ഭൂമി ഏറ്റെടുക്കലിന്റെ അമരാവതി മോഡല്‍

പൂര്‍ണമായ ഏറ്റെടുക്കലല്ല, ലാന്റ് പൂളിങ്ങാണ് അമരാവതി മോഡല്‍. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായി കൈക്കൊള്ളുന്നില്ല. പദ്ധതികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി ആദ്യം ഏറ്റെടുക്കുന്നു. പിന്നീട് ഡെവലപ്‌മെന്റ് സ്റ്റേജ് കഴിഞ്ഞാല്‍ നിശ്ചിതശതമാനം ഭൂമി മുന്‍നിശ്ചയപ്രകാരം ഉടമസ്ഥനു തിരികെ കൊടുക്കുന്നു.

ഭൂമി ഏറ്റെടുക്കലിന്റെ അമരാവതി മോഡല്‍

പ്രശാന്ത് ദീപ കളത്തില്‍

സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ എല്ലാക്കാലത്തും ഒരു വലിയ പ്രശ്‌നമാണ്. ജനസാന്ദ്രത കൂടിയ കേരളം, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ദേശീയപാതാ വികസനത്തിന് 60 മീറ്ററിനു പകരം 45 മീറ്റര്‍ മതിയെന്ന് പുനക്രമീകരിക്കാന്‍തന്നെ കാരണം അതായിരുന്നു. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍പ്പോലും ഈയിടെയായി ഭൂമി ഏറ്റെടുക്കല്‍ പരിഹരിക്കാനാവാത്ത വിഷയമായതിനാല്‍ പല പദ്ധതികളും താല്‍ക്കാലികമായിട്ടെങ്കിലും നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇതിനിടയിലാണ് ആന്ധ്രയിലെ പുതിയ തലസ്ഥാനത്തിന്റെ ആലോചനകള്‍ ചൂടുപിടിക്കുന്നത്. ഗുണ്ടൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്ഥലമാണ് തലസ്ഥാനത്തിനായി കണ്ടെത്തിയത്. കോസ്താ ആന്ധ്രയില്‍ കൃഷ്ണാ നദിയുടെ കരയില്‍, പ്രകാശം തടയണയില്‍നിന്ന് ആവോളം വെള്ളം ലഭിക്കുന്ന, നല്ല ഫലഭൂയിഷ്ടമായ സ്ഥലമാണ് ഇത്. ഇക്കാരണംകൊണ്ടും വിജയവാഡ, ഗുണ്ടൂര്‍ നഗരങ്ങളുടെ സാമീപ്യം കൊണ്ടും അതൊരു എജ്യുക്കേഷന്‍ ഹബ്ബായതുകൊണ്ടും ഭൂമിയ്ക്ക് നല്ല വിലയുള്ള സ്ഥലം. ഭൂമി ലഭിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ സമയമെടുക്കുന്ന പ്രക്രിയയും. അവിടെ നിന്നാണ് അമരാവതി മോഡല്‍ എന്ന് ഇന്നെല്ലാവരും പറയുന്ന സ്ട്രാറ്റജിക്കല്‍ മൂവ് തുടങ്ങുന്നത്. വാസ്തവത്തില്‍ ഗുജറാത്തില്‍ കാലങ്ങളായി നടപ്പാക്കിയ രീതിയാണിത്, പക്ഷെ ലാര്‍ജ്‌സ്‌കേല്‍ പ്ലാനിങ്ങ് ആദ്യമായിട്ട് അമരാവതിയുടേതാണ്.


പൂര്‍ണമായ ഏറ്റെടുക്കലല്ല, ലാന്റ് പൂളിങ്ങാണ് അമരാവതി മോഡല്‍. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായി കൈക്കൊള്ളുന്നില്ല. പദ്ധതികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി ആദ്യം ഏറ്റെടുക്കുന്നു. പിന്നീട് ഡെവലപ്‌മെന്റ് സ്റ്റേജ് കഴിഞ്ഞാല്‍ നിശ്ചിതശതമാനം ഭൂമി മുന്‍നിശ്ചയപ്രകാരം ഉടമസ്ഥനു തിരികെ കൊടുക്കുന്നു. ഏറ്റെടുക്കുമ്പോള്‍ പോളിസി അനുസരിച്ചുള്ള വില നല്‍കുന്നുണ്ട്. പത്ത് വര്‍ഷത്തേയ്ക്ക് നിശ്ചിത തുക വാര്‍ഷിക വേതനമായും നല്‍കും. പിന്നീട് വികസ പദ്ധതികള്‍ക്ക് ശേഷം ഭൂമി കൈമാറുമ്പോഴേയ്ക്ക് മുന്‍പില്ലാതിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടുമുണ്ടായിരിക്കും.

ഭൂമി ഏറ്റെടുക്കല്‍ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയില്‍ ലാന്റ് പൂളിങ്ങ് ഒരു വിജയകരമായ മാതൃകയാകാനാണ് സാധ്യത. ഭൂമിയെ ഉപജീവനമാര്‍ഗമായി ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ പൂര്‍ണ്ണമായ നഷ്ടം പൊതുവെ സ്വീകാര്യമാവില്ല. മാത്രമല്ല മാറ്റിപ്പാര്‍പ്പിക്കല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. മുംബൈയിലെ ചേരി പുനരധിവാസ പദ്ധതികള്‍ ആദ്യഘട്ടത്തില്‍ വിജയിക്കാതെ പോയത് മാറ്റിപ്പാര്‍ക്കിക്കുന്ന സ്ഥലം വളരെ ദൂരെയായതുകൊണ്ടാണ്. നിശ്ചിതകാലത്തേക്കുള്ള വാര്‍ഷിക വേതനം, ഭൂമിക്ക് ലഭിക്കുന്ന വില, തിരിച്ച് ലഭിച്ച ശേഷം ഭൂമിക്കുണ്ടാകുന്ന വിലക്കയറ്റം, ആ പ്രദേശത്ത് തന്നെ ജീവിക്കാനോ തൊഴിലെടുക്കാനോ ഉള്ള സാധ്യത എന്നിങ്ങനെ വിവിധ നേട്ടങ്ങളുണ്ട് ഈ രീതിക്ക്. പുനരധിവാസവുമായി ബന്ധപ്പെട്ട സ്ഥിരം പ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിക്കാനാവുമെന്ന മെച്ചമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാലതാമസം കാര്യമായി കുറയുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു ഫാള്‍സ്പ്രൂഫ് രീതിയൊന്നുമല്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ സമ്മതം ഇവിടെയും പ്രശ്‌നമാവുന്നുണ്ട്. വില ഇടുന്നതിലെ പ്രശ്‌നങ്ങളും നഷ്ടപരിഹാരം നല്‍കലും ആണ് അമരാവതിയില്‍ പ്രധാന പ്രതിരോധം സൃഷ്ടിച്ചത്. ഫലഭൂയിഷ്ടമായ സ്ഥലം റിയല്‍ എസ്റ്റേറ്റ് ലക്ഷ്യത്തോടെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെന്നുള്ള നിലപാട് വേറെ. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി / നേതാക്കള്‍ / അവരുടെ ഉപജാപകര്‍ തുടങ്ങിയവര്‍ സ്ഥലത്തെ പ്രധാന മാഫിയ ആയി മാറുകയെന്നത് ഈ മോഡലിന്റെ ഒരു സ്വാഭാവിക പരിണതിയാണ്. അമരാവതിയെപ്പറ്റി ഇപ്പോളുള്ള ഒരാരോപണമാണിത്.

കുറച്ചുകാലമായി പല പദ്ധതികളും ഭൂമി ഏറ്റെടുക്കലില്‍ തട്ടി നിന്നുപോയതു കാരണം അമരാവതി മോഡല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഈയിടെ പ്രഖ്യാപിച്ച നാഗ്പൂര്‍ - മുംബൈ എക്‌സ്പ്രസ് ഹൈവേ ലക്ഷ്യമാക്കുന്നത് വിദര്‍ഭയിലേയും മറാഠയിലെയും കര്‍ഷകഭൂമി ലാന്റ് പൂളിങ്ങിലൂടെ നടപ്പാക്കുന്നതിലാണ്. ഇനി കേരളത്തിലെ ഹൈവേ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇതെങ്ങനെ ഉപയോഗിക്കാമെന്നാണ് ചിന്തിക്കേണ്ടത്. മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി, സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പൊസഷനുണ്ടാവുന്നത് ചെറിയ അളവിലുള്ള ഭൂമിയായിരിക്കും കൂടുതലും. അതുകൊണ്ടുതന്നെ അതിന്റെ ആഘാതം കൂടുതലാണ്. ലാന്റ് പൂളിങ് എങ്ങനെ ഫലപ്രദമായി, ഒരു സഹായകരമായ വികസന മാതൃകയായി അവതരിപ്പിക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

(പരിസ്ഥിതിയും ജനങ്ങളുടെ പരിതസ്ഥിതിയും മറന്നുകൊണ്ടല്ല ഇതെഴുതിയത്. ചില സമവായങ്ങള്‍ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്ന ആളാണ് ഞാന്‍. ആതിരപ്പള്ളി പദ്ധതി ഒഴിവായിപ്പോവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ഊര്‍ജ്ജപ്രതിസന്ധിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. പറഞ്ഞുവരുന്നത്, ചാപ്പയടിക്കാനുള്ള ആ വലിയ സീല്‍ പുറത്തെടുക്കണ്ടയെന്നാണ്. റോഡളക്കാന്‍ ആരും ഈ വളപ്പില്‍ കയറണ്ട എന്ന ബോര്‍ഡ് ഇപ്പോഴും പല ഗേറ്റുകളിലും തൂങ്ങിക്കിടപ്പുണ്ട്.)

Story by