ജയം അർജ്ജന്റീനയ്ക്ക്, കൈയടി ചിലിക്ക്

കളിമികവിന്റെ കാര്യത്തിൽ ജയിച്ച അർജ്ജന്റീനയെക്കാൾ ഒട്ടും പിന്നിലല്ല തോറ്റ ചിലിയുടെ സ്ഥാനം. ഒരുവേള ലഭിച്ച അവസരങ്ങൾ ഗോളാക്കിയിരുന്നെങ്കിൽ അർജ്ജന്റീന തോറ്റ് തുന്നം പാടിയേനെ. അഭിലാഷ് മേലേതിൽ എഴുതുന്നു.

ജയം അർജ്ജന്റീനയ്ക്ക്, കൈയടി ചിലിക്ക്

അഭിലാഷ് മേലേതിൽ

കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമായ കോപ്പയിലെ എട്ടാം മത്സരം ആവേശപൂർണ്ണമായിരുന്നു. 2-1 ന്റെ വ്യത്യാസത്തിൽ ചിലിക്കെതിരെ അർജന്റീന ജയിച്ചെങ്കിലും ചിലിയായിരുന്നു അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിട്ടു നിന്നത്. ജയം അർജ്ജീനയ്‌ക്കെങ്കിലും കൈയ്യടി ചിലിക്കെന്ന് സാരം. പന്ത് കൈവശം വെക്കുന്നതിൽ ആദ്യമേ തന്നെ മിടുക്ക് കാണിച്ച അവർ തുടരെ തുടരെ ആക്രമനങ്ങൾ അഴിച്ചു വിട്ടു. എന്നാൽ അവസരങ്ങൾ മുതലാക്കുന്നതിൽ സാഞ്ചസും വിദാലും മറ്റും പരാജയപ്പെടുകയും ചെയ്തു. കളി വേഗതയേറിതായിരുന്നു എന്നാൽ ബ്രസീൽ ഇക്വഡോർ മത്സരം പോലെ ഫൗളുകൾ ഉണ്ടായിരുന്നില്ല- റഫറിയുടെ പരിചയക്കുറവ് കളിയെ ബാധിക്കും എന്ന് തോന്നിയിരുന്നെകിലും പിന്നീട് അമ്പയറിംഗ് കളിക്കൊത്തു ഉയരുന്നതായാണ് പിന്നീട് കാണാൻ കഴിഞ്ഞത്.


മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിലും ഫലവത്തായ നീക്കങ്ങൾ സംഘടിപ്പിക്കുന്നതിലും പരാജമായിരുന്നു. രണ്ടാം മിനിറ്റിൽ ഗെയിറ്റന്റെ ഷോട്ട് ബാറിൽ തട്ടി പുറത്തു പൊയതൊഴിച്ചാൽ പറയത്തക്ക നീക്കങ്ങളൊന്നും അവർ നടത്തിയില്ല. ചിലിയാകട്ടെ സാഞ്ചസിനെയും വിടാളിനെയും മുൻനിർത്തി വേഗത്തിൽ കളിച്ചു. എന്നാൽ ഫിനിഷിലെ പോരായ്മ അവർക്ക് വിനയായി. അത് മാത്രമാണ് ചിലിക്ക് വിനയായത്.

പതിനേഴാം മിനിറ്റിൽ മോറിയുടെ ഒരു ഷോട്ട് ചിലി ഗോൾ മുഖത്തിനു കുറുകെ പോയി. അതിനു മറുപടിയായി ചിലി നടത്തിയ മുന്നേറ്റത്തിൽ അവർക്ക് ഒരു സുവർണ്ണാവസരം കിട്ടി - പക്ഷെ സഞ്ചസിന്റെ പാസ് സ്വീകരിച്ച് മുന്നോട്ടുകയറിയ വർഗാസ് ഓഫ് സൈഡാകുകയായിരുന്നു. കളിയുടെ സൌന്ദര്യം തന്നെ ഇതായിരുന്നു. കളിയിലുടനീളം ഓരോ മുന്നേറ്റത്തിനും ഒരു തിരിച്ചാക്രമണമുണ്ടായി. കളി ഭ്രാന്തന്മാരെയും, ലാറ്റിൻ അമേരിക്കൻ കളിയുടെ ആരാധകരെയും തൃപ്തിപ്പെടുത്താൻ പോന്ന നീക്കങ്ങൾ രണ്ടു ടീമുകളും കാഴ്ചവച്ചെന്നും പറയാം. ഇരുപതൊന്നാം മിനിറ്റിലും ഇരുപത്തിമൂന്നാം മിനിറ്റിലും ഗെയിറ്റന്റെയും ഹിഗ്വെയിന്റെയും അടികൾ ചിലിയൻ ഡിഫൻസ് തടഞ്ഞു. മുപ്പതാം മിനിറ്റിൽ സഞ്ചസിനു കിട്ടിയ നല്ലൊരു അവസരം അരജന്റീനയുടെ ഗോൾ കീപ്പർ തടുത്തു. തൊട്ടടുത്ത മിനിറ്റിൽ ഒരു കോർണർ നേടിയെടുത്ത അർജന്റീനക്കു പക്ഷെ ഗോൾ അടിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ഹിഗ്വെയിനിന്റെ ഷോട്ട് ഗോളിന്റെ വലതു വശത്തുകൂടി പുറത്തു പോയി. വേഗതയുടെ ആവേശം നിലനിറുത്തിക്കൊണ്ട് തൊട്ടടുത്ത നിമിഷത്തിൽ തന്നെ സാഞ്ചസിന്റെ പന്തിൽ ഓടിക്കയറിയ വർഗാസ് ഓഫ് സൈഡായി.

പതുക്കെ കളിയിലേക്ക് അർജന്റീന മടങ്ങി വന്നു. എന്നാൽ കളി അല്പം പരുക്കനായെന്ന് മാത്രം. ചിലി തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കളിക്കളം സാക്ഷിയായത്. മുപ്പത്തിനാലാം മിനിറ്റിൽ സാഞ്ചസിന്റെ അടി റോമെരോയുടെ കൈകളിൽ ഒതുങ്ങി. മുപ്പത്തഞ്ചാം മിനിറ്റിൽ ചിലിയുടെ അരങ്ക്വിസ് ഫൌൾ ചെയ്യപ്പെട്ടു. ഇത് കളി അല്പനേരത്തേക്ക് നിർത്തിവെയ്ക്കാൻ കാരണമായി. അതിനു ശേഷം മെർക്കദൊക്ക് അവസരം കിട്ടിയെങ്കിലും ചിലിയൻ ഗോൾപോസ്റ്റിന്റെ മുകളിലൂടെ അയാളുടെ അടി പുറത്തേക്ക് പോയി, ഇതിനു മറുപടിയായി ചിലിക്ക് വേണ്ടി മീനയും ബ്യൂസ്‌ഹോറും തുടങ്ങിയ നീക്കം ഒഫ്‌സൈഡിൽ അവസാനിച്ചു. കളി പിന്നെയും പരുക്കനായി, ഹാഫ് റ്റൈമിനു തൊട്ടു മുന്നേ ചിലിയുടെ ഇസ്ലക്കു മഞ്ഞ കാര്ഡ് കിട്ടി. ആദ്യ പകുതിയിൽ ബാൾ പൊസെഷനിൽ ചാംപ്യന്മാരായ ചിലി മുന്നിട്ടു നിന്നു. തുടരെ തുടരെ അർജന്റീനയുടെ ബോക്‌സിലേക്ക് മുന്നേറ്റങ്ങൾ നടത്താൻ അവർക്കത് അവസരങ്ങൾ നൽകി. ഡീ മരിയയായിരുന്നു അർജന്റീനയുടെ മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത്. മറുഭാഗത്ത് സാഞ്ചസ് നിറഞ്ഞു കളിച്ചു. എന്നാൽ മെസ്സിയില്ലാതെ അർജന്റീന അല്പം ബുദ്ധിമുട്ടുന്നതായിത്തോന്നി.

രണ്ടാം പകുതിയിൽ ചാമ്പ്യൻമാരുടെ കളി

ഇത്തരത്തിലുള്ള എല്ലാം സംശയങ്ങളെയും കാറ്റിൽ പറത്തുന്നതായി എന്നാൽ രണ്ടാം പകുതിയിലെ അരജന്റീനയുടെ കളി. തുടക്കം ചിലിയുടെ ഡിയസിന്റെ നീക്കത്തോടെയായിരുന്നു- എന്നാൽ ജാരയുടെ ഹെഡർ ഗോളായില്ല, തുടർന്ന് സാഞ്ചസിന്റെ അടിയും അരജന്റീനയുടെ ഡിഫൻസ് തടഞ്ഞു. എന്നാൽ അതു വരെയുള്ള കളിയുടെ എല്ലാ ബാലൻസിനെയും അട്ടിമറിച്ച് അന്പത്തൊന്നാം മിനിറ്റിൽ ഡി മരിയ ബനെഗയുടെ ഉഗ്രനൊരു പാസിൽ ബോക്‌സിന്റെ ഇടതു വശത്ത് നിന്ന് വല കുലുക്കി. അതിനു ശേഷം അരജന്റീന വേറൊരു ടീമായി മാറുന്നത് പോലെ തോന്നിച്ചു. അവർ തുടർച്ചയായി നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. അമ്പത്തി നാലാം മിനിറ്റിൽ ചിലി ആദ്യ സബ്‌സ്ടിട്യൂട്ടിനെ ഇറക്കി. മേനക്ക് പകരം ഒരെല്ലാന വന്നു. അന്പത്താറാം മിനിറ്റിൽ ഫെർനാന്റസ് അടിച്ച പന്ത് പുറത്തേക്ക് പോയി. ചിലിയാകട്ടെ കൌണ്ടർ നീക്കങ്ങൾ വേഗത്തിൽ നടത്തുന്നത് തുടർന്ന് കൊണ്ടിരുന്നു. അന്പത്തെഴാം മിനിറ്റിൽ ബ്യൂസ് ഹോറിന്റെ പാസിൽ ഒരെല്ലാനയുടെ അടി ഗോളി തടുത്തു. എന്നാൽ അമ്പത്തൊൻപതാം മിനിറ്റിൽ അർജന്റീന വീണ്ടും വല കുലുക്കി. ഇത്തവണ മറിയയുടെ പാസിൽ ബനെഗയുടെ ഇടങ്കാലടി പോസ്റ്റിന്റെ ഇടത്തെ മൂലയിലാണ് വീണത്. അതിനു ശേഷം കളി അരജന്റീനയുടെ വരുതിയിലായി. പലപ്പോഴും നല്ല മുന്നേറ്റങ്ങൾ അവർ നടത്തി. ചിലി ഒരു കോർണർ ജയിച്ചെങ്കിലും കാര്യമുണ്ടായില്ല.

അറുപത്തി നാലാം മിനിറ്റിൽ ചിലിയുടെ നല്ല മുന്നേറ്റം നടന്നെങ്കിലും അരങ്ഗ്വിസ് ഓഫ് സൈഡായി. തൊട്ടടുത്ത നിമിഷത്തിൽ മെദെലും മരിയയും തമ്മിൽ ചിലിയുടെ പകുതിയിൽ ത്രോ ലൈനിനു പുറത്തു വച്ച് വാക്കേറ്റം. കളി വൈകിച്ചതിനു രണ്ടു പേർക്കും റഫറി മഞ്ഞ കാർഡ് കാണിക്കുകയും ചെയ്തു.അതോടെ വാക്കേറ്റം നിർത്തി കളി തുടങ്ങി. അറുപത്തിയാറാം മിനിറ്റിൽ അരജന്റീനയുടെ നീക്കം ഫലം കണ്ടില്ല, പതിവുപോലെ തൊട്ടടുത്ത നിമിഷം ചിലിയുടെ നീക്കവും പാളി. കളിക്ക് വേഗതയേറി, നിലവാരവും. പക്ഷെ അരജന്റീന ഏതു നിമിഷവും ഗോൾ നേടും എന്ന് തോന്നിച്ചു കൊണ്ടിരുന്നു. അറുപത്തെട്ടാം മിനിറ്റിൽ ചിലി രണ്ടാമത്തെ സബ്‌സ്ടിട്യൂഷൻ നടത്തി. ഇത്തവണ വർഗാസിനു പകരം പിനില്ല വന്നു. കളി എന്നാൽ അർജന്റീനയുടെ വരുതിയിൽ തന്നെ നിന്നു. എന്നാൽ അവരുടെ റോജോക്ക് ഒരു പരുക്കൻ ഫൌളിനു മഞ്ഞ കാർഡ് കിട്ടി. അതിനിടയിൽ ഗെയിറ്റന്റെ കയ്യിൽ ചിലിയൻ കളിക്കാരന്റെ ചവിട്ടേറ്റു, ഇതല്പ്പനേരം കളി വൈകിക്കാൻ കാരണമായി.

എഴുപത്താറാം മിനിറ്റിൽ അഗ്വെരയുടെ അടി പുറത്തേക്ക് പോയി. എൺപതാം മിനിറ്റിൽ അർജന്റീന ഡി മരിയയെ മാറ്റി ലാമെല്ലയെ ഇറക്കി. പന്ത് ഇരു വശത്തും കേറിയും ഇറങ്ങിയും ഇരുന്നു. എന്നാൽ ചിലിക്ക് ഫിനിഷിങ്ങിലെ പോരായ്മ തടസ്സമായി നിന്നു. അവർ എന്പത്തി രണ്ടാം മിനിറ്റിൽ അവർ അരാന്ഗിസിനെ മാറ്റി. എന്പത്താറാം മിനിറ്റിൽ അർജന്റീനയുടെ റോജോ ഒരവസരം പാഴാക്കി. അർജന്റീന എന്പത്തേഴാം മിനിറ്റിൽ ഗെയിറ്റാനെയും മാറ്റി. കളി ഇഞ്ചുറി ടൈമിൽ മൂന്നു മിനിറ്റു നേരത്തേക്ക് കൂടി നീട്ടി. തൊണ്ണൂറാം മിനിറ്റിൽ ചിലിയുടെ ഒരെല്ലാനയുടെ അടി ഡിഫൻസ് തടുത്തു. തൊട്ടടുത്ത നിമിഷം, മറു നീക്കത്തിൽ ലമെല്ലെയുടെ അടി ചിലിയുടെ പോസ്റ്റ് തുളച്ചില്ല, ലമെല്ലയുടെ തൊട്ടടുത്ത നീക്കവും ഗോളി തടുത്തു. എന്നാൽ തൊണ്ണൂറ്റി മൂന്നാം മിനിറ്റിൽ, ചിലിക്കു വേണ്ടി, പിന്നെയും കളിയുടെ ആക്കത്തിനെതിരായി ഒരെല്ലാനയുടെ ക്രോസ്സിൽ ഫ്യുവെൻസാലിദ അവരുടെ ആശ്വാസ ഗോൾ നേടി. ഒട്ടും വൈകാതെ റഫറിയുടെ അവസാന വിസിലും വന്നു.

കളിയുടെ ആദ്യ നിമിഷങ്ങളിൽ ഒന്ന് പതറിയെങ്കിലും അരജന്റീന പിന്നീട് ഒത്തിണക്കത്തോടെ കളിക്കുന്നതും കളിയുടെ ഗതിയുടെ എതിരിലെങ്കിലും, ആദ്യ ഗോൾ അടിക്കുന്നതുമാണ് കണ്ടത്. രണ്ടാം ഗോളും ഉടനെ വന്നു. കിട്ടുന്ന അവസരങ്ങൾ മുതലാക്കുന്നതിൽ അവർ കൂടുതൽ മിടുക്ക് കാണിച്ചു എന്ന് സാരം. മെസ്സിയില്ലാതെ ഇത്തരം പ്രകടനം പുറത്തെടുക്കാനായത് അവരെ സന്തോഷിപ്പിക്കേണ്ടതാണ്. ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് അവർ കാഴ്ച വച്ചത്. ടൂർണമെന്റ് ഫേവറിറ്റുകളിൽ ഒന്നായി കളിയുടെ അവസാനത്തോടെ അവർ മാറിക്കഴിഞ്ഞു. ചിലിയാകട്ടെ അവസരങ്ങൾ നിരവധി സൃഷ്ടിക്കുകയും എന്നാൽ അവയെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു, ഒന്നൊഴികെ. അറുപതു മിനിട്ടോളമായിരുന്നു ചിലിയുടെ ബോൾ പൊസെഷൻ.

ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കാനായില്ലെങ്കിൽ ചാമ്പ്യന്മാർ നാണം കെടാനും മതി. ഗ്രൂപിലെ മറ്റൊരു മത്സരത്തിൽ പനാമ വിജയിക്കുകയും ചെയ്തു എന്നുള്ളത് അവരുടെ മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഏതായാലും കളി ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന കളിയായിരുന്നു ഇന്നത്തേത്. വേഗതയും തുടരെയുള്ള ആക്രമണ-പ്രത്യാക്രമണങ്ങളും അവരെ ആവേശത്തിൽ ആഴ്ത്താൻ പോന്നതായിരുന്നു.

Story by
Read More >>