ഹിഗ്വയ്‌ന് ഇരട്ട ഗോള്‍, മെസിക്ക് റെക്കോര്‍ഡ് , അര്‍ജന്റീന സെമിയില്‍

വെനിസ്വേലന്‍ ബോക്‌സിന് മുന്‍പിലേക്ക് ലയണല്‍ മെസി നീട്ടിനല്‍കിയ പന്ത് ഗോളി ഹെര്‍ണ്ണാണ്ടസിനെയും കബളിപ്പിച്ച് ഹിഗ്വെയ്ന്‍ വലയ്ക്കുള്ളിലാക്കി. ഇതോടെ കളിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീനയ്ക്ക് ലീഡ്.

ഹിഗ്വയ്‌ന്  ഇരട്ട ഗോള്‍, മെസിക്ക്  റെക്കോര്‍ഡ് , അര്‍ജന്റീന സെമിയില്‍

ഗോണ്‍സാലോ ഹിഗ്വയിന്റെയും ലയണല്‍ മെസിയുടെയും എറിക് ലാമെലയുടെയും ഗോളുകളില്‍ വെനിസ്വേലയ്‌ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് 4 - 1 ന്റെ ജയം. ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ഇരട്ട ഗോളും മെസിയുടെ ഉജ്വല ഫോമും കൂടി ചേര്‍ന്നപ്പോള്‍ വെനിസ്വേലയ്ക്ക് ഒരു ഗോള്‍ മടക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. സോളമന്‍ റോണ്ടന്റെ വകയായിരുന്നു വെനിസ്വേലയുടെ ഏക ഗോള്‍.

കോപ്പയില്‍ ഇതുവരെ പകരക്കാരനായി മാത്രം ഇറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസി വെനിസ്വേലക്കെതിരെയുള്ള ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം എട്ടാം മിനിറ്റില്‍ തന്നെയുണ്ടായി. വെനിസ്വേലന്‍ ബോക്‌സിന് മുന്‍പിലേക്ക് ലയണല്‍ മെസി നീട്ടിനല്‍കിയ പന്ത് ഗോളി ഹെര്‍ണ്ണാണ്ടസിനെയും കബളിപ്പിച്ച് ഹിഗ്വെയ്ന്‍ വലയ്ക്കുള്ളിലാക്കി. ഇതോടെ കളിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീനയ്ക്ക് ലീഡ്.  ഹിഗ്വെയ്ന്റെ രണ്ടാം ഗോള്‍ പിറന്നത് വെനിസ്വേലയുടെ പിഴവില്‍ നിന്നായിരുന്നു. ഗോളിയില്‍ നിന്നും പന്ത് സ്വീകരിച്ച വെനിസ്വേലന്‍ മിഡ്ഫീല്‍ഡര്‍ പിറകിലേക്ക് നല്‍കിയ പാസ് പിഴച്ചു. പന്തെത്തിയത് അവിടെയുണ്ടായിരുന്ന ഹിഗ്വയ്ന്റെ കാലുകളില്‍, പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ഹിഗ്വയ്ന്‍ എളുപ്പത്തില്‍ വലയിലാക്കി. ഇതോടെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിലെത്തി.


തുടര്‍ന്ന് 32-ആം മിനിറ്റില്‍ റോണ്ടന്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും അര്‍ജന്റീനയുടെ ഗോളി റോമെറോ അത് നിഷ്പ്രഭമാക്കി. 38-ആം മിനിറ്റിലും 40-ആം മിനിറ്റിലും വെനിസ്വേലന്‍ സ്‌ട്രൈക്കര്‍മാര്‍ നടത്തിയ മുന്നേറ്റം അര്‍ജന്റീനയുടെ പ്രതിരോധത്തിലും ഗോളിയിലും തട്ടിത്തെറിച്ചു. 44-ആം മിനിറ്റില്‍ വെനിസ്വേലയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കൂടി ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സീജാസിന് കഴിഞ്ഞില്ല. പോസ്റ്റിന്റെ മദ്ധ്യഭാഗത്തേക്ക് സീജാസ് അടിച്ച ചിപ്പ് ഷോട്ട് അര്‍ജന്റൈന്‍ ഗോളി റോമെറോയുടെ കൈകളിലാണ് വിശ്രമിച്ചത്. ഇടവേളയ്ക്ക് മുന്‍പ് കളിയിലേക്ക് തിരിച്ചുവരാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഇതിലൂടെ വെനിസ്വേലയ്ക്ക് നഷ്ടമായത്.

60-ആം മിനിറ്റിലായിരുന്നു സൂപ്പര്‍ താരം മെസിയുടെ ഗോള്‍. അന്താരാഷ്ട്ര തലത്തില്‍ തന്റെ 54-ആം ഗോള്‍ നേടിയ മെസിക്ക് അതൊരു റെക്കോര്‍ഡ് കൂടിയായിരുന്നു. രാജ്യത്തിന് വേണ്ടി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കൊപ്പം ഈ ഗോളിലൂടെ ലയണല്‍ മെസിയും എത്തി.
70-ആം മിനിറ്റിലായിരുന്നു വെനിസ്വേലയ്ക്ക് വേണ്ടി സോളമന്‍ റോണ്ടന്‍ ആശ്വാസഗോള്‍ നേടിയത്. എബ്രഹാം ഗ്വെരയുടെ ക്രോസ് തലകൊണ്ട് കുത്തി റോണ്ടന്‍ വലയ്ക്കുള്ളില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അടുത്ത നിമിഷം എറിക് ലാമെലയിലൂടെ അര്‍ജന്റീന ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 71-ആം മിനിറ്റില്‍ മെസി നല്‍കിയ പാസിലായിരുന്നു ലാമെലയുടെ ഗോള്‍ നേട്ടം. ഒരു ഗോളടിക്കുകയും രണ്ട് ഗോളിന് അവസരം ഒരുക്കുകയും ചെയ്ത മെസിയുടെയും രണ്ടു ഗോള്‍ നേടിയ ഹിഗ്വയ്ന്റെയും ചുമലിലേറി അര്‍ജന്റീന സെമിയിലേക്ക് കുതിച്ചു. സെമിയില്‍ അതിഥേയരായ യു.എസ്.എയെ ആകും അര്‍ജന്റീന നേരിടുക.