ഒരു മെസ്സി വിരോധിയുടെ തുറന്ന കത്ത്

ഇത്രയും നാൾ ശത്രു പക്ഷത്തായിരുന്നെങ്കിലും, മെസ്സിയെ രഹസ്യമായി ആരാധിച്ചു പോന്നിരുന്നു- ഒരു മെസ്സി വിരോധിയുടെ തുറന്ന കത്തിൽ അഭിജിത്ത് അശോക് എഴുതുന്നു.

ഒരു മെസ്സി വിരോധിയുടെ തുറന്ന കത്ത്

അഭിജിത്ത് അശോക്

എപ്പോഴും താല്പര്യം മെസ്സി കളിക്കുന്ന ടീമിന്റെ ചിരവൈരികളോടായിരുന്നു. അത് മെസ്സിയോടുള്ള വിരോധം കൊണ്ടൊന്നുമായിരുന്നില്ല. ബ്രസീലും റയൽ മാഡ്രിഡും മെസ്സി കളി തുടങ്ങും മുന്നേ മനസ്സിൽ കേറിയത്‌കൊണ്ടാണ്.

2002ലെ ഒരു വൈകുന്നേരം കൊറിയയിൽ വെച്ച് നടന്ന വേൾഡ്കപ്പ് ട്രോഫി കഫു ബ്രസീലിന് വേണ്ടി എടുത്തുയർത്തുമ്പോ ഉണ്ടായ സന്തോഷം ഫൂട്‌ബോളിൽ ഇതുവരെ അനുഭവിച്ചിട്ടുമില്ല.
ബ്രസീൽ അന്ന് മുതൽ ഫൂട്‌ബോളിൽ ഒരു വികാരമാണ്. അതുപോലെ തന്നെ 2014ൽ ജർമ്മനിയോട് നാണം കെട്ട് തോറ്റത്ര വലിയ സങ്കടവും ഫുട്‌ബോളിൽ അനുഭവിച്ചിട്ടില്ല. ബ്രസീലിന്റെ പ്രേതം മാത്രമായ ഒരു ടീമിന്റെ കളി കാണാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇത്തവണ കോപ്പ വലുതായൊന്നും ഫോളോ ചെയ്തുമില്ല.


സ്പാനിഷ് ലീഗിൽ ആണെങ്കിൽ പഴയ റൊണാൾഡോ, കാർലോസ്, ബെക്കാം, സിഡാൻ, ഫിഗോ കാലം തൊട്ടേ റയൽ മാഡ്രിഡ് ആയിരുന്നു ഫേവറൈറ്റ്‌സ്. കാര്യം നെയ്മർ, ബാഴ്‌സലോണക്കാരനാണെങ്കിലും റയലിനോടുള്ള പഴയ ഇഷ്ടം എപ്പഴും നിലനിന്നുപോന്നു.

നാട്ടിലെ ഫ്‌ലക്‌സ് പോരും ക്ലാസ്രൂമിലെ വാക്‌പോരുമൊക്കെയായി അർജന്റീനയും ബ്രസീലുമൊക്കെ അയൽവക്കത്തെ ടീമാണെന്ന് തോന്നിയിരുന്ന ഒരു കാലത്തെ നൊസ്റ്റാൾജിയ ചിലപ്പോൾ പഴയ കളികളിലേക്കൊക്കെ ഒന്ന് പറന്ന് നോക്കാറുണ്ട്. 2006ൽ സെർബിയയോട് 6 ഗോളടിച്ച സമയത്താണ് മെസ്സിയെന്ന മുടി നീട്ടി വളർത്തിയ ഒരുത്തനെ അപ്പോഴത്തെ 15 വയസ്സുകാരൻ നോട്ടമിടുന്നത്.
ബ്രസീൽ ആരാധകനാണോ അവൻ അർജന്റീനയെ തെറി പറഞ്ഞേ നടക്കാവൂ എന്ന അലിഖിത നിയമമുള്ള നാടാണല്ലോ. ഇതുപോലൊരു ജൂൺ- ജൂലൈ മാസമായിരുന്നു, ജർമ്മനിയോട് തോറ്റ് അർജന്റീന ക്വാർട്ടറിൽ പുറത്തായ അന്ന് പടക്കം പൊട്ടിച്ചതോർമ്മയുണ്ട്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞപാടെ ബ്രസീലിന്റെ നെഞ്ചത്തിട്ട് ഫ്രാൻസും, ഞങ്ങടെ നെഞ്ചത്തിട്ട് അയൽവക്കക്കാരും പൊട്ടിച്ചു അതേ പടക്കം. 2010ൽ ക്വാർട്ടറിൽ ഇതേ പോലെ പുറത്തായ ശേഷം, ഏക ലക്ഷ്യം അർജന്റീനയുടെ ക്വാർട്ടർ മാച്ചായിരുന്നു. തൊട്ട് പിറ്റേ ദിവസം അങ്ങനെ അർജന്റീനയും പടമായതോടെ ചാറ്റൽ മഴയുള്ള ഒരു രാത്രിയിൽ പന്ത്ം കൊളുത്തി പ്രകടനം നടത്തി. അങ്ങനെ കളി വാശിയോടെ കാണാൻ തുടങ്ങിയ ലോകകപ്പുകളിലൊക്കെ ഞങ്ങൾ ബ്രസീൽ ഫാൻസും അർജന്റീന ഫാൻസും തുല്യദുഖിതരായി. അതിനിടയിൽ മനസിലെ വിഗ്രഹങ്ങളായിരുന്ന റൊണാൾഡോ, റിവാൾഡോ, കാർലോസ്, റൊണാൾഡീന്യോ എന്നിവരൊക്കെ കളം വിട്ടെങ്കിലും റൊബീന്യോയുടേയും കാകയുടെയും ചിറകിൽ ഉറച്ച ബ്രസീൽ ആരാധകനായി നിലകൊണ്ടു. അതായത് ക്രെസ്‌പോയും റിക്വൽമിയും മെസ്സിയുമുൾപ്പെടുന്ന അർജന്റീനയുടെ കടുത്ത വിരോധിയായി നിലകൊണ്ടു എന്ന്.

2014 വേൾഡ് കപ്പായിരുന്നു ഓർമ്മകളിൽ ഒട്ടും മായാത്തത്. മെസ്സി അപ്പോഴേക്കും ബാലൻഡിയോറുകളുടെ തിളക്കത്തിൽ വേറെ ലെവലിലുള്ള ഒരു ഐകൺ ആയി മാറിയിരുന്നു. ഞങ്ങടെ സ്വന്തം നാട്ടിൽ, റിയോയിൽ നടക്കുന്ന വേൾഡ്കപ്പിൽ ഞങ്ങളല്ലാതാര് എന്ന് തന്നെ ഉറച്ച് വിശ്വസിച്ചു. അർജന്റീനയെ തന്നെ എതിരാളിയായി ഫൈനലിൽ കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചു. അതിനൊക്കെ മുകളിൽ നെയ്മറിന്റെ നട്ടെല്ലിനേറ്റ പരിക്കും ജർമ്മനി അടിച്ചിട്ട 7 ഗോളും ആയപ്പോൾ അഹങ്കാരം ഒക്കെ ഒന്ന് തണുത്തിരുന്നു. 5 വേൾഡ് കപ്പിന്റെ തഴമ്പ് പറച്ചിലൊക്കെ നിർത്തിയിരുന്നു. അതല്ലേലും നമ്മളുടെ ഒരു വലിയ തോൽവിയിലാണല്ലോ ചിലരുടെ വലിയ വിജയങ്ങളൊക്കെ കാണാൻ പറ്റുക. അന്നാദ്യമായി ഞാൻ ഒരു ദിവസം ഫൈനലിൽ മെസ്സിയുടെ ടീമിന് വേണ്ടി ആഗ്രഹിച്ചു! ഒരു കടുത്ത ബ്രസീലാരാധകന്റെ, ഉള്ളിൽ രഹസ്യമായി കൊണ്ട് നടന്ന മെസ്സിയോടുള്ള സ്‌നേഹം പുറത്ത് വന്നതാകാം. ബ്രസീൽ തോറ്റത്ര സങ്കടം ഒന്നുമില്ലായിരുന്നെങ്കിലും, സച്ചിൻ ഒടുവിൽ ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തത് പോലെ മെസ്സിയും നേടും എന്ന് കരുതിയിരുന്ന പ്രതീക്ഷ തെറ്റിയപ്പോൾ സങ്കടം തോന്നി. എങ്കിലും കളി കഴിഞ്ഞപ്പോൾ 5 കപ്പിന്റെ കാര്യം പറഞ്ഞ് കളിയാക്കിയവന്മാർക്കൊക്കെ ഇട്ട് പതിവ് പോലെ കളർ ടീവീടെ കാര്യം പറഞ്ഞ് കളിയാക്കി ബ്രസീലിന്റെ തോൽവി കരഞ്ഞ് തീർത്തു. ദുംഗയുടെ പരിഷ്‌കാരങ്ങളോടുള്ള കടുത്ത എതിർപ്പുകൾക്കിടയിൽ മറഡോണ അർജന്റീനിയൻ കോച്ചായി വന്നതും, മെസ്സിയും ഒക്കെയാണ് എത്ര എതിർപ്പുകൾക്കിടയിലും ലാറ്റിനമേരിക്കൻ ഫുട്‌ബോളിനെ പേറുന്ന അർജന്റീനയെയും ഒന്നംഗീകരിക്കാൻ തന്നെ പാകപ്പെടുത്തിയത്.

പറഞ്ഞുവരുന്നത്, ഇത്രയും നാൾ ശത്രു പക്ഷത്തായിരുന്നെങ്കിലും, മെസ്സിയെ രഹസ്യമായി ആരാധിച്ചു പോന്നിരുന്നു, കട്ട ബ്രസീൽ ഫാനായി തുടർന്ന സമയങ്ങളിലൊക്കെ അന്നത്തെ ആവേശത്തിൽ മെസ്സിയെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിലും, അതൊന്നും മെസ്സിയോടുള്ള ദേഷ്യമായിരുന്നില്ല, ബ്രസീൽ എന്ന ടീമിനോടുള്ള അതിരുകടന്ന അഭിനിവേശം കൊണ്ടായിരുന്നു, ചിരവൈരികളായ അർജന്റീനയോടുള്ള വാശി കൊണ്ടായിരുന്നു.

മെസ്സി ഇന്റർനാഷണൽ കരിയറിൽ നിന്ന് വിരമിക്കുന്നു എന്നറിയുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ശൂന്യത അനുഭവപ്പെടുന്നുണ്ട്.

ഒരു മഹാനായ കളിക്കാരന്റെ കളി ഇനി കാണാതിരിക്കുന്നതിൽ മാത്രമല്ല, മെസ്സിയില്ലാത്ത അർജന്റീന ഒരു വെല്ലുവിളിക്ക് പോലുമില്ലാത്ത ടീമായി മാറുമല്ലോ എന്നത്‌കൊണ്ട് കൂടിയാണ്.
പ്രിയപ്പെട്ട മെസ്സീ, ചെയുടെ നാട്ടുകാരനായ നിങ്ങൾ തോറ്റ് പിൻമാറരുത്. ചെയുടെ നാടായിട്ടും അർജന്റീനയ്ക്ക് മുകളിൽ ബ്രസീലിനെ പ്രതിഷ്ഠിച്ച ഒരു കാലത്തെ കളിക്കാർ ചേർന്ന ഒരു ടീമുണ്ടായിരുന്നു, അതുപോലെ താങ്കളെ നെഞ്ചിലേറ്റുന്ന ഒരുപാട് ആരാധകരെ നിരാശരാക്കുന്ന വിരമിക്കൽതീരുമാനം പുനപരിശോധിച്ച് കാൽപ്പന്ത് കളിയിൽ വീണ്ടുംവിസമയങ്ങൾ രചിക്കാൻ താങ്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.മറ്റൊരു കാര്യം എന്താന്ന് വെച്ചാൽ ഇതു പോലൊരു ജൂണിൽ ജർമ്മനിയോട് പെനാൽടി ഷൂട്ടൗട്ടിൽ തോറ്റതിന് ശേഷമാണ് റിക്വൽമി വിരമിച്ചത്.എന്നിട്ടെന്തായി അടുത്ത വർഷത്തെ കോപയിലേക്ക് റിക്വൽമീനെ ടീം തിരിച്ച് വിളിച്ചു. റിക്വൽമി തിരിച്ചു വന്ന് അഞ്ച് ഗോളും അടിച്ച്, മനോം കവർന്ന് മെസിക്ക് അർജന്റീന ടീമിലേക്ക് തിരിച്ചു വരാതിരിക്കാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഫുട്‌ബോൾ ടീം വർക്കാണ്, കിരീട നേട്ടത്തിന് ഒറ്റ കളിക്കാരന്റെ പ്രതിഭ മാത്രം പോര. അതുകൊണ്ട് കപ്പ് നേടാത്ത മെസ്സിയെ കളിയാക്കുന്നവരോട് യോജിപ്പില്ല. ഫിഫാ റാങ്കിങ്ങിൽ തന്റെ ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ഞാൻ ചുരുക്കട്ടെ, ലയണൽ മെസ്സി തന്റെ ശൈലി കൊണ്ട്, ആറ്റിറ്റിയൂഡ് കൊണ്ട് പകരക്കാരനില്ലാത്ത പോരാളിയായി തന്നെയാണ് മനസ്സിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. വിരമിക്കുന്ന നേരത്ത് എന്നും എതിർപക്ഷത്തുണ്ടായിരുന്ന ടീമുകളുടെ ആരാധകന്റെ ഒരു ഉഗ്രൻ സല്യൂട്ട്. വിസ്മൃതിയിലേക്ക് പോകുന്നവയോടുള്ള പുകഴ്ത്തലുകളല്ല, ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളാണ്.

Hats off to the legend.

Read More >>