അശ്വതിയും ഞാനും; ഒരു റാഗിങ് ഇരയുടെ പരാതി

ഒരു റാഗിങ് ഇരയുടെ തുറന്ന് കത്ത്. എട്ടുവർഷം മുൻപ് ക്രൂരമായ റാഗ്ഗിങ്ങിന് ഇരയായപ്പോൾ പ്രിൻസിപ്പലിനു സമർപ്പിച്ച പരാതി പരസ്യമായി പ്രസിദ്ധീകരിക്കുന്നു.

അശ്വതിയും ഞാനും; ഒരു റാഗിങ് ഇരയുടെ പരാതി

അരുണ്‍ മംഗലത്ത്

ഏതാണ്ട് എട്ടു വർഷമായി ഞാൻ പേറുന്ന ഒരു ഭാരം ഇറക്കിവയ്ക്കുകയാണ് ഇന്ന്. രണ്ടു ദിവസം മുൻപ് ഭക്ഷണം കഴിക്കാൻ കിട്ടിയ അൽപ്പമൊരു ഇടവേളയിലാണ് ഇരുപതാം വാർഡിൽ കയറി ക്രൂരമായ റാഗിങ്ങിന് ഇരയായ ആ പെൺകുട്ടിയെ കണ്ടത്. റ്റോയ്‌ലറ്റ് ക്ലീനർ വീണ് ദഹിച്ചുപോയ അന്നനാളം ഏതു രീതിയിൽ നന്നാക്കിയെടുക്കും എന്ന ചർച്ചയിൽ ഡോക്റ്റർമാർക്കിടയിൽ സമവായം ഉരുത്തിരിഞ്ഞിട്ടില്ല . വാർഡിൽ നിൽക്കുമ്പോഴാണ് ഈ സംഭാഷണം കേൾക്കാനിടയായത്.


'ഏയ്, അത് സീനിയേഴ്‌സ് കുടിപ്പിച്ചതാകാൻ സാധ്യതയില്ല.'
'അതെയതെ. സീനിയേഴ്‌സിനെ പേടിപ്പിക്കാൻ അവളെടുത്ത് കുടിച്ചതായിരിക്കും '
'അല്ലെങ്കിലും ഈ റാഗ്ഗിങ് ഒക്കെ ഊതിപ്പെരുപ്പിച്ച സംഭവങ്ങളല്ലേ ! കുറച്ചൊക്കെ റാഗിങ് വേണ്ടതുതന്നെയാണ്.'

ഇതു കേട്ട ദിശയിലേക്ക് നോക്കാതിരിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ തന്നെ വിദ്യാർത്ഥികളാണ്. വല്ലാതെ സങ്കടം തോന്നി. റാഗ്ഗിങ്ങിനെ ശക്തമായി അനുകൂലിക്കുന്ന ഒരു സംസ്‌കാരം നിലനിൽക്കുന്ന കോളേജാണ് ഇത്. ഇൻസ്റ്റിറ്റിയൂഷനലൈസ്ഡ് റാഗ്ഗിങ് തന്നെ പലയിടത്തും നിലനിൽക്കുന്നു എന്നു പറയാം. അത് ഈ കുട്ടികളുടെ തലയിലേക്കും കിനിഞ്ഞിറങ്ങിയിരിക്കുന്നു. എട്ടുവർഷം മുൻപ് ഞാൻ ക്രൂരമായ റാഗ്ഗിങ്ങിന് ഇരയായപ്പോൾ പ്രിൻസിപ്പലിനു സമർപ്പിച്ച പരാതി പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇതാണ് സാഹചര്യം എന്നു കരുതാൻ കാരണവും മറ്റൊന്നല്ല . My heart goes out for you Aswathy . And my heart goes out for the then 17 year old me.

ഈ കത്തിൽ എഴുതിയ കാര്യങ്ങൾ നൂറു ശതമാനവും സത്യമാണ്. അതു വായിക്കേണ്ടത് പക്ഷേ നിങ്ങളുടെ സ്വീകരണ മുറിയുടെ സുഖശീതളിമയിൽ അല്ല. അപരിചിതമായ സാഹചര്യങ്ങളിൽ ഒരു നിസ്സഹായനായ പതിനേഴു വയസുകാരന്റെ വീക്ഷണകോണിലാണ്. അതാണു കുട്ടികളേ, നിങ്ങൾക്ക് ആ പെൺകുട്ടിയുടെ കാര്യത്തിൽ പറ്റിയ തെറ്റും.

പരാതി

'ബഹുമാനപ്പെട്ട സർ, 2008 അധ്യയനവർഷത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രൊഫെഷനൽ എം.ബീ.ബീ.എസ് കോഴ്‌സിനു ചേരാൻ നിർഭാഗ്യമുണ്ടായ ഒരു വിദ്യാർത്ഥിയാണ് ഞാൻ. കോളേജിലെ റാഗ്ഗിങ്ങിനെ പറ്റി കുറച്ചൊക്കെ കേട്ടിരുന്നെങ്കിലും സ്വാഗതപരിപാടിയിൽ താങ്കളും മറ്റു കോളേജ് അധികാരികളും പറഞ്ഞത് റാഗ്ഗിങ് 99% വും നിർത്തലാക്കിക്കഴിഞ്ഞു എന്നായിരുന്നു. എന്നാൽ തുടർന്ന് ഹോസ്റ്റലിൽ വച്ച് ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ അപ്രതീക്ഷിതവും അറപ്പുളവാക്കുന്നതും ആത്മവിശ്വാസം നശിപ്പിക്കുന്നതുമായിരുന്നു. നിന്ദ്യമായ രീതിയിലുള്ള റാഗ്ഗിങ്ങിന് ഇരയാകേണ്ടിവന്നത് കോളേജ് ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കടന്നുവന്ന ഞങ്ങളെ അടിമുടി ഉലച്ചിരിക്കുകയാണ്. പരിചയപ്പെടലിന്റെ പേരിൽ എന്തു സംസ്‌കാരഹീനതയും നടമാടുന്ന നാഥനില്ലാക്കളരികളായ ഹോസ്റ്റലുകളുടെ അവസ്ഥയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്തെഴുതുന്നത്.

ഹോസ്റ്റലിൽ നടന്ന മനുഷ്യത്വഹീനമായ വിക്രിയകളെ വമനേച്ഛയോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ എങ്കിൽക്കൂടി, അവയെല്ലാം താങ്കളും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നു കരുതുന്നതുകൊണ്ട് ക്രമമായി വിവരിക്കാം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം വീർപ്പുമുട്ടുന്ന ഒരു ഹോസ്റ്റലിലാണ് ഞങ്ങൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിരുന്നത്. ആദ്യം പരിചയപ്പെടാൻ വന്ന മുതിർന്ന വിദ്യാർത്ഥികളുടെ സമീപനം സൗഹാർദ്ദപരമായിരുന്നു . എന്നാൽ രക്ഷിതാക്കളെല്ലാം സ്ഥലം വിട്ടു എന്നുറപ്പായതോടെ ഇവരൊക്കെ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നു തെളിഞ്ഞു. തെമ്മാടിക്കൂട്ടങ്ങളെപ്പോലെ പറ്റം പറ്റമായി ഹാളിലേക്കു കയറിവന്ന മുതിർന്ന വിദ്യാർത്ഥികൾ സംസ്‌കാരശൂന്യമായ ഭാഷയിൽ അസഭ്യം പറയുകയും ഞങ്ങളുടെ വസ്തുവകകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പലരുടേയും പല സാധനങ്ങളും ഇവർ ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുകയും മോഷ്ടിക്കുകയോ ചെയ്തു . ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമവും ഉണ്ടായി.

മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ഹോസ്റ്റലിൽ അതിന്റെ ഉപയോഗം വിലക്കുകയും ചെയ്തു . അനുനിമിഷം ഇത്തരത്തിലുള്ള ഇരുകാലിമൃഗങ്ങൾ മുറിയിലേക്ക് കൂടുതൽ സംഘബലത്തോടെ കടന്നുകയറുകയും പീഡനമുറകൾ കൂടുതൽ ക്രൂരമാക്കുകയും ചെയ്തു.

മുഖത്തും പുറത്തും വയറ്റിലും ക്രൂരമായി മർദ്ദിക്കുകയും പുതിയ വിദ്യാർത്ഥികളുടെ ഭയവും നിസ്സഹായതയും കണ്ട് അലറിച്ചിരിക്കുകയും ചെയ്തു. തുടർന്ന് കേട്ടാലറയ്ക്കുന്ന അശ്ലീല പദങ്ങൾ വർഷിക്കുകയും ഇവ ആവർത്തിക്കാൻ ഞങ്ങളെ നിർബന്ധിക്കുകയും ചെയ്തു. ഇതിനു വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പല വികൃത ലൈംഗിക ചേഷ്ടകളും അഭിനയിപ്പിക്കുകയും മെഡിക്കൽ സല്യൂട്ട്, ചിരി വടിക്കൽ തുടങ്ങി പല ആത്മനിന്ദ ഉളവാക്കുന്ന പ്രവർത്തികളും ചെയ്യാൻ നിർബന്ധിക്കുകയും ചെയ്ത. ഇതിനിടയിൽ ചിലരാകട്ടെ ഞങ്ങളെ സമാശ്വസിപ്പിക്കാൻ എന്ന വ്യാജേന ഇതൊന്നും പുറത്ത് പറയരുതെന്നും പറയുന്നത് നാണക്കേടും ഭീരുത്വവുമാണെന്നും ഈ റാഗിങ് മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉന്നതി കൈവരിക്കാൻ അത്യന്താപേക്ഷിതമാണെന്നും ഇതിലും ക്രൂരമായ റാഗ്ഗിങ് മുറകളാണ് അവർ അനുഭവിച്ചിട്ടുള്ളതെന്നും എന്നും മറ്റും പറഞ്ഞ് സംഭവം പുറത്തറിയുന്നതു തടയാനുള്ള തന്ത്രപരമായ ശ്രമം നടത്തി. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും ഹോസ്റ്റലിൽ നിന്നു താഴേയ്ക്ക് തള്ളിയിടുമെന്നും മറ്റുമുള്ള ഭീഷണിയുമുണ്ടായി. അഞ്ചുമണി തൊട്ട് ഏഴു മണി വരേയും തുടർന്ന് ഏഴര തൊട്ടു പത്തുമണിവരേയും ഇത്തരം ക്രൂരമായ പന്തുതട്ടൽ തുടർന്നു. വസ്ത്രാക്ഷേപം, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കൽ എന്നിവയ്ക്കും, കൂട്ടത്തിൽ പാവത്താന്മാർ വിധേയരായി. ഇതൊക്കെ ഞങ്ങളിൽ ഉണ്ടാക്കിയ മാനസികാഘാതം വാക്കുകളിൽ പകർത്തുക സാധ്യമല്ലതന്നെ. പറഞ്ഞറിയിക്കാനാകാത്ത ഞെട്ടലും മരവിപ്പും മരവിപ്പും ആത്മനിന്ദയും കോപവും വെറുപ്പും എല്ലാം കലർന്ന, ഒരു പതിനേഴു വയസ്സുകാരൻ ഒരിക്കലും കടന്നുപോകാൻ പാടില്ലാത്ത മാനസികാവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്.

സംസ്ഥാനത്തെ ഒരു മികച്ച കോളേജിൽ ഉപരിപഠനത്തിനായി ചേർന്ന ഞങ്ങളുടെ പ്രതീക്ഷകളെല്ലാം ചീന്തിയെറിയപ്പെട്ടു. എന്നാൽ തുടർന്നു നടക്കാനിക്കുന്ന റാഗ്ഗിങ്ങിന്റെ ഒരു നേരിയ സൂചന മാത്രമാണ് ഉണ്ടായതെന്നു വീണ്ടും അൽപ്പസമയം കൂടി കഴിഞ്ഞശേഷം മാത്രമാണ് ഞങ്ങൾക്ക് മനസ്സിലായത്. രാത്രി പത്തുമണിയ്ക്ക് സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വാതിലടച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾത്തന്നെ വാതിലിനപ്പുറത്തുനിന്ന് മദ്യപരുടെ ബഹളവും വാതിൽ തുറക്കാനുള്ള അട്ടഹാസവും കേട്ടു. പേടികൊണ്ട് ഞങ്ങളാരും കിടന്നിടത്തുനിന്ന് അനങ്ങിയില്ല. തുടർന്ന് വാതിലിൽ അതിശക്തമായ പ്രഹരങ്ങളും ഉണ്ടായി. ഈ സമയത്ത് ഞങ്ങളനുഭവിച്ച ഭീതിയും അരക്ഷിതാവസ്ഥയും അനുഭവിച്ചുതന്നെ അറിയണം. നിമിഷങ്ങളോളം അക്ഷരാർത്ഥത്തിൽ പേടിച്ചു വിറച്ചാണ് ഞങ്ങൾ കഴിച്ചുകൂട്ടിയത്.

യുഗങ്ങൾ പോലെ തോന്നിയ ഏതാനും നിമിഷങ്ങൾക്കൊടുവിൽ ചവിട്ടേറ്റ് വാതിൽ പൊളിഞ്ഞു. അതുവഴി മദ്യപിച്ചു സമനില തെറ്റിയ ഇരുപതോളം ആളുകൾ മുറിയിലേക്ക് കയറിവന്നു. എല്ലാവരേയും കിടക്കയിൽ നിന്നു വലിച്ചെഴുന്നേൽപ്പിച്ചു. തുടർന്ന് ഓരോരുത്തരെയായി മാറ്റിനിർത്തി മർദ്ദനമാരംഭിച്ചു. പാതി ഉറക്കത്തിലായിരുന്ന ഞങ്ങൾക്ക് പ്രതികരിക്കാനോ തടുക്കാനോ കഴിഞ്ഞില്ല. പലരുടേയും വസ്ത്രങ്ങൾ വലിച്ചുകീറപ്പെട്ടു. മദ്യക്കുപ്പികൾ റൂമിലെത്തിച്ച് ഞങ്ങളെ നിർബന്ധിച്ചു മദ്യം കഴിപ്പിക്കാനും ശ്രമമുണ്ടായി. മുഴുവൻ ധൈര്യവും സംഭരിച്ച് പ്രതികരിച്ചപ്പോൾ ക്രൂരമായ മർദ്ദനമുണ്ടായി. കൂടുതൽ കൂടുതലാളുകൾ മുറിയിലേക്ക് കയറിവരികയും മർദ്ദനം കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. ബഹളം കേട്ട് സെക്യൂരിറ്റി സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെയും മദ്യപസംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. 'നിങ്ങളെ എല്ലാവരേയും പരീക്ഷയിൽ തോൽപ്പിക്കും 'എന്നും 'രണ്ടു മാസത്തേയ്ക്ക് പഠിക്കാൻ സമ്മതിക്കില്ല 'എന്നും മറ്റും ഭീഷണി ഉണ്ടായി. തുടർന്ന് ഞങ്ങളിൽ പലരേയും മറ്റു മുറികളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇത്തരത്തിലുള്ള പീഡനം പുലർച്ചെ മൂന്നുമണിവരെ തുടർന്നു . ഇതു വെറും സാമ്പിൾ വെടിക്കെട്ടാണെന്നും ബാക്കി നാളെത്തരാമെന്നും ഭീഷണിപ്പെടുത്തിയാണ് അവർ പോയത്. തുടർന്ന് രാവിലെ വരെ ആരും വന്നില്ലെങ്കിലും ഞങ്ങളിൽ ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.

രാവിലെ ഏഴുമണി മുതൽ റാഗിങ് വീണ്ടും ആരംഭിച്ചു. തലേ ദിവസം വവൈകുന്നേരം നടന്ന റാഗ്ഗിങ്ങിന്റെ ആവർത്തനമാണ് ഉണ്ടായത്. ഇതുമൂലം ക്ലാസിൽ വൈകിയാണ് എത്താൻ കഴിഞ്ഞത്. ഉച്ചയ്ക്ക് മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ റാഗ്ഗിങ് പുനരാരംഭിച്ചു. പലരും പല ആവശ്യങ്ങൾ പറഞ്ഞ് പന്തുതട്ടുന്ന രീതിയാണുണ്ടയത്. അവരുടെ ആവശ്യങ്ങൾ അനുസരിച്ചാലും ഇല്ലെങ്കിലും താഡനങ്ങൾ ഏൽക്കേണ്ടിവന്നു. കൂടാതെ ഉച്ചയ്ക്കു ശേഷമുള്ള ക്ലാസിൽ പോകാനും അനുവാദം ലഭിച്ചില്ല. റാഗ്ഗിങ് ഭീകരന്മാരുടെ കണ്ണുവെട്ടിച്ചാണ് ക്ലാസിലെത്താനായത്.

കഴിഞ്ഞ ദിവസത്തേത് സാമ്പിൾ ആണെന്നു പറഞ്ഞതിന്റെ പൊരുൾ വൈകുന്നേരം ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോഴാണു പിടികിട്ടിയത്. തലേദിവസം പ്രതിഷേധവും പരാതിയും ഒന്നും നേരിടേണ്ടിവരാതിരുന്ന കിരാതന്മാർ ഞങ്ങളെ പീഡിപ്പിക്കാനുള്ള ഉപകരണങ്ങളുമായാണ് എത്തിയത്. കാതടപ്പിക്കുന്ന അസഭ്യവർഷത്തിനൊപ്പം സിഗരറ്റ് വായിൽ വെയ്പ്പിക്കാനുള്ള ശ്രമവും നടന്നു. പ്രതിഷേധിച്ചപ്പോൾ പുകവലിയുടെ ഗുണഗണങ്ങളെപ്പറ്റിയുള്ള ഉപദേശവും ഒപ്പം ബലപ്രയോഗവും ആരംഭിച്ചു. ഇതിനിടെ മറ്റൊരാൾ മയക്കുമരുന്ന് (പെത്തിഡീൻ) എന്ന് അവർ അവകാശപ്പെട്ട ഒരു വെളുത്ത പൊടിയുമായി വന്നു. റാഗ്ഗിങ് നടത്തുന്നവരെല്ലാം അതു നാവിനടിയിലും ചുണ്ടിനിടയിലും മറ്റും വെച്ചു. ഞങ്ങളിൽ ചിലരോട് കൈ നീട്ടാൻ കൈ നീട്ടാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ രാതി വന്നു ബലം പ്രയോഗിച്ച് ഉപയോഗിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി. ഇതേ ഭീഷണി പലവുരു പല റാഗ്ഗിങ് സംഘങ്ങളിൽ നിന്നുമുണ്ടായി.

തുടർന്ന് ഹോസ്റ്റലിൽ നിന്ന് റോഡിലേക്ക് മുഖമുള്ള തുറന്ന റ്റെറസിൽ ഒരു മേശ കൊണ്ടുവന്നു വച്ചശേഷം ഞങ്ങളിൽ രണ്ടുപേരെ അതിന്മേൽ കയറ്റിനിർത്തി. റോഡിലൂടെ പോകുന്നവർക്ക് ഞങ്ങളെ കാണാമായിരുന്നു. എന്നാൽ ഞങ്ങളെ റാഗ് ചെയ്യുന്നവരെ കാണാനാകുമായിരുന്നില്ല. തുടർന്ന് കേട്ടാൽ അറപ്പും മനം പിരട്ടലും ഉണ്ടാക്കുന്ന അശ്ലീല പദങ്ങൾ അവർ പറയുന്നതുപോലെ ഉറക്കെ വിളിച്ചുപറയാൻ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അവിടെനിന്ന് കെട്ടിടത്തിന്റെ താഴേക്ക് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തി. പത്തുപേരോളമുള്ള ഈ സംഘത്തിനെതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ അവർ പറയുന്ന അശ്ലീല പദങ്ങൾ ഏറ്റുപറയാനും ഭരണിപ്പാട്ടുകൾ പാടാനും ഞങ്ങൾ നിർബന്ധിതരായിത്തീർന്നു. ഇതു കേട്ടു റോഡിലൂടെ പോയിരുന്നവരുടെ കോപവും അവജ്ഞയും വെറുപ്പും കലർന്ന നോട്ടം ജീവിതകാലം മുഴുവൻ ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. ഈ അവസ്ഥ സംസ്‌കൃതചിത്തനായ ഒരു ആധുനിക മനുഷ്യനു താങ്ങാവതല്ല എന്നു തീർച്ചയുണ്ട് ഈ പീഡനം ഏഴുമണിവരെ നീണ്ടുനിന്നു. തുടർന്ന് ഞങ്ങളെ മെസ്സിലേയ്ക്ക് വരിവരിയായി തീവണ്ടിപോലെ കൊണ്ടുപോയി. ഇതിനിടെയാണ് നാലാം ബ്ലോക്ക് ഹോസ്റ്റലിന്റെ വാർഡൻ അതുവഴി വന്നത്.

അതുവരെ ഞങ്ങളെ ഉപദ്രവിച്ച് രസിച്ചവരെല്ലാം ഉള്ളിലേക്കു വലിഞ്ഞു. പകരം ചില മര്യാദരാമന്മാർ പുറത്തുവരികയും ചെയ്തു. വാർഡൻ വന്നപ്പോൾ എല്ലാം ശാന്തം. ചവിട്ടിപ്പൊളിക്കപ്പെട്ട വാതിലും വലിച്ചു തള്ളിയ സിഗരറ്റുകുറ്റികളും ഉടഞ്ഞ മദ്യക്കുപ്പികളും എല്ലാം വാർഡൻ കണ്ടു. തുടർന്ന് സെക്യൂരിറ്റിയെ കാവൽ ഏൽപ്പിച്ചതിനാലും വാർഡൻ മൃദുവായി താക്കീതു ചെയ്തതിനാലുമാകാം റാഗ്ഗിങ് ഉണ്ടായില്ല എന്നാലും ഓരോതവണയും ഉറങ്ങിത്തുടങ്ങുമ്പോഴും വാതിൽ തുറന്ന് ഈ നരാധമന്മാർ ഇരച്ചുവരുന്നു എന്ന തോന്നൽ കാരണം ഉറക്കം അന്നും സാധ്യമായില്ല. സമൂഹത്തിന്റെ വേദനകൾ ഒപ്പിയെടുക്കാനും ജനങ്ങൾക്ക് മാതൃകയാകാനും ശീലിക്കേണ്ട വൈദ്യശാസ്ത്ര വിദ്യാർഥികളിൽ നിന്നും ഒരു കുറ്റവാളിപോലും നേരിടാൻ പാടില്ലാത്ത പീഡനമാണ് ഞാൻ നേരിട്ടത്. സംസ്ഥാനത്തിലെ അഞ്ചിൽ രണ്ടു ജനങ്ങളുടെ ആരോഗ്യം പരിപാലിക്കുന്ന, കേരളത്തിലെ മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന, പ്രഗദ്ഭരായ അധ്യാപകരും പൂർവ്വവിദ്യാർത്ഥി സമ്പത്തുമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പുറംകാഴ്ചകൾക്ക് അന്യമാണ് താങ്കൾ ഇപ്പോൾ വായിച്ചറിഞ്ഞ കാര്യങ്ങൾ. മോർച്ചറിയിൽ കിടക്കുന്ന ഒരു മൃദദേഹത്തോടുകാട്ടുന്ന പരിഗണനയുടെ നൂറിൽ ഒരംശം പോലും ആതുരസേവനത്തിനു സന്നദ്ധരായി വൈദ്യവിജ്ഞാനം സ്വായത്തമാക്കാൻ വന്ന ജൂനിയർ മെഡിക്കൽ വിദ്യാർത്ഥികളായ ഞങ്ങളോട് സീനിയർ വിദ്യാർത്ഥികൾ കാട്ടുന്നില്ല എന്ന വസ്തുത അങ്ങേയ്ക്ക് ഇതിനകം മനസ്സിലായിക്കാണും.

റാഗ്ഗിങ് തടയാൻ ഉത്തരവാദപ്പെട്ട അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്നു എന്നു സംശയിക്കേണ്ടുന്ന, മനുഷ്യത്വരഹിതവും ക്രൂരവുമായ ഇത്തരം നടപടികൾക്ക് 'പരിചയപ്പെടൽ' എന്ന പട്ടുകുപ്പായം ചാർത്തി കൈ കഴുകാൻ കോളേജ് അധികൃതർക്കോ വിദ്യാർത്ഥികൾക്കോ കഴിയുകയില്ല. ഭീഷണി ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായടയ്ക്കാനുള്ള മർദ്ദകരുടെ ശ്രമം തത്കാലത്തേയ്ക്ക് ഫലം കണ്ടെങ്കിലും അതിനി വിലപ്പോവില്ല. പതിനെട്ടാം തിയ്യതി ക്ലാസുകൾ പുനരാരംഭിച്ചതിനു ശേഷവും ഇത്തരം പ്രാകൃതമായ ഭേദ്യം തുടർന്നാൽ അതു മാധ്യമശ്രദ്ധയിൽ കൊണ്ടുവരാനും നിയമാനുസൃതമായ രീതിയിൽ പരാതിയുമായി മുന്നോട്ടു നീങ്ങാനും കർശ്ശന നടപടിക്ക് ആവശ്യപ്പെടാനും ഞങ്ങൾ നിർബന്ധിതരായിത്തീരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനും ഇത്തരം ഹീനകൃത്യങ്ങൾ ഹോസ്റ്റലിൽ ആവർത്തിക്കപ്പെടാതിരിക്കാനും അഖിലേന്ത്യാ തലത്തിൽ 26 ആം റാങ്കിങ് ഉള്ളത് എന്ന അങ്ങ് അറിയിച്ച ഈ മെഡിക്കൽ കോളേജിന്റെ യശസ്സ് കളങ്കപെടാതിരിക്കാനും അങ്ങേക്ക് ഒരവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കത്തെഴുതുന്നത്. അങ്ങ് ആത്മാർത്ഥമായി ഇപ്പോൾത്തന്നെ നടപടി സ്വീകരിക്കുകയാണെങ്കിൽ ഈ ആഭാസന്മാർ പത്തിമടക്കുമെന്ന കാര്യം ഉറപ്പാണ്.

വിശ്വസ്തതയോടെ. '

ഇതിനു ശേഷം നടന്ന സംഭവങ്ങൾ മറ്റൊരു കഥയാണ്. ഒട്ടും നല്ല കഥയല്ലാത്തതിനാൽ ഇപ്പോൾ പറഞ്ഞു മുഷിപ്പിക്കുന്നില്ല.

ഒരു ഡോക്റ്ററായതിനു ശേഷമെങ്കിലും എനിക്ക് റാഗ്ഗിങിൽ നിന്ന് മോചനമുണ്ടായി എന്നു കരുതിയെങ്കിൽ തെറ്റി. സർജ്ജറിയിൽ പീജീ വിദ്യാർത്ഥി ആയി ചേർന്നതിനു ശേഷം പുതിയ രീതിയിലാണ് റാഗ്ഗിങ്. ഭക്ഷണം കഴിക്കാൻ /കുളിക്കാൻ / ഉറങ്ങാൻ അനുവദിക്കാതിരിക്കുക, രോഗികളുടെ മുന്നിൽ വച്ച് അസഭ്യം പറയുക/ അനാവശ്യമായ ജോലികൾ നിർബന്ധിച്ചു ചെയ്യിക്കുക, ജോലികളെല്ലാം ജൂനിയർ പീജീകളെ ഏൽപ്പിച്ചു സ്ഥലം വിടുക എന്നതൊക്കെയാണ് 'ചില' സർജ്ജറി സീനിയർ പീജീ ഡോക്റ്റർമാർ സ്വീകരിക്കുന്ന റാഗ്ഗിങ് മുറകൾ. അത്തരക്കാർക്കുള്ള ഒരു പരസ്യമായ മുന്നറിയിപ്പുകൂടിയാണ് ഈ പോസ്റ്റ്. മര്യാദയും ബഹുമാനവുമെല്ലാം തന്നാൽ തിരിച്ചുമുണ്ടാകും. ഇനി സർജ്ജിക്കൽ കേസ് ചെയ്യാൻ തരില്ല / തോൽപ്പിക്കും എന്ന ഭീഷണിയൊക്കെ ആണെങ്കിൽ ഈ മെഡിക്കൽ കോളേജിനു പുറത്തും ഒരു ലോകമുണ്ടെന്നും അവിടെ ' കേസു ' കൊടുക്കാൻ വേറെ സംവിധാനങ്ങൾ ഉണ്ടെന്നും ഓർത്താൽ നന്ന്.

അശ്വതി ഇപ്പോൾ ഉദര ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലാണ്. അവൾക്കു വേഗം സുഖമാകട്ടെ. ഇനിയൊരു അശ്വതി ഉണ്ടാകാതിരിക്കുംവണ്ണം കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.

(കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയാണ് അരുണ്‍ മംഗലത്ത്)