കറുപ്പത്തോട്ടം അഴിമതിക്കേസിൽ കാന്തപുരത്തെ ഒഴിവാക്കി വിജിലൻസ്; ജേക്കബ് തോമസ് ഡയറക്റ്ററായിട്ടും ഒന്നും ശരിയായില്ല; തുടച്ചുനീക്കിയത് ചരിത്രശേഷിപ്പുകൾ

2000-01ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറി എന്ന നിലയില്‍ എസ്റ്റേറ്റ് ഉടമകളായ സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരില്‍ നിന്നു 300 ഏക്കര്‍ കറപ്പത്തോട്ടം വിലയ്ക്കുവാങ്ങിയിരുന്നു. തുടര്‍ന്നു മുക്ത്യാര്‍ വഴി കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഭൂമിയുടെ തരം എസ്റ്റേറ്റ് ആണെന്നാണു രേഖകളില്‍. എന്നാല്‍ ഇവിടത്തെ കറപ്പ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റുകയും പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും ചെയ്തു.

കറുപ്പത്തോട്ടം അഴിമതിക്കേസിൽ കാന്തപുരത്തെ ഒഴിവാക്കി വിജിലൻസ്; ജേക്കബ് തോമസ് ഡയറക്റ്ററായിട്ടും ഒന്നും ശരിയായില്ല; തുടച്ചുനീക്കിയത് ചരിത്രശേഷിപ്പുകൾ

കണ്ണൂർ: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാട് അഴിമതി കേസില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരെ രക്ഷിക്കാന്‍ ആസൂത്രിത നീക്കമെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കാന്തപുരത്തെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ തലശ്ശേരി വിജിലൻസ് കോടതിയെ സമീപിച്ചു. കേസ് ജൂലായ് ഒന്നാം തീയതിയിലേക്ക് വിധി പറയാനായി മാറ്റിവച്ചു.

2000-2001ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറി എന്ന നിലയില്‍ എസ്റ്റേറ്റ് ഉടമകളായ സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരില്‍ നിന്നു 300 ഏക്കര്‍ കറപ്പത്തോട്ടം വിലയ്ക്കുവാങ്ങിയിരുന്നു. തുടര്‍ന്നു മുക്ത്യാര്‍ വഴി കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഭൂമിയുടെ തരം എസ്റ്റേറ്റ് ആണെന്നാണു രേഖകളില്‍. എന്നാല്‍ ഇവിടത്തെ കറപ്പ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റുകയും പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും ചെയ്തു. 2000ത്തില്‍ കാന്തപുരം ഈ ഭൂമി വാങ്ങുമ്പോള്‍ തന്നെ വസ്തുവിന്റെ തരം മാറ്റിയത് ഒന്നാം എതിര്‍ കക്ഷിയായ സബ് രജിസ്ട്രാറുടെ സഹായത്താലാണെന്നും വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കാന്തപുരത്തിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം ശ്രമിച്ചതായി ഇല്ല.  വിജിലൻസ് കോടതി ഉത്തരവ് പ്രകാരം ഇപ്പോള്‍ പുരോഗമിക്കുന്ന അന്വഷണത്തില്‍ നിന്നും കാന്തപുരത്തെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നത് എന്നാണ് ആരോപണം.


image

picകറപ്പത്തോട്ട ഭൂമി ഇടപാട് കേസ്, തുടച്ചു മാറ്റിയത് ചരിത്രശേഷിപ്പുകള്‍

1767ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച അഞ്ചരക്കണ്ടി കറപ്പത്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തോട്ടമായും ലോകത്തിലെ രണ്ടാമത്തെ തോട്ടമായും ആണ് വിലയിരുത്തപ്പെടുത്തുന്നത്. വില്യം ലോഗന്റെ മലബാര്‍ മാന്വവലില്‍ കറുവാപ്പട്ടയും, ഗ്രാമ്പുവും, കുരുമുളകും, മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഉത്പാദിപ്പിച്ചിരുന്ന തോട്ടമായാണ് വിശദീകരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് കറുവാപ്പട്ട ഉത്പാദനവും , കറുവാപ്പട്ടയില്‍ നിന്ന് സുഗന്ധതൈലം ഉത്പാദിപ്പിക്കുന്നതും നേരിട്ട് കാണാന്‍ അവസരവും നല്‍കിയിരുന്നു. മലബാര്‍ മാന്വല്‍ രേഖപ്പെടുത്തുന്നത് അഞ്ചരക്കണ്ടി തോട്ടം 1817 ഏപ്രില്‍ 30ന് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മർഡോക്ക് ബ്രൗണ്‍ സായിപ്പിന് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയെന്നാണ്. തോട്ടം അഞ്ചരക്കണ്ടി, മമ്പ, മുരിങ്ങേരി, പാലേരി, കാമത്ത് എന്നീ ദേശങ്ങളിലായി വ്യാപിച്ച് കിടന്നിരുന്നു. എസ്റ്റേറ്റിന്റെ വലിയ ഭാഗം അഞ്ചരക്കണ്ടിയിലും ചെറിയ ഭാഗം തലശ്ശേരി താലൂക്കിലെ പടുവിലായിലും ആണ് ഉള്‍പ്പെട്ടിട്ടുള്ളത്.

1865 ഫെബ്രുവരി ഒന്നിന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ രജിസ്ട്രാർ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കുന്നത് ഈ തോട്ടം രജിസ്റ്റർ  ചെയ്യുന്നതിന് വേണ്ടിയാണ്. പഴശ്ശിരാജാവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തെ സംബന്ധിക്കുന്ന രേഖകളിലും തോട്ടത്തെ സംബന്ധിച്ചു പറയുന്നുണ്ട്.  ബ്രൗണ്‍ കുടുംബം തോട്ടം പരിപാലിച്ചിരുന്ന കാലത്ത് വൈസ് റോയ് വെല്ലസ്ലി പ്രഭു ഇവിടെ സന്ദര്‍ശിച്ചതായും രേഖകള്‍ പറയുന്നു.

1967ല്‍ തോട്ടവും അതിലെ കെട്ടിടങ്ങളും ഉള്‍പ്പടെ  ക്രയിഗ് ജോണ്‍സിനും ഭാര്യ ഡോറോത്തി ക്രയിഗ് ജോണ്‍സിനും വിറ്റു. 1973ല്‍ രണ്ടത്തറ എസ്റ്റേറ്റിന്റെ ഉടമസ്ഥരായ കെ എല്‍ ജേക്കബിന്റെ കൈകളിലേക്ക് ഉടമസ്ഥാവകാശം എത്തി. പിന്നീട് സുരേഷ് മൈക്കിൾ, നിര്‍മല മൈക്കിൾ എന്നിവരും ഉടമകളായി. ഇവരാണ് 2000ല്‍ മര്‍ക്കസിന് ഭൂമി വില്‍ക്കുന്നത്. അന്നത്തെ രേഖകള്‍ പ്രകാരം അഞ്ചരക്കണ്ടിയിലെ ഭൂമി തോട്ടമായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2003ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ കാരന്തൂര്‍ മര്‍കസ് സെക്രട്ടറി എന്ന നിലയില്‍ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ജബ്ബാറിന് മുക്ത്യാര്‍ നൽകുമ്പോള്‍ ഭൂമിയെ തോട്ടത്തിന് പകരം ഗാര്‍ഡന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് 2003 മുതല്‍ അബ്ദുൾ ജബ്ബാര്‍ പലതവണയായി തന്റെ മക്കളുടെയും പ്രസ്റ്റീജ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെയും പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തു.

എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പക്ഷം അതു സര്‍ക്കാരിലേക്കു നിക്ഷിപ്തമാവുമെന്നാണു ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്നത്. എസ്റ്റേറ്റ് ഭൂമി മുറിച്ചു വില്‍ക്കാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നാണു ചട്ടം. എന്നാല്‍ ഇവിടെ ഗാര്‍ഡന്‍ എന്ന പഴുതുപയോഗിച്ചു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റിസോര്‍ട്ട് തുടങ്ങിയവ നിർമ്മിച്ചു. ഗാര്‍ഡന്‍ ഭൂമിയായി രേഖപ്പെടുത്തുമ്പോള്‍ ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെക്കാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഈ നിയമവും ഇവിടെ ലംഘിക്കപ്പെട്ടതായി വിജിലന്‍സ് കണ്ടെത്തി.

2003ല്‍ അബ്ദുള്‍ ജബ്ബാർ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമിയില്‍ കൃഷി നടക്കുന്നില്ലെന്നും യാതൊരു വിധ സ്ഥാപനങ്ങളോ കെട്ടിടങ്ങളോ നിലനില്‍ക്കുന്നില്ല എന്നുമാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. അതേസമയം, മലബാര്‍ മാന്വവലില്‍ മലയാള ഭാഷയുടെ വളര്‍ച്ചക്ക് ഏറ്റവും വലിയ സംഭാവനകള്‍ നൽകിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിരുന്ന ഒരു ബംഗ്ലാവിനെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഷന്‍ നടപടികള്‍ നടന്നു വന്നിരുന്ന കെട്ടിടമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ തെംസ് നദിക്കരയിലുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ 1860ല്‍ നിര്‍മ്മിച്ച ഈ ബംഗ്ലാവിന്റെ പേരില്‍ 2008 വരെ കെട്ടിട നികുതി അടച്ചതായും രേഖകള്‍ ഉണ്ടെന്ന് വിജിലന്‍സ് പറയുന്നു. 2008വരെ ഉണ്ടായിരുന്ന കെട്ടിടം 2003ലെ രേഖകളില്‍ കാണാതായത് എങ്ങിനെ എന്നാണ് സംശയം. രേഖകൾ സാധൂകരിക്കുന്നതിനായി കറുപ്പ മരങ്ങളും മുറിച്ചുമാറ്റി. ചരിത്രപരമായി സംരക്ഷിക്കപ്പെടേണ്ടുന്ന കെട്ടിടവും വസ്തുക്കളും ആണ് സ്വകാര്യവ്യക്തി കൈയേറ്റം ചെയ്ത് നാമാവശേഷമാക്കിയത്.  ഇതിനു കൂട്ടുനിന്നത് ഉന്നത ഉദ്യോഗസ്ഥരും.

ഭൂമി ഇടപാട് നടന്ന കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് സെക്രട്ടറി, അഞ്ചരക്കണ്ടി വില്ലേജ് ഓഫീസര്‍ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വിമുക്തഭടനായ ഇരിട്ടി പെരിങ്കിരിയിലെ അറാക്കല്‍ വീട്ടില്‍ എ.കെ.ഷാജി നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തണമെന്ന തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണു കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എ.വി പ്രദീപ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ എതിര്‍കക്ഷികളായ നാലുപേര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തി. എസ്റ്റേറ്റ് ഭൂമി ഗാര്‍ഡന്‍ എന്നാക്കി വില്‍പ്പന നടത്തുകയായിരുന്നു. ഇതിനു റവന്യൂ, പഞ്ചായത്ത് അധികൃതര്‍ കൂട്ടുനിന്നെന്നാണ് ആരോപണം.

sisilu

sisil 2

karuva 3

karuva 4

കാന്തപുരം അബ്ദുള്‍ ജബ്ബാറിന് മുക്തിയാര്‍ നൽകിയത് തന്നെ ദുരുദ്ദശത്തോടെ ആയിരുന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. സമൂഹത്തിലെ തന്റെ പേരിനും സ്ഥാനത്തിനും കോട്ടം തട്ടാത്ത രീതിയില്‍ കച്ചവടലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ കാര്യങ്ങൾ നീക്കിയത്. കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയായി മാറിയ വസ്തുവില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ഭൂവുടമകളുടെ സാമ്പത്തിക സ്വാധീനം മൂലമാണ് എന്നും ഷാജി ആരോപിക്കുന്നു.  പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചത് തന്നെ വ്യാജ രേഖകളില്‍ ആണ് എന്ന് തെളിഞ്ഞാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകും എന്ന ആശങ്കയും ഇപ്പോഴുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ശക്തമായി സമസ്ത പ്രചാരണ രംഗത്തുണ്ടായിരുന്നു. കാന്തപുരത്തിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉൾപ്പടെ രംഗത്ത് വന്നതും വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കറുപ്പത്തോട്ട അഴിമതി കേസിലും കാന്തപുരത്തെ സംരക്ഷിക്കാനാണോ എല്‍ഡിഎഫ് ശ്രമമെന്നും പരാതിക്കാര്‍ സംശിയിക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കാന്തപുരത്തെ ഒഴിവാക്കാനുള്ള ശ്രമവും ഈ ഗുഢാലോചനയുടെ ഭാഗമാണ് എന്നും എതിര്‍ഭാഗം ആരോപിക്കുന്നുണ്ട്.

Read More >>