ജേക്കബ് തോമസിനൊരു തുറന്ന കത്ത്

പാമോലിൻ കേസിൽ കൺമുന്നിലുള്ള തെളിവുകൾ ജലരേഖയാക്കി മാറ്റിയ ഭരതെനെസ്സൈമാരെ കൂടി നിലയ്ക്കു നിർത്താനാവുമോ?

ജേക്കബ് തോമസിനൊരു തുറന്ന കത്ത്

പ്രിയപ്പെട്ട ജേക്കബ് തോമസ്,

ഉറപ്പിച്ചു പറയട്ടെ, കേരളത്തെ ഇത്രമേൽ ആവേശഭരിതമാക്കിയ  മറ്റൊരു ഉദ്യോഗസ്ഥ നിയമനമുണ്ടായിട്ടില്ല. താങ്കൾ സ്ഥാനമേറ്റ ശേഷം മലയാളി കാണുന്ന സ്വപ്നങ്ങളിൽ, അഴിക്കു പിന്നിൽനിൽക്കുന്ന അഴിമതിക്കാരുടെ വിളറിയ മുഖങ്ങളുമുണ്ട്.  മൂല്യബോധമുളള ഒരു ജനതയുടെ പ്രതീക്ഷയാണ് താങ്കൾ...  ഭാവുകങ്ങൾ...

സത്യസന്ധരായ ഉദ്യോഗസ്ഥർ ചരിത്രത്തിലും സർവീസിലും വേറെയുമുണ്ട്. പക്ഷേ,  പ്രതീക്ഷയുടെ ഇത്ര വലിയൊരു ഭാരം അവർക്കു ചുമക്കേണ്ടി വന്നിട്ടുണ്ടോ? സംശയമാണ്. എന്തുകൊണ്ടാണ് താങ്കൾക്കീ ജനപ്രീതി? ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ?  അത്ര ഭീകരമാണ് നമ്മുടെ നാട്ടിലെ അഴിമതി. എന്തു ചെയ്താലും ആരും ചോദിക്കാനും പറയാനുമില്ലെന്ന അവസ്ഥ. മലയാളിയുടെ നിത്യജീവിതത്തെ അഴിമതിയിൽ മുക്കിത്താഴ്ത്തിയ ഒരു ഭരണനേതൃത്വമാണ് പടിയിറങ്ങിയത്.  അവരുടെ കയ്യറപ്പില്ലായ്മയുടെ ഭീകരതയാണ് താങ്കളുടെ ജനപ്രീതിയുടെ മറുപുറം. അവർക്ക്  ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ... ഊഹിക്കാൻ പോലുമാവില്ല.


പത്തിവിടർത്തിക്കാണിക്കുന്ന പതിവില്ലെന്നും കടി കൊളളുമ്പോൾ അഴിമതിക്കാർ അറിയുമെന്നുമുളള താങ്കളുടെ പ്രസ്താവനയ്ക്കും വലിയ കൈയടിയാണ് കിട്ടിയത്. അഴിമതിക്കാർക്ക് കടി കിട്ടണമെന്ന് ജനം നെഞ്ചുരുകി മോഹിക്കുന്നുണ്ട്. പക്ഷേ കടിക്കാനുളള പ്രാപ്തി നമ്മുടെ വിജിലൻസ് സംവിധാനത്തിനുണ്ടോ...? തലപ്പത്ത് താങ്കൾ വന്നുവെന്നതു ശരി തന്നെ. പക്ഷേ, ലോക്കൽ സ്റ്റേഷനിൽ ഇപ്പോഴും ഭരതനെസ്സൈ തന്നെയാണ് ഭരണം. സാമ്പിളിന് ഒരാളെ താങ്കൾക്കു പരിചയപ്പെടുത്താം.

വി എൻ ശശിധരൻ എന്നാണ് കഥാപാത്രത്തിനു നാമം. ഇദ്ദേഹമായിരുന്നു പാമോയിൽ കേസിലെ തുടരന്വേഷണം നടത്തിയത്. ഉമ്മൻചാണ്ടിയടക്കം ആരെയും പ്രതിയാക്കാൻ തെളിവില്ലെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതിയിൽ അദ്ദേഹം റിപ്പോർട്ടു നൽകിയത് 2011 മെയ് 31ന്.

ഈ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ മൂന്നാം പേജിലെ ചോദ്യോത്തരങ്ങൾ മനസിരുത്തി വായിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നു..

ഒരു ചോദ്യം ഇങ്ങനെയായിരുന്നു :  "ശ്രീ മുസ്തഫ പറയുന്നത് പാമോലിൽ വാങ്ങാൻ അർജൻസി ഒന്നും ഇല്ലായിരുന്നു. താൻ മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട. എല്ലാ മന്ത്രിമാരും അറിഞ്ഞിട്ടുളള തീരുമാനം മതിയെന്നതുകൊണ്ടാണ് സക്കറിയാ മാത്യുവിൻറെ നോട്ട് ഔട്ട്സൈഡ് അജണ്ട ആയി കാബിനറ്റിൽ വെയ്ക്കാൻ അദ്ദേഹം ശുപാർശ ചെയ്തത്... ആ ഉദ്ദേശം താങ്കൾക്കും ഉണ്ടായിരുന്നോ... "

ഉമ്മൻചാണ്ടിയുടെ ഉത്തരം : "മുസ്തഫ അങ്ങനെ പറയുവാൻ സാധ്യതയില്ല. പാമോലിൻ ഇറക്കുമതി കേരളത്തിലെ ജനങ്ങൾക്ക് വളരെ ആശ്വാസവും സിവിൽ സപ്ലൈസ് കോർപറേഷന് ലാഭകരവും ആയതുകൊണ്ടാണ് മുസ്തഫ ഔട്ട്സൈഡ് അജണ്ടയായി വെയ്ക്കാൻ ശുപാർശ ചെയ്തത്. ആ ഉദ്ദേശം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത്".

ഈ മൊഴി വിഴുങ്ങിയാണ് ഉമ്മൻചാണ്ടിയ്ക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് ശശിധരൻ റിപ്പോർട്ടെഴുതിയത്.  മൊഴിയെടുപ്പിലെ ചോദ്യങ്ങളും മറുപടികളും  അന്വേഷണ റിപ്പോർട്ടും താങ്കൾ  ഇഴ കീറി പരിശോധിക്കണം.  അന്തിമ നിഗമനത്തിലെത്തുന്നതിനു മുമ്പ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യം ചെയ്തിരിക്കേണ്ട പല പരിശോധനകളുമുണ്ട്. അതെല്ലാം പാലിച്ചു തന്നെയാണോ ഈ റിപ്പോർട്ടു തയ്യാറാക്കിയത് എന്ന് താങ്കൾ പരിശോധിച്ചു നോക്കണം.

പാമോലിൽ വാങ്ങാൻ  അർജൻസിയൊന്നും ഇല്ലായിരുന്നു എന്ന് ടി എച്ച് മുസ്തവ പറഞ്ഞുവെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ശശിധരൻ ചോദ്യം ആരംഭിക്കുന്നത്.  ശശിധരനോടു മാത്രമല്ല,  കോടതിയോടും ചാനലുകളോടും പത്രങ്ങളോടും  ടി എച്ച് മുസ്തഫ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ മൊഴി നിലനിൽക്കവെ, മുസ്തഫ അങ്ങനെ പറയാൻ സാധ്യതയില്ല എന്ന ഉമ്മൻചാണ്ടിയുടെ വാദം എങ്ങനെ അന്വേഷണ ഉദ്യോഗസ്ഥൻ വിഴുങ്ങും? ഒരു തുടർചോദ്യവും അന്വേഷണ ഉദ്യോഗസ്ഥൻ ചോദിക്കുന്നില്ല, മാത്രവുമല്ല, ഉമ്മൻചാണ്ടിയുടെ വാദം തെറ്റാണ് എന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നുമില്ല. ടിഎച്ച് മുസ്തഫയാണോ ഉമ്മൻചാണ്ടിയാണോ സത്യം പറയുന്നത് എന്നു കണ്ടുപിടിക്കേണ്ട ചുമതലയും അന്വേഷണ ഉദ്യോഗസ്ഥനുണ്ട്. അതൊന്നും ചെയ്തിട്ടില്ല.
Card


മറ്റൊരു ചോദ്യം നോക്കുക. "പാമോയിൽ വാങ്ങാൻ അർജൻസി ഇല്ലായിരുന്നുവെങ്കിൽ ഈ ഫയൽ ഫിനാൻസ് ഡിപ്പാർട്ടുമെൻറിൻറെ അഭിപ്രായം അറിയാതെ കാബിനെറ്റിൽ വെയ്ക്കാൻ താങ്കൾ തയ്യാറായത്....."

ഉത്തരം - "പാമോയിൽ  വാങ്ങാൻ അർജൻസി ഉണ്ടായിരുന്നു..."

പാമോയിൽ ഇറക്കുമതിയ്ക്കുളള അടിയന്തരാവശ്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ അയച്ച നാലു കത്തുകളും ഇപ്പോൾ വിജിലൻസിൻറെ പക്കലും കോടതിയിലുമുണ്ട്. ആ കത്തുകളുടെ ഒരു കസ്റ്റോഡിയനാണ് വിജിലൻസ്. അതിൻറെ പ്രതിനിധിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പരസ്പരവിരുദ്ധമായ നാലു കത്തുകളയച്ചാണ് ഇറക്കുമതിയുടെ അനുമതി കേരളം കേന്ദ്രത്തിൽ നിന്ന് തരപ്പെടുത്തിയത് എന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത് വിജിലൻസാണ്. പാമോയിൽ കേസിലെ കുറ്റപത്രത്തിലെ പ്രധാന ആരോപണമാണത്.  ആദ്യത്തെ കത്തിൽ ദസറയ്ക്ക് മലയാളി കൂടുതൽ പാമോയിൽ കുടിക്കുമെന്നായിരുന്നുവെങ്കിൽ രണ്ടാമത്തെ കത്തിൽ ദീപാവലിയായി. പിന്നെയത് യഥാക്രമം ക്രിസ്തുമസും മകരപ്പൊങ്കലുമായി... ഇങ്ങനെ തട്ടിപ്പുകാരണങ്ങൾ നിരത്തി ഇറക്കുമതിയ്ക്കുളള അനുമതി തരപ്പെടുത്തി അഴിമതി നടത്തിയെന്നാണ് കേസ്. ആ കേസു നടത്തുന്ന വിജിലൻസിന് ഒരിക്കലും ഉമ്മൻചാണ്ടിയുടെ വാദം വിഴുങ്ങാനാവില്ല. പക്ഷേ, സംഭവിച്ചത് അതാണ്.

മർമ്മപ്രധാനമായ ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കിയായിരുന്നു വിഎൻ ശശിധരൻറെ മൊഴിയെടുപ്പ്.  സുപ്രധാനങ്ങളായ ഒട്ടേറെ തുടർ ചോദ്യങ്ങൾ അനിവാര്യമായിരുന്നു.  ആ സാധ്യതയും ഉപയോഗിച്ചിട്ടില്ല.   പാമോയിൽ ഇറക്കുമതിയിലെ ക്രമക്കേടും അതുവഴി ഖജനാവിനുണ്ടായ നഷ്ടവും സിഎജിയും എം എം ഹസൻ അധ്യക്ഷനായ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഎസ് നളിൻ ആൻഡ് സൺസ് എന്ന സ്ഥാപനം കുറഞ്ഞവിലയ്ക്ക് പാമോയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതു തളളിയാണ് മലേഷ്യയിലെ പവർ ആൻഡ് എനർജി കോർപറേഷനുമായി കരാറുണ്ടാക്കിയത്. കരാർ ഒപ്പിടുന്നതിനു മുമ്പ് സിഐ കമ്മോഡിറ്റീസ് എന്ന സ്ഥാപനത്തിൻറെ ക്വട്ടേഷൻ ധനവകുപ്പിനു ലഭിച്ചിരുന്നു.  ഉമ്മൻചാണ്ടിയുടെ കൈയൊപ്പു വീണ ആ കത്ത് ഇപ്പോഴും ഫയലിലുണ്ട്.

ഇക്കാരണങ്ങൾ കൊണ്ട്, പാമോയിൽ ഇറക്കുമതി  ലാഭകരമാണെന്ന ഉമ്മൻചാണ്ടിയുടെ വാദം വിജിലൻസ് ആദ്യഘട്ടത്തിൽത്തന്നെ തളളിക്കളയേണ്ടതാണ്.   ഈ വാദം പൂർണമായും തളളിക്കളഞ്ഞുകൊണ്ടാണ് കേരള ഹൈക്കോടതി വിചാരണയ്ക്ക് അനുമതി നൽകിയത്. ഈ വസ്തുതകളൊക്കെ വിജിലൻസിൻറെ അന്വേഷണ ഉദ്യോഗസ്ഥൻ വിസ്മരിച്ചത് തികച്ചും യാദൃശ്ചികമാണോ? അല്ലേയല്ല.  നേരായ വഴിയിൽ മൊഴിയെടുപ്പു നടത്തിയാൽ ഉമ്മൻചാണ്ടി കുടുങ്ങുമെന്ന് അറിയാവുന്ന സൂത്രശാലിയായ ഉദ്യോഗസ്ഥൻ തൻറെ വിവേചനാധികാരത്തിനു വില പറഞ്ഞു. അതല്ലേ സർ, യാഥാർത്ഥ്യം... ?

ഇങ്ങനെയാണ് കേസുകൾ അട്ടിമറിക്കപ്പെടുന്നത്. ഇങ്ങനെയൊക്കെയാണ് പ്രതിയാകേണ്ടവർ രക്ഷപെടുന്നത്. അവരെ രക്ഷപെടുത്താൻ എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘം താങ്കളുടെ കീഴിലുമുണ്ട്. അന്വേഷണം അവരെയാണ് ഏൽപ്പിക്കുന്നതെങ്കിൽ പഴുതു നിറഞ്ഞ കുറ്റപത്രങ്ങളാവും കോടതിയിലെത്തുക.  ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ നിയോഗിച്ച് തട്ടിക്കൂട്ടിയ ഇത്തരം അന്വേഷണ റിപ്പോർട്ടുകൾ വഴി നീതിന്യായ കോടതിയിൽ നിന്ന് രക്ഷപെട്ട ശേഷമാണ് പലരും ഒരുളുപ്പുമില്ലാതെ ജനകീയ കോടതിയ്ക്കു തീരുമാനിക്കാമെന്ന് വീമ്പിളക്കുന്നത്.

ദീർഘിപ്പിക്കുന്നില്ല. ചരിത്രപരമായ ഒരു ദൌത്യം നിർവഹിക്കാനിറങ്ങുകയാണ് താങ്കൾ. അപ്പോൾ, സ്വന്തം ഓഫീസിലെ ചില മുൻഗാമികളുടെ മോഡസ് ഓപ്പറാണ്ടി ശ്രദ്ധയിൽപ്പെടുത്തിയെന്നേയുളളൂ. ഒരൂ ശുദ്ധികലശം താങ്കളുടെ ഓഫീസിലും ആവശ്യമാണ്. അല്ലെങ്കിൽ വിഷമിറക്കാൻ കടിച്ച പാമ്പിനെ കണ്ണിൽച്ചോരയില്ലാതെ നിയോഗിക്കണം. രണ്ടിനുമുളള പ്രാപ്തി അങ്ങേയ്ക്കുണ്ട്. അതുകൊണ്ട് ആശങ്കകളൊന്നുമില്ല.

നിയമവ്യവസ്ഥയിലും നീതിന്യായസംവിധാനങ്ങളിലുമുളള വിശ്വാസം വീണ്ടെടുക്കാൻ താങ്കൾക്കു കഴിയുമെന്ന ശുഭപ്രതീക്ഷയോടെ കത്തു ചുരുക്കുന്നു.

സസ്നേഹം


മാരീചൻ,
ശ്രീലങ്ക

Read More >>