തന്നെ ട്രോളുന്നവര്‍ ഭീരുക്കളോ സ്ത്രീ വിരോധികളോ ആയിരിക്കുമെന്ന് അനുഷ്ക ശര്‍മ്മ

ട്രോളുകള്‍, തമാശയ്ക്കും അപ്പുറം ചിലരുടെ ജീവിതത്തിലെ മറക്കാത്ത അപമാനങ്ങളായി മാറുന്നു.

തന്നെ ട്രോളുന്നവര്‍ ഭീരുക്കളോ സ്ത്രീ വിരോധികളോ ആയിരിക്കുമെന്ന് അനുഷ്ക ശര്‍മ്മ

തന്നെ നിരന്തരം അപമാനിച്ചു ട്രോളുന്നവര്‍ ഭീരുക്കളോ സ്ത്രീ വിരോധികളോ ആയിരിക്കുമെന്ന് ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. ടെസ്റ്റ്‌ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി താരത്തിനുള്ള ബന്ധം സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌.

കോഹ്ലിയുടെ വേള്‍ഡ് കപ്പ്‌ പ്രകടനം  കാണാന്‍ കഴിഞ്ഞ വര്ഷം ഓസ്ട്രെലിയയില്‍ അനുഷ്ക പോയിരുന്നു.മത്സരത്തില്‍  ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെട്ടതോടെ, കോഹ്ലിയുടെ മോശം പ്രകടനത്തിനു കാരണമായി ട്രോളന്മാര്‍ കണ്ടെത്തിയത് അനുഷ്കയെ ആയിരുന്നു. അനുഷ്കയുടെ സാന്നിധ്യമാണ് ഇന്ത്യ വേള്‍ഡ് കപ്പില്‍ പരാജയപ്പെടാനുള്ള കാരണം എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. അനുഷ്ക നേരിട്ട് ഈ അപമാനത്തിനു താരം നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, പ്രതിരോധവുമായി വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. തനിക്ക് എന്നും പോസിറ്റീവ് എനര്‍ജി മാത്രമേ അനുഷ്കയുടെ സാന്നിധ്യം നല്‍കിയിട്ടുള്ളൂ എന്നും, വെറുതെ തന്‍റെ സ്പോര്‍ട്സിലേക്ക് അവരെ വലിച്ചിടരുതെന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ കോഹ്ലിയുടെ അഭ്യര്‍ത്ഥന.


ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്ന പ്രണയ ജോടികള്‍ വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സോഷ്യല്‍ മീഡിയ അപമാനത്തിനെതിരെ അനുഷ്ക നേരിട്ട് പ്രതികരിക്കുന്നത്.

"അവര്‍ സ്ത്രീ വിരോധികള്‍ ആയിരിക്കും, അല്ലെങ്കില്‍ ഭീരുക്കള്‍. സ്വന്തമായി അധ്വാനിച്ചു, വിജയകരമായ നിലനില്‍പ്പ്‌ കണ്ടെത്തുന്ന സ്ത്രീകളോട് ഇക്കൂട്ടര്‍ക്കുള്ള അസൂയയാണ് ഈ പരിഹാസങ്ങള്‍ "  അനുഷ്ക പറഞ്ഞു.

"ഞാന്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലാത്ത പല കാര്യങ്ങള്‍ക്കാണ് ഞാന്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. എന്റെ സിനിമയുടെ ജയ പരാജയങ്ങള്‍ പരിഹസിക്കപ്പെടുകയാണെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകും എന്നെങ്കിലും ചിന്തിക്കമായിരുന്നു. പക്ഷെ അങ്ങനെയല്ല ഉണ്ടായിട്ടുള്ളത്. ആദ്യമെല്ലാം എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍, ഇന്ന് അതിനെ നിസ്സാരമായി കാണുവാന്‍ എനിക്ക് കഴിയുന്നുണ്ട്."

സല്‍മാന്‍ ഖാന്‍ ചിത്രമായ സുല്‍ത്താനില്‍ അനുഷ്ക ശര്‍മ തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നുണ്ട്. റിംഗിലെ ഗുസ്തിക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ അനുഷ്കയും ഒരു ഗുസ്ഥിക്കാരിയായിയാണ്  വേഷമിടുന്നത്.