അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

"സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറിയില്‍ നടന്നത്. ലോട്ടറിയില്‍ നടന്ന ക്രമക്കേടുകള്‍ ജനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് പുറത്തുകൊണ്ടുവരണം"

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം:  ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇന്നു ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനൊപ്പം 13 അംഗങ്ങളും രാജി കത്ത് നല്‍കി. അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജി വെക്കുകയാണെന്ന് അഞ്ജു അറിയിച്ചു.

സ്‌പോര്‍ട്‌സിനെ തകര്‍ക്കാം പക്ഷെ കായിക താരങ്ങളെ തകര്‍ക്കാനാവില്ലെന്നാണ് രാജിക്കത്ത് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അഞ്ജു വ്യക്തമാക്കിയത്. അപമാനം സഹിച്ചു ഇനിയും തുടരാനാവില്ലെന്നും അഞ്ജു പറഞ്ഞു.


സ്ഥാപകന്‍ ജിവി രാജയെ കരയിപ്പിച്ച് പറഞ്ഞുവിട്ട സ്ഥാപനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ജിവി രാജയെ കരയിപ്പിച്ചവര്‍ക്ക് തങ്ങളുടെ കണ്ണീര്‍ ഒന്നുമല്ല. സ്‌പോര്‍ട്‌സ് മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമാണെന്നാണ് കരുതിയത്. ഈ നൂറ്റാണ്ടില്‍ കായിക താരങ്ങളോട് ചെയ്ത ഏറ്റവും വലിയ വഞ്ചനയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ നടന്നതെന്നും അഞ്ജു വിശദീകരിച്ചു. ലോട്ടറിയില്‍ നടന്ന ക്രമക്കേടുകള്‍ ജനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് പുറത്തുകൊണ്ടുവരണം.

പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ക്രമക്കേട് അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മീഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് കടുത്ത എതിര്‍പ്പിന് ഇടയാക്കി. തന്റെ മെയില്‍ ചിലര്‍ ചോര്‍ത്തുവെന്ന് മനസിലാക്കിയപ്പോള്‍ പരാതി നല്‍കി.

ദേശീയ സ്‌കൂള്‍ കായിക മേള കേരളത്തില്‍ നടത്താനായത് നേട്ടമായി കരുതുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് സഹോദരന്‍ അജിത്ത് മര്‍കോസിനെ പരിശീലകനായി നിയമിച്ചത്. അജിത്തിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനായി നിയമിച്ചത് തന്റെ സഹോദരനായത് കൊണ്ടല്ലെന്നും അഞ്ച് മെഡലുകള്‍ നേടിയ കോച്ച് എന്ന നിലയിലാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

Read More >>