എനിക്കും ചിലത് പറയാനുണ്ട്; കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ നടന്‍ സാബു നാരദാ ന്യൂസിനോട് മനസ്സുതുറക്കുന്നു

"ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്ന വ്യക്തിയെ ഇവിടെ ആര്‍ക്കും അറിയില്ല. സാമാന്യ ബോധമുള്ള ആര്‍ക്കും അദ്ദേഹത്തിന്റെ അഭിമുഖം കണ്ടാല്‍ മനസ്സിലാകും എത്രത്തോളം പൊള്ളയായ വാക്കുകളാണ് അയാള്‍ പറയുന്നതെന്ന്. തന്റെ സ്ക്രീന്‍ ഇമേജ് കൂട്ടാനുള്ള തത്രപ്പാടിലാണ് അയാള്‍."

എനിക്കും ചിലത് പറയാനുണ്ട്; കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ നടന്‍ സാബു നാരദാ ന്യൂസിനോട് മനസ്സുതുറക്കുന്നു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ സാബുവിനെ ഉള്‍പ്പെടെയുള്ളവരെ മൂന്നാംമുറയില്‍ ചോദ്യം ചെയ്യണമെന്ന കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വിരാമക്യഷ്ണന്റെ പ്രസ്താവനക്കെതിരെ തന്റെ ഫേസ് ബുക്കില്‍ രൂക്ഷമായ വിമര്‍ശനവുമായി സാബു രംഗത്തെത്തിയിരുന്നു. സംസ്‌കാര ശൂന്യനായ സാബുമോനോട് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ജനങ്ങള്‍ ഇതിനു മറുപടി പറയുമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമക്യഷ്ണന്‍വ്യകതമാക്കുകയുണ്ടായി. ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ നാരദ ന്യൂസ് സാബുവിനോട് ബന്ധപ്പെട്ടിരുന്നു. സാബു നാരദ ന്യൂസിന് നല്‍കിയ അഭിമുഖം കാണാം:-


  • വാസ്തവത്തില്‍ കലാഭവന്‍ മണി മരിച്ച ദിവസം സംഭവിച്ചത് എന്താണ്?


എന്‍റെ സുഹൃത്തായ ജാഫര്‍ ഇടുക്കിയാണ് പറഞ്ഞത് മണിച്ചേട്ടനെ കണ്ടിട്ട്  കുറെനാളായില്ലേ, ഒന്ന് കാണാമെന്ന്. അവിടേക്ക് പോകുമ്പോള്‍ അദ്ദേഹം കരള്‍ രോഗ ബാധിതനാനെന്നു സത്യമായും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളോടൊപ്പം ചിലവഴിച്ച മൊത്തം സമയവും മണി ചേട്ടന്‍ വളരെ ആരോഗ്യവാനായി കാണപ്പെട്ടു. ഞാന്‍ അന്ന് മദ്യപിച്ചിരുന്നു. പക്ഷെ എന്‍റെ മുന്നില്‍ വെച്ച് മണി ചേട്ടന്‍ മദ്യപിച്ചിട്ടില്ല.

  • താങ്കളെ പോലീസ് ചോദ്യം ചെയ്ത ദിവസം പുറത്തു കൂടിയിരുന്ന മാധ്യമങ്ങളോട് താങ്കള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത് എന്ന് ആരോപണമുണ്ടായിരുന്നു..


ഞാന്‍ ഒരു അഹങ്കാരം പറയുകയാണ്‌ എന്ന് തന്നെ കരുതിക്കോളൂ. എന്നെ ചോദ്യം ചെയ്യാനുള്ള അര്‍ഹത മാധ്യമപ്രവര്‍ത്തകര്‍ക്കോ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത എനിക്കി ഇല്ല. എന്നെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരോട് എന്‍റെ മൊഴി ഞാന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംഘം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്നെ ചോദ്യം ചെയ്തത്. എന്‍റെ വാക്കുകളും ശരീര ഭാഷയും ഉള്‍പ്പടെ എല്ലാം സസൂക്ഷ്മം അവര്‍ നിരീക്ഷിച്ചു. കൂടാതെ എന്‍റെ മൊഴിയെടുത്ത ദിവസം അവിടെ  ഏതാണ്ട് 25 ആളുകളോളം കൂടിയിരുന്നു. അവരോട് കൂടി ക്രോസ് ചെക്ക് ചെയ്തു എന്‍റെ മൊഴിയില്‍ വൈരുദ്ധ്യം ഇല്ല എന്ന് തെളിയിച്ച ശേഷമാണ് ഞാന്‍ അന്ന് ആ പോലീസ് സ്റ്റേഷന്റെ പുറത്തേക്കു വന്നത്.

പിന്നെ എന്‍റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരുടെ മുന്നില്‍ വെച്ച് മദ്യപിച്ചു എന്ന് ഉറക്കെ പറയാന്‍ എന്‍റെ മനസ്സു അനുവദിച്ചില്ല.ഞാന്‍ നേരത്തേ പറഞ്ഞതുപോലെ പറയേണ്ടത് സത്യസന്ധമായി തന്നെ അന്വേഷണഉദ്യോഗസ്ഥരെ ഞാന്‍ അറിയിച്ചു. എന്‍റെ മൊഴിയിലെ സത്യസന്ധത പോലീസിന് ബോധ്യപ്പെട്ടത്കൊണ്ടാണ് അവര്‍ എന്നെ വിട്ടയച്ചത്. അതിനപ്പുറത്തേക്ക് ആരോട് എന്ത് പറയണം എന്നുള്ളത് എന്‍റെ സ്വകാര്യതയാണ്‌.

ഒരു സെലിബ്രിറ്റി എന്ന് പറഞ്ഞാല്‍ നട്ടെല്ല് വളച്ച്, എന്ത് പ്രതിസന്ധി വന്നാലും  എല്ലാവരോടും പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരാളാകണം  എന്ന ധാരണ ഇവിടെ പലര്‍ക്കും ഉണ്ട്. അങ്ങനെ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.

മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും താങ്കളുമായുള്ള വിവാദത്തില്‍ എന്താണ് സംഭവിച്ചത്
?

എന്‍റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ നടത്തുന്നവരോട് ഒരു പരിധി കഴിഞ്ഞു ക്ഷമിക്കാന്‍ എനിക്ക് സാധിക്കില്ല. മണിയുടെ സഹോദരന്‍  രാമകൃഷ്ണന്‍റെ വിഷയത്തില്‍ സംഭവിച്ചതും അതാണ്‌. തലങ്ങും വിലങ്ങും ചോദ്യം ചെയ്ത ശേഷമാണ് കേരള പോലീസ് എന്നെ സ്വതന്ത്രനാക്കിയത്.എന്നിട്ടും ആര്‍ എല്‍ വി രാമ കൃഷ്ണന്‍ എന്‍റെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചു. എന്‍റെ കൂടെയുണ്ടായിരുന്ന ജാഫര്‍ തുറന്നു പറയുകയുണ്ടായി ഞാന്‍ നിരപരാധിയാണെന്നും അദ്ദേഹം വിളിച്ചത് കൊണ്ട് മാത്രമാണ് മണി ചേട്ടന്റെ വീട്ടിലേക്ക് ഞാന്‍ പോയതെന്നും. എന്നിട്ടും  ആര്‍ എല്‍ വി രാമ കൃഷ്ണന്‍ പറയുകയാണ് എന്‍റെ നേരെ മൂന്നാം മുറ പ്രയോഗിച്ചാല്‍ ഞാന്‍ സത്യം പറയും എന്നു. ഒന്ന് പറയട്ടെ, മൂന്നാം മുറ പ്രയോഗിക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ പലര്‍ക്കും മുഖ്യമന്ത്രി പദം വരെ നഷ്ടപ്പെട്ട ചരിത്രമുള്ള നാടാണ് നമ്മുടേത്‌. അങ്ങനെ ഒരു സാഹചര്യത്തില്‍ എനിക്ക് നേരെ അങ്ങനെ ഒരു മാര്‍ഗ്ഗം എനിക്ക് നേരെ സ്വീകരിക്കണം എന്ന്  രാമ കൃഷ്ണന്‍ പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്‌?

മറ്റൊരു കാര്യം, ആര്‍ എല്‍ വി  കൃഷ്ണനോട് തിരിച്ചു ഞാനും ചില ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. മണി ജീവിച്ചിരുന്ന കാലത്ത് രാമ കൃഷ്ണന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതെന്തുകൊണ്ടാണ്?. അത് ചോദിച്ചപ്പോള്‍ അയാളുടെ മറുപടി "ഞാന്‍ വീട്ടില്‍ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സാബു അല്ല"എന്നാണ്. എന്തുകൊണ്ട് ആ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല? മണിച്ചേട്ടന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ കഴിയുമായിരുന്നില്ല എന്ന്ജാഫര്‍ ഇടുക്കി തുറന്നുപറഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ അമ്മായിഅച്ഛന്‍ വളരെ മോശമായ രീതിയില്‍ സുഹൃത്തുക്കളോട് പെരുമാറിയിരുന്നതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കാലഭവന്‍ മണിയുമായി വളരെയധികം ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം പറഞ്ഞത് സത്യം എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നത്? ഇതിനൊക്കെ ആദ്യം രാമ കൃഷ്ണന്‍ ഉത്തരം നല്‍കട്ടെ.

  • സംഭവ ദിവസം രാത്രി മണിയോടൊപ്പം സാബു മാത്രമല്ല ജാഫര്‍ ഇടുക്കിയും ഉണ്ടായിരുന്നു. ജാഫര്‍ നിര്‍ബന്ധിച്ചത്കൊണ്ട് മാത്രമാണ് അവിടെ പോയതെന്ന് താങ്കള്‍ നേരത്തേ പറഞ്ഞു.എന്നിട്ടും എന്തുകൊണ്ട് ഈ വിഷയത്തില്‍ സാബുവിന്റെ പേര് കൂടുതലായും വലിച്ചിഴക്കപ്പെടുന്നു
    ?


എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ജാഫര്‍ വളരെ നിഷ്കളങ്കനായ ഒരു വ്യക്തിയാണ്. എന്റെയും അദ്ദേഹത്തിന്റെയും പേര് രാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം വേദനയോടെ പ്രതികരിച്ചത് മണിയെ കൊന്ന കുറ്റം വേണമെങ്കില്‍ അദ്ദേഹം ഏറ്റെടുക്കാം. സാബു ഒന്നും ചെയ്തിട്ടില്ല, അവന്‍ ഞാന്‍ കാരണമാണ് അവിടെ എത്തിയതെന്നായിരുന്നു. അത്രത്തോളം നന്മ നിറഞ്ഞ ആളാണ്‌ അദ്ദേഹം. കൂടാതെ അദ്ദേഹം കലാഭവന്‍ മണിയുമായും ശ്രീരാമകൃഷ്‌ണനുമായും വളരെയധികം ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ്.ഞാന്‍ ആ ഒരു സൗഹൃദ സംഘത്തിലുള്ള ഒരാളല്ല.ഞാന്‍ വളരെ യാദൃച്ചികമായി അവിടെ എത്തപ്പെട്ടതാണ്.മാത്രമല്ല ഞങ്ങളെപ്പറ്റി ഉയര്‍ന്ന വിവാദങ്ങളോട് ഞാന്‍ പ്രതികരിച്ചത് സ്വല്‍പ്പം കടുത്ത ഭാഷയിലാണ്. അതുകൊണ്ടായിരിക്കാം എന്‍റെ പേര് ഇതിലേക്ക് കൂടുതലായും വലിച്ചിഴക്കപ്പെട്ടത് എന്നാണു എന്‍റെ നിഗമനം.

  • ആര്‍ എല്‍ വി രാമകൃഷ്ണന്റെ ഭാഗത്ത്‌ നിന്നു മാത്രമല്ല, സൈബര്‍ ലോകത്ത് നിന്നും താങ്കളെ വളഞ്ഞു ആക്രമിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ?


സൈബര്‍ ലോകത്ത് നിന്നുള്ള ആക്രമണത്തിന്റെ വ്യക്തമായ കാരണം എനിക്ക് അറിയില്ല. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കു സജീവമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്നും അതിനൊരു മാറ്റവുമില്ല. സമര മുഖങ്ങളില്‍ സജീവമായ എന്നെപ്പോലെയോരാളെ വേട്ടയാടാന്‍ പലപ്പോഴും സൈബര്‍ലോകത്തും  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ട്.  ഇപ്പോള്‍  ഈ  വിവാദത്തില്‍ ബോധപൂര്‍വ്വം എന്നെ  ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്  സംഘപരിവാര്‍  ലോബി തന്നെയാണ്. പിന്നെ സാബു എന്ന എന്‍റെ പേരിലേ മുസ്ലിം സ്പര്‍ശവും ഒരു കാരണമായിരിക്കും.

  •  സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ താങ്കളെ  ലക്‌ഷ്യം വെക്കാനുള്ള  കാരണം താങ്കളുടെ  മുസ്ലിം സ്വത്വം ആണോ?


ജന്മം കൊണ്ട് മുസ്ലിം ആണെങ്കിലും ഞാന്‍ ഒരു വിശ്വാസി അല്ല. ഒരു നിരീശ്വര വാദിയുമല്ല. തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ മാത്രമാണ് ഞാന്‍.എന്‍റെ ഈ വിശ്വാസങ്ങളൊക്കെ ഞാന്‍ തുറന്നുപറഞ്ഞിട്ടുള്ളതും ആണ്.സംഘ പരിവാര്‍ എന്‍റെ ഫേസ്ബുക്ക് പേജിലും മറ്റും എന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ തിരിച്ചു ഞാന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതൊക്കെയാവാം ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ അവര്‍ അത് മുതലെടുത്ത്‌ എന്നെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നത്.

  • മണി ജീവിച്ചിരുന്നപ്പോള്‍ വീട്ടില്‍ കയറാന്‍ അനുവാദം ഇല്ലാതിരുന്ന ആര്‍ എല്‍ വി രാമകൃഷ്ണന്‍  അദ്ദേഹത്തിന്റെ മരണശേഷം ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വന്നത് എന്തുകൊണ്ടാണ്?


എന്‍റെ അഭിപ്രായത്തില്‍ ആര്‍ എല്‍ വിരാമകൃഷ്ണന്‍ എന്ന വ്യക്തിയെ ഇവിടെ ആര്‍ക്കും അറിയില്ല. മണിച്ചേട്ടന്‍റെ മരണത്തിനു ശേഷമാണ് ഇങ്ങനെ ഒരു സഹോദരന്‍ ഉണ്ടെന്നും അയാള്‍ ഒരു നര്‍ത്തകന്‍ ആണെന്നും ഞാന്‍ അറിയുന്നത്. സാമാന്യ ബോധമുള്ള ആര്‍ക്കും അദ്ദേഹത്തിന്റെ അഭിമുഖം കണ്ടാല്‍ മനസ്സിലാകും എത്രത്തോളം പൊള്ളയായ വാക്കുകളാണ് അയാള്‍ പറയുന്നതെന്ന്. തന്റെ സ്ക്രീന്‍ ഇമേജ് കൂട്ടാനുള്ള തത്രപ്പാടിലാണ് അയാള്‍.

പിന്നെ  ഒരു തെറ്റും ചെയ്യാത്ത ഒരു ഡോക്ടറേയും മണിയുടെ മാനേജരെയും ആണ് അയാള്‍ ആദ്യംടാര്‍ഗെറ്റ് ചെയ്തത്. തന്റെ മാനേജരുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മണിച്ചേട്ടന്‍ ലക്ഷങ്ങള്‍ സ്വന്തം കൈയ്യില്‍ നിന്നു മുടക്കിയിരുന്നു. അത്രത്തോളം മണിച്ചേട്ടനോട് കടപ്പെട്ടിരിക്കുന്ന മാനേജര്‍ അദ്ദേഹത്തെ കൊല്ലാന്‍ കൂട്ടുനിന്നു എന്ന് പറയുന്നത് എന്ത് അസംബന്ധമാണ്?

കൂടാതെ ലിവര്‍ സിറോസിസ് ബാധിച്ച വ്യക്തി ഇടയ്ക്കിടെ വയലന്റ് ആയി പെരുമാറും എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഇത് എന്‍റെ നിഗമനം അല്ല, ഞന്‍ മെഡിക്കല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം പറയുന്നതാണ്.അങ്ങനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മണിച്ചേട്ടന്‍ കുറച്ചു വയലന്റ് ആയി ചുറ്റുമുള്ളവരോട് പെരുമാറിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഒന്ന് അടക്കിനിര്‍ത്തുവാന്‍ വേണ്ടി സെഡേഷന്‍ നല്‍കുന്ന ഇന്‍ജക്ഷന്‍ കൊടുക്കുക മാത്രമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ചെയ്തത്. അതിനുശേഷം മണിച്ചേട്ടന്‍ സ്വയം എഴുന്നേറ്റു പോയി കിടക്കയില്‍ കിടക്കുകയായിരുന്നു. ഇതെല്ലാം ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും രാമകൃഷ്ണന്‍ പറയുകയാണ്‌ ഡോക്ടറും മാനേജരും ചേര്‍ന്ന് മണിച്ചേട്ടനെ കൊന്നുവെന്ന്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് ശ്രീരാമകൃഷ്ണന്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്.

  • ഒരു പബ്ലിക്‌ പേഴ്സനാലിറ്റി എന്ന നിലയില്‍ വിവാദങ്ങളോട് കുറച്ചുകൂടി മാന്യമായി പ്രതികരിക്കാനുള്ള ബാധ്യസ്ഥത താങ്കള്‍ക്കില്ലേ


എന്‍റെ മൊഴി പോലീസിന്റെ പക്കല്‍ ഉണ്ട്. വിവരാവകാശനിയമ പ്രകാരം ആര്‍ക്കും അതിന്റെ രേഖകള്‍ വായിക്കാം. അതുകൊണ്ട് ഇത്തരം വിവാദങ്ങളില്‍ ഞാന്‍ തളരില്ല. പക്ഷെ മണിച്ചേട്ടന്‍റെ ആരാധകര്‍ എന്നെ റോഡിലിട്ടു കൈകാര്യം ചെയ്യുംഎന്നാണു രാമകൃഷ്ണന്‍ പറഞ്ഞത്. അത് എനിക്കെതിരെ ഒരു കലാപം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ്. അതെന്റെ കുടുംബത്തെയും ദോഷകരമായി ബാധിക്കും. അങ്ങനെ ഒരു പരിധി കഴിഞ്ഞു എന്നെ  വേട്ടയാടിയപ്പോഴാണ് എനിക്ക് അത്രയും കടുത്ത രീതിയില്‍ പ്രതികരിക്കേണ്ടി വന്നത്.

  • കലാഭവന്‍ മണിയെ മനപൂര്‍വ്വം ആരെങ്കിലും കൊലപ്പെടുത്തിയതാണ് എന്ന്  താങ്കള്‍ കരുതുന്നുണ്ടോ?


അതിന്റെ സത്യാവസ്ഥ എനിക്കറിയില്ല. കാരണം ഞാന്‍ മണി ചേട്ടനുമായി അഗാധമായ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ഒരാളല്ല. പക്ഷെ അദ്ദേഹത്തെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്‍റെ ആദ്യത്തെ സിനിമയില്‍ ഞാനും അദ്ദേഹവും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നോട് ഒരു സഹോദരന്‍ എന്ന പോലെയാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്‌. മണിച്ചേട്ടന്‍മരിച്ച രാത്രി ഞാന്‍ അവിടെ യാദൃചികമായി എത്തിപ്പെട്ടതാണ്. പിന്നെ എന്‍റെ മുന്നില്‍ വെച്ച് മണിച്ചേട്ടന്‍ മദ്യപിച്ചിട്ടില്ല. പിന്നെ അദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് ഞാന്‍ എങ്ങനെയാണ് പറയുക?

പിന്നെ നിങ്ങള്‍ ചോദിച്ചത് കൊണ്ടുമാത്രം എന്‍റെ നിഗമനം ഞാന്‍ പറയാം. മണിച്ചേട്ടന്‍ മദ്യപിച്ചു എന്നുതന്നെ ഇരിക്കട്ടെ. കുടിച്ച മദ്യത്തില്‍ അല്‍പ്പമെങ്കിലും മീഥയില്‍ ആല്‍ക്കഹോള്‍ കലര്‍ന്നാല്‍ ,അത് ആരോഗ്യവാനായ ഒരു വ്യക്തി കുടിച്ചാല്‍ ഒന്നും സംഭവിക്കില്ല. പക്ഷേ കടുത്ത കരള്‍ രോഗത്തിന് അടിമയായ ഒരു വ്യക്തി മീഥയില്‍ ആല്‍കഹോള്‍ കലര്‍ന്ന മദ്യം കുടിച്ചാല്‍ അത് മരണകാരണമായെക്കും. ഇത് മെഡിക്കല്‍ രംഗത്തെ വിദഗ്ധരില്‍ നിന്നും ഞാന്‍ ചോദിച്ചു മനസ്സിലാക്കിയ കാര്യമാണ്. കലാഭവന്‍ മണിയുടെ കാര്യത്തിലും സംഭവിച്ചത് അതായിരിക്കാം. ഇതെന്റെ വെറുമൊരു ഹൈപ്പോത്തെസിസ് മാത്രമാണ്. അല്ലാതെ അദ്ദേഹത്തിന്‍റെ മരണം സ്വാഭാവികമായിരുന്നോ അസ്വാഭാവികമായിരുന്നോ എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം എന്‍റെ പക്കല്‍ ഇല്ല.

Read More >>