കോപ്പയിൽ തിങ്കളാഴ്ച കലാശപ്പോരാട്ടം; ഫൈനലിൽ അർജന്റീനയും ചിലിയും നേർക്കു നേർ

അമേരിക്കയിലെ അതികായർ തങ്ങളാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാകും ചിലിയുടെ ലക്ഷ്യമെങ്കിൽ അർജന്റീനയ്ക്കിത് ജീവൻമരണ പോരാട്ടമാണ്. 1993ൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് നേടിയതോടെ അവസാനിച്ച ദേശീയ ടീമിന്റെ പടയോട്ടം നിലച്ചിട്ട് വർഷം 23 കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലും 2004, 2007, 2015 വർഷങ്ങളിൽ കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ഫൈനലിലും അർജന്റീന എത്തിയെങ്കിലും കിരീടം മാത്രം അകന്നുനിന്നു. നാട്ടുകാരുടെയും ഫുട്‌ബോൾ ആരാധകരുടെയും പരിഭവം തീർക്കാൻ അർജന്റീനയ്‌ക്കൊരു കിരീടം വേണം

കോപ്പയിൽ തിങ്കളാഴ്ച കലാശപ്പോരാട്ടം; ഫൈനലിൽ അർജന്റീനയും ചിലിയും നേർക്കു നേർ

1916ൽ അർജന്റീന സ്വാതന്ത്ര്യം നേടിയ നൂറാം വാർഷകത്തിൽ തുടങ്ങിവച്ച ടൂർണമെന്റിനും ഇപ്പോൾ നൂറുവയസ് പിന്നിട്ടിരിക്കുന്നു. തെക്കെ അമേരിക്കൻ രാജ്യങ്ങളുടെ മാത്രം ടൂർണമെന്റ് ഇപ്പോൾ വടക്കൻ അമേരിക്കയും തെക്കൻ അമേരിക്കയും അടങ്ങുന്ന ഭൂഖണ്ഡത്തിനാകെ സ്വന്തം. തെക്കൻ അമേരിക്കയിൽ നിന്നും പത്തും വടക്കൻ അമേരിക്കയിൽ നിന്നും ആറു ടീമുകളും യോഗ്യത നേടിയ ശതാബ്ദി കോപ്പയിൽ കപ്പ് ഉയർത്താൻ ആഗ്രഹിച്ച് ഒടുവിൽ രണ്ട് ടീമുകൾ മാത്രം. 200-ആം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന അർജന്റീനയും നിലവിലെ ചാമ്പ്യൻമാരായ ചിലിയും.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ എതിരാളികൾ തമ്മിൽ തന്നെയാണ് ഇത്തവണയും ഏറ്റുമുട്ടുന്നത്. ആരെയും അട്ടിമറിക്കാൻ ശേഷിയുള്ള ചിലിയും ലോകത്തെ ഏറ്റവും മികച്ച കളിക്കാരുമായി ഇറങ്ങുന്ന അർജന്റീനയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ പ്രവചനം അസാദ്ധ്യം. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ചിലി സെമിയിൽ മൂന്നാം സ്ഥാനക്കാരായ കൊളംബിയയെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ അവർ നേരിടുന്നത് ഒന്നാം സ്ഥാനക്കാരായ അർജന്റീനയെയും. എന്നാൽ ഇതൊന്നും കളിയുടെ ആവേശം കുറയ്ക്കില്ല. ഒന്നാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടമാകില്ല. മറിച്ച് നിലവിലെ ചാമ്പ്യൻമാരും ലോകത്തെ ഒന്നാം സ്ഥാനക്കാരും തമ്മിൽ നടക്കുന്ന തീപാറും പോരാട്ടമാകും തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് അരങ്ങേറുക.
അമേരിക്കയിലെ അതികായർ തങ്ങളാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാകും ചിലിയുടെ ലക്ഷ്യമെങ്കിൽ അർജന്റീനയ്ക്കിത് ജീവൻമരണ പോരാട്ടമാണ്. 1993ൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് നേടിയതോടെ അവസാനിച്ച ദേശീയ ടീമിന്റെ പടയോട്ടം നിലച്ചിട്ട് വർഷം 23 കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലും 2004, 2007, 2015 വർഷങ്ങളിൽ കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ഫൈനലിലും അർജന്റീന എത്തിയെങ്കിലും കിരീടം മാത്രം അകന്നുനിന്നു. നാട്ടുകാരുടെയും ഫുട്‌ബോൾ ആരാധകരുടെയും പരിഭവം തീർക്കാൻ അർജന്റീനയ്‌ക്കൊരു കിരീടം വേണം. മെസിയിലൂടെയും ഹിഗ്വയ്‌നിലൂടെയും ലവേസിയിലൂടെയും അഗ്യുറോയിലൂടെയും കിരീട നേട്ടം കൈയെത്തിപ്പിടിക്കാമെന്ന് തന്നെയാകും കോച്ച് ജെറാൾഡോ മാർട്ടിനോയുടെയും ലക്ഷ്യം.
ഇതുവരെ 14 തവണ കോപ്പയിൽ ജേതാക്കളായിട്ടുള്ള അർജന്റീന 13 തവണ റണ്ണറപ്പും ആയിട്ടുണ്ട്. ഒരു തവണ ജേതാക്കളും നാലുതവണ റണ്ണറപ്പുമായ ചിലിയുടെ പ്രതീക്ഷ സൂപ്പർ സ്‌ട്രൈക്കർ അലെക്‌സിസ് സാഞ്ചസിന്റെ ഫോമിലാണ്. സ്‌ട്രൈക്കറായ എഡ്വാർഡോ വർഗാസും മിഡ് ഫീൽഡർമാരായ വിഡാലും മത്യാസ് ഫെർണ്ണാണ്ടസും മാഴ്‌സലോ ഡയസും ചാൾസ് അരാഗ്വിസും മികച്ച പിന്തുണ നൽകുകയും ക്യാപ്ടൻ ക്ലോഡിയോ ബ്രാവോയുടെ കൈകൾ ചോരാതിരിക്കുയും ചെയ്താൽ ചിലി കോച്ച് യുവാൻ അന്റോണിയോ പിസിയുടെ തന്ത്രം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
ടൂർണമെന്റിന്റെ ഡി ഗ്രൂപ്പിലെ തന്നെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ക്വർട്ടറിലെത്തിയതാണ് അർജന്റീന. ഗ്രൂപ്പിൽ രണ്ടാം സ്ഥാനമായിരുന്നു ചിലിക്ക്. ആദ്യ റൗണ്ട് മത്സരത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2 - 1 എന്ന നിലയിൽ അർജന്റീനയ്ക്ക് ആയിരുന്നു ജയം. ക്വാർട്ടറിൽ ഇക്വഡോറിനെ തോൽപ്പിച്ചായിരുന്നു അർജന്റീന സെമിയിലെത്തിയത്. എന്നാൽ പെറുവിനെ തോൽപ്പിച്ചായിരുന്നു ചിലിയുടെ സെമി പ്രവേശം. സെമിയിൽ ആതിഥേയരായ അമേരിക്കയെ തോൽപ്പിച്ച് അർജന്റീനയും കൊളംബിയയെ തോൽപ്പിച്ച് ചിലിയും ഫൈനൽ യോഗ്യത നേടി.
പനാമ കനാൽ കടന്ന് തെക്കൻ അമേരിക്കയിലെത്തിയ ശതാബ്ദി കോപ്പ അമേരിക്ക ടൂർണമെന്റിൽ ലാറ്റിനമേരിക്കൻ ശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ വിജയം ആർക്കൊപ്പം. കാൽപ്പന്തുകളിയുടെ ലോകം കാത്തിരിക്കുകയാണ്. 45-ാം കോപ്പ ടൂർണമെന്റിലെ ചരിത്രവിജയത്തിന് സാക്ഷിയാകാൻ...

Read More >>