ബൊളീവിയയെ പൊളിച്ചടുക്കി അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്

ക്വാര്‍ട്ടറില്‍ അര്‍ജന്റീന വെനിസ്വേലയെ നേരിടും, ചിലിക്ക് ക്വാര്‍ട്ടറില്‍ മെക്‌സിക്കോ എതിരാളി

ബൊളീവിയയെ പൊളിച്ചടുക്കി അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്

സീറ്റില്‍: അര്‍ജന്റൈന്‍ ആരാധകരും കോച്ച് ഗെരാഡോ മാര്‍ട്ടിനോയും ചിന്തിച്ചതിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ല. സെഞ്ച്വറിലിങ്ക് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനയ്ക്ക് എതിരില്ലാത്ത മൂന്നു ഗോളുകളുടെ ജയം. മത്സരം തുടങ്ങി ആദ്യ അരമണിക്കൂറിനകം തന്നെ അര്‍ജന്റീന വിജയം ഉറപ്പിച്ച മട്ടായിരുന്നു.

എറിക് ലാമെല 25 വാര അകലെ നിന്നെടുത്ത ഫ്രീകിക്ക് ആണ് 13-ാം മിനിറ്റില്‍ ആദ്യം ബൊളീവിയന്‍ വലയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയത്. തൊട്ടടുത്ത നിമിഷം ലാവെസിയിലൂടെ വീണ്ടും ബൊളീവിയന്‍ വല ചലിച്ചു. ക്രാന്‍വിറ്ററുടെ ക്രോസ് പോസ്റ്റിന് അകലെ നിന്ന് ഹ്വിഗ്വെയ്ന്‍ ഹെഡ് ചെയ്‌തെങ്കിലും ബൊളീവിയന്‍ ഗോളി ലാംപെ തട്ടിയകറ്റി. എന്നാല്‍ പന്ത് ചെന്നെത്തിയത് ലാവെസിയുടെ കാലുകളിലായിരുന്നു. ലാവെസി (15-ാം മിനിറ്റില്‍) നിഷ്പ്രയാസം അത് വലയ്ക്കുള്ളിലാക്കി. ഇതോടെ രണ്ടു മിനിറ്റിനകം രണ്ടുഗോള്‍ പ്രഹരം ബൊളീവിയക്ക് മേല്‍ പതിച്ചു.


നിരാശരായ ബൊളീവിയ പിന്നീട് പരുക്കന്‍ കളിയായിരുന്നു പുറത്തെടുത്തത്. 5-3-2 എന്ന ലൈനപ്പില്‍ ഇറങ്ങിയ ബൊളീവിയ 24-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഡ്യൂക് അരാന്‍ഡയെ പിന്‍വലിച്ചതോടെ മുന്നേറ്റനിരയില്‍ ആര്‍ക് ഒറ്റപ്പെട്ടു. ഡ്യൂകിനെ പിന്‍വലിച്ച ശേഷം 5-4-1 എന്ന വിധം അര്‍ജന്റീനയെ കൂടുതല്‍ പ്രതിരോധിക്കാനാണ് ബൊളീവിയന്‍ കോച്ച് ബാള്‍ഡീവിസോ ശ്രമിച്ചത്.

എന്നാല്‍ ബൊളീവിയയുടെ പ്രതിരോധമൊന്നും അര്‍ജന്റീനയ്ക്ക് മുന്നില്‍ വിലപ്പോയില്ല. യുവതാരം വിക്ടര്‍ ലിയനാര്‍ഡോ കൊസ്റ്റ 32-ാം മിനിറ്റില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി ബൊളീവിയന്‍ പ്രതിരോധം ഒന്നുകൂടി പൊളിച്ചു. ഇതോടെ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തും ഉറപ്പായി.

എതിരല്ലാതെ എട്ടുഗോളുകള്‍ക്ക് ജയിച്ചാല്‍ മാത്രമേ ബൊളീവിയക്ക് ക്വാര്‍ട്ടര്‍ സ്വപ്‌നം കാണാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ അതു നടക്കില്ലെന്ന് ആദ്യ പാദത്തില്‍ തന്നെ ബൊളീവിയ തിരിച്ചറിഞ്ഞു. 46-ാം മിനിറ്റില്‍ ഹിഗ്വെയ്‌ന് പകരം അര്‍ജന്റൈന്‍ കോച്ച് മാര്‍ട്ടിനോ, സാക്ഷാല്‍ ലയണല്‍ മെസിയെ കളത്തില്‍ ഇറക്കിയെങ്കിലും പിന്നീട് ഗോള്‍പട്ടികയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

പനാമയെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടീമില്‍ നിന്നും ആറു മാറ്റങ്ങളോടെയായിരുന്നു 4-4-2 എന്ന ലൈനപ്പില്‍ അര്‍ജന്റീന ബൊളീവിയയെ നേരിടാന്‍ ഇറങ്ങിയത്. ക്വാര്‍ട്ടറില്‍ വെനിസ്വേലയെ ആകും അര്‍ജന്റീനയ്ക്ക് നേരിടേണ്ടിവരിക. ചിലി ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും.

Story by
Read More >>