ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യ മന്ത്രി

പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപഭോഗം കുറച്ചുകൊണ്ടു വരുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി കെകെ ഷൈലജ ടീച്ചര്‍

ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപഭോഗം കുറച്ചുകൊണ്ടു വരുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി കെകെ ഷൈലജ ടീച്ചര്‍.പരിഷ്കൃത സമൂഹമായ കേരളത്തില്‍ പുകവലി കുറഞ്ഞു വരുന്നുണ്ടെങ്കിലും പുകയില അടങ്ങുന്ന മിഠായി പോലെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ആശങ്കാ ജനകമാണെന്നും മന്ത്രി പറഞ്ഞു.

പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ ആര്‍സിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സ്കൂള്‍ പരിസരത്തുള്ള പാന്‍മസാല ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പാഠ്യപദ്ധതിയുടെ ഭാഗമായ പ്രചാരണ വിദ്യാഭ്യാസ പരിപാടി, ബോധവല്‍ക്കരണം, ശക്തമായ നിയമ നടപ്പാക്കല്‍ എന്നിവയിലൂടെ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന ലക്ഷ്യം നൂറുശതമാനവും കൈവരിക്കാനാകുമെനന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന വൈദ്യുതി, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഉദ്ഘാടനത്തെ തുടര്‍ന്ന് 'കേരളത്തിലെ പുകയില നിയന്ത്രണംഭാവി വര്‍ത്തമാന കാല പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പുകയിലയ്ക്കെതിരായ മുറവിളികളെയും ആര്‍സിസി അനുഭവങ്ങളെയും കുറിച്ച്‌ റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ബാബു മാത്യുവും ഇന്ത്യയില്‍ പുകയില നിര്‍ത്തലാക്കുന്നതിനുള്ള പരിപാടികളുടെ പ്രസക്തിയെക്കുറിച്ച്‌ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസറും തലവനുമായ ഡോ. കെ. ആര്‍. തങ്കപ്പനും പുകയില നിയന്ത്രണത്തിനുള്ള നിയമ വശങ്ങളെക്കുറിച്ച്‌ ആരോഗ്യ വിഭാഗം മുന്‍ അഡിഷണല്‍ ഡയറക്ടറും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച്‌ ഓഫീസറുമായ ഡോ. എ.എസ്.പ്രദീപ് കുമാറും സംസാരിച്ചു.