അമൃതാ ആശുപത്രി കാന്റീന്‍ നിര്‍മിച്ചത് അനധികൃതമായി; റെയില്‍വേയുടെ അനുമതി വേണമെന്ന ചട്ടം കൊച്ചി കോര്‍പ്പറേഷന്‍ പാലിച്ചില്ല

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന ആശുപത്രി കെട്ടിടങ്ങള്‍ മിക്കതും നിര്‍മിച്ചത് റെയില്‍വേയുടെ അനുമതി ഇല്ലാതെയാണെന്നതിന്റെ വിവരാവകാശ രേഖകളാണ് നാരദാ ന്യൂസിന് ലഭിച്ചിരിക്കുന്നത്.

അമൃതാ ആശുപത്രി കാന്റീന്‍ നിര്‍മിച്ചത് അനധികൃതമായി; റെയില്‍വേയുടെ അനുമതി വേണമെന്ന ചട്ടം കൊച്ചി കോര്‍പ്പറേഷന്‍ പാലിച്ചില്ല

തിരുവനന്തപുരം: കൊച്ചി അമൃതാ ആശുപത്രി കോമ്പൗണ്ടിലെ കെട്ടിടങ്ങളുടെ നിര്‍മാണം അനധികൃതമാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന ആശുപത്രി കെട്ടിടങ്ങള്‍ മിക്കതും നിര്‍മിച്ചത് റെയില്‍വേയുടെ അനുമതി ഇല്ലാതെയാണെന്നതിന്റെ വിവരാവകാശ രേഖകളാണ് നാരദാ ന്യൂസിന് ലഭിച്ചിരിക്കുന്നത്. റെയില്‍വേ ട്രാക്കില്‍ നിന്നും മുപ്പത് മീറ്ററിനകത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിനായി റെയില്‍വേയുടെ എന്‍ഒസി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നേടണം. എന്നാല്‍ റെയില്‍വേയുടെ എന്‍ഒസി ലഭിക്കാതെയാണ് ആശുപത്രിയിലെ കാന്റീന്‍ കെട്ടിടങ്ങള്‍  നിര്‍മിച്ചിരിക്കുന്നതെന്ന്  വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മയാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്.


13515338_1106712372735160_1705694603_nഅമൃതാ ആശുപത്രി കാന്റീന്‍ നിര്‍മാണ അനുമതിക്കായി കൊച്ചി കോര്‍പ്പറേഷന് നല്‍കിയ അപേക്ഷയും ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനും റെയില്‍വെയും നല്‍കിയ മറുപടികളും കെട്ടിട നിര്‍മാണം അനധികൃതമാണെന്നത് വ്യക്തമാക്കുന്നു. റെയില്‍വേ ട്രാക്കില്‍ നിന്നും 6.50 മീറ്റര്‍ മാറി മാത്രമാണ് കാന്റീന്‍ നിര്‍മിച്ചിരിക്കുന്നത്.

കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കേണ്ടത് കൊച്ചിന്‍ കോര്‍പ്പറേഷനാണ്. റെയില്‍വേയുമായി ചേര്‍ന്നിരിക്കുന്ന സ്ഥലമായതിനാല്‍ റെയില്‍വേയുടെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കോര്‍പ്പറേഷന് അധികാരമില്ലെന്നിരിക്കേയാണ് അമൃതാ ആശുപത്രിക്ക്  കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍മാണ അനുമതി നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷന്‍  അധികാരപരിധിയിലുള്ള അമൃതാ ആശുപത്രി സമുച്ചയത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ നിയമാനുസൃതമാണെന്ന് വിവരാവകാശ പ്രകാരം മറുപടി നല്‍കുന്ന കോര്‍പ്പറേഷന്‍, മുപ്പത് മീറ്റര്‍  പരിധിക്കകത്തുള്ള കെട്ടിടങ്ങള്‍ക്ക്  റെയില്‍വേയുടെ എന്‍ഒസി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍ അമൃതാ ആശുപത്രിയുടെ ഭാഗമായി റെയില്‍വേ ട്രാക്കിന്റെ അതിര്‍ത്തിയില്‍ 30 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ദക്ഷിണ റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന മറുപടി.കൂടാതെ കാന്റീന്‍ നിര്‍മിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആശുപത്രിയില്‍ നിന്നും അപേക്ഷ ലഭിച്ചിരുന്നതായും മറുപടിയില്‍ പറയുന്നു.

ആശുപത്രി കാന്റീന്‍ നിര്‍മാണത്തിനായി അമൃതാനന്ദമയീ മഠം സെക്രട്ടറി 08/11/2005 കൊച്ചി കോര്‍പ്പറേഷന് നല്‍കിയ അപേക്ഷയുടെ മറുപടിയായി കെട്ടിട നിര്‍മാണത്തിനായുള്ള സ്ഥലം റെയില്‍വേ ട്രാക്കുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ആയതിനാല്‍  റെയില്‍വേയുടെ എന്‍ഒസി ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. റെയില്‍വേയുടെ അംഗീകാരത്തിനായി രണ്ട് തവണ ആശുപത്രി അപേക്ഷ നല്‍കിയെങ്കിലും എന്‍ഒസി ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണ്.

13521736_1106712376068493_7399300_n

28/2/2006 ലാണ് ആശുപത്രി ആദ്യമായി റെയില്‍വേ അനുമതിക്കായി അപേക്ഷിക്കുന്നത്. എന്നാല്‍ ഇതിന് റെയില്‍വേയില്‍ നിന്ന് എന്‍ഒസിയോ എതിര്‍പ്പോ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 17/7/2006 ല്‍ വീണ്ടും ആശുപത്രി റെയില്‍വേക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും എന്‍ഒസിയോ ഒബ്ജക്ഷനോ ലഭിച്ചില്ലെന്നാണ് കോര്‍പ്പറേഷന്‍ രേഖകളില്‍ പറയുന്നത്. എന്നാല്‍ 28/2/2006 ന് ആശുപത്രി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ മറുപടി നല്‍കിയതായി റെയില്‍വേ രേഖകളില്‍ നിന്ന് വ്യക്തമാണ്. 15/3/2006 ന് തന്നെ റെയില്‍വേ മറുപടി നല്‍കിയതായി വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇതില്‍ റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കെട്ടിട നിര്‍മാണം ആരംഭിക്കാവൂ എന്ന് റെയില്‍വേ വ്യക്തമാക്കുന്നുണ്ട്.

13521063_1106712362735161_28230548_n

എന്നാല്‍, റെയില്‍വേയില്‍ നിന്നും യാതൊരു മറുപടിയും ലഭിക്കാത്ത സാഹചര്യത്തില്‍ 1999 കേരളാ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍ പ്രകാരം കെട്ടിട നിര്‍മാണത്തിന് കോര്‍പ്പറേഷന്‍ അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. റെയില്‍വേയില്‍ നിന്ന് എന്‍ഒസി ലഭിക്കുമ്പോള്‍ ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റ് എഗ്രിമെന്റ് നല്‍കിയിട്ടുണ്ടെന്നാണ് ഇതിന് വിശദീകരണമായി കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള എന്‍ഒസിക്കായി റെയില്‍വേക്ക് നല്‍കിയ അപേക്ഷയില്‍ മൂന്ന് മാസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന് നിര്‍മാണ അനുമതി നല്‍കാം. എന്നാല്‍ വിവരാവകാശ  പ്രകാരം ലഭിച്ച മറുപടിയില്‍ കാന്റീന്‍ നിര്‍മാണത്തിന് എന്‍ഒസി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നുണ്ട്.

ഇതേ രേഖയില്‍ തന്നെ എന്‍ഒസിക്കായി റെയില്‍വേയുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ കെട്ടിട നിര്‍മാണം ആരംഭിച്ചതായും വ്യക്തമാകുന്നുണ്ട്.

Read More >>