ആക്ഷൻ ഹീറോ ബിജു അഥവാ ഊച്ചാളി സിങ്കം

പനമ്പള്ളി നഗറിൽ വഴിയെറ്റിയെത്തിയ ഊച്ചാളി സിങ്കമാണ് ആക്ഷൻ ഹീറോ ബിജുവിലെ നായകൻ. ബിജു പൗലോസിന്റെ ലോകത്തെ പെൺകഥാപാത്രങ്ങളെ മാത്രമെടുത്താൽ മതി ചിത്രം മുന്നോട്ട് വെയ്ക്കുന്ന അപകടകരമായ രാഷ്ട്രീയം ബോധ്യമാകാൻ- മനു ഗുപ്തൻ എഴുതുന്നു.

ആക്ഷൻ ഹീറോ ബിജു അഥവാ ഊച്ചാളി സിങ്കം

മനു ഗുപ്തൻ

സാഹിത്യവും സംസ്‌കാരവും സംബന്ധിച്ച നെടുങ്കൻ വിലയിരുത്തലുകളോ, സാങ്കേതിക പദാവലിയോ ശീലമില്ലാത്ത ഒരാളാണിതെഴുതുന്നത്. ഒരു സിനിമ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നതിൽ, പ്രകടമായ അധമരാഷ്ട്രീയ ചായ്‌വോ പ്രചാരണപരതയോ ഇല്ലെങ്കിൽ, രാഷ്ട്രീയത്തിനുള്ള പങ്ക് പരിമിതമാണെന്ന് ചിന്തിക്കുന്ന ഒരാളുമാണ്. സമീപകാലത്ത് വലിയ വരുമാനമുണ്ടാക്കിയ ആക്ഷൻ ഹീറോ ബിജു എന്ന ചലച്ചിത്രത്തെക്കുറിച്ച്, ആ ചിത്രം മുഴുവൻ കണ്ട് ആസ്വദിച്ചവരും ഞാനുമായി 'വേവ് ലെംഗ്ത്' ചേരില്ല എന്ന് അർത്ഥം വരുന്ന ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. മറുപടിയായി ചിലരെങ്കിലും, രാഷ്ട്രീയമായ പരിമിതികൾ അംഗീകരിച്ചുതന്നെ, ആ ചിത്രം ആസ്വദിച്ചു എന്ന വിധത്തിൽ പ്രതികരിച്ചുകണ്ടു. ആ കുറിപ്പുകളാണ് ഇത്തരത്തിലൊന്ന് എഴുതാൻ പ്രേരിപ്പിച്ചത്. ഇത്രയും പ്രകടവും സ്ഥൂലവുമായ വികലരാഷ്ട്രീയത്തെപ്പറ്റി എഴുതാനുണ്ടോ എന്ന് ചോദിച്ചാൽ, ഇതിലെന്താണു കുഴപ്പം എന്ന് ചോദിക്കുന്നവരുടെ എണ്ണവും പശ്ചാത്തലവും അമ്പരപ്പിക്കുന്നതാണ് എന്നാണുത്തരം.


അമേൻ എന്ന ചിത്രത്തിലെ പ്രസിദ്ധമായ ആമുഖ രംഗം ഉണ്ടല്ലോ, സ്വർണക്കടലാസിലും തേക്കിലയിലും ഒക്കെ പൊതിഞ്ഞ് സമ്മാനമായി അമേദ്യം പ്രത്യക്ഷപ്പെടുന്ന രംഗം അതുപോലെ, മലയാളികളുടെ വീട്ടിൽ സമ്മാനപ്പൊതി എത്തിക്കുകയാണ് ആക്ഷൻ ഹീറോ ബിജു എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ.

പെട്ടെന്ന് ആ സ്റ്റാറ്റസ് എഴുതുമ്പോൾ ഒരു യാത്രയ്ക്കിടയിൽ ആ ചിത്രത്തിന്റെ ആദ്യ ഇരുപതു മിനിറ്റോളം കണ്ടിട്ടുണ്ടായ അരിശം മാത്രമായിരുന്നു മനസ്സിൽ. തുടർന്നുള്ള ഭാഗങ്ങൾ മെച്ചമാണെന്നും, സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ഒരു സെഗ്മെന്റ് പ്രത്യേകം ഗംഭീരമാണെന്നും ഒക്കെ പലരും പറഞ്ഞിട്ട്, ആ ചിത്രം മുഴുവനും കണ്ടു തീർത്തു. (മുഴുവനും എന്ന് പറയുന്നത് ശരിയല്ല, എങ്കിലും ഈ കുറിപ്പിനാവശ്യമായിടത്തോളം കണ്ടിട്ടുണ്ട്)

ഇന്റർ ലോക്കിംഗ് റ്റൈൽസ് പോലെ തമ്മിൽ ബന്ധമില്ലാത്ത, എന്നാൽ പരസ്പരം ചേർത്തു വയക്കാവുന്ന സെഗ്മെന്റുകളിലൂടെ ഒരു പോലീസ് സ്‌റ്റേഷനുമായി, കൃത്യമായി പറഞ്ഞാൽ നായകനായ എസ് ഐ ബിജു പൗലോസുമായി, ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. കഥയുടെയും, നായകനൊഴികെ കഥാപാത്രങ്ങളുടെയും ആഴത്തിനുള്ള സാധ്യതകൾ അതോടെ സാങ്കേതികമായിത്തന്നെ അവസാനിക്കുന്നു എന്ന മെച്ചമുണ്ട്. സംവിധായകൻ സ്വതന്ത്രനായി! പൊലീസ് സ്‌റ്റേഷനിലെ ദൈനംദിന നൃശംസതകൾക്കിടയിൽ കാമുകിയുമായി അല്ല, പ്രതിശ്രുത വധുവുമായി (പെൺവിഷയമായാൽ ആദർശനായകൻ പൊളിറ്റിക്കലി കറക്റ്റ് ആയല്ലേ പറ്റൂ!) സല്ലപിക്കുന്ന നായകന്റെ ദൃശ്യങ്ങളാണ് കഥാപാത്രത്തിലേക്ക് ഉൾക്കാഴ്ചതരാൻ പ്രധാനമായി തുന്നിച്ചേർത്തിരിക്കുന്ന വസ്തു.

ദൈനംദിന നൃശംസത എന്നത് ശ്രദ്ധിച്ചെഴുതിയ പ്രയോഗമാണ്. എബ്രിഡ് ഷൈനിന്റെ കാഴ്ചയിൽ പൊലീസിന്റെ ദൈനംദിനവ്യവഹാരം സമൂഹത്തിലെ അരാജകത്വത്തെ നീതിബോധത്തിൽ പൊതിഞ്ഞെടുത്ത പ്രതിഅരാജകത്വം കൊണ്ട് നേരിട്ട് നോർമലൈസ് ചെയ്യാൻ ശ്രമിക്കുക എന്നതാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ബിജു പൗലോസ് പനമ്പിള്ളി നഗറിലേക്ക് വഴിതെറ്റി വന്ന സിങ്കം തന്നെയാണ് (സൂര്യ ഫ്രാഞ്ചൈസ് സിങ്കം). 'സാധാരണത്വം' ഏകദേശം ഒന്നരപ്പോയിന്റിൽ പിടിപ്പിച്ച റേസർ കൊണ്ട് സട മാത്രമല്ല, മേലാകെ വടിച്ചിട്ടുള്ളതുകൊണ്ട് സിങ്കത്തെ തിരിച്ചറിയാൻ അല്പം പ്രയാസമാണെന്നേ ഉള്ളൂ. ഒരുപാട് കുരിശുവരച്ചുള്ള പ്രാർത്ഥനയും സ്വസ്ഥമായ ഷോപ്പിംഗും പിന്നെ ഫോൺ സല്ലാപവും മാത്രമുള്ള പ്രതിശ്രുത വധുവിന്റെ ആദർശലോകം ഒരുവശത്ത്; അനാർക്കിയും കൗണ്ടർ അനാർക്കിയും കൊമ്പുകോർത്ത് പ്രഷുബ്ധമാവുന്ന 'പൊലീസ്' ലോകം മറുവശത്ത്. ഈ രണ്ടുലോകങ്ങൾക്കുമിടയിൽ നായകൻ നായകൻ അനായാസം സഞ്ചരിക്കുന്നു.

പറഞ്ഞുവന്നത്, കുനിച്ചുനിർത്തി ഇടിച്ചുകൊണ്ടിരിക്കുന്ന പ്രതിയെ തുടർന്നിടിക്കാൻ സഹപ്രവർത്തകനെ എല്പിച്ചിട്ട് പ്രസന്നവദനനായി കെട്ടാൻപോകുന്ന പെണ്ണിനോട് സല്ലപിക്കുന്ന ഊച്ചാളി സിങ്കമാണ് നായകൻ. ഇയാളുടെ പൊലീസ് സ്‌റ്റേഷനതിർത്തിയിൽ വരുന്ന (ഒരെണ്ണമൊഴികെ) എല്ലാ പ്രശ്‌നങ്ങൾക്കും മൂന്നു കൂട്ടരാണുത്തരവാദികൾ 1) മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർ 2) ഗുണ്ടകൾ 3) സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് കൃത്യമായി വഴങ്ങാത്ത പെണ്ണുങ്ങൾ. പൊതുബോധത്തെ പരമാവധി തൃപ്തിപ്പെടുത്താവുന്ന കൃത്യമായ അനുപാതത്തിൽതന്നെ ഈ സങ്കലനം ഉപയോഗിച്ചതാണ് ചിത്രത്തിന്റെ വിജയരഹസ്യം. ആ 'കൃത്യത' പ്രകടമായി വഴുതുന്നത് മൂന്നാമത്തെ കൂട്ടരുടെ കാര്യത്തിലായതുകൊണ്ട് രാഷ്ട്രീയപാപ്പരത്തം പലരും ശ്രദ്ധിച്ചിട്ടുള്ളത് ഇക്കാര്യത്തിൽ മാത്രമാവും; പക്ഷെ ശരിക്കുള്ളതിന്റെ നാലിലൊന്നു പോലും ആരും പറഞ്ഞുകണ്ടില്ല ഇതുവരെ. മദ്യപരെ കൈകാര്യം ചെയ്യുന്നതിലെ നിയമവിരുദ്ധത തമാശയുടെ പുതപ്പിൽ ഒളിപ്പിച്ചിരിക്കുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെടുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതിലെ ഉപരിപ്ലവത കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട മെലോഡ്രാമയിൽ മുക്കിയിരിക്കുന്നു. (മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങിയ കുട്ടികളെ അമ്മമാരുടെ കണ്ണീർ ഉപയോഗിച്ച് സുഖപ്പെടുത്താനാവുമെന്നത് എത്ര മനോഹരമായ പരിഹാരമാണ്! മയക്കുമരുന്നും തമ്പാക്കും വിൽക്കുന്നവനെ തല്ലി പാഠം പഠിപ്പിക്കുന്നതിൽ ബാക്കിയുള്ള ധാർമിക് റോഷന്മാരും സുഖിച്ചിരുന്നുകൊള്ളും. ശുഭം!) 'ഗുണ്ടകൾ' സാമൂഹ്യമായി മൊത്തത്തിൽ അനാഥരും നോർമലൈസ് ചെയ്യപ്പെടാനുള്ളവരും ആയതുകൊണ്ട് അവരെ ഏതുരീതിയിലും കൈകാര്യം ചെയ്യാം. അതു വിടാം, അക്കാര്യം എഴുതിത്തുടങ്ങിയാൽ കൈയ്യിൽ നിൽക്കില്ല.

ബാക്കിയുള്ളത് പെണ്ണുങ്ങളാണ്. അമ്മമാരും പെണ്മക്കളും ഒഴിച്ചുള്ള സ്തീവർഗത്തെ ആണ് പെണ്ണുങ്ങൾ എന്ന് പറയുന്നത്, ആവറേജ് മലയാളി പുരുഷൻ. അമ്മമാർ സർവം സഹകളാണ് സിനിമയിൽഅല്ലെങ്കിൽ ആയിരിക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട് സുരാജ് അഭിനയിക്കുന്ന ഒരു സെഗ്മെന്റിൽ. പെണ്മക്കൾ അപ്പന്മാരെ ആവശ്യമുള്ളവരാണ്, അവരോടിഷ്ടം കൂടുന്നവരാണ് (പടം കണ്ടവർ പെൺകുട്ടികൾക്ക് അപ്പനോടുള്ള കാല്പനികമായ അടുപ്പം ഓർക്കുക). ദുഷ്ടനായ ഒരു ധനാഢ്യൻ മറ്റൊരു മോറ്റീഫ് എന്നേയുള്ളൂ, ജീവനുള്ള കഥാപാത്രത്തെ പ്രതീക്ഷിക്കരുത്, പട്ടിയെ വിട്ട് കടിപ്പിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിൽ ആദശവാനായ അപ്പന്റെ റോൾ കളിക്കാൻ പൊലീസ് മാമനു കഴിയുന്നുമുണ്ട്. ഈ ഒരു സെഗ്മെന്റിൽ മാത്രമാണ് ലഹരിഗുണ്ടാപെൺ ത്രയം പ്രശ്‌നമല്ലാത്തത്. അമ്മയും പെണ്മക്കളും ഒഴികെയുള്ളവർ, പെണ്ണുങ്ങൾ, പ്രശ്‌നക്കാരാണ്. സിനിമയിലെ മിക്ക പ്രശ്‌നങ്ങളിലെയും കുഴപ്പക്കാർ അവരാണ്, നോക്കൂ:

കുടുംബിനിയായിരിക്കെ ഒരു ഓട്ടോക്കാരനുമായി സല്ലപിച്ച് അവനെ വശത്താക്കിയിട്ട് അവന്റെ പ്രേമം ഉൾക്കൊള്ളാനാകാതെ വിഷമിക്കുന്ന കറുത്തു തടിച്ച 'സാധനം'. (അവളെപ്പോലൊരു സാധനത്തെ പ്രേമിക്കുന്നതിനു തല്ലുകൊടുക്കേണ്ടതാണെന്ന് നായകൻ)


കുറ്റവാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ 'അനാവശ്യമായി' ഇടപെടുന്ന പൊതുനിരത്തിൽ വച്ച് 'ഏതെങ്കിലും അലവലാതി നിതംബത്തിൽ കരതലം അമർത്തിയാൽ' പ്രശ്‌നമാക്കാൻ സാധ്യതയില്ലാത്ത ഒരു മനുഷ്യാവകാശ പ്രവർത്തക

കുളിക്കാനാണെന്ന വ്യാജേന വീടിന്റെ പരിസരത്ത് നിന്ന് തുണിയഴിക്കുന്ന അയൽക്കാരൻ 'കാണാൻ കൊള്ളവനായിരുന്നെങ്കിലോ?' എന്ന ചോദ്യത്തിൽ പൂത്തുലഞ്ഞു പോകുന്ന പരാതിക്കാരികളായ സ്ത്രീകൾ


'പറഞ്ഞുതീർക്കാവുന്ന എന്തോ പ്രശ്‌നം' കാരണം കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടി കുഞ്ഞിനെ കൊല്ലുന്ന, ഒരു സൈനികന്റെ ജീവിതം അപകടത്തിലാക്കുന്ന ഉത്തരവാദിത്തമില്ലാത്ത സ്ത്രീ

വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ പതിവായി കുട്ടിക്ക് പലഹാരം വാങ്ങിവരുന്ന നല്ലവനായ ഭർത്താവിനെ ഉപേക്ഷിച്ച് 'പ്രണയം' കാരണം മറ്റൊരുത്തന്റെ കൂടെ പോകുന്ന സ്ത്രീ

മദ്യപനായ കാമുകനോട് ലക്കും ലഗാനുമില്ലാതെ ശൃംഗരിക്കുകയും അയാൾ കൊണ്ടുവരുന്ന മോഷണമുതലുകൾ വാങ്ങി വയ്ക്കുകയും ചെയ്യുന്ന കോളനിക്കാരി സ്ത്രീ


ഭാര്യ വീട്ടുവേലക്ക് പോകാൻ അനുവദിക്കാത്ത, അന്യരുടെ മുതലിനോട് തികച്ചും ഉത്തരവാദിത്തം കാണിക്കുന്ന, സ്വാഭിമാനിയും സത്യസന്ധനുമായ ഭർത്താവിനോട് കുടുംബശ്രീ വക ജോലിക്കെന്നു കള്ളം പറഞ്ഞ് വീടുവിട്ടിറങ്ങി, വീട്ടുവേലയ്ക്കുപോയി അവിടെ മോഷണം നടത്തി, കുടുംബനാഥന്റെ ഹൃദയം തകർക്കുകയും മിടുക്കിയായ മകളുടെ മാനം തകർക്കുകയും ചെയ്യുന്ന വീട്ടമ്മ

ഇത്രയും പേരാണ് ബിജു പൗലോസിന്റെ ലോകത്തെ പെണ്ണുങ്ങൾ. മൂന്നുചെറുപ്പക്കാരെ മയക്കുമരുന്നുപയോഗത്തിനു പിടിച്ചിട്ട് രക്ഷിതാവിനെ വിളിച്ചുവരുത്തുമ്പോൾ എത്തുന്നത്, മൂന്നിടത്തും, അമ്മമാരാണെന്നതും ശ്രദ്ധിക്കാവുന്നതാണ്. അച്ഛൻ വളർത്തിയില്ലെങ്കിൽ ആണ്മക്കൾ വഴിതെറ്റിപ്പോവും! സ്‌െ്രെതണഭാവമുള്ള ഒരു പുരുഷൻ തൊടുമ്പോൾ അറപ്പ് കാണിക്കുന്നുണ്ട് കഥാനായകൻ. ആ അറപ്പിന്റെ രാഷ്ട്രീയം എത്ര വികലമാകട്ടെ, അതിലും വലിയ അറപ്പോടെയേ വ്യക്തിത്വമില്ലാത്ത ഈ സ്ത്രീ കഥാപാത്രങ്ങളെ കണ്ടിരിക്കാനാവൂ. അറപ്പ് കഥാപാത്രങ്ങളോടല്ല, അവരുടെ സ്രഷ്ടാവിനോടാണെന്നു മാത്രം. (ദേവി അജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രവും അവരുടെ അഭിനയവും നന്നായി എന്നതും മറക്കുന്നില്ല.) സത്യസന്ധനും മാന്യനും എന്നാൽ സർവോപരി കള്ളനുകഞ്ഞിവച്ചവനും ആയ മലയാളി പുരുഷനും, അവന്റെ ഭാര്യക്കും, അവന്റെ ഫേയ്‌സ്ബുക്ക് സോൾമേറ്റിനും, അവന്റെ അമ്മയ്ക്കും, അവന്റെ അമ്മായിക്കും ഇഷ്ടപ്പെടുന്ന പൈങ്കിളി 'നീതിബോധവും' ധാർമ്മികരോഷവും ഉപയോഗിച്ച് ഈ കഥയിലെല്ലാം കഥാനായകൻ സ്വീകരിക്കുന്ന ഊച്ചാളി നിലപാടുകളെ അടിമുടി ന്യായീകരിക്കുന്നുണ്ട് സംവിധായകൻ.

ഉദാഹരണത്തിന്, സുരാജ് അഭിനയിക്കുന്ന കഥാഭാഗത്തിൽ ആ കഥാപാത്രത്തിന്റെ ഭാര്യയാണല്ലോ വില്ലത്തി. അവർക്ക് ഭർത്താവിനെക്കുറിച്ച് പരാതിയൊന്നും ഇല്ല. 'നിർദോഷിയായ' ഭർത്താവിനെ വെറുതെ ഉപേക്ഷിച്ചുപോവുകയാണവൾ. അഞ്ചുവയസ്സോളം പ്രായമുള്ള കുട്ടിയുടെ അച്ഛൻ ഭർത്താവല്ല കാമുകനാണ്; മറ്റുകുട്ടികൾ ഇല്ല; സുരാജ് വൈകുന്നേരങ്ങളിൽ പലഹാരം വാങ്ങിക്കൊണ്ടുവരുന്നത് കുട്ടിക്കാണ്; കുട്ടിയെമാത്രം ഓർത്താണ് അയാൾ സങ്കടപ്പെടുന്നത് എന്നൊക്കെ പറയുന്നതിൽ ആ ദമ്പതികളുടെ വൈകാരികവും ലൈംഗികവുമായ ജീവിതം തകരാറിലാണെന്ന സൂചനയുണ്ട്. അവൾ കാമുകനെ തേടിയതിന്റെ ന്യായീകരണവും അതിലുണ്ട്. പക്ഷെ പത്തുമിനിറ്റലിധികം നീളുന്ന ആ സെഗ്മെന്റിൽ ഒരിടത്തും ആ സ്തീയുടെ പക്ഷത്തുനിന്നല്ല സംവിധായകൻ കഥപറയുന്നത്. അവരുടെ പക്ഷത്തല്ല കാഴ്ച. അവരെ കാണാനുതകുന്ന ഒന്നും സമീപനത്തിൽ ഇല്ല. അവസാന പെൺകഥയിലെ നായിക രോഹിണി കാണിക്കുന്ന ധൈര്യം പോലും അവൾക്കില്ല. പിടിക്കപ്പെട്ട കുറ്റവാളിയുടെ ശ്വാസംമുട്ടല്ലാതെ ഒന്നും കാണാനില്ല. അവൾ ഒരു അമ്മ മാത്രമല്ല പെണ്ണുകൂടിയാണെന്ന്, അതുകൊണ്ടെടുത്ത തീരുമാനമാണെന്ന്, സൂചിപ്പിക്കാനുള്ള ധൈര്യം മാത്രം അവൾ കാണിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ അമേദ്യത്തിൽ വീണ ചെറിക്കഷണം പോലെ ഈ പരട്ട സിനിമയിലെ ഒരു മികച്ച സെഗ്മെന്റായി അത് മാറിയേനേ. (സുരാജ് ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു). സുരാജിനെയും നായകനെയും മാത്രം ന്യായീകരിക്കുന്ന കാമറക്കുമുന്നിൽ അവൾ വ്യക്തിത്വം നഷ്ടപ്പെട്ട ഒരു വ്യഭിചാരിണി മാത്രമാണ്.

ഇങ്ങനെ, ഒന്നുകിൽ വേലിചാടുന്ന അല്ലെങ്കിൽ വെളിവില്ലാത്ത പെണ്ണുങ്ങളെ നോർമലൈസ് ചെയ്തും അവർ മൂലം ഉണ്ടാകുന്ന അസമാധാനത്തെ നിയന്ത്രിച്ചും പാടുപെടുന്ന പാവം നായകന്, സ്ഥലത്തെ വക്കീലും കോടതിയും ഒക്കെ താനാണെന്ന ബോധ്യം കൂടി ഉണ്ട്. പൊതുസ്ഥലത്ത് ഉടുതുണിയുരിയുന്ന കുടിയന്റെ ശരീരത്തിലെ ഓണംകേറാമൂലകളിൽ ചൊറിയണം വച്ചടിച്ച് കൈകൾ പിന്നിൽ പിടിച്ചുകെട്ടിയുണ്ടാക്കുന്ന ചൊറിഞ്ഞുതുള്ളൽ ഈ ചിത്രത്തിന്റെ കാണികൾ പരക്കെ ആസ്വദിച്ച തമാശ ആണത്രേ. ഇക്കാര്യത്തിലെന്നല്ല, മൊത്തത്തിൽ മെയിൻസ്ട്രീമിന് അരോചകമാകുന്ന സകലതിനെയും അക്രമം മുഖേന നോർമലൈസ് ചെയ്യാൻ പൗരാവകാശത്തിൽ ഇടമുണ്ടെന്ന അപകടകരമായ 'സംഘകാല' ഐഡിയോളജി പ്രചരിപ്പിക്കാനാണീ ചിത്രം ശ്രമിക്കുന്നത്. കുടുംബശ്രീ പദ്ധതിയെപ്പറ്റിയുള്ള പരാമർശം പോലും നിർദ്ദോഷമാണെന്ന് കരുതുന്നില്ല; കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ പേട്രിയാർക്കിയുടെ നീരാളിപ്പിടിത്തം അല്പമെങ്കിലും വിടുവിച്ചിട്ടുള്ളതിൽ ആ പദ്ധതിക്കുള്ള പ്രാധാന്യവും അതിൽ അസ്വസ്ഥരാകുന്നവരുടെ ഉള്ളിലിരുപ്പും രഹസ്യമൊന്നുമല്ലല്ലോ.

ചിത്രത്തിലുണ്ടെന്ന് അവകാശപ്പെടുന്ന 'യഥാതഥമായ' പൊലീസ് സ്‌റ്റേഷൻ ജീവിതം എത്രമാത്രം അപകടകരമായ, ഏകപക്ഷീയമായ, റ്റൈപ്പുകളെ ആണു മുന്നിൽ വയ്ക്കുന്നതെന്ന് മുകളിൽ പറഞ്ഞല്ലോ. അതും മുൻപറഞ്ഞ ഐഡിയോളജിയും കൂടി ഉണ്ടാകുന്ന സാമൂഹ്യവിഷം, എളുപ്പം വിൽക്കാനും തൃപ്തിപ്പെടുത്താനും കഴിയുന്ന ഒരു നീതിബോധത്തിൽ, നിയമ വ്യവസ്ഥിതിയോടൂം മനുഷ്യാവകാശത്തോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു നീതി ബോധത്തിൽ, അമേദ്യം സ്വർണ്ണക്കടലാസിലെന്നപോലെ, നന്നായി പാക്ക് ചെയ്ത് വിറ്റഴിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. ഉള്ളിലെ അമേദ്യത്തിന്റെ നാറ്റം അതിനു സ്വഭാവേന ഉള്ളതാണ്. (യേസ് സർ, യഥാതഥം). പക്ഷെ വഴിതെറ്റിക്കുന്ന പൊതിക്കെട്ട് ഒരു സാമൂഹ്യകുറ്റകൃത്യമാണ്.

ഞാൻ അധികം സിനിമകാണുന്ന ആളല്ല. അടുത്തകാലത്തിറങ്ങിയ മലയാളം ചിത്രങ്ങളിൽ പത്തിലൊന്നുപോലും കണ്ടുകാണില്ല. പക്ഷെ, ജനപ്രിയമായി വിറ്റഴിച്ചതിലെ കൗശലം കൂടി കൂട്ടിയാൽ, അടുത്തിടെ ഞാൻ കണ്ടിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും അപകടകരമായ ചിത്രം ഇതാണെന്ന് ഞാൻ നിസ്സംശയം പറയും.