യോഗാജീ, ജൈവകൃഷിയല്ലേ, പറമ്പിൽ നാല് വാഴ വെച്ചുകൂടെ?

യോഗ ഉൾപ്പെടെയുള്ള ബ്രാഹ്മണിക് ഹിന്ദുത്വ ഒളിച്ച് കടത്തലുകൾക്ക് കഥയറിയാത്ത വാഹകരാകണോ അതൊ ആ സമയത്ത് നാല് വാഴ വയ്ക്കണോ എന്നതാണ് ചോദ്യം. വിശാഖ് ശങ്കർ എഴുതുന്നു.

യോഗാജീ, ജൈവകൃഷിയല്ലേ, പറമ്പിൽ നാല് വാഴ വെച്ചുകൂടെ?

വിശാഖ് ശങ്കർ

എല്ലാറ്റിനും ദിവസങ്ങൾ ഉള്ള നമ്മുടെ ആധുനിക കലണ്ടറിനെ സംബന്ധിച്ചിടത്തോളം ജൂൺ 21ന് ചില പ്രത്യേകതകളുണ്ട്; കഴിഞ്ഞ രണ്ടു വർഷമായി അന്നാണ് അന്താരാഷ്ട്ര യോഗദിനം, അന്നു തന്നെയാണ് സംഘപരിവാര ഗുരു ശ്രീ ഹെഡ്‌ഗെവാറിന്റെ ചരമദിനവും.

ലോക ആരോഗ്യ പരിപാലനരംഗത്തിന് ആർഷഭാരത സംസ്‌കൃതി നൽകിയ അയ്യായിരം വർഷത്തിലധികം പഴക്കമുള്ള ഒരു സംഭാവനയാണ് യോഗ എന്നൊക്കെയാണ് സംഘപരിവാർ അവകാശപ്പെടുന്നത്. യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അത് ആവർത്തിച്ചു. വെറുതേ പറയുകയല്ല, അവരെക്കൊണ്ട് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 2015 മുതൽ ലോകം ജൂൺ 21 സംഗീത ദിനത്തിനൊപ്പം യോഗാദിനമായി കൂടി കൊണ്ടാടാൻ തുടങ്ങിയത് എന്ന് ചരിത്രം ശരീരത്തെയും മനസിനെയും, ചിന്തയെയും പ്രവർത്തിയെയും, പ്രകൃതിയെയും മനുഷ്യനെയും ഒക്കെ ഏകോപിപ്പിക്കുന്ന ഒരേസമയം ഭൗതീകവും ആത്മീയവും ആയ ഒരു ഭാരതീയ സമഗ്ര ആയുർവിധി എന്നൊക്കെയുണ്ട് അതിന് വിശേഷണങ്ങൾ വേറെ. പക്ഷേ ഇവ എമ്പെരിക്കലായ വസ്തുതകളാണോ അതൊ കേവലം ദാർശനിക ആഖ്യാനങ്ങൾ മാത്രമോ എന്ന കാര്യത്തിൽ ഭാരതത്തിൽ തന്നെ തർക്കങ്ങൾ സജീവമാണ് എന്നതാണ് സത്യം. അത് ശ്രീ വിശ്വനാഥൻ ചാത്തോത്ത് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

ശാസ്ത്രവും ആഖ്യാനവും

ആഖ്യാനങ്ങളുടെ ലോകം വാക്കുകളും, ഭാവനയും അതായത് ചിന്തയും ചേർന്ന് പരസ്പര പ്രതിപ്രവർത്തനങ്ങളിലൂടെ വികസിപ്പിക്കുന്ന വിശാലവും സ്വയംപര്യാപ്തവുമായ ഒന്നാണ്. അതിന് തീർച്ചയായും അതിന്റേതായ പ്രസക്തിയുണ്ട്, അതിന്റേതായ സംഭാവനകളുണ്ട്. പക്ഷേ വസ്തുതകളുടെ ഭൗതികലോകം അതല്ല. അവയ്ക്ക് തമ്മിൽ ചില ചാർച്ചകളൊക്കെ ഉണ്ട് എന്നിരിക്കിലും അവ ഒന്നല്ല. ചിന്തയും ആശയങ്ങളും ഇല്ലെങ്കിൽ സൃഷ്ടിവാദം പോലുമില്ല എന്നിരിക്കെ ഈ മസ്തിഷ്‌ക ആഖ്യാന പരമ്പരയിലെ താരതമ്യേനെ പുതിയ വഴിത്തിരിവായ എമ്പെരിക്കൽ സയൻസും ഈ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. പക്ഷേ ആശയങ്ങളുടെ, ആഖ്യാനങ്ങളുടെ പ്രായോഗികക്ഷമത വിമർശനാത്മകമായി പരിശോധിക്കാനും, അവയിൽ ഇന്ദ്രിയ ഗോചരമായി ശരി/തെറ്റെന്ന് തെളിയിക്കാനാവാത്ത വാദങ്ങളെ, അവ മനോഹരങ്ങളാണെങ്കിൽ കൂടി സത്യം അഥവാ ജ്ഞാനത്തിൽ നിന്ന് വേറിട്ട് ഫിക്ഷൻ എന്ന് വർഗ്ഗീകരിക്കാനും ആരംഭിച്ചതോടെയാണ് റാഷണലിസം എമ്പെരിസിസവുമായി വേർപിരിയുന്നത്. ചരിത്രപരമായ ആ വിഛേദത്തിലൂടെയാണ് ശാസ്ത്രം ഭൗതികവും സാങ്കേതികവുമായ കുതിപ്പുകളുടേതായ ഒരു പുതിയ ലോകം സാദ്ധ്യമാക്കിയതും.

അതായത് ഇക്കാരസ്സും ഡെഡുലസ്സും കൂടി മെഴുക് ചിറകുണ്ടാക്കി രാക്ഷസൻ കോട്ടയിൽ നിന്ന് രക്ഷപ്പെട്ടതും, കുബേരനും തുടർന്ന് രാവണനും പുഷ്പക വിമാനത്തിൽ കയറി നടത്തിയ വാന സഞ്ചാരങ്ങളും, കൂട്ടത്തിൽ സാധുവും 'ലോക്ക'ലും ആയ ഇത്തിക്കര പക്കി തെങ്ങിന്റെ ഓല കെട്ടി പറന്നതും ആയ നിരവധി കഥകൾ വ്യോമയാനശാസ്ത്രത്തിന്റെ സാങ്കേതികപൂർവ്വ ആഖ്യാനമാതൃകകളിൽ ഉണ്ടാവാം. പക്ഷേ മേല്പറഞ്ഞ ആ വിഛേദം ഇല്ലായിരുന്നുവെങ്കിൽ, അതായത് ജ്ഞാനസമ്പാദനത്തിന്റെ എമ്പെരിക്കലായ രീതിശാസ്ത്രമില്ലായിരുന്നുവെങ്കിൽ കഥയിലൂടെയല്ലാതെ ആകാശത്തിലൂടെ വിമാനം പറക്കില്ലായിരുന്നു. അതായത് അവ ആഖ്യാനങ്ങൾ വിട്ട് യാഥാർത്ഥ്യങ്ങളാവില്ലായിരുന്നു എന്ന്. ഇനി സായിപ്പ് വരുന്നതിന് മുമ്പേ ഇവിടെ വിമാനമുണ്ടായിരുന്നു, ഇടക്കാലത്ത് ആ സാങ്കേതിക വിദ്യ നശിച്ച് പോയതാണെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്നതിന് വസ്തുനിഷ്ഠമായ വിശദീകരണം വേണം, പകരം മറ്റൊരു കഥ പോര.

ശാസ്ത്രവും മറ്റൊരു ആഖ്യാനം മാത്രമാണെന്ന ഉത്തരാധുനിക വാദം കണ്ടില്ലെന്ന് നടിക്കുന്നതും ഇതാണ്. ഇവിടെ ശാസ്ത്രവും തത്വചിന്തയും തമ്മിലോ, ആഖ്യാനവും പരീക്ഷണവും തമ്മിലൊ ഒരു മൂപ്പിളമ തർക്കം സത്യത്തിൽ ഉണ്ടാകേണ്ടുന്ന കാര്യമില്ല. ഉണ്ടെന്ന് സ്ഥാപിക്കുന്നത് ശാസ്ത്രബന്ധിയോ ആഖ്യാനബന്ധിയോ അല്ലാത്ത ചില അധികാര താല്പര്യങ്ങളാണ്. അതാണ് യോഗ എന്ന ചരിത്രപരമായ ഒരു സത്യത്തിൽ നിന്ന് അതിന്റെ കാലികവും വസ്തുതാപരവുമായ വിശദാംശങ്ങളെ മുഴുവൻ ഉപേക്ഷിച്ച് ചരിത്രനിരപേക്ഷമായ കേവല അവകാശവാദങ്ങൾ കൊണ്ട് അതിനെ പരിഷ്‌കരിച്ച് വ്യാജ ആഖ്യാനങ്ങളുടെ പിന്തുണയോടെ ചരിത്രത്തിൽ പുനർനിക്ഷേപിക്കുവാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം.

യോഗയിലെ മതം

യോഗ മതനിരപേക്ഷമാണോ എന്ന് ചോദിച്ചാൽ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റേത് മാത്രമല്ലാത്തതൊക്കെ മതനിരപേക്ഷം എന്ന അർത്ഥത്തിലെങ്കിൽ ആണ്. എല്ലാ മതങ്ങളും സൃഷ്ടിവാദത്തിൽ ഒന്നിക്കുന്നു എന്നതുകൊണ്ട് തന്നെ അതിനെ കേന്ദ്രമാക്കി വന്ന എല്ലാ രാഷ്ട്രീയ, ആരോഗ്യ, സാമൂഹ്യ തത്വചിന്തകളും മതനിരപേക്ഷമാണ്. കാരണം സമാന്തര ആഖ്യാനങ്ങളെ മിക്കവാറും എല്ലാ മതങ്ങളിൽ നിന്നും കണ്ടെടുക്കാനാവും. അപ്രകാരം യോഗ എന്ന പഴയ ആരോഗ്യരക്ഷാവിധിയും മതനിരപേക്ഷം തന്നെ. ആ നിലയ്ക്ക് യോഗ ഒരു പുരാതന, മതനിരപേക്ഷ സമ്പൂർണ്ണ ഭാരതീയ ആത്മസാക്ഷാത്കാരമുറയാണ് എന്ന നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ വാദം ശരിയാണ്. പക്ഷെ അതുകൊണ്ട് ഹിന്ദുക്കൾക്ക് യോഗയിൽ പ്രത്യേകിച്ച് ഒരു അവകാശവാദവും ഇല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അദ്ദേഹമൊ സംഘപരിവാരമോ തയ്യാറാകുമോ?

modi_yoga

ഇന്നിപ്പോൾ യോഗയെക്കുറിച്ച് പറയുമ്പോൾ പതഞ്ജലിയും, ഹഠയോഗികളും, കാലവും, ദർശനവൈരുദ്ധ്യങ്ങളും ഒക്കെ കൂടിക്കലരുന്ന ഒരു വ്യാജ ചരിത്രസ്ഥലമാണ് പശ്ചാത്തലം. 'ഇല്ലൊന്നിനുമൊരു നിശ്ചയം' എന്നതാണ് അവിടത്തെ ആപ്തവാക്യം! ഹഠയോഗികളെ അവരുടെ നിഷേധത്തിന്റേതായ ജീവിതദർശനത്തിൽ നിന്ന് നിർബന്ധമായി മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. അവർ നിയമ നിർമ്മാണത്തിലൂടെ നടത്തിയ ആ 'ഹിംസ' പക്ഷേ അന്നത്തെ പല മതചിന്തകരും പുരോഹിതവൃന്ദവും എതിർത്തിരുന്നില്ല എന്നതാണ് സത്യം. വിവേകാനന്ദൻ പോലും ഇവർ അനുഷ്ഠിക്കുന്ന വിധികൾ കൊണ്ട് കാര്യമായ ഒരു അത്മീയ വികാസവും സാദ്ധ്യമല്ല എന്നാണ് പറഞ്ഞത്. പതഞ്ജലിയുടെ ഗ്രന്ഥത്തിലാകട്ടെ ധ്യാനത്തിന് ആവശ്യമായ ഏകാഗ്രത ആർജ്ജിക്കുവാൻ പറ്റിയ ഒരു ഇരിപ്പ് എന്നതിലുപരി ഇന്നുള്ളതുപോലുള്ള നൂറിലേറെ ആസനങ്ങളുടെ പരാമർശമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി പണ്ഢിതരുണ്ട്. അവരുടെ വെല്ലുവിളികളെ ഒരു സംഘിയും ഏറ്റെടുത്ത് തെറ്റെന്ന് തെളിച്ച ചരിത്രമില്ല. അതായത് വേദപൂർവ്വ കാലം മുതൽക്ക് തുടങ്ങുന്ന ഒരു ആരോഗ്യരക്ഷാവിധി എന്നൊക്കെയുള്ള വാദങ്ങൾക്ക് സംഘി ആഖ്യാനങ്ങൾക്ക് പുറത്ത് യാതൊരു സാധുതയുമില്ല.

ഇതിൽ രാഷ്ട്രീയമെ ഉള്ളു, മതമില്ല എന്ന് പറഞ്ഞാൽ പ്രത്യക്ഷതലത്തിൽ അത് ശരിയാകുന്നത് ഇതുകൊണ്ടൊക്കെയാണ്. എന്നാൽ അതിന്റെ ഉത്തരാധുനിക നവോത്ഥാനത്തിന് പിന്നിൽ മതവും രാഷ്ട്രീയവും ഒന്നാകുന്ന, ഒന്നാക്കാൻ ശ്രമിക്കുന്ന ബ്രാഹ്മണിക് സംഘപരിവാർ അജണ്ടകളാണ്. സംഘപരിവാർ രാഷ്ട്രീയത്തിൽ മതവും രാഷ്ട്രീയവും ഒന്നാണ്. അതുകൊണ്ട് തന്നെ അവർ ഇന്ന് വീണ്ടെടുത്ത് പ്രചരിപ്പിക്കുന്ന യോഗയിൽ മതവുമുണ്ട്, രാഷ്ട്രീയവുമുണ്ട്.

കൂറ്റൻ കെട്ടുകാഴ്ചകൾ

ഹഠയോഗികൾ ഏറെക്കുറെ ഒറ്റയ്ക്ക് അനുഷ്ഠിച്ചിരുന്ന എതാനും ആസനങ്ങളെ നൂറുകണക്കിനായി വികസിപ്പിച്ച് അവയെ അവരുടെ കാലത്തിനും പിന്നിലേക്ക് വിക്ഷേപിച്ച് നേടിയെടുക്കുന്ന കാലബന്ധിയായ വ്യാജ ആധികാരികത ഉപയോഗിച്ച് വർത്തമാനത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന കൂറ്റൻ കെട്ടുകാഴ്ചകൾ സംഘടിപ്പിക്കുക. അങ്ങനെ ഒരുക്കുന്ന ഭ്രമാത്മകമായ ഒരു സ്ഥലത്തിലൂടെ മതനിരപേക്ഷമായ ഒരു പൊതുവ്യായാമമുറ എന്ന നിലയിൽ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സ്ഥുലവൽക്കരിച്ച വ്യക്തിഗത അനുഭവസാക്ഷ്യങ്ങൾ പ്രചരിപ്പിക്കുക. ഇതിലൊക്കെക്കൂടെ പുഷ്ടിപ്പെടുത്തപ്പെടുന്ന യോഗവിശ്വാസികളുടെ 'മതേതരസംഘ'ങ്ങളിലൂടെ ബ്രാഹ്മണിക്ക് മൂല്യവ്യവസ്ഥയെ പ്രച്ഛന്നമായി കടത്തുക. അതാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ തന്ത്രം. ഭാരതീയ ജനാധിപത്യവ്യവസ്ഥയിൽ അതിന്റെ പുനരുത്ഥാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച പല തന്ത്രങ്ങളിൽ ഒന്ന്.

ഹോമിയോപ്പതി മുതൽ ചിരി ചികിൽസ വരെയുള്ളവയ്ക്ക് അംഗീകാരം നേടാനാവുന്ന ഉത്തരാധുനിക മദ്ധ്യവർഗ്ഗത്തിന്റെ ആരോഗ്യബന്ധിയായ ആശങ്കകളിലേക്ക് പ്രവർത്തി തലത്തിൽ ലളിതവും, എന്നാൽ സൈദ്ധാന്തിക ഭാഷ്യങ്ങളിൽ സങ്കീർണ്ണവുമായ എന്ത് ആരോഗ്യവിധിയും വിജയിക്കും എന്ന് മാത്രമല്ല അവ അത്തരം വിധികളുടെ അനുയായികളുടെതായ സൂക്ഷ്മ സ്വത്വവിഭാഗങ്ങളെ പോലും സൃഷ്ടിക്കും. 'ആർട്ട് ഓഫ് ലിവിങ്ങി'ൽ വിശ്വസിക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ ഒരു സൂക്ഷ സ്വത്വവിഭാഗം തന്നെയാണ്. അവർക്കിടയിൽ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയം തന്നെയുമായ സഹജീവനം,സഹവർത്തിത്വം, സഹവൈകാരികത തന്നെയും ഉണ്ട് എന്നത് ഒരു വസ്തുതയാണ്. യോഗ ആർട്ട് ഓഫ് ലിവിങ്ങിന്റെയും പല സൈദ്ധാന്തിക പിന്നാഖ്യാനങ്ങളിൽ ഒന്നാണ് എന്ന് ഓർക്കുക.

യോഗയിലെ രാഷ്ട്രീയം

പ്രത്യക്ഷവും, സുതാര്യവുമായ ഒരു പ്രത്യയശാസ്ത്രത്തെ മുൻ നിർത്തി നേരിട്ട് പ്രവർത്തിക്കുന്ന ഒന്നല്ല ബ്രാഹ്മണിക്ക് സംഘിത്തത്തിന്റെ രാഷ്ട്രീയം. മതേതരത്വം, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ പോട്ടെ, ഭരണഘടനയെ തന്നെ തള്ളിക്കളയുന്ന സൈദ്ധാന്തിക ആചാര്യന്മാരെ അനുകൂലമായിടത്ത് ഉദ്ധരിച്ചും, പ്രതികൂലമായിടങ്ങളിൽ കണ്ടില്ലെന്ന് നടിച്ച് അപ്രധാനമാക്കിയും മുന്നോട്ട് പോകുന്ന തീരെ രേഖീയമല്ലാത്ത, പല പ്രച്ഛന്ന പദ്ധതികൾ ചേർത്ത് നെയ്ത ഒരു രീതിശാസ്ത്രമാണ് സംഘി രാഷ്ട്രീയത്തിന്റെ പ്രവർത്തന മാതൃക. അതിൽ അധികാരം ഉപയോഗിച്ച് അക്കാദമിക് ഗവേഷണങ്ങളെ മുതൽ മാദ്ധ്യമലോകത്തെ വരെ നിയന്ത്രിക്കുവാൻ പോന്ന ദീർഘകാല അജണ്ടകൾ ഉൾക്കൊണ്ടിരിക്കുന്നു.

വിപണിയും, കോർപ്പറേറ്റിസവുമായി വികസനം ഉൾപ്പെടെയുള്ള ഭാഷ്യങ്ങൾ മുൻ നിർത്തി പരസ്യമായും ഒരു ജനാധിപത്യ ലോകത്ത് അവയുടെ അപ്രമാദിത്തം ഉറപ്പിക്കുവാൻ വേണ്ട അഴിമതി പോലുള്ള ഉപകരണങ്ങളോട് സെലക്ടീവായ നയം സ്വീകരിച്ചുകൊണ്ട് പരോക്ഷമായും നിലനിർത്തുന്ന വലത് രാഷ്ട്രീയ പരിപ്രേക്ഷ്യം അവർക്ക് മദ്ധ്യവർഗ്ഗ സമ്മതി നിർമ്മാണത്തിലേയ്ക്കുള്ള ഒരു എളുപ്പവഴി ആകുന്നു. ശ്രീ ശ്രീ രവിശങ്കർ തൊട്ട് അമൃതാനന്ദ മയിയും സായി ബാബയും അങ്ങനെ പുത്തനും പഴയതുമായ മറ്റ് നിരവധി വ്യാജ ആത്മീയ കേന്ദ്രങ്ങളുമായി നിലവിലുള്ള ബന്ധത്തിലൂടെ ഒരേ സമയം സാദ്ധ്യമാകുന്നത് ഇവരുടെ ഭക്തരിൽ ബഹുഭൂരിപക്ഷം വരുന്ന മദ്ധ്യവർഗ്ഗവുമായി എളുപ്പം നിലനിർത്താവുന്ന ഒരു ചാനൽ സൃഷ്ടിക്കുക എന്നതും ഒപ്പം വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മനുഷ്യ വിഭവത്തിൽ കോർപ്പറേറ്റുകൾക്കായി ഒരു വൻ ആത്മീയ വിപണി ഖണ്ഡം (മാർക്കറ്റ് സെഗ്മെന്റ്) നിർമ്മിച്ച് നിലനിർത്തുക എന്നതുമാണ്.

പിതാവിന്റെ ദിവസവും മാതാവിന്റെ ദിവസവും വാദ്ധ്യാരുടെ ദിവസവും മുതൽ വാലന്റൈൻസ് ഡേ, പരിസ്ഥിതി ദിനം വരെ ഏത് ദിനവും ഏറിയും കുറഞ്ഞും വിപണിക്ക് ആഘോഷങ്ങളാക്കി മാറ്റുവാൻ പറ്റിയ ചില സാദ്ധ്യതകളാണ് തുറന്നിടുന്നത്. അതിലേയ്‌ക്കൊരു യോഗ ദിനവും കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അത് വിപണിക്കും ആഘോഷം. മേല്പറഞ്ഞ ആൾദൈവവിശ്വാസി സ്വത്വവിഭാഗങ്ങളുടെ കേന്ദ്രീകരണത്തിൽ നിലവിലുള്ളതോ, നിസ്സാരമായ ചില പരിഷ്‌കാരങ്ങളിലൂടെ എളുപ്പത്തിൽ കൂട്ടിചേർക്കാവുന്നവയോ ആയ പുതിയൊരു വിശ്വാസത്തിന്റെ സാദ്ധ്യത (യോഗയുടെ ആരോഗ്യപരിപാലന ബന്ധിയായ ഫലപ്രാപ്തി വസ്തുതയിൽ ഉപരി വിശ്വാസമാണ്) എന്ന നിലയ്ക്ക് അവർക്ക് ഒരു പുതിയ ഉപകരണം, കൂടാതെ പരിവാർ മുമ്പേ തുറന്നിട്ട, മുകളിൽ സൂചിപ്പിച്ച കനാലുകളിലൂടെ ബ്രാഹ്മണിക്ക് ഹിന്ദൂയിസത്തിന്റെ സുഗമ ഗതാഗതം എന്നിങ്ങനെ പലതാണ് പരിവാരത്തിന് നേട്ടം. ഈ നേട്ടങ്ങളാണ് സംഘപരിവാർ ഇന്ന് കേരളത്തിൽ സാധാരണ കാണുന്നതിലും വലിയ വികാരത്തള്ളിച്ചകളോടെ നെഞ്ചോടടുക്കി പിടിക്കാൻ നോക്കുന്ന യോഗയുടെ രാഷ്ട്രീയം.

മദ്ധ്യവർഗ്ഗത്തിൽ ഇത്രയും പ്രചാരം നേടിയ യോഗയെ (അവരുടെ ചിട്ടയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ; ആ ബഹുമതി അവർക്ക് നൽകുന്നു) ഒരു കീർത്തനം മുൻനിർത്തി വിമർശിക്കാൻ കഴിയുന്നതിലപ്പുറം കേരളത്തിൽ സൈദ്ധാന്തികമായെങ്കിലും മതേതരത്വം (അവർ വ്യാജമെന്ന് പണ്ടേ പ്രഖ്യാപിച്ച മതേതരത്വം) തകർന്നുകഴിഞ്ഞു എന്നായിരുന്നു അവർ ധരിച്ചത്. പക്ഷേ അതിനുള്ള ആയുധം കടത്താനായി അവർ തിരഞ്ഞെടുത്ത കാര്യമറിയാത്ത, വെറും വാഹകർ മാത്രമായിരുന്ന അപ്പാവികൾ പക്ഷേ അതറിഞ്ഞുള്ള ചെറുത്തുനില്പുകൾക്ക് മുമ്പിൽ 'പവനായി'യെ പോലെ ശവമായി എന്നത് ചരിത്രബോധമില്ലാത്ത സംഘികൾ അറിഞ്ഞില്ലെന്ന് മാത്രം.

കീർത്തനത്തിന് എന്താണ് കുഴപ്പം

ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പ്രതികരിച്ചതിനെ തുടർന്നാണല്ലോ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ 'പ്രോട്ടൊകൊളി'ൽ ഉള്ള കീർത്തനം അഥവാ പ്രാർത്ഥന വിവാദമായത്. പ്രാർത്ഥനയിൽ ദൈവമെന്നേ ഉള്ളു, അത് സംസ്‌കൃതത്തിൽ ആയതാണോ പ്രശ്‌നം എന്നൊക്കെയാണ് ചോദ്യങ്ങൾ. മറുചോദ്യം ദൈവത്തിനോടുള്ള അർത്ഥന എന്ന് പൊതു അർത്ഥം വരുന്ന ഹീബ്രൂ, അരാമിക്,അറബിക് സൂക്തങ്ങൾ ഉച്ചരിച്ചുകൊണ്ട്, ആലപിച്ചുകൊണ്ട് ഇത്തരം ഒരു യോഗാദിനമാഘോഷിച്ചാൽ അത് പ്രോട്ടോകോൾ ലംഘനമായി കണക്കാക്കപ്പെടുമോ എന്നാണ്. ഉവ്വ് എന്നു തന്നെയല്ലേ മറുപടി, അതു തന്നെയല്ലേ ഈ പ്രോട്ടോകോൾ നിബന്ധനകൊണ്ട് ഉദ്ദേശിക്കുന്നതും. ആ നിലയ്ക്ക് യോഗ എന്ന വ്യായാമമുറ എങ്ങനെ അവകാശപ്പെടുന്ന പോലെ ഫലത്തിൽ മതനിരപേക്ഷമാകും? ഇന്ത്യൻ പശ്ചാത്തലത്തിൽ ഹിന്ദു ആചാരങ്ങളെല്ലാം മതനിരപേക്ഷമാണ് എന്നാണോ?

K-K-Shylaja-Teacher

ശൈലജ ടീച്ചർ പറഞ്ഞത് ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര, ബഹുമത സമൂഹത്തിൽ സർക്കാർ മതേതരമാകണമെങ്കിൽ പൊതുസമൂഹത്തെ ഉൾക്കൊള്ളുന്ന പൊതുപരിപാടികൾ ഒക്കെയും അന്തസത്തയിലും കാര്യപരിപാടിയിലും ഒരുപോലെ മതനിരപേക്ഷമാകണമെന്നതാണ്. മതനിരപേക്ഷത എന്നത് മതം വേണ്ടെന്ന് വയ്ക്കുന്നതല്ല, എല്ലാ മതങ്ങളും വേണമെന്ന് വയ്ക്കുന്നതാണ് എന്നൊക്കെയാണ് വാദമെങ്കിൽ പ്രയോഗതലത്തിൽ ഇതുപോലൊരു ചടങ്ങിന്റെ പ്രോട്ടൊകോളിൽ അത് എങ്ങനെ പ്രായോഗികമായി ഉൾക്കൊള്ളിക്കാനാവും എന്ന പ്രശ്‌നത്തെയും അഭിമുഖീകരിക്കേണ്ടി വരും.

എല്ലാ മതങ്ങളെയും ഉൾക്കൊള്ളാം. പക്ഷെ അപ്പോൾ വിവിധ മത പ്രാർത്ഥനകൾ ഒരുമിച്ച് നടത്തേണ്ടിവരും. അല്ലാതെ ഏതെങ്കിലും ഒന്ന് ആദ്യവും, മറ്റേത് രണ്ടാമതും എന്ന് എങ്ങനെ ശ്രേണീകരിക്കാനാവും? ഒരു മന്ത്രി ഒരു സർക്കാർ സംരംഭം ഉൽഘാടനം ചെയ്യുമ്പോൾ ഇവയൊക്കെ എങ്ങനെ ഒരുമിച്ച് പാലിക്കും എന്നത് മറ്റൊരു ചോദ്യം. അപ്പോൾ പൊതു സ്ഥലങ്ങളിൽ നിന്ന് മതത്തെ, മതബിംബങ്ങളെ ഒഴിവാക്കി വ്യക്തിയുടെ സ്വകാര്യതയിലേക്ക് സ്ഥാപിക്കുക എന്നതാണ് പ്രായോഗിക പരിഹാരം. അത് പറഞ്ഞാൽ പക്ഷെ ഇപ്പോൾ ശൈലജ ടീച്ചറെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെല്ലാവരും തുടർന്നും ഉണ്ടാവുമോ എന്നത് സംശയമാണ്.

വാഴ വയ്ക്കൽ അഥവാ യോഗയിൽ നിന്ന് പഠിക്കേണ്ട പാഠം

കേവല സ്വത്വവാദവും, അതിന്റെ ഭാഗമായ മതേതര, ലിബറൽ, ജനാധിപത്യ നിരാസങ്ങളും ഒക്കെ ഫലത്തിൽ ഭൂരിപക്ഷ സ്വത്വത്തെ വീണ്ടും ശക്തിപ്പെടുത്തുകയെ ഉള്ളു. അതിന്റെ തിരിച്ചടി അനുഭവിക്കുന്നത് ആത്യന്തികമായും വിവിധ ന്യൂനപക്ഷങ്ങളാവും. പക്ഷെ അതിലൂടെ അവരുടെതല്ലാത്ത, അവരുടെ സ്വയം പ്രഖ്യാപിത പ്രതിനിധികൾക്ക് അന്തിച്ചർച്ചകളിൽ ഇടം കിട്ടും എന്നത് ശരിയാണ്. തീരുമാനം എടുക്കേണ്ടത് കൊൺഗ്രസ്സോ, കമ്യൂണിസ്റ്റ് പാർട്ടികളോ, ബിജെപിയൊ അല്ല, പൊതുസമൂഹമാണ്. യോഗ ഉൾപ്പെടെയുള്ള ബ്രാഹ്മണിക് ഹിന്ദുത്വ ഒളിച്ച് കടത്തലുകൾക്ക് കഥയറിയാത്ത വാഹകരാകണോ അതൊ ആ സമയത്ത് നാല് വാഴ വയ്ക്കണോ എന്നതാണ് ചൊദ്യം.

യോഗയെക്കുറിച്ചുള്ള നാരായണഗുരുവിന്റെ അഭിപ്രായം ആരായപ്പെട്ടപ്പോൾ അതുകൊണ്ട് എന്താ ഗുണം എന്ന് പുള്ളി ചൊദിച്ചു എന്നും മലബന്ധം ഉൾപ്പെടെ പല അസുഖങ്ങളും മാറും എന്ന മറുപടിക്ക് അതാണ് പ്രശ്‌നമെങ്കിൽ ആവണക്കെണ്ണ കുടിച്ചാൽ പോരെ എന്നായിരുന്നു ഗുരുവിന്റെ മറുചോദ്യം എന്നും ഒരു കഥയുണ്ട്. ലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്ത ലിങ്കിൽ യോഗാരാധകർക്ക് നൽകുവാനുള്ള സന്ദേശം എന്താണ് എന്ന ചോദ്യത്തിന് ശ്രീ വിശ്വനാഥൻ ചാത്തോത്ത് നൽകിയ മറുപടിയും ഏതാണ്ട് സമാനമാണ്. വ്യായാമത്തിന് യോഗ ബെസ്റ്റാണ് എന്ന പൊതുബോധത്തിന് അദ്ദേഹം നൽകുന്ന മറുപടി 'വാഴ വയ്ക്കുക'. സംഗതി ശരിയല്ലേ, വ്യായാമവും കിട്ടും, ബോണസായി കുലയും വെട്ടാം.

പുള്ളി യുക്തിവാദിയാണ്, ഇതേ പറയൂ എന്നാവും സംഘികൾ തൽക്ഷണം പ്രതികരിക്കുക. അത് സ്വാഭാവികം, അതുകൊണ്ട് തൽകാലം അവരെ നമുക്ക് വിടാം. എങ്കിലും ശാസ്ത്രത്തിനും വിശ്വാസത്തിനും ഇടയിൽ നിൽക്കുന്ന 'അന്ധവിശ്വാസി'യല്ലാത്ത വിശ്വാസികൾ ഉണ്ടല്ലോ. അവരോട്; യോഗയുടെ ഫലപ്രാപ്തിയെക്കുറിച്ചും, അതിന്റെ ആരോഗ്യപരിപാലന ബന്ധിയായ അവകാശവാദങ്ങളെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, പഴക്കത്തെക്കുറിച്ചുമൊക്കെ ഇങ്ങനെ നിരവധി തർക്കങ്ങൾ ഉള്ളപ്പോഴും നിങ്ങൾ അതിന്റെ മദ്ധ്യവർഗ്ഗ ആരാധകർ പറയുക ഒന്നുമല്ലെങ്കിലും അതൊരു വ്യായാമമല്ലേ, ഗുണമില്ലെങ്കിലും ദോഷമുണ്ടാവില്ലല്ലോ എന്നാണ്. അവരിൽ വീടിനു ചുറ്റുമോ, ടെറസിലോ, ബാൽക്കണിയിലോ സ്വന്തമായി ഇത്തിരി മണ്ണ് കൂട്ടാൻ ഇടമുള്ളവരോട് ഒരു വാക്ക്. ജൈവകൃഷിയാണല്ലൊ ഇപ്പോൾ ഫാഷൻ. സമയവും മനസ്സും ആരോഗ്യവും ഉണ്ടെങ്കിൽ ഉള്ള ഇടത്തിൽ നാല് വാഴ വച്ചുകൂടെ. വ്യായാമം കന്ന് വയ്ക്കുമ്പോഴും, വെള്ളം കോരുമ്പോഴും, കുല വെട്ടുമ്പോഴും കിട്ടും. ദോഷങ്ങൾ ഇല്ലെന്ന് ഉറപ്പാണ് എന്ന് മാത്രമല്ല ഗുണം കുലകുലയായി കുലച്ച് കിട്ടുകയും ചെയ്യും! (പ്രഭാഷണത്തിനും അതിൽ നിന്ന് ലഭിച്ച യോഗയെക്കുറിച്ചുള്ള വസ്തുതാബന്ധിയായ വിവരങ്ങൾക്കും ശ്രീ വിശ്വനാഥൻ ചാത്തോത്തിന് നന്ദി)