സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

എന്താണ് സീരിയലുകളുടെ സെൻസറിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്തായിരിക്കും സദ്ധുദ്ദേശ സീരിയലുകളുടെ ഉള്ളടക്കം? കഥാപാത്രങ്ങളുടെ സ്വഭാവ നിർണ്ണയം, ഡയലോഗുകൾ, സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്‌ക്കാരം എന്നിവ എങ്ങനെയാകണം എന്ന് ഒരു ബോർഡ് എത്തരത്തിലായിരിക്കും നിശ്ചയിക്കുന്നത്? ജോണി എംഎൽ എഴുതുന്നു.

സീരിയൽ സെൻസറിംഗ് തെറ്റിദ്ധാരണയുടെ സൃഷ്ടി

ജോണി എംഎൽ

പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ രമേശ് പിഷാരടിയിൽ നിന്ന് തന്നെ തുടങ്ങാം. ഒരു ദിവസം പിഷാരടി വീട്ടിൽ നിന്ന് പുറത്തിറങ്ങവേ അമ്മ പറഞ്ഞു, മോനെ ..നീ തിരികെ വരുമ്പോൾ ഒരു കിലോ ലഡ്ഡു വാങ്ങി കൊണ്ട് വരണം. എന്താണമ്മേ എന്ന പിഷാരടിയുടെ ചോദ്യത്തിന്നു അമ്മയുടെ മറുപടി ഇതായിരുന്നു- ഹരിചന്ദനത്തിലെ ഉണ്ണിമായ പ്രസവിച്ചു. പാവം പെണ്ണ്. കഴിഞ്ഞ രണ്ടു വർഷമായി ഗർഭിണിയായിരുന്നു.

ഇത് കേട്ട് കയ്യടിച്ചവരിൽ ഭൂരിഭാഗവും കേരളത്തിലെ വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന കലാപരമ്പരകളുടെ ആസ്വാദകർ തന്നെയാണ്. സീരിയലുകൾ എന്നു അറിയപ്പെടുന്ന ഈ കലാപരമ്പരകൾക്ക് സെൻസറിംഗ് ഏർപ്പെടുത്തണം എന്ന ആവശ്യം കേരള സർക്കാർ തന്നെ മുന്നോട്ടു വച്ചിരിക്കുകയാണ്. അതിൽ അനുമതി തേടിക്കൊണ്ട് കേന്ദ്രത്തിനു കത്തും എഴുതി കഴിഞ്ഞു, കേരളത്തിൻറെ പൊതു സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളെ മലീമാസമാക്കുന്ന കഥകളും കഥാപരിസരങ്ങളും, കഥാപാത്രങ്ങളും, ഈ സീരിയലുകളിൽ നിന്ന് ഉണ്ടാകുന്നു എന്ന തിരിച്ചറിവാണ് ഈ സെൻസറിംഗ് നീക്കത്തിന്നു പിന്നിൽ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെല്ലോ. പക്ഷെ സീരിയലുകൾക്ക്, സിനിമകളെ പോലെ തന്നെ അവാർഡ് കൂടി നല്ക്കുന്ന ഒരു സംസ്‌കാരത്തിലാണ് ഈ ആവശ്യം ഉണ്ടായിരിക്കുന്നത് എന്നും ഓർക്കണം. പ്രമുഖ സിനിമ താരങ്ങളും, ചില സംവിധയകരുമെല്ലാം, കുറെ നാളുകളായി സീരിയലുകളുടെ ജീർണ്ണമായ സൗന്ദര്യശാസ്ത്രത്തെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്.


ഈ സാമൂഹിക- സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഉയർന്നു വരുന്നത് രണ്ടു പ്രധാന സംഗതികൾ ആണ്. ഒന്നു, സെൻസറിംഗ് എന്ന ആവിഷ്‌ക്കാര സ്വാതന്ത്രയത്തിൻ കടിഞ്ഞാൺ ഇടൽ. രണ്ടു, സീരിയലുകൾ ഉണ്ടാകുന്നതിന്റെ, അല്ലെങ്കിൽ ഉണ്ടാക്കുന്നതിന്റെ സാമൂഹിക-സാംസ്‌കാരിക -സാമ്പത്തിക പശ്ചാത്തലം. ഈ രണ്ടു കാര്യങ്ങളെയും വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ നമ്മുക്ക്, സീരിയലുകൾക്ക് മേൽ, നിയന്ത്രണം ഏർപ്പെടുത്തെണ്ടതിന്റെ സാധ്യതകളെയും, അസാധ്യതകളെയും കുറിച്ചു സംസാരിക്കാൻ കഴിയു. ഉദ്ത പഞ്ചാബ് എന്ന സിനിമയിൽ 13 ഭാഗങ്ങൾ മുറിച്ചു കളഞ്ഞാൽ മാത്രമേ, പ്രദർശനാനുമതി നൽകു എന്ന് വാശി പിടിച്ച ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ചെയർമാൻ പഹ്ലാജ് നിഹലാനി ഇന്ത്യയിലെ എല്ലാ വിധ സർഗ്ഗാത്മക രാഷ്ട്രീയ വേർത്തിരിവുകളിൽ നിന്നും വിമർശനം നേരിടുന്നത് കണ്ടു. ഒടുവിൽ, കേവലം ഒരേയൊരു കട്ടോടെ കൂടിയാണ് ഉദ്ത പഞ്ചാബിന് ബോംബെ ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്. സിനിമയുടെ കാര്യത്തിൽ ആരും അതിവൈകാരികമായി പ്രതികരിക്കേണ്ടതില്ല എന്നും കോടതി പരോക്ഷമായി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിനെ ശാസിക്കുകയും ചെയ്തു.

ഈ വിവാദത്തെ തുടർന്നുണ്ടായ ചർച്ചകളിൽ എല്ലാം ഉയർന്നു വന്ന ഒരു പ്രധാന സംഗതിയാണ്, സെൻസറിങ് അല്ലെങ്കിൽ, സെൻസർഷിപ്പ് എന്ന വാക്കിന്റെ സാധുത. കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിൻറെ പേരിൽ പോലും സെൻസറിംഗ് എന്ന വാക്കില്ല. കാണികളുടെ പ്രായവും, പക്വതയും അനുസരിച്ച്, കുട്ടിക്കൾക്കുള്ളത്, മുതിർന്നവർക്കുള്ളത്, മുതിർന്നവരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് കാണാവുന്നത്, ആഗോള പ്രേക്ഷനത്തിൻ അനുയോജ്യം തുടങ്ങിയ സർട്ടിഫിക്കേറ്റുകൾ നൽകണം എന്ന് മാത്രമേ ഈ സ്ഥാപനത്തിന്റെ നിയമങ്ങൾ നിർദ്ദേശിക്കുന്നുള്ളൂ. എങ്കിലും, സ്വന്തന്ത്ര്യാനന്തര ഇന്ത്യയിൽ ലൈംഗീകത സ്ത്രീ-പുരുഷ സ്പർശം ഹിന്ദു മുസ്ലിം വഴക്കുകൾ അശ്ലീല വാക്കുകളുടെ പ്രയോഗം തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ ഒരു ജനപ്രിയ മാധ്യമമായ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ തന്നെ മാറ്റി വയ്ക്കാൻ തുടങ്ങി. അങ്ങനെ ഉണ്ടെങ്കിൽ, അവയെ ഒഴിവാക്കാൻ (സെൻസർ ചെയ്യാൻ) ബോർഡിന് അധികാരവും ഉണ്ടായിരുന്നു. ചുംബനത്തിൽ പൂവ്, ആദ്യ രാത്രിയിൽ ഉടയുന്ന കുപ്പി വളകളും ചരിയുന്ന പാൽപ്പാത്രവും കുളിസീനുകൾ, കാബറകൾ എന്നിവ വന്നത് ഇത്തരം സെൻസറിങ്ങിനെ പ്രതീകാത്മകമായി നേരിടാൻ വേണ്ടിയായിരുന്നു. ഇന്ത്യൻ സിനിമ ഉരുത്തിരിഞ്ഞത് ഗാന-നാടകങ്ങളിൽ നിന്നാണ് എന്നതിന് പുറമേ ഇന്ത്യൻ സിനിമകളിൽ ഗാനരംഗങ്ങൾക്ക് ഇത്രയും പ്രാധാന്യം വരാൻ കാരണം സെൻസറിംഗ് തന്നെയായിരുന്നു. ഒരു യുറോപ്യൻ-അമേരിക്കൻ സിനിമയിൽ കിടപ്പറ രംഗം നേരിട്ട് കാണിക്കുമ്പോൾ, തികച്ചും സൌന്ദര്യാത്മകമായി നമ്മുക്ക് ജിൽ ജിൽ ചിലംബനങ്ങൾ ചിരിയിൽ എന്ന് പാട്ട് പാടേണ്ടി വരുന്നു.

അപ്പോൾ വിഷയം സെൻസറിംഗ് എന്ന വാക്കാണ്. സീരിയലുകളിലെ പ്രതിലോമകരവും സ്ത്രീവിരുദ്ധപരവും ആ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ സെൻസറിംഗ് വേണം എന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. കേരളത്തിന്നു വേണ്ടി സവിശേഷമായ നിയമനിർമ്മാണം നടക്കുമോ, അതോ കേന്ദ്രം ഇന്ത്യയിലെ എല്ലാ സീരിയലുകളെയും ഈ നിയന്ത്രണത്തിന്നു കീഴിൽ കൊണ്ട് വരുമോ എന്നൊന്നും ഇനിയും വ്യക്തമല്ല. പക്ഷെ, ഒരു കാര്യം ഇനിയും ചർച്ച ചെയ്യപ്പെടെണ്ടതുണ്ട്. എന്താണ് സീരിയലുകളുടെ സെൻസറിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്തായിരിക്കും സദ്ധുദ്ദേശ സീരിയലുകളുടെ ഉള്ളടക്കം? കഥാപാത്രങ്ങളുടെ സ്വഭാവ നിർണ്ണയം, ഡയലോഗുകൾ, സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്‌ക്കാരം എന്നിവ എങ്ങനെയാകണം എന്ന് ഒരു ബോർഡ് എത്തരത്തിലായിരിക്കും നിശ്ചയിക്കുന്നത്? സർക്കാർ നിശ്ചയിക്കുന്ന സാദാചാരത്തിൻറെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് നിർമ്മിക്കപ്പെടുന്ന സീരിയലുകൾ 'പ്രൊപഗണ്ട' എന്നയിനത്തിൽ പെടുകയില്ലേ? അങ്ങനെ വരുമ്പോൾ, അതിന്റെ അർത്ഥം മസ്തിഷ്‌ക പ്രക്ഷോലനം* എന്നായിരിക്കുകയില്ലേ? ഇത് ലക്ഷ്യമാക്കി ഉണ്ടാക്കുന്ന സീരിയലുകൾക്ക് പ്രേക്ഷകർ കുറഞ്ഞു പോയാൽ വേറൊരു തരത്തിലുള്ള സാമ്പത്തിക തിരിച്ചടി ടെലിവിഷൻ ചാനലുകൾ നേരിടുകയല്ലേ? ഈ ചോദ്യത്തിന്നു നാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയിൽ ഉള്ള ഒരു പ്രതിസന്ധിഘട്ടമായാണ് നാം ഇന്ന് കേരളത്തിലെ സീരിയലുകളുടെ അപചയത്തെയും സർക്കാർ തലത്തിൽ തന്നെ അതിനെ തിരുത്താനുള്ള നീക്കത്തെയും വീക്ഷിക്കേണ്ടത്. മുതലാളിത്ത വ്യവസ്ഥയുടെ ഒരു പ്രധാന ഭൗതിക- വൈകാരിക ഉത്പന്നമാണ് സീരിയലുകൾ. അവ സൃഷ്ടിക്കുന്ന ഉപോത്പന്നങ്ങൾ അഥവാ ഉപഭോക്താക്കളാണ് പ്രേക്ഷകർ. ഇത്തരം പ്രേക്ഷകരുടെ സൃഷ്ടി തന്നെയാണ് ഈ സീരിയലുകളുടെ ലക്ഷ്യവും. ഇത് മനസിലാകണമെങ്കിൽ നാം അൽപ്പം ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതുണ്ട്. 1930കളിൽ ലോകം ആ ധ്രൂവീകരണത്തിൻറെ പാതയിൽ ആയിരുന്നു. കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങൾ ഒരു വശത്ത്. വളരുന്ന നാസിസത്തിനെതിരെയുള്ള ആഗോള കൂട്ടായ്മ മറുവശത്ത്. ഈ സമയത്ത് സർക്കാരിനെ അനുസരിക്കുന്ന ഒരു പൗര സമൂഹത്തെ വളർത്തി എടുക്കേണ്ടത് ഭരണക്കൂടങ്ങളുടെ ആവശ്യമായിരുന്നു. ഭരണക്കൂടം ഇപ്പോഴും സമ്പന്നരുടെ പിടിയിലായിരുന്നതിനാൽ (ഫാസിസത്തിൽ സമ്പന്നർ സ്വമേധയാ ഭരണക്കൂട്ത്തിന്റെ പിടിയിലായിരിക്കും), മതം -രാഷ്ട്രീയം- സാമ്പത്തികം ഈ മൂന്ന് ചേരുവകളും പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന ഒരു പൗരസമൂഹത്തിൻറെ സൃഷ്ടി അത്യാവശ്യമായി. ഇത് മൂന്നും ഒരുമിച്ചു സമ്മേളിക്കുന്ന ഒരു മൈക്രോയുണിറ്റാണ്. അങ്ങനെ കുടുംബത്തിൻറെ കഥകൾ പറയുന്ന പരിപാടികൾ റേഡിയോയിൽ ആരംഭിച്ചു. ശ്രോതാക്കളുടെ എണ്ണം വർദ്ധിച്ചപ്പോൾ അതിലേക്കു പ്രായോജകരുടെ* എണ്ണവും വർദ്ധിച്ചു. ടെലിവിഷൻ റേഡിയോയെ കടത്തി വെട്ടിയപ്പോൾ, ഈ സീരിയലുകൾ ടെലിവിഷനിലേക്കും ചേക്കേറി.

ടെലിവിഷനിൽ എത്തിയപ്പോഴേക്കും ഈ സീരിയലുകളുടെ പൊതുവായ നാമം 'സോപ്പ് ഓപറുകൾ' എന്നായി മാറിക്കഴിഞ്ഞിരുന്നു. റേഡിയോയിലെ 15 മിനിറ്റ് സ്വഭാവം മാറി കുറേക്കൂടി നീളമുള്ള അരമണിക്കൂർ സീരിയലുകളായി അവ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സമൂഹമായിരുന്നു അമേരിക്കയിലേത്. അമേരിക്കൻ സ്ത്രീ ' ഹോം മേക്കർ' ആയിരുന്നു. പട്ടാളത്തിൽ പോയ ഭർത്താവിനെ അല്ലെങ്കിൽ ഫാക്ടറിയിലോ ഓഫീസിലോ പോയ ഭർത്താവ് തിരികെ വരുമ്പോൾ മനോഹരമായ പുഞ്ചിരിയോടെ പുറത്തു കാത്തു നിന്നു പെരുവഴിയിൽ * ചുംബിച്ച് മനോഹരമായി അലങ്കരിച്ച വീടിനുള്ളിലേക്ക് കൊണ്ട് പോയി ഫിഡ്ജിൽ നിന്നു ശീതളപാനീയവും ഓവനിൽ നിന്നു ചൂടായ ഭക്ഷണവും നൽകിയ ശേഷവും വാഷിംഗ് മെഷീനിലിടു കഴുകിയ വസ്ത്രങ്ങളും നൽകി, വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിക്കയിയ സ്വീകരണ മുറിയിലേക്ക് കൊണ്ട് പോയി ടെലിവിഷൻ കാണാൻ ഇരുത്തുക എന്നതായിരുന്നു അമേരിക്കൻ ഭാര്യയുടെ കടം.അങ്ങനെ ഒരു സ്ത്രീ സമൂഹത്തെ സൃഷ്ടിക്കാൻ വേണ്ടിയും അത് വഴി ആധുനിക ജിവിതത്തിനാനന്ദമായ ഉപോഭോഗ വസ്തുതകളുടെ ആരാധകർ ആകാനും വേനടിയായിരുന്നു ആദ്യം(1950കളിൽ ) അമേരിക്കൻ സീരിയലുകൾ സൃഷ്ടിക്കപ്പെട്ടത്. സോപ്പ് പൊടി നിർമ്മാതാക്കൾ ആണ് (പ്രോക്റ്റർ ആൻഡ് ഗംബിൽ) പോലെയുള്ള കമ്പനികൾ ആദ്യം ഇവയെ സ്‌പോൺസർ ചെയ്തിരുന്നത് കൊണ്ടാണ് ഇവ സോപ്പ് ഒപറുകൾ എന്ന് അറിയപ്പെടുന്നത്.

ഇന്ത്യയിലെ ആദ്യ കാല സീരിയലുകളും സ്‌പോന്‌സോർ ചെയ്തിരുന്നത് അലക്കുമായി ബന്ധപ്പെട്ട കമ്പനികൾ ആയിരുന്നു എന്ന് അറിയുമ്പോൾ ഈ ചിത്രം പൂർത്തിയാകുന്നു. വാഷിംഗ് പൌഡർ നിര്മ്മ, സർഫ്, റിൻ, ഉജാല അങ്ങനെ നീളുന്നു. ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു ഉപകരണം ആണ്. കഥയുടെ സൗന്ദര്യത്തിലല്ല, മറിച്ചു, പരസ്യങ്ങൾ പാക്കേജ് ചെയ്യുവാനകും വിധം അര മണിക്കൂർ കാണികളെ ടെലിവിഷനു മുന്നിൽ ഇരുത്തുക എന്നതാണ് സീരിയലുകളുടെ ധർമ്മം. സീരിയലിനെ പ്രക്ഷേപണം ചെയ്യുന്നത് പരസ്യങ്ങൾ ആണെന്ന് തോന്നുമെങ്കിലും, പരസ്യങ്ങളെ അവതരിപ്പിക്കാനാണ് സീരിയലുകൾ നിർമ്മിക്കപ്പെടുന്നത്. കാഴ്ചക്കാരന്റെ സദാചാരബോധത്തിനെ നിരന്തരം ഊട്ടിയുറപ്പിക്കുക വഴി മാത്രമേ, അവളെ ടെലിവിഷനു മുന്നിൽ പരസ്യം കാണാൻ പിടിച്ചിരുത്തനാകു. ഉപഭോക്ത വ്യവസ്ഥിതിയുടെ എല്ലാ അടരുകളിലും* സ്ത്രീയെ പ്രതിഷ്ട്ടിക്കുന്ന* ഒരു പ്രക്രിയയാണ്. തുടർച്ചയായി സീരിയലുകൾ കാണുന്ന ഒരു സ്ത്രീ അബോധത്മകമായി പരസ്യങ്ങളെ ബോധത്തിന്റെ ഭാഗമാക്കുകയാണ്. അവളുടെ എല്ലാ ഉപഭോഗ തീരുമാനങ്ങളും ഈ ബോധത്തെ ആശ്രയിച്കാഹ്യിരിക്കും നടക്കുന്നത്. ഇന്ത്യയിൽ പത്ര രംഗത്തെ മാറ്റി മരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ മേധാവി രവി ജെയിൻ പറഞ്ഞത്, ഞങ്ങൾ വാർത്തകൾക്കൊപ്പം പരസ്യങ്ങൾ നൽകുകയല്ല, മറിച്ചു പരസ്യങ്ങൾക്കിടയിൽ വാർത്തകൾ നൽകുകയാണ് എന്നാണ്. ക്യാപ്പിറ്റലിസത്തിന്റെ ഏറ്റു പറച്ചിലാണ് അതു. സീരിയലുകൾ അതിൽ നിന്ന് വ്യത്യസ്തമല്ല.

മലയാള സീരിയലുകൾക്ക് എതിരെ ചൂണ്ടി കാണിക്കുന്ന പ്രധാന ആരോപണം അവയിൽ അവിഹിത ബന്ധങ്ങൾ, അവിഹിത ഗർഭങ്ങൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ, ആക്രമണങ്ങൾ എന്നിവ പെരുകുന്നു എന്നാണ്. അത് അങ്ങനെ ആകാതെ വഴിയില്ല. സദാചാര നിർമ്മിതിയുടെയും കുടുംബം എന്ന വ്യവസ്ഥയുടെ സ്ഥാപനത്തിന്റെയും ആവശ്യമാണ്* ആളിൻറെ വിപരീതങ്ങളെ സൃഷ്ടിക്കുന്നത്. വില്ലന്മാർ ഇല്ലാത്ത സമൂഹത്തിൽ നായകന്മാർ അപ്രസക്തന്മാർ ആകും. പ്രതിരോധ കുത്തിവയ്പ്പിന്റെ തത്വശാസ്ത്രം രോഗാണുക്കളെ ഒരു പ്രത്യേക തോതിൽ കുത്തിവച്ചു ശരീരത്തെ പ്രതിരോധ സജ്ജമാക്കുക എന്നതാണ്.
അവിഹിതബന്ധം നടത്തുന്ന സ്ത്രീയാണ് കുടുംബിനിയുടെ പാതിവൃത്യത്തിന്നു* അടി വരയിടുന്നത്. അവിഹിത ഗർഭമാണ് എല്ലാ വിവാഹിത ഗർഭിണികൾക്കും പാവനത്വം നൽകുന്നത്. അതിനാൽ ഇത്തരം കഥകളും കഥാപാത്രങ്ങളും സമൂഹത്തെ ദുഷിപ്പിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ന് മാത്രമല്ല, ഈ സെൻസറിംഗ് നിർദേശത്തിനു പിന്നിൽ ച്ചിൽ അബോധഭീതികൾ കൂടി നില നിൽക്കുന്നുണ്ട്. നമ്മുടെ സ്ത്രീകൾക്ക് അവിഹിത ബന്ധം ഉണ്ടാകണമെന്ന് തോന്നലുണ്ടാകുമോ? അത്തരം ഭീതികൾ അസ്ഥാനത്താണ് കാരണം അത്തരം ബന്ധങ്ങൾ സീരിയലുകൾ ഇല്ലാതിരുന്ന കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. എന്നു മാത്രമല്ല, സ്ത്രീയുടെ മനസ്സിൽ പതിക്കുന്നത് സീരിയലുകളിലെ കഥയേക്കാൾ ഉപരി അവ പ്രചോദനം ചെയ്യുന്ന ഉപഭോഗവസ്തുക്കളാണ്.

കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു കാണാൻ കഴിയുന്നതല്ല സീരിയലുകൾ എന്ന് പറയുന്നുണ്ട് . കുടുംബങ്ങൽക്കുള്ളിലെ ഉച്ചനീചത്വത്തെ ആശ്രയിച്ചാണ് ഈ വീക്ഷണം വരുന്നത്. അതായത്,ചില രംഗങ്ങൾ ഒരുമിച്ചിരുന്നു കാണാൻ കഴിയില്ല എന്നതാണ് വ്യംഗ്യം. ഒരു കാലത്ത് സാനിട്ടറി നാപ്കിനുകളുടെ പരസ്യങ്ങളും ഗർഭ നിരോധന ഉറകളുടെ പരസ്യങ്ങൾ വരുമ്പോൾ, ആളുകൾ വാച്ച് നോക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. കാലം മാറിയിരിക്കുന്നു. സീരിയലുകൾ കണ്ടു നശിച്ച സമൂഹങ്ങൾ ഇല്ല. എന്നാൽ സമയം ദുരുപയോഗപ്പെടുത്തുന്നുണ്ട്. പക്ഷെ, അത് വാർത്തകളുടെ കാര്യത്തിലും ശരിയാണ്. ഡിബേറ്റ് ടെലിവിഷനാണ് ലോകത്തെ ഏറ്റവും വലിയ സമയം കൊള്ളി ഏർപ്പാട്. പക്ഷെ ഇത് രണ്ടും മുതലാളിത്ത വ്യവസ്ഥിതിയിലെ വളർച്ചയുടെ പ്രതിസന്ധികളായി വേണം കാണാൻ. എന്ത് കാണണം എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിൻറെ തത്രപാടാണിത്. ഒരു കാൽ പാരമ്പര്യത്തിലും, ഒരു കാൽ മുതലാളിത്താനന്തര വ്യവസ്ഥിതിയിലും വച്ചു നിൽക്കുന്ന മലയാളിക്ക് എന്ത് തിരഞ്ഞെടുക്കണം എന്ന് അറിയാത്തതിന്റെ ഫലമാണ് സീരിയലുകളുടെ നേർക്കുള്ള ഈ ആക്രമണം. സീരിയലുകളെ അവയുടെ ഉള്ളടക്കം അനുസരിച്ചും സർറ്റിഫൈ ചെയ്യാം എന്ന് മാത്രമേ ഒരു പരിഹാരം നിർദേശിക്കാനുള്ളു. സമൂഹം പക്വത ആര്ജ്ജിക്കുമ്പോൾ സീരിയലുകൾ താനേ ഇല്ലാതാകും.

റെയിൽവേ ട്രാക്കിൽ വണ്ടിയിടിച്ചു ചത്തുപോയ പോത്തിന്റെ വായിൽ മനോരമയോ മംഗളമോ തിരുകികൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ടെലിവിഷൻ സീരിയലുകൾ, 'മ' പ്രസിദ്ധീകരണങ്ങളെ കൊന്നു കൊലവിളിച്ചു . അതേ സമയം അവ സിംഗിൾസ് സ്‌ക്രീൻ തീയേറ്ററുകളെയും നാടക സമിതികളെയും ഇല്ലാതാക്കി .ഇപ്പോൾ സീരിയലുകളുടെ പ്രതിലോമ സ്വഭാവം ആളുകൾ തിരിച്ചറിയുന്നത് നല്ലതാണ്. കാരണം ആ സമയത്ത് നമ്മുക്ക് നാടകങ്ങളും, സിനിമകളും കാണാൻ, പരസ്പരം വർത്തമാനം പറയാൻ വീടിന് പുറത്തിറങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം.