മാധ്യമ ശ്രദ്ധ നേടാന്‍ കളക്ടറുടെ ശ്രമം; നൂറു രൂപയുടെ 'കൈക്കൂലി' കേസില്‍ വൃദ്ധൻ റിമാന്‍ഡില്‍

കളക്ട്രേറ്റിൽ ചികിത്സാസഹായം തേടിയെത്തിയ ഒരു സ്ത്രീയിൽ നിന്നു നൂറുരൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ കഴിഞ്ഞ 23-ാം തീയതി മുതൽ റിമാൻഡിൽ കഴിയുകയാണ്, വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് രാധാ നിവാസില്‍ ശശിധരന്‍നായർ. കളക്റ്ററുടെ നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്.

മാധ്യമ ശ്രദ്ധ നേടാന്‍ കളക്ടറുടെ ശ്രമം; നൂറു രൂപയുടെ

"പുലയനാര്‍കോട്ട വൃദ്ധസദനത്തില്‍ പ്രായമായവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും നല്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് കൈക്കൂലി വാങ്ങി ജീവിക്കാന്‍ മാത്രമേ ചിലര്‍ക്കു താത്പര്യമുള്ളൂ. അതനുവദിക്കാനാവില്ല," വാക്കുകൾ തിരുവനന്തപുരം കളക്റ്റർ ബിജു പ്രഭാകർ വക. പറയുന്നത്, കളക്ടറേറ്റിൽ ആവലാതിയുമായി എത്തുന്നവർക്ക് പരാതിയെഴുതിക്കൊടുത്ത് കിട്ടുന്നതു വാങ്ങി ജീവിച്ചുപോന്ന ഒരു ദരിദ്ര വൃദ്ധനെക്കുറിച്ച്. കൺസൽട്ടേഷൻ ഫീ എന്നോ സർവീസ് ചാർജ്ജ് എന്നോ ഓമനപ്പേരില്ലെന്നു മാത്രമേയുള്ളൂ, ഇവർ ചെയ്യുന്ന പണിക്ക്. പക്ഷെ പറഞ്ഞുവന്നാൽ സംഗതി അതുതന്നെ. ഓരോ വിഷയത്തിലും ബന്ധപ്പെട്ട വകുപ്പിലേക്കു പരാതി ഡ്രാഫ്റ്റ് ചെയ്തു നൽകുക.


കളക്ടറേറ്റിൽ ചികിത്സാസഹായം തേടിയെത്തിയ ഒരു സ്ത്രീയിൽ നിന്നു നൂറുരൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ കഴിഞ്ഞ 23-ാം തീയതി മുതൽ റിമാൻഡിൽ കഴിയുകയാണ്, വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് രാധാ നിവാസില്‍ ശശിധരന്‍നായർ. കളക്റ്ററുടെ നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. ഗതികേട് കൊണ്ട് വാര്‍ദ്ധക്യത്തിലും ഇത്തരത്തില്‍ എങ്കിലും പണിയെടുത്ത് ജിവിക്കുന്നവരേ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കില്ലേ എന്ന നാരദാ ന്യൂസിന്റെ അന്വേഷണത്തോടായിരുന്നു, മേൽക്കുറിച്ച മറുചോദ്യം ബിജു പ്രഭാകർ ഉന്നയിച്ചത്.

അപേക്ഷ തയ്യാറാക്കി നല്‍കാന്‍ വീട്ടമ്മയില്‍ നിന്ന് നൂറു രൂപ കൈപ്പറ്റിയെന്ന പരാതിയില്‍ ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെയാണ് തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകർ പോലീസിനെ കൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്നാണ് ആരോപണം. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരു വീട്ടമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തന്റെ ഭര്‍ത്താവിന്റെ ആനുകൂല്യത്തിനായി കളക്ടറേറ്റില്‍ എത്തിയപ്പോള്‍ അപേക്ഷ നല്‍കാനായി ശശിധരന്‍ നായരെ ഏല്‍പ്പിക്കുകയായിരുന്നു. ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടുന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാന്‍ നൂറു രൂപ വാങ്ങി എന്നതാണ് വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ നിയമപരമായി സ്വീകരിക്കേണ്ട യാതൊരു നടപടികളും സ്വീകരിക്കാതെ കളക്ടര്‍ എടുത്ത് ചാടി എന്നാണ് വിമര്‍ശനം.

ഇങ്ങനെയൊരു പരാതിയുണ്ടായാല്‍ ആദ്യം പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടത്. അത് ഇക്കാര്യത്തില്‍ നടന്നിട്ടില്ല. നൂറ് രൂപ വാങ്ങി എന്ന ആരോപണത്തില്‍ ഡോക്ടറുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയിട്ടില്ല. ഈ പരാതി തന്നെ വ്യാജമാണോ എന്നും സംശയമുണ്ട്. 70 വയസ്സുള്ള ഒരാള്‍ കളക്ടറേറ്റിന് മുന്നില്‍ അപേക്ഷ എഴുതാന്‍ ഇരിക്കണമെങ്കില്‍ അയാളുടെ സാമ്പത്തിക സ്ഥിതി എത്രമാത്രം പിന്നോക്കമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. യാതൊരു വിധത്തിലുമുള്ള മാനുഷിക പരിഗണന നല്‍കാതെ ഇയാളെ അറസ്റ്റ് ചെയ്യുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി നല്‍കുകയും ചെയ്തത് പക്വതയില്ലാത്ത നടപടിയായി ആണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം കളക്ട്രേറ്റിൽ പരാതി നൽകാൻ വരുന്ന സാധാരണക്കാരെ കബളിപ്പിച്ചു ജീവിക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കണം എന്ന അഭിപ്രായമുള്ളവരുമുണ്ട്.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ശശിധരന്‍ നായരെ അറസ്റ്റ് ചെയ്തത് എന്നു പേരൂര്‍ക്കട എസ് ഐ പ്രേമകുമാര്‍ നാരദാന്യൂസിനോട് വ്യക്തമാക്കി. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് കേസെടുത്തത്. പിഴ മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതില്‍പ്പെടുക. സ്ഥിരമായി ഡോക്ടര്‍ക്ക് കൊടുക്കാനെന്ന പേരില്‍ ഇയാള്‍ ആളുകളില്‍ നിന്ന് 100 രൂപ വീതം വാങ്ങിയിരുന്നു എന്നും ഇയാളിപ്പോള്‍ റിമാന്‍ഡിലാണെന്നും പോലീസ് വ്യകതമാക്കി. അതേസമയം, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയോ ഡോക്ടറെ സമീപിച്ച് തെളിവ് ശേഖരിക്കുകയോ ഇത് വരെ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ശശിധരന്‍ നായര്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ 100 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍ മുതല്‍ അത് ഉപയോഗിച്ച് സേവനങ്ങള്‍ നല്കുന്ന കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ വരെ സമാധാനം പറയേണ്ടി വരും. അന്വേഷണം സംബന്ധിച്ച് പോലീസിന് ഇപ്പോഴും ആശയക്കുഴപ്പുമുണ്ട് എന്നും വ്യക്തമാണ്.

പ്രായമായി എന്നു കരുതി കുറ്റകൃത്യം ചെയ്യുന്നവരോട് കണ്ണടയ്ക്കാന്‍ സാധിക്കില്ല. കളക്ടറേറ്റില്‍ എത്തുന്നവരില്‍ നിന്നു സ്ഥിരമായി 25 മുതല്‍ 100 വരെ വാങ്ങുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്നും കളക്റ്റര്‍ ബിജു പ്രഭാകര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ശശിധരന്‍ നായര്‍ എഴുതുന്നത് വായിക്കാന്‍ സാധിക്കാറില്ല എന്നും പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഇയാളൊരു ശല്യമായിരുന്നു എന്നും കളക്ടര്‍ പറയുന്നു. പല തവണ ശാസിച്ചിരുന്നു.

അതിനിടെ, കളക്ടറേറ്റിനുള്ളിൽ സ്വകാര്യ വ്യക്തികളുടെ അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ ഇടപെടല്‍ മുലമാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായത് എന്നും ആക്ഷേപമുണ്ട്. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ ഗേറ്റ് കടന്നാല്‍ അര കിലോമീറ്റർ ഉള്ളിലേക്കു നടക്കണം, ഓഫീസില്‍ എത്താന്‍. ഗേറ്റിന് മുന്നില്‍ റോഡരികത്ത് സാധാരണ ഇത്തരത്തില്‍ മൂന്നു പേരാണ് അപേക്ഷകള്‍ എഴുതാന്‍ ഇരിക്കാറുളളത്. ഇവരില്‍ ഒരാളായിരുന്നു ശശിധരന്‍ നായര്‍. ഇത്തരത്തില്‍ എടുത്തുചാടി വൃദ്ധനെതിരേ കളക്ടര്‍ നടപടിയെടുത്തത് മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോട് കളക്ടര്‍ എൻ പ്രശാന്ത് മലയാളികളുടെ സ്വന്തം കളക്റ്റർ ബ്രോയായപ്പോള്‍ നൂറു രൂപ വാങ്ങിയ കേസില്‍ വൃദ്ധനെ അറസ്റ്റ് ചെയ്യിപ്പിച്ചു താരമാകാന്‍ തിരുവനന്തപുരം കളക്റ്റർ ബിജു പ്രഭാകർ ശ്രമം നടത്തി എന്നും ആക്ഷേപമുണ്ട്.

Read More >>