ക്വാറി മാഫിയ തുരന്ന് തീര്‍ക്കുന്ന കണ്ണൂരിലെ മലനിരകള്‍; മാഫിയയ്ക്ക് കുടപിടിച്ച് പള്ളിയും പൗര പ്രമുഖരും; ആശങ്കയോടെ സമീപ വാസികള്‍

പഞ്ചായത്തിലെ 54.06 ച.കി.മീ ഭൂമിയില്‍ പന്ത്രണ്ട് വന്‍കിട ക്വാറികള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ലൈസന്‍സ് ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. മൂന്നോളം ക്വാറികള്‍ക്ക് ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലെന്നും ആരോപണമുണ്ട്. ഏരുവേശ്ശിയോടു തൊട്ടു കിടക്കുന്ന ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ അവസ്ഥയും സമാനം തന്നെ. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പല ക്വാറികളുടെയും പ്രവര്‍ത്തനം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവരെല്ലാവരും വേണ്ടത്ര അനുമതി പത്രങ്ങള്‍ സമ്പാദിച്ചുകൊണ്ടു വീണ്ടും പ്രവര്‍ത്തനം തുടരാനുള്ള ഒരുക്കത്തിലാണ്

ക്വാറി മാഫിയ തുരന്ന് തീര്‍ക്കുന്ന കണ്ണൂരിലെ മലനിരകള്‍; മാഫിയയ്ക്ക് കുടപിടിച്ച് പള്ളിയും പൗര പ്രമുഖരും; ആശങ്കയോടെ സമീപ വാസികള്‍

ജിബിൻ പിസി

ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് പാരിസ്ഥിതിക അനുമതിയുടെ ആവശ്യം ഇല്ലെന്ന ഹൈക്കോടതി ഉത്തരവിനെ ഏറെ ആശങ്കയോടെ ആണ് കണ്ണൂരിലെ ഏരുവേശ്ശി പഞ്ചായത്ത് നിവാസികള്‍ കാണുന്നത്. കണ്ണൂര്‍ ജില്ലയുടെ കിഴക്ക് കര്‍ണാടക വനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന എരുവേശി ഗ്രാമ പഞ്ചായത്ത് ഇന്ന് കേരള വികസനത്തിന്റെ ഇരയാണ്. മലബാറിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നായ പൈതല്‍മല സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ 54.06 ച.കി.മീ ഭൂമിയില്‍ പന്ത്രണ്ട് വന്‍കിട ക്വാറികള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ലൈസന്‍സ് ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. മൂന്നോളം ക്വാറികള്‍ക്ക് ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലെന്നും ആരോപണമുണ്ട്.


ഏരുവേശ്ശിയോടു തൊട്ടു കിടക്കുന്ന ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ അവസ്ഥയും സമാനം തന്നെ.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പല ക്വാറികളുടെയും  പ്രവര്‍ത്തനം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവരെല്ലാവരും വേണ്ടത്ര അനുമതി പത്രങ്ങള്‍ സമ്പാദിച്ചുകൊണ്ടു വീണ്ടും പ്രവര്‍ത്തനം തുടരാനുള്ള ഒരുക്കത്തിലാണ്. പല ക്വാറികള്‍ക്കും ലൈസന്‍സ് നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഗോവയിലും എറണാകുളത്തും ഉള്ള വന്‍കിട കമ്പനികള്‍ക്ക് ഇവിടെ ക്വാറിയുണ്ട്. നിരവധി സ്റ്റോണ്‍ ക്രഷറുകളും എം സാന്റ് നിര്‍മാണ യൂനിറ്റുകളും അനുബന്ധ വ്യവസായമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാര്‍ തീരങ്ങളിലെ കടല്‍ഭിത്തി നിര്‍മാണത്തിനുള്‍പ്പെടെ ദിനം പ്രതി നൂറുകണക്കിന് ലോഡ് കല്ലാണ് ഓരോ ക്വാറികളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.

quarries

കൃഷിയില്‍ നിന്നും ക്വാറിയിലേക്ക്

ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ കരക്കാട്ടിടം നായനാരുടെ അധീനതയില്‍ ഉണ്ടായിരുന്ന - ബഹുഭൂരിഭാഗവും വനപ്രദേശം ആയിരുന്ന -  ഈ ഭൂഭാഗം, ഇന്നത്തെ നിലയിലേക്ക് മാറുന്നത് തിരുവിതാംകൂറില്‍ നിന്നുണ്ടായ കുടിയേറ്റത്തെ തുടര്‍ന്നാണ്. 1943 മുതല്‍ 1950 വരെ സംഭവിച്ച കര്‍ഷക കുടിയേറ്റത്തെ തുടര്‍ന്ന് വനപ്രദേശങ്ങള്‍ കൃഷിഭൂമികളായി മാറി. വളക്കൂറുള്ള മണ്ണാണ് ഓരോരുത്തരും തേടിപ്പിടിച്ചത്. നിബിഡ വനങ്ങളും പുല്‍മേടുകളും ഷൊലൈ വനങ്ങളും കൃഷിഭൂമിക്ക് വഴിമാറി. എന്നാല്‍ ഇപ്പോള്‍ നിര്‍മാണ സാമഗ്രികള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതും റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് വില കുറഞ്ഞതും പ്രദേശത്ത് ക്വാറികളുടെ വ്യാപനത്തിന് വഴിതെളിച്ചു. കൃഷിയില്‍ നിന്നും അകന്ന കുടിയേറ്റക്കാരുടെ പുത്തന്‍തലമുറയുടെ മനോഭാവവും ഇതിന് സഹായമായി.

ഒത്താശയുമായി ഭൂമാഫിയ

സ്വകാര്യ വ്യക്തികളില്‍ നിന്നും വിലകൊടുത്തു വാങ്ങിയ ഭൂമിയിലോ അതല്ലെങ്കില്‍ ഭൂവുടമകളെ ബിസിനസ് പങ്കാളികള്‍ ആക്കിയോ ആണ് ക്വാറികള്‍ക്കാവശ്യമായ ഭൂമി കണ്ടെത്തുന്നത്. ഇതിനായി ഭൂമാഫിയ തന്നെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. കല്ലിന്റെ ലഭ്യതയുള്ള ഭൂമി കണ്ടെത്തുന്നത് മുതല്‍ ക്വാറി/ക്രഷര്‍ യൂണിറ്റുകളിലേക്കുള്ള റോഡ് നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടനിലക്കാരായി നില്‍ക്കുന്നത് ഇവരാണ്.  ക്വാറികളോട്  തൊട്ടു കിടക്കുന്ന സ്ഥലം കൃഷി നശിപ്പിച്ചും മറ്റു വിധത്തില്‍ ശല്ല്യപ്പെടുത്തിയും സ്വന്തമാക്കുന്ന ഏര്‍പ്പാടും ഇവിടെ സാധാരണമാണ്.

മിഡിലക്കയത്തെ ദുരിതക്കയം

പ്രദേശത്തെ വന്‍കിട ക്വാറികളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് ചെമ്പേരി - രത്‌നഗിരിയിലെ മിഡിലക്കയത്താണ്. കണ്ണൂര്‍ മയ്യില്‍ സ്വദേശി ആട് ഫാം തുടങ്ങാനാണെന്നു പറഞ്ഞാണ് ഈ സ്ഥലം വാങ്ങിയതെന്ന് സമീപവാസി എഴുതനവേലില്‍ ജോസഫ് പറയുന്നു. തുടര്‍ന്ന് ഏതാനും ആടുകളെയും ഈ സ്ഥലത്ത് കൊണ്ടുവന്നു വളര്‍ത്താന്‍ തുടങ്ങി. പിന്നീട് ഫാം വിപുലപ്പെടുത്താനാണെന്ന രീതിയില്‍ തൊട്ടടുത്ത സ്ഥലങ്ങളും വാങ്ങി. ജോസഫ് തന്റെ സ്ഥലം റോഡിനായി വില്‍ക്കുകയും ചെയ്തു. പിന്നീടാണ് ഇവിടെ ക്വാറി ആരംഭിക്കുന്നത്.

ഇവിടെ രണ്ടു പേരില്‍ നിന്നായി വാങ്ങിയ ഭൂമിക്ക് നടുവിലെ പാറക്കെട്ട് ആരുടേയും ഉടമസ്ഥതയില്‍ അല്ലെന്നും അവിടെയും ഇപ്പോള്‍ പാറപൊട്ടിക്കുകയാണെന്നും ജോസഫ് പറയുന്നു. യാതൊരു നിയന്ത്രണവും ഇല്ലാതെ നടക്കുന്ന സ്‌ഫോടനങ്ങളെത്തുടര്‍ന്നു ജോസഫിന്റെ വീടിനും കേടുപാടുകള്‍ ഉണ്ട്.

ഇതിലും കടുത്ത പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് ക്വാറിക്ക് കീഴ്ഭാഗത്ത് താമസിക്കുന്ന ഐക്കിട്ടപ്പറമ്പേല്‍ ജോസഫും കുടുംബവും. മക്കളും പേരക്കുട്ടികളും അടക്കം 7 പേര്‍ ആണ് ഒരു ചെറിയ വീട്ടില്‍ താമസം. ക്വാറിയില്‍ നടക്കുന്ന തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ വീടിന്റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. വീടിന്റെ വാതില്‍ പിളര്‍ന്നു നില്‍ക്കുന്ന നിലയില്‍ ആണ്.

ക്വാറിയില്‍ നിന്നുയരുന്ന പൊടി സമീപവാസികള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ജോസഫിന്റെ പേരക്കുട്ടി തുടര്‍ച്ചയായ പനിയുള്‍പ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. രോഗം ഭേദമാകണമെങ്കില്‍ മാറിത്താമസിക്കണം എന്നാണ് ഡോക്ടറുടെ ഉപദേശം. എല്ലാം വിറ്റുപെറുക്കി എങ്ങോട്ടുപോകാന്‍ എന്ന് ചോദിക്കുകയാണ് ഈ കുടുംബം.

[caption id="attachment_26192" align="aligncenter" width="640"]midilakkayam-quarry Midilakkayam Quarry[/caption]

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും !

ഉദ്യോഗസ്ഥ - ഭരണ തലങ്ങളില്‍ നല്ല പിടിപാടാണ് ക്വാറി ഉടമകള്‍ക്ക്. നിരവധി പരാതികള്‍ ക്വാറികള്‍ക്കെതിരെ നല്‍കിയെങ്കിലും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. രത്‌നഗിരി പള്ളിയിലെ വികാരിയും ക്വാറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് വിശ്വാസി കൂടിയായ സമീപവാസി പറഞ്ഞു. വയോജന കേന്ദ്രം നിര്‍മിക്കാന്‍ ആരും  സ്ഥലമോ പണമോ തരാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ക്വാറി ഉടമകള്‍ ആണ് അത് നിര്‍മിച്ചു നല്‍കിയതത്രെ. രത്‌നഗിരി പള്ളി സെമിത്തേരിയിലേക്ക് ടാര്‍ റോഡ് നിര്‍മിച്ചു നല്‍കിയത് ക്വാറി ഉടമകളാണ്. പള്ളിവികാരി സ്വാധീനിക്കപ്പെട്ടെന്ന് ഇയാള്‍ സമ്മതിക്കുന്നു. സ്‌ഫോടനങ്ങള്‍ മൂലം വീട് തകരുന്നു എന്നു പരാതിപ്പെട്ട കുടുംബത്തോട് നാടിനൊരു വികസനം വരുമ്പോള്‍ അതിനൊപ്പം നില്‍ക്കണം എന്നാണത്രെ വികാരി മറുപടി പറഞ്ഞത്. ക്ഷേത്രോത്സവങ്ങള്‍ക്കും പ്രാദേശിക ക്ലബ് പരിപാടികള്‍ക്കും ക്വാറി ഉടമകള്‍ കൈയയച്ച് സംഭാവന നല്‍കുന്നുണ്ട്. ഇതു ഒരു പരിധിവരെ ജനപിന്തുണ തങ്ങള്‍ക്കനുകൂലമാക്കി നിലനിര്‍ത്തുന്നതില്‍ അവരെ സഹായിക്കുന്നുമുണ്ട്.

സമീപ പ്രദേശമായ ശ്രീകണ്ഠാപുരം മുനിസിപാലിറ്റിയിലെ ചെമ്പന്തൊട്ടിയിലെ അവസ്ഥയും സമാനം തന്നെ. എരുവേശി പഞ്ചായത്തിലെ ഒരു വന്‍കിട ക്വാറിക്കെതിരെ പരാതി നല്‍കിയ ദളിത് യുവാവിനും തൊട്ടടുത്ത ശ്രീകണ്ഠാപുരം മുനിസിപാലിറ്റിയിലെ ക്വാറിക്കെതിരെ പരാതി നല്‍കിയ ആക്ഷന്‍കമ്മിറ്റി അംഗത്തിനും രണ്ടു വ്യത്യസ്ത ഓഫീസുകളില്‍ നിന്ന് നേരിടേണ്ടി വന്നത് സമാന അനുഭവം ആണ്. പരാതി നല്‍കി ഓഫീസില്‍ നിന്നും പുറത്ത്  ഇറങ്ങിയപ്പോള്‍ തന്നെ ക്വാറി ഉടമകളും അവിടെ എത്തിയിരുന്നു.

പരാതികളുമായി എത്തുന്ന ആളുകളുടെ വിവരങ്ങള്‍ ഓഫീസുകളില്‍ നിന്ന് അപ്പപ്പോള്‍ തന്നെ ക്വാറി ഉടമകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പലര്‍ക്കും ഭീഷണിയും പ്രലോഭനവും ഉണ്ടെന്നും അതുകൊണ്ട് തങ്ങളുടെ പേര് പ്രസിദ്ധീകരിക്കരുത് എന്നും  ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തന്നെ പറയുന്നു.

2

complaint

ക്വാറികളിലേക്കും ക്രഷറുകളിലേക്കും എത്തുന്ന വീതികൂടിയ ട്രക്കുകള്‍ക്കായി ക്വാറി ഉടമകള്‍ തന്നെ റോഡുകള്‍ വീതികൂട്ടി ടാര്‍ ചെയ്തിരിക്കുന്നു. പൊതുവേ വികസനം കുറഞ്ഞ മലയോരമേഖലയില്‍ ഇത്തരം മാറ്റങ്ങളെ പല സ്ഥലവാസികളും സ്വാഗതം ചെയ്യുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കാണമല നിവാസിയായ ഒരു യുവാവ് പറഞ്ഞത് 'ഇവിടെ എം എല്‍ എക്കോ പഞ്ചായത്തിനോ ഇത്രയും കാലമായിട്ട് ഒരു നല്ല റോഡ് കൊണ്ടുവരാന്‍ പറ്റിയിട്ടില്ല. ക്രഷര്‍ ഒക്കെ വന്നതില്‍ പിന്നെയാ ഇക്കാണുന്ന റോഡൊക്കെ ഉണ്ടായത്, നിങ്ങള്‍ ഇതെല്ലാം പത്രത്തില്‍ എഴുതി നശിപ്പിക്കാതിരുന്നാല്‍ മതി' എന്നാണ്.

midilakkayam

കാട്ടിലെ തടി തേവരുടെ ആന

തന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന മല ദിനം പ്രതി ചുരുങ്ങിവരുന്നത് കാണുന്നത് കണ്ട് പഞ്ചായത്ത് മെമ്പറോട് ആശങ്ക പങ്കുവച്ച ഒരു അധ്യാപകന് കിട്ടിയ മറുപടി 'പേടിക്കേണ്ട മാഷേ.. ഒരു നൂറു വര്‍ഷം പൊട്ടിച്ചാലേ ആ മല തീരൂ. അപ്പോഴേക്ക് നമ്മളൊന്നും ഉണ്ടാവില്ലല്ലോ' എന്നാണ്. പഞ്ചായത്തിന്റേതടക്കമുള്ള രേഖകള്‍ പ്രകാരം കാര്യങ്ങള്‍ എല്ലാം കിറുകൃത്യമാണ്. എന്നാല്‍ പത്ത് സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ക്വാറികള്‍ ഒന്നോ രണ്ടോ ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ക്വാറികളുടെ ഉടമകള്‍ക്കും രാഷ്ട്രീയ നേതൃത്വവുമായി അടുത്തബന്ധമാണ് ഉള്ളത്. ക്വാറി വിരുദ്ധ സമരസമിതി അംഗം പറയുന്നത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ചില ക്വാറികള്‍ക്ക് ജിയോളജി വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള അനുമതി ലഭിച്ചത് നിയമവിരുദ്ധമായാണ് എന്നാണ്.

പ്രകൃതിയെ തകര്‍ക്കുന്ന മല തുരക്കലുകള്‍

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പൈതല്‍മലയും വനദൈവമായി ആരാധിക്കപ്പെടുന്ന മുത്തപ്പന്റെ ആരൂഢസ്ഥാനങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത്. ഇവിടത്തെ കരിങ്കല്‍ക്കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവികള്‍ ഏരുവേശ്ശിപുഴയായി ശ്രീകണ്ഠാപുരം പുഴയിലൂടെ വളപട്ടണം നദിയില്‍ ചേരുന്നു. കണ്ണൂര്‍ ടൂറിസത്തിന്റെകൂടി അടയാള ചിഹ്നമായി മാറിയ പൈതല്‍മലയുടെ സമീപത്ത് പോലും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിങ്കല്‍ക്കുന്നുകളിലെ ഈ അതിക്രമം അരുവികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്റ്റോണ്‍ ക്രഷറുകളില്‍ നിന്നും പാറകളില്‍ സ്‌ഫോടനം നടത്തുമ്പോഴും ഉണ്ടാകുന്ന പൊടി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമേ മരങ്ങളുടെയും മറ്റും ഇലകളില്‍ അടിഞ്ഞു കൂടാനും അവയുടെ ഉണക്കത്തിനും കാരണമാകും. മുന്‍പ് കനത്ത ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള കുടിയാന്മല പോലുള്ള ഭാഗങ്ങളിലെ കല്ലുപൊട്ടിക്കല്‍ വന്‍ദുരന്തത്തിന് തന്നെ ഇടയാവുന്ന തരത്തിലാണ്. ഭൂമിയുടെ സ്വാഭാവിക ഘടനയില്‍ ഉണ്ടാകുന്ന മാറ്റം പ്രദേശത്തിന്റെ പരിസ്ഥിതിയില്‍ കനത്ത മാറ്റം ഉണ്ടാക്കും. ഒരേ മലയുടെ ഇരുവശത്ത് പോലും ക്വാറികള്‍ അനുവദിച്ചു കൊണ്ടു പലരും 'മാതൃകയാകുമ്പോള്‍' നിയമം നോക്കുകുത്തിയാവുന്നു.

water-fall

പാരിസ്ഥിതിക പ്രശ്‌നത്തോളം തന്നെ വലുതാണ് സുരക്ഷാവീഴ്ചയും. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ വിഹരിക്കുന്നു എന്ന് പോലീസ് തന്നെ പറയുന്ന കേരള - കര്‍ണാടക വനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. കല്ലുപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആര്‍ ഡി എക്‌സ് ഉപ്പെടെയുള്ള സ്‌ഫോടനവസ്തുക്കളും ഡിറ്റണേറ്റര്‍, ഫ്യൂസ് മുതലായ വസ്തുക്കളും തീര്‍ത്തും അലക്ഷ്യമായി കൈകാര്യം ചെയ്യുകയും യാതൊരു സുരക്ഷയും ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് മിക്ക ഖനന സ്ഥലത്തും കാണുന്നത്.

ഇനി വരുന്നൊരു തലമുറക്ക്

തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിനും മുന്‍പ് കുടിയാന്മലക്ക് ഒരു ചരിത്രമുണ്ട്. കണ്ണൂര്‍ ചിറക്കല്‍ കോവിലകത്തുനിന്നും മന്ദനാര്‍ അരമനയില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട 'കുടിയാട്ടികള്‍' എന്ന ബഹിഷ്‌കൃതരുടെ വാസ സ്ഥലമായിരുന്നത്രെ ഈ പ്രദേശം. 'കുട്ടിയാട്ടികളുടെ മല' എന്ന അര്‍ത്ഥത്തിലാണ് കുടിയാന്മല എന്ന വിളിപ്പേരുണ്ടായതത്രെ. കുടിയേറ്റത്തിന്റെ ഈ ഭൂമിയില്‍ നിന്നും ഒടുവില്‍ ബഹിഷ്‌കൃതരായി എല്ലാവരും കുടിയിറങ്ങേണ്ടിവരുമ്പോള്‍ സ്ഥലനാമമെങ്കിലും അവശേഷിക്കുമോ എന്ന ആശങ്കകളുമായി പച്ചപ്പിലേക്ക് തിരിക്കുന്ന ക്യാമറക്കണ്ണിന്റെ  ഓരോ ഫ്രയ്മിലും ഒന്നിലധികം ക്വാറികളുടെ മുറിപ്പാടുകള്‍ കാണാം

[caption id="attachment_26196" align="aligncenter" width="640"]paithal-mala Paithal Hills[/caption]