അബൂബക്കര്‍ അല്‍ ബാഗ്ദാദി; പുരോഹിതനില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് വരെ

2012 ഡിസംബര്‍ 2 ന് ബാഗ്ദാദിയെ പിടികൂടിയതായി ബാഗ്ദാദ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടെങ്കിലും ഐഎസ്‌ഐ തന്നെ വാര്‍ത്ത നിഷേധിച്ചു.

അബൂബക്കര്‍ അല്‍ ബാഗ്ദാദി; പുരോഹിതനില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് വരെ

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും വാര്‍ത്ത പൂര്‍ണമായി സ്ഥിരീകരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ബാഗ്ദാദി കൊല്ലപ്പെട്ടതായും ഗുരുതരമായി പരുക്കേറ്റതായും പല തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അല്‍-അമാഖിനെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.


കഴിഞ്ഞ മാര്‍ച്ചില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ അദൃശ്യനായ ഷെയ്ഖ് എന്ന പേരില്‍ ലോകത്തെ ഞെട്ടിച്ച് മെയ് മാസത്തില്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. മുസ്ലീങ്ങള്‍ എല്ലാവരും ഖലീഫയുടെ പാത പിന്തുടരണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് ബാഗ്ദാദിയുടേതെന്ന പേരില്‍ പുറത്ത് വന്നത്.

1971 ല്‍ വടക്കന്‍ ബാഗ്ദാദിലെ സമാറയില്‍ ജനിച്ച ബാഗ്ദാദി അല്‍ഖൊയ്ദയുമായി യോജിച്ച് പ്രവര്‍ത്തിക്കും മുന്‍പുള്ള  പഴയകാല ജീവിതത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമല്ല. 2003 ല്‍ അമേരിക്കന്‍ അധിനിവേശ കാലത്ത് ബാഗ്ദാദിലെ പള്ളിയില്‍ ഇദ്ദേഹം പുരോഹിതനായി ജോലി ചെയ്തിരുന്നു എന്നും എന്നാല്‍ സദ്ദാം ഹുസൈന്റെ കാലത്ത് തന്നെ ബാഗ്ദാദി തീവ്രവാദം സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള വിവരങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണമില്ല.

2010 മെയ് 16നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ഐഎസ്‌ഐ) തലവനായി ബാഗ്ദാദി സ്വയം വിശേഷിപ്പിക്കുന്നത്. മുന്‍ നേതാവ് അബു ഒമര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെയായിരുന്നു ബാഗ്ദാദി നേതൃത്വം ഏറ്റെടുക്കുന്നത്. ഐഎസ്‌ഐയുടെ നേതൃത്വം ബാഗ്ദാദി ഏറ്റെടുത്തതിന് പിന്നാലെ നിരവധി ആക്രമണങ്ങള്‍ ബാഗ്ദാദിന്റെ പല ഭാഗങ്ങളിലായി നടന്നു. ഇതില്‍ ഏറ്റവും ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്നത് 2011 ഓഗസ്റ്റ് 28 ന് ബാഗ്ദാദിലെ ഉമ്മുല്‍ ഖുറാ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണമാണ്. ആക്രമണത്തില്‍ പ്രമുഖ സുന്നി പണ്ഡിതന്‍ ഖാലിദ് അല്‍ ഫഹദി കൊല്ലപ്പെട്ടു. 2011 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ തെക്കന്‍ ബാഗ്ദാദില്‍ 23 ആക്രമണങ്ങളാണ് ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ്‌ഐ നടത്തിയത്.

2011 മെയ് 2ന് അല്‍ ഖയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ബാഗ്ദാദിയുടെ മുന്നറിയിപ്പിന് പിന്നാലെ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളാണ് പല ഭാഗങ്ങളിലായി നടന്നത്. 2012 ഡിസംബര്‍ 2 ന് ബാഗ്ദാദിയെ പിടികൂടിയതായി ബാഗ്ദാദ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടെങ്കിലും ഐഎസ്‌ഐ തന്നെ വാര്‍ത്ത നിഷേധിച്ചു.

ഐഎസ് നേതൃത്വത്തിലേക്ക്

അല്‍ ബാഗ്ദാദിയും ഐഎസും അമേരിക്കയുടേയും സാമ്രാജ്യത്വ രാജ്യങ്ങളുടേയും വെല്ലുവിളിയായി ഉയരുന്നത് 2013 ഓടുകൂടിയാണ്. 2013 ഏപ്രില്‍ 8 ന് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ദി ലവന്റ്/ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ (ഐഎസ്‌ഐഎല്‍/ഐഎസ്) എന്ന സംഘടനയുടെ രൂപീകരണം അല്‍ ബാഗ്ദാദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

2014 ല്‍ ബാഗ്ദാദിയുടെതായി പുറത്തുവന്ന വീഡിയോ സന്ദേശത്തില്‍ സ്വയം ഖലീഫയാണെന്നും ലോക ഭരണമാണ് ലക്ഷ്യമെന്നുമുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ വെല്ലുവിളിയും മുന്നറിയിപ്പുമായിരുന്നു. ഐഎസ്‌ഐഎല്‍ എന്ന് പേര് ചുരുക്കി ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) എന്നാക്കി മാറ്റുകയും ചെയ്തു.

അല്‍ഖൊയ്ദയ്ക്ക് കാര്‍ക്കശ്യം നഷ്ടമായെന്ന് ആരോപിച്ചാണ് ബാഗ്ദാതി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നത്. സവാഹിരി ഉള്‍പ്പെടെയുള്ള അല്‍ ഖയ്ദ നേതാക്കളുമായി ഒരു തരത്തിലുമുള്ള വിധേയത്വം കാണിക്കാതെ ആയിരുന്നു ബാഗ്ദാദിയുടെ പ്രവര്‍ത്തനം. മാത്രമല്ല അല്‍ ഖയ്ദയെ പല സമയങ്ങളിലും ബാഗ്ദാദി പരസ്യമായി വെല്ലുവിളിച്ചിരുന്നു. സിറിയയും അല്‍ നുസ്രയും ഒഴിവാക്കി ഇറാഖില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സവാഹിരിയുടെ ആവശ്യം തള്ളിയാണ് ഐഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബാഗ്ദാദി മുന്നോട്ട് പോയത്. ഈ നിലപാടുകള്‍ സംഘടനയ്ക്കുള്ളില്‍ ബാഗ്ദാദിയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് സഹായിച്ചു.

2011 ഒക്ടോബറില്‍ ബാഗ്ദാദിയെ പിടികൂടാനോ വധിക്കാനോ സഹായിക്കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. തുടര്‍ന്ന് അബു ദുആ, ഇബ്രാഹിം അവദ് അലി അല്‍ ബദ്രി അല്‍ സമാറി തുടങ്ങിയ വ്യത്യസ്ത പേരുകളിലായിരുന്നു ബാഗ്ദാദി അറിയപ്പെട്ടിരുന്നത്. മാത്രമല്ല ബാഗ്ദാദി എവിടെയാണ് എന്നത് സംബന്ധിച്ചു വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ആയിരുന്നു പുറത്ത് വന്നത്. ബാഗ്ദാദി സിറിയയിലെ റാഖയിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ബാഗ്ദാദിയെ കുറിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ക്ക് ഒന്നും തന്നെ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ജീവിച്ചിരുന്ന കാലത്തുടനീളം നിഗൂഢത നിലനിര്‍ത്താനും ബാഗ്ദാദിക്ക് കഴിഞ്ഞിരുന്നു.

Read More >>