സച്ചിന്റെ മകനുവേണ്ടി 1000 റണ്‍സ് നേടിയ പ്രണവിനെ തഴഞ്ഞോ?-വിശദീകരണവുമായി പ്രണവിന്റെ പിതാവ്

സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്‍റെ മകനായതിനാലാണ് ധനവാഡെയെ വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം

സച്ചിന്റെ മകനുവേണ്ടി 1000 റണ്‍സ് നേടിയ പ്രണവിനെ തഴഞ്ഞോ?-വിശദീകരണവുമായി പ്രണവിന്റെ പിതാവ്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ സ്ഥാനം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സിലധികം നേടി ലോക റെക്കോര്‍ഡിട്ട പ്രണവ് ധനവാഡെക്ക് വെസ്റ്റ് സോണ്‍ ടീമില്‍ പ്രവേശനം നല്‍കാതിരുന്നപ്പോള്‍ സച്ചിന്‍റെ മകന്‍ അണ്ടര്‍ 16 ടീമില്‍ എളുപ്പം പ്രവേശനം നേടി എന്നതായിരുന്നു വിവാദങ്ങളുടെ തുടക്കം. സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്‍റെ മകനായതിനാലാണ് ധനവാഡെയെ വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നായിരുന്നു  വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.


എന്നാല്‍ ഈ വിവാദത്തില്‍ വിശദീകരണവുമായി പ്രണവ് ധനവാഡെയുടെ പിതാവ് പ്രശാന്ത് ധനവാഡെ രംഗത്തെത്തിയിട്ടുണ്ട്.പ്രണവ് അണ്ടര്‍ 16 ടീമിലേക്കുള്ള സെലക്ഷന് യോഗ്യനായിരുന്നില്ലെന്ന് പ്രശാന്ത് ധനവാഡെയുടെ വിശദീകരണം. സോണല്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ആ കളിക്കാരന്‍ മുംബൈയ്ക്കായി കളിച്ചിട്ടുണ്ടായിരിക്കണം.  മുംബൈ അണ്ടര്‍ 16 ടീമിന്റെ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രണവ് 1000 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടത്. അതുകൊണ്ടുതന്നെ പ്രണവിനെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടെ, മുംബൈ അണ്ടര്‍ 16 ടീം ഏതാനും മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് പ്രകടനത്തിനുശേഷം പ്രണവിനെ ടീമിലെടുക്കുക എന്നതും അസാധ്യമായിരുന്നു. അല്ലാതെ സച്ചിന്റെ മകനുവേണ്ടി തന്റെ മകനെ തഴഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രശാന്ത് പറഞ്ഞു.

ഇല്ലാത്ത വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രണവിനെ  സമ്മര്‍ദ്ദത്തിലാക്കരുതെന്ന് പ്രണവിന്റെ പരിശീലകനായ മുബിന്‍ ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു. "പ്രണവിന് ഇനിയും രണ്ട് വര്‍ഷത്തോളം സമയമുണ്ട്. അതല്ലെങ്കില്‍ അണ്ടര്‍ 19 ടീമിലേക്ക് ശ്രമിക്കാമല്ലോ. ഇപ്പോള്‍ അവനെ കളി ആസ്വദിച്ച് കളിക്കാന്‍ വിടൂ"മുബിന്‍ വ്യക്തമാക്കി.

ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്.

Read More >>