര്‍ച്ചയായും ഉണ്ടാകും പക്ഷേ അതിലേക്ക് ദളിത് അനുഭവങ്ങളെ ചുരുക്കാനാവില്ല.

ഒപ്പം കറുപ്പ് സമം ദളിത് എന്ന സമവാക്യത്തിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന വിമര്‍ശനം പ്രസക്തമാണ്. ജാതികൊണ്ട് ഞാന്‍ ഈഴവനാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കറുത്ത സ്ത്രീ എന്റെ അമ്മയാണ്. കറുത്ത നമ്പൂതിരിമാരുള്ള നാടാണ് നമ്മുടേത്. ഇഎംഎസ് നമ്പൂതിരിപ്പാട് ഉദാഹരണം. അതുമാത്രമല്ല, വിദേശങ്ങളില്‍ കറുപ്പ് ഒരു ഇന്ത്യന്‍ ഗുണമാണല്ലോ... ബ്ലാക്ക് എന്നു പറയുന്നതില്‍ ഇന്ത്യക്കാര്‍ മുഴുവന്‍ പെടുമല്ലോ. കറുപ്പ് എന്ന ഗണം ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് ദളിതത്വവുമായി സമീകരിക്കാനാവില്ല. ഈ സമീകരണം ജയയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു കാണാം. അതില്‍ ജയ മാത്രമല്ല ഉത്തരവാദി, ജയയുടെ കലാപ്രവര്‍ത്തനങ്ങളെകുറിച്ച് എഴുതിയവരു പറഞ്ഞവരുമൊക്കെ ഉത്തരവാദികളാണ്.

ഇതൊരു പെര്‍ഫോമെന്‍സ് ആണെന്ന് വീണ്ടും വീണ്ടും പറയുകയാണ് ഇത്തരം കുരുക്കുകളില്‍ നിന്ന് ഒഴിയാനുള്ള ഏക വഴി. ഒപ്പം വിമര്‍ശനങ്ങളെ കലാവിമര്‍ശനങ്ങളായി കാണുകയും വേണം. ജയ തന്റെ ശരീരത്തെ മാധ്യമമായി ഉപയോഗിച്ചു. അപ്പോള്‍ ജയയുടെ ശരീരം തന്നെയാണ് കലയുടെ കേന്ദ്രം. വിമര്‍ശനങ്ങളും ആ കലാശരീരത്തോടാണ്. പക്ഷേ, ജയയുടെ അനുകൂലികള്‍ ഇക്കാര്യം മറന്നുപോകുകയും ജയയുടെ കലാശരീരത്തിനു നേരെയുള്ള വിമര്‍ശനത്തെ ജയയ്ക്കു നേരയുള്ള വിമര്‍ശനം മാത്രമായി ചുരുക്കുകയും ചെയ്യുന്നു. സ്ഥലകാല വിഭ്രമം പോലെ കല-ജീവിത വിഭ്രമമാണോ ഇത്?