പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങൾ: പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു? പണത്തിന്റെ ക്രയവിക്രയങ്ങളിലെ ദുരൂഹതകളും രഹസ്യങ്ങളും- സിവിൻ എം സ്റ്റീഫൻ എഴുതുന്നു.

പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സിവിൻ എം സ്റ്റീഫൻ

ഈ ലോകത്തുള്ള മുഴുവൻ സമ്പത്തിൻറെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളർ അതായത് $1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവൻ സമ്പത്തിൻറെയും വില.

ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയിൽ Oxfam.org എടുത്ത കണക്കെടുപ്പിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, ലോക സമ്പന്നരിൽ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതിൽ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കൽ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !.


ഇതാണ് ഈ ലോകത്തിലെ യാഥാർത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാൽ സമ്പത്തിൻറെയും നിയന്ത്രണം മുഴുവൻ, ഈ സമ്പാദ്യത്തിൻറെ ഏറിയ പങ്കും പണമായി തന്നെയാണ്, അപ്പോൾ സ്വാഭാവികമായി നമുക്ക് ചില സംശയങ്ങൾ തോന്നാം, എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നു ? ആരൊക്കെയാണ് ഇതിൻറെ കാരണക്കാർ ?

ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു വായിക്കുക, ഒരുപക്ഷേ നിങ്ങൾ ഇതുവരെ വീക്ഷിച്ച ഒരു ലോകം ആവുകയില്ല ഇത് വായിച്ചതിന് ശേഷം നിങ്ങൾ വീക്ഷിക്കുന്നത്. നമ്മുടെ മനസ്സുകളിൽ എപ്പോഴും ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾ ഉണ്ട്,

'എന്തുകൊണ്ട് പണക്കാർ കൂടുതൽ പണക്കാരും, പാവപ്പെട്ടവരോ കൂടുതൽ പാവപ്പെട്ടവരും മാത്രമായി കൊണ്ട് ഇരിക്കുന്നു?'

'സത്യത്തിൽ ദാരിദ്ര്യം എന്തുകൊണ്ട് ഉണ്ടാകുന്നു?'
'ഈ ലോകത്ത് നിന്ന് തന്നെ ദാരിദ്ര്യം തുടച്ചുനീക്കുവാൻ സാധിക്കുമോ?'
'ലോകത്തിലെ ഏതെങ്കിലും സർക്കാരോ, സംഘടനകളോ, പാർട്ടികളോ ഈ ഒരു ദൌത്യം ആത്മാർഥമായി ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നുണ്ടോ?'
'എങ്ങനെയാണ് ഈ പണക്കാർ ഉണ്ടാകുന്നത് ?'

പണവുമായി ബന്ധപ്പെട്ട് എൻറെ മനസ്സിലും തോന്നിയ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയുള്ള യാത്രയിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ കുറച്ച് യാഥാർത്ഥ്യങ്ങൾ ആണ് ഈ ലേഖനം. ഇന്നത്തെ Monetary Policy അല്ലെങ്കിൽ ഇന്നത്തെ സാമ്പത്തിക സമ്പ്രദായമാണ് ഈ ചോദ്യങ്ങൾക്കുള്ള ഒരേ ഒരു ഉത്തരം. ഒരു സർവ്വ സാധാരണക്കാരൻ എത്ര കെണഞ്ഞ് പരിശ്രമിച്ചാലും മനസ്സിലാക്കാൻ പറ്റാത്ത ഏതോ ഒരു വലിയൊരു സംഭവമായി ആണ് ഈ Economics, Monetary Policy, Banking System ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളും എന്നാണ് പൊതു ധാരണ, ആദ്യം അതാണ് പൊളിച്ചടുക്കേണ്ടത്, എന്താണ് ഇവിടെ നടക്കുന്നത് എന്ന് എല്ലാവരും അറിയണം, എന്താണ് സത്യം എന്ന് എല്ലാവരും മനസ്സിലാക്കണം.

ഞാനൊരു എകണോമിസ്റ്റോ , സാമ്പത്തിക പണ്ഡിതനോ, സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയോ ഒന്നുമല്ല, ഇത്രയും കാലം എൻറെ കണ്ണിൽ നിന്ന് മാത്രമാണ് സാമ്പത്തിക സമ്പ്രദായത്തിനെ കുറിച്ച് ഞാൻ അറിഞ്ഞത്, എന്നാൽ ഒരു സാധാരണക്കാരൻറെ പക്ഷത്ത് നിന്ന് വീക്ഷിക്കുമ്പോൾ കൂടുതൽ യാഥാർത്ഥ്യങ്ങൾ, കൂടുതൽ വെല്ലുവിളികൾ ഈ ലോകത്തിൽ ഉണ്ടെന്ന് തെളിയുന്നതായി തോന്നി, കൂടാതെ എന്നിലെ നിസ്സഹായതയും അമർഷവും എൻറെ മനസ്സിനെ വലാതെ അലട്ടുകയും ചെയ്തു. എന്നിരുന്നാലും നമ്മൾ എല്ലാ വിവേകശാലികളായ മനുഷ്യരാണ് നമ്മളെ മൂഢൻമാർ ആക്കി പാവ കളിപ്പിക്കുന്ന പോലുള്ള പ്രവർത്തികൾ അവസാനിപ്പിക്കണം. ഈ ചരിത്രകാലം ഒക്കെയും മനുഷ്യർ എക്കാലവും ഏറ്റവും മികച്ചതിനും, സമത്വത്തിനു വേണ്ടിയും തളരാതെ പോരാടിയിട്ടുണ്ട്, അതുകൊണ്ടാണ് ഞാനും ഈ ലേഖനം എഴുതാൻ മുതിർന്നത്, എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ എല്ലാം എന്നാൽ കഴിയുന്ന രീതിയിൽ ലഘൂകരിച്ചു ഇവിടെ പറയാൻ ശ്രമിക്കുകയാണ്, കൂടുതൽ പേരിൽ യാഥാർത്ഥ്യങ്ങൾ എത്തിക്കാനായി ഉള്ള ഒരു എളിയ ശ്രമം.

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങളിൽ തെറ്റുകൾ വരുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എങ്കിൽ കൂടിയും തെറ്റുകൾ കണ്ടെത്തുകയാണെങ്കിൽ അത് പറഞ്ഞു തന്നു തിരുത്താനും കൂടുതൽ മികച്ചതാക്കാനും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഇത് വായിച്ച് മനസ്സിലാക്കി കൂടുതൽ പേരിൽ എത്തിക്കാനുള്ള ശ്രമങ്ങളിൽ പങ്ക് ചേരാനും അഭ്യർത്ഥിക്കുന്നു)


പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

നമ്മളെല്ലാം ഒരിക്കൽ എങ്കിലും ജീവിതത്തിൽ പറഞ്ഞിട്ട് ഉള്ള ഒരു ക്ലിഷേ ഡയലോഗാണിത്, ''ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ, കാശ് എടുത്ത് തരാൻ, എൻറെ വീട്ടിൽ അതിന് പണം കായ്ക്കുന്ന മരം ഒന്നുമില്ല'' എന്ന്, പക്ഷേ സത്യത്തിൽ ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തിൽ മരം കായ്ക്കുന്നനേക്കാൾ വേഗത്തിലാണ് പണം ഉണ്ടാകുന്നത്. ഇന്നത്തെ കാലത്തെ പണം എങ്ങനെയാണ് ഉണ്ടാകുന്നതും ഇരട്ടിക്കുന്നതും എന്നും ഭൂരിപക്ഷ ആളുകൾക്കും അറിയില്ല, അങ്ങനെ ഒരു അറിവ് ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി ബോധപൂർവം തന്നെ സർക്കാരും , കുത്തിട ബാങ്ക് മുതലാളിമാരും, സാമ്പത്തിക വിദഗ്ദ്ധരും വരുത്തിതീർക്കുന്നു എന്നതാണ് സത്യം .

1971-ൽ ഗോൾഡ് സ്റ്റാൻഡേർഡ് (Gold Standard) സാമ്പത്തിക നയത്തിന് ശേഷം വന്ന ഫിയറ്റ് കറൻസി (Fiat Currency) എന്നറിയപ്പെടുന്ന സാമ്പത്തിക നയമാണ് ഇന്ത്യ ഉൾപ്പടെ ഈ ലോകത്തുള്ള ഭൂരിപക്ഷ രാഷ്ട്രങ്ങളുടെയും നിലവിലുള്ളത്. സത്യത്തിൽ ഈ സാമ്പത്തിക നയമാണ് ഇന്നത്തെ പല സാമ്പത്തിക ശക്തികളെയും വളർത്തി വലുതാക്കിയത്. വികസിതരാജ്യങ്ങളിൽ കേന്ദ്രീകരിച്ചുള്ള വലിയ തോതിലുള്ള പണത്തിൻറെ വരവിനാൽ സാമ്പത്തിക പുരോഗതി ഒക്കെ ഉണ്ടായെങ്കിലും, അതിൽ നിന്ന് നേട്ടം നേടിയ മനുഷ്യർ വളരെ ചെറിയതൊരു ശതമാനമേ ഉള്ളൂ എന്നു കൂടി കണക്കാക്കണം.

ഇന്നത്തെ ഈ ഫിയറ്റ് കറൻസി സമ്പ്രദായം മുഴുവനും മനസ്സിലാക്കാൻ കുറച്ച് പ്രയാസമാണ്, മറ്റൊന്നും കൊണ്ടല്ല ഓരോ സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും പുതിയ ഓരോരോ നയങ്ങൾ ഇറക്കും, അത് പഠിച്ച് പുതിയ രീതിയിലുള്ള കണക്ക് കൂട്ടുകളും നടത്തി വരുമ്പോഴേക്കും അടുത്തത് വരും അങ്ങനെ കാക്ക തൊള്ളായിരം നയങ്ങളാൽ കുഴഞ്ഞുമറിഞ്ഞ ഒരു സമ്പ്രദായമാക്കി തീർത്തതാണ് നമ്മുടെ സാമ്പത്തിക വിദഗ്ദ്ധർ.

അതുകൊണ്ട് നേരായിട്ടുള്ള വിവരണം ചെയ്യുന്നതിന് പകരം, ഈ സമ്പ്രദായത്തിൽ അധികം അറിയപ്പെടാതെ പരസ്യമായി ചെയ്യുന്ന രഹസ്യ പ്രവർത്തനങ്ങൾ 6 ഘട്ടങ്ങൾ ആയി പറയാൻ ശ്രമിക്കുകയാണ്, കൂടാതെ എങ്ങനെ ഈ നയങ്ങൾ സാധാരണക്കാരനെ ബാധിക്കുന്നു എന്നും.

1. സർക്കാർ കടപത്രങ്ങൾ നിർമ്മിക്കുന്നു

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തിക നയവും (Monetary Policy) ഒരേ പോലെയാണ്, എന്നാൽ ഈ ലോകത്തിലെ മുഴുവൻ പണവും കണക്കിൽ എടുത്താൽ അമേരിക്കയുടെ ഡോളറിൻറെ പങ്കാണ് ഏറ്റവും കൂടുതൽ, അതിനാൽ തന്നെ ഡോളർ ഉണ്ടാകുന്നു വഴിയാണ് ഇവിടെ പറയുന്നത്.

എല്ലാത്തിന്റെയും തുടക്കം രാഷ്ട്രീയ നേതാക്കളിൽ നിന്നാണ്, തിരഞ്ഞെടുപ്പിൽ ജയിക്കാനായി വാഗ്ദാനങ്ങൾ വാരി കോരി ജനങ്ങൾക്ക് കൊടുത്ത് മോഹിപ്പിച്ചു വോട്ട് ചോദിക്കും, അവസാനം അവർ ജയിച്ചു കഴിയുമ്പോൾ, ഈ പറഞ്ഞ വാഗ്ദാനങ്ങൾ കുറച്ചെങ്കിലും നിറവേറ്റാൻ ഖജനാവിൽ ഉള്ള പണത്തേക്കാൾ കൂടുതൽ പണം വേണ്ടിവരുന്നു, അതായത് ആ രാജ്യത്തിൻറെയോ/ സംസ്ഥാനത്തിൻറെയോ വരവിനേക്കാൾ കൂടുതൽ പണം ചെലവ് ചെയ്യേണ്ട അവസ്ഥ, ഇങ്ങനെ ചെലവ് ചെയ്യുന്നതിനെയാണ് 'Deficit Spending' അഥവാ 'കടം വാങ്ങി ചെലവു ചെയ്യൽ' എന്ന് പറയുന്നത്.

money1ഇനി ഈ ഇല്ലാത്ത പണം എവിടെന്നെങ്കിലും ഉണ്ടാക്കണ്ടേ? അതിന് പണം അച്ചടിക്കണ്ടേ? ഈ പണം ഉണ്ടാക്കാൻ അല്ലെങ്കിൽ അച്ചടിക്കാൻ വേണ്ടി സർക്കാറിന്റെ ബുദ്ധിയാണ് ട്രഷറി വഴിയുള്ള 'ട്രഷറി ബോണ്ട്' അല്ലെങ്കിൽ 'ട്രഷറി ബില്ല്' വിൽപ്പന. ഇനി എന്താണ് ഈ ബോണ്ട്/ബിൽ ? ബോണ്ട് എന്ന് പറയുന്നത് ഒരു ഊതി വീർപ്പിച്ച 'കടപത്രം' മാത്രം ആണ് , അതായത് ഒരു വർണ്ണ കടലാസിൽ അച്ചടിച്ചിരിക്കുന്ന കുറച്ച് വരികൾ മാത്രം , അതിൽ എഴുതിയിരിക്കുന്നതിന്റെ ചുരുക്കം ഇത്രേയുള്ളൂ

'ഇപ്പോൾ എനിക്ക് 10 ട്രില്ല്യൻ ഡോളർ വായ്പയായി തരുകയാണെങ്കിൽ, 10 കൊല്ലം കഴിഞ്ഞു മുതലും പലിശയും ചേർത്തുള്ള തുക തിരികെ തരാം എന്ന് സത്യം ചെയ്യുന്നു'

പക്ഷേ ഒരു കാര്യം ഇവിടെ പറയാതെ വയ്യ, ഒരു രാജ്യത്തിൻറെ സർക്കാരിന് ബോണ്ടുകൾ വിറ്റഴിച്ച് ലഭിക്കുന്ന തുകയും രാജ്യത്തിന്റെ കട ബാധ്യതയുമായി തമ്മിൽ ബന്ധമുണ്ട്. ഓരോ രാജ്യങ്ങളുടെ നയങ്ങൾ അനുസരിച്ച് കട ബാധ്യതകളുടെ തോതിൽ വ്യത്യാസങ്ങൾ കാണും എന്നേ ഉള്ളൂ, ഇന്നത്തെ സാമ്പത്തിക ഭീമനായ അമേരിക്കയുടെ കാര്യം പറയുക ആണെങ്കിൽ അവരുടെ GDP അതായത് മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച നിരക്കിനേക്കാൾ കൂടുതലാണ് അവരുടെ കട ബാധ്യത (GDP എന്നാൽ ഒരു രാജ്യത്ത് നിശ്ചിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ്), 2015ലെ കണക്കനുസരിച്ച് അമേരിക്കയുടെ കട ബാധ്യത $19.268 trillion അതായത് $19,268,000,000,000 തുകയാണ്, ഇത് അവരുടെ GDPയുടെ 102 % ആണ്. ഇനി ഇന്ത്യയുടെ കടം $0.84 trillion അതായത് $843,015,710,799 തുകയാണ്, ഇത് നമ്മുടെ GDPയുടെ 41% ശതമാനത്തോളം വരും.

ഇത്രയും വലിയ കടബാധ്യതകൾ ഒന്നും കണ്ട് നിങ്ങൾ പേടിക്കേണ്ട, ഏതോ ഒരു പരസ്യത്തിൽ ആരോ 'കറ നല്ലതിന്' എന്ന് പറയും പോലെ ചില കോപ്പറേറ്റ് മുതലാളിമാർ പറയും 'കടം നല്ലതിന്' എന്നേ പറയുക ഉള്ളൂ, കാരണം കടം ഉണ്ടെങ്കിലേ പണം ഉള്ളൂ, കടം ഇല്ലെങ്കിൽ പണവും ഇല്ല! എന്താണ് ഇതിൻറെ ഗുട്ടൻസ് എന്ന് പിടി കിട്ടിയോ ? ഇല്ല അല്ലേ , സാരമില്ല നമുക്ക് പതിയെ മനസ്സിലാക്കി തുടങ്ങാം.

ബോണ്ട് വിൽപ്പനയിലൂടെ സത്യത്തിൽ സർക്കാർ നമ്മുടെ ഭാവിയിലെ സമ്പാദ്യത്തിൽ നിന്ന് മോഷ്ടിച്ച് ഇന്നത്തെ ചെലവുകൾക്ക് ആയി നീക്കി വെക്കുകയാണ്. അതായത് വരവിനേക്കാൾ കൂടുതൽ ചെലവുകൾ നടത്താനായി സർക്കാർ തന്നെ അറിഞ്ഞുകൊണ്ട് വരുത്തി തീർക്കുന്ന കട ബാധ്യതകളാണ് ഇവ മുഴുവൻ, പക്ഷേ ഈ ബാധ്യതകൾക്കും ചേർത്താണ് സർക്കാർ നമ്മുടെ കയ്യിൽ നിന്ന് കരങ്ങൾ വാങ്ങി അടച്ചു തീർക്കുന്നതും. ഇനി ഈ ബോണ്ടുകൾ സർക്കാർ എങ്ങനെയാണ് വിൽക്കുന്നത് എന്ന് അറിയാമോ? ലേലം വഴി, ആർക്കായിരിക്കും വലിയ തുകകൾ കൊടുത്ത് ഇവ വാങ്ങിക്കാൻ കഴിയുന്നത് ? സംശയം വേണ്ട ബാങ്കുകൾക്ക് തന്നെ, ലോകത്തിലെ തന്നെ വൻകിട ബാങ്കുക്കാർ വന്ന് ലേലത്തിൽ വൻ തുക മുടക്കി ഈ ബോണ്ടുകൾ വാങ്ങിക്കും, ഭാവിയിൽ കിട്ടുന്ന മുതലും ചേർത്തുള്ള പലിശയാണ് ഇവരുടെ ലാഭം. ബാങ്കുകൾ മാത്രം അല്ല മറ്റ് ചിലർക്ക് ബോണ്ട് വിൽപ്പനയിൽ ഓഹരി കണക്കിൽ വിൽപനയുണ്ട് ഉണ്ട്, കുത്തക മുതലാളിമാർക്ക് ഇതിൽ പങ്ക് ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി നമ്മുടെ രാജ്യത്തിൽ ചില ട്രഷറി ബില്ലുകൾ ജനങ്ങൾക്കും ചില പ്രത്യേക നിബന്ധനങ്ങളോടെ വാങ്ങിക്കാൻ കഴിയും എന്ന് സർക്കാർ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്. ഇനി ഇത്രയും കാശ് കൊടുത്ത് ബോണ്ട് വാങ്ങിക്കുന്ന ഇവർക്ക് മാത്രം ഇത്രമാത്രം കാശ് എവിടുന്ന് കിട്ടുന്നു എന്ന് നമുക്ക് നോക്കാം.

2. ബാങ്കുകൾ കടപത്രങ്ങൾ പണമാക്കി മാറ്റുന്നു

ലേലത്തിൽ നിന്ന് വാങ്ങിച്ചെടുത്ത ഈ ബോണ്ടുകളുടെ ഭൂരിപക്ഷവും പ്രത്യേക കച്ചവട തന്ത്രത്തിൽ കൂടി, ആ രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ കൊണ്ടുപോയി വിൽക്കും. അമേരിക്കയുടെ സെൻട്രൽ ബാങ്കിനെ 'ഫെഡ്' എന്ന വിളിക്കപ്പെടുന്ന 'ഫെഡറൽ റിസർവിൽ ' (Federal Reserve) ആണ് വിൽക്കുന്നത്, ഇന്ത്യയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പോലെയാണ് ഈ ഫെഡ്.

ഇനി ഫെഡ് ഈ ബോണ്ട് കൈയോടെ വാങ്ങിച്ച് വെച്ചിട്ട് പണത്തിനു പകരം ഒരു 'ചെക്ക്' അങ്ങ് എഴുതി കൊടുക്കും. ഈ ചെക്ക് ഒരു വലിയ തമാശയാണ് കേട്ടോ, എന്താണെന്നോ? ഇതൊരു ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് 'വണ്ടി ചെക്കാണ്', കാരണം ഈ ചെക്ക് എഴുതി തരുന്ന അക്കൌണ്ടിൽ പ്രാബല്യത്തിൽ ഒരു ഡോളർ പോയിട്ട് ഒരു ഇന്ത്യൻ രൂപ പോലും എടുക്കാൻ കാണില്ല, എപ്പോഴും '0' വട്ട പൂജ്യം ആയിരിക്കും ബാലൻസ്.

Boston Federal Reserve, 1984ൽ ഔദ്യോഗികമായി പുറത്തിറക്കിയ 'Putting it simply' എന്ന പുസ്തകത്തിലെ വരികൾ ഇവിടെ ചേർക്കുന്നു. മലയാള പരിഭാഷ ഏകദേശം ഇങ്ങനെയാണ്

''ഞാനോ താങ്കളോ ഒരു തുകയ്ക്ക് ചെക്ക് എഴുതുമ്പോൾ നമ്മുടെ അക്കൌണ്ടിൽ അതിന് തതുല്യമായ തുക ഉണ്ടായിരിക്കണം, പക്ഷേ ഫെഡറൽ റിസർവ് ചെക്ക് എഴുതുമ്പോൾ ആ അക്കൌണ്ടിൽ ഒരു ബാങ്ക് ഡിപ്പോസിറ്റും കാണുകയില്ല. ഫെഡറൽ റിസർവ് ചെക്ക് എഴുതുമ്പോൾ, അവിടെ പണം ഉണ്ടാവുകയാണ് '

ഞാനോ താങ്കളോ ഒരു തുകയ്ക്ക് ചെക്ക് എഴുതുമ്പോൾ നമ്മുടെ അക്കൌണ്ടിൽ അതിന് തതുല്യമായ തുക ഉണ്ടായിരിക്കണം, പക്ഷേ ഫെഡറൽ റിസർവ് ചെക്ക് എഴുതുമ്പോൾ ആ അക്കൌണ്ടിൽ ഒരു ബാങ്ക് ഡിപ്പോസിറ്റും കാണുകയില്ല. ഫെഡറൽ റിസർവ് ചെക്ക് എഴുതുമ്പോൾ, അവിടെ പണം ഉണ്ടാവുകയാണ്

പണം ഉണ്ടാവുകയോ ? അതെങ്ങനെ, ബോണ്ടിന് പകരം ഫെഡ് ബാങ്കുകൾക്ക് കൊടുക്കുന്ന ചെക്കിൽ എഴുതുന്ന തുക ആ നിമിഷം പണമായി മാറുകയാണ്, അതായത് ആ ബാങ്കിന് ആ ചെക്കിൽ കാണിക്കുന്ന അത്രയും തുകയുടെ പേപ്പർ കറൻസി സർക്കാർ വഴി പ്രിൻറ് ചെയ്ത് കാശാക്കാം, അവരുടെ സ്വന്തം പണമാണ് അത്.

ഇത് കേൾക്കുമ്പോൾ വായുവിൽ നിന്ന് ഭസ്മം ഉണ്ടാക്കുന്ന പോലെ നൊടിയിടയിൽ ആണോ പണം ഇവിടെ ഉണ്ടാകുന്നത് എന്ന് തോന്നിയോ. ആ തോന്നൽ തൽക്കാലം അവിടെ തന്നെ ഇരിക്കട്ടെ, ബാക്കി കൂടി കേൾക്ക്, ഈ കിട്ടിയ പണം ഉപയോഗിച്ചു ബാങ്കുകൾ അടുത്ത ലേലത്തിലും പോയി പങ്കെടുത്തു വീണ്ടും ട്രഷറിയിൽ നിന്ന് ബോണ്ടുകൾ വാങ്ങിക്കുകയും കാലങ്ങളോളം ഈ പരിപാടി തുടർന്നുകൊണ്ടു ഇരിക്കുകയും ചെയ്യും (നേരത്തെ ലേലത്തിൽ വാങ്ങിച്ച തുകയും ഇതേപോലെ തന്നെ ഉണ്ടായ പണമാണ്). ഇനി ഈ പറയുന്ന ഫെഡറൽ റിസർവിൻറെ ചെക്കും നമ്മൾ ഉപയോഗിക്കുന്ന സാധാരണ ബാങ്ക് ചെക്കും ഒന്നാണോ? അതേ രണ്ടും ഒന്ന് തന്നെ, പക്ഷേ ഉപയോഗം മറ്റൊന്നാണ് എന്ന് മാത്രം, ഈ ചെക്ക് നേരത്തെ പറഞ്ഞ കടപത്രം പോലെ തന്നെയാണ്, ബോണ്ടുകൾ വാങ്ങിച്ചതിന് ഞങ്ങൾ തരുന്ന ഉറപ്പ് എന്ന് കുറച്ച് വരികളിൽ എഴുതിയ ഒരു കടലാസ്സ്.

ഇതുവരെ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക, കാരണം ഈ സമ്പ്രദായം കൊണ്ട് നമ്മളേ പോലുള്ള സാധാരണക്കാരനെ എങ്ങനെ ഇത് നിത്യ ജീവിതത്തിൽ വളരെയധികം ബാധിക്കുന്നു എന്നുള്ളതാണ് തുടര പറയുന്നത്. അതുകൊണ്ട് ഇതുവരെ പറഞ്ഞത് ഒന്നുകൂടി ചുരുക്കി പറയാം.

ആദ്യം ട്രഷറി ബോണ്ടുകൾ അഥവാ കടപത്രങ്ങൾ അടിച്ചിറക്കുന്നു, ലേലത്തിലൂടെ ലോകത്തിലെ ഒരു മുൻനിര ബാങ്ക് അവ വാങ്ങിച്ച് പകരം സർക്കാരിന് ചെലവിനുള്ള പണം കൊടുക്കുന്നു. ബാങ്ക് ഈ ബോണ്ടുകൾ കൊണ്ട് പോയി ആ രാജ്യത്തിന്റെ സെൻട്രൽ ബാങ്കിൽ (ഫെഡിൽ) കൊടുത്ത് പകരം ചെക്ക് (മറ്റൊരു കടപത്രം എന്നും പറയാം) വാങ്ങിക്കുന്നു. അതായത് ട്രഷറിയും ഫെഡും അങ്ങോട്ടും ഇങ്ങോട്ടും ബാങ്കിനെ മധ്യസ്ഥൻ ആക്കി കടപത്രങ്ങൾ കൈമാറുന്നു പക്ഷേ ഈ കൈമാറ്റത്തിനു ഇടയിൽ ഒരു മാജിക് പോലെ പണവും ഉണ്ടാകുന്നു എന്ന് മാത്രം. ഈ പരിപാടി സർക്കാരിന് പണം വേണ്ടപ്പോൾ ഒക്കെ ആവർത്തിച്ചു നടന്നുകൊണ്ടേ ഇരിക്കും, ബാങ്കുകൾക്ക് പണം വന്ന് കൊണ്ടേ ഇരിക്കും, രാജ്യത്തിന്റെ കട ബാധ്യത കൂടുന്നതിനാൽ ആ രാജ്യത്തിലെ സാധാരണക്കാർ കൂടുതൽ പാവപെട്ടവർ ആയിക്കൊണ്ടു ഇരിക്കുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്ന പണത്തെ 'Base Money' എന്ന് നാമത്തിൽ വേൾഡ് മാർക്കറ്റിൽ കച്ചവട വിനിമയത്തിനു പാകമാകും.

എന്താണ് Base Money? ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തിൽ അച്ചടിക്കുന്ന നോട്ടുകളേക്കാൾ ഡിജിറ്റൽ മണിയുടെ അളവ് വളരെ കൂടുതലാണ്, അതിനാൽ ബോണ്ടുകൾ വഴി ഉണ്ടാകുന്ന പണത്തെ ആ രാജ്യത്തിന്റെ നോട്ടുകൾ (പേപ്പർ കറൻസി) അല്ലെങ്കിൽ കാശ് (cash) ആയി കണക്കാക്കും. ഇപ്പോൾ അമേരിക്കയിൽ ഈ ബോണ്ടുകൾ നിന്ന് കിട്ടുന്ന പണം മാത്രമേ പ്രിൻറ് ചെയ്യപ്പെടുന്ന കറൻസി, അതായത് സർക്കാരിന്റെ നിയന്ത്രണത്തിൽ ഉണ്ടാവുന്ന പണം, എന്നാൽ ഇത് അമേരിക്കയിലെ മൊത്തം പണത്തിൻറെ വെറും 3% മാത്രമാണ്, ബാക്കിയുള്ള 97% കറൻസികൾ നോട്ടായി അല്ല ഡിജിറ്റലിലോ/ചെക്കിലോ മാത്രമേ നില നിൽക്കുക ഉള്ളൂ, ഇവ പൂർണ്ണമായും ബാങ്കുകളുടെ നിയന്ത്രണത്തിലും ആയിരിക്കും . പക്ഷേ ഇതിലെ മറ്റൊരു സംഗതി എന്താണ് എന്ന് വെച്ചാൽ, ഇങ്ങനെ ഉണ്ടാകുന്ന പണത്തെ സത്യത്തിൽ ബേസ് മണി (Base Money) എന്ന് പറയാൻ കഴിയില്ല, അത് ബേസ് കറൻസി (Base currency) ആണ്, ഇവ പേപ്പർ കറൻസി അല്ലെങ്കിൽ നോട്ട് കെട്ടുകൾ മാത്രമാകുന്നു, അതിന് ഒരു മൂല്യവും ഇല്ല.

ഫെഡ് ബോണ്ടുകൾ വാങ്ങിച്ച് വെച്ചിട്ട് തിരിച്ചു കൊടുക്കുന്ന കറൻസികൾ (നോട്ട് കെട്ടുകൾ) വെറും കടലാസ്സിൽ അച്ചടിച്ച കുറേ അക്കങ്ങൾ മാത്രമാണ്, അതായത് ഫെഡും ട്രഷറിയും തമ്മിൽ കൈമാറുന്ന കുറച്ചു കടപത്രങ്ങളുടെ പേരിലാണ് ഇന്ന് കാണുന്ന കോടിക്കണക്കിന് ഡോളറിന്റെ കറൻസികൾ ഈ ലോകത്തിലേക്ക് അടിച്ചിറക്കുന്നത്. ഈ അടിച്ചിറക്കുന്ന കറൻസിക്ക് തുല്യമായ സ്വർണ്ണമോ, വെള്ളിയോ (Gold Standard) ഒന്നും ഫെഡോ, സർക്കാരോ സൂക്ഷിക്കുന്നില്ല, അതായത് ഇന്നത്തെ കറൻസിക്ക് 'Store of Value' ഇല്ല, 'ഒരു ഈടും ഇല്ല' (ഇന്ത്യ ഉൾപ്പടെ ഈ ലോകത്തുള്ള 90% രാജ്യങ്ങളും Gold Standard ഉപേക്ഷിച്ച് കറൻസി അധിഷ്ഠിതമായ ഫിയറ്റ് കറൻസി എന്ന ഈ സമ്പ്രദായം വഴിയാണ് ഇന്ന് ചെലവിനുള്ള പണമുണ്ടാക്കുന്നത്). ഈ കറൻസിക്ക് ഉണ്ടാകുന്ന ആകെയുള്ള ഒരു ഈട് ആ രാജ്യത്തിലെ സർക്കാർ തരുന്ന വാക്കാലുള്ള ഒരു വിശ്വാസമാണ് (നോട്ടിൽ എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും) അതിൻറെ പേരിൽ ഓരോ രാജ്യത്തിലെ ജനങ്ങൾ അങ്ങ് കണ്ണടച്ചു വിശ്വസിക്കണം, വേറെ വഴിയൊന്നുമില്ല വിശ്വസിച്ചേ പറ്റൂ, അതാണ് നിയമം.

3. സർക്കാർ അക്കങ്ങൾ അടങ്ങിയ കടലാസ്സുകൾ ചിലവാക്കുന്നു

ബാങ്കുകൾ വഴി ലേലത്തിൽ നിന്ന് കിട്ടിയ പുതിയ കറൻസികൾ ട്രഷറി സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് അയയ്ക്കുന്നു, അതാത് വകുപ്പിലെ രാഷ്ട്രീയക്കാർ ആ തുക ഒന്നാന്തരം ചിരിയും ചിരിച്ച് രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു. സർക്കാരും രാഷ്ട്രീയക്കാരും ഈ തുക കൊണ്ട് ചെലവുകൾ നടത്തുന്നു (Deficit Spending) പ്രധാനമായും പോതുനിർമ്മാണ പ്രവർത്തനങ്ങൾക്കും (ഡാം, റോഡ് പണി മുതലായവ), സാമൂഹ്യ സേവനങ്ങൾക്കും (മെഡിക്കൽ കോളേജ്, ആശുപത്രികൾ മുതലായവ), യുദ്ധങ്ങൾക്കും (പ്രതിരോധത്തിന് മുടക്കുന്ന തുക) ആയി ആണ്. ഇനി ഈ കറൻസികൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർക്കും, പൊതുമരാമത്ത് പണികൾ ഏറ്റെടുക്കുന്ന സ്വകാര്യ കോൺട്രാക്ടർ മുതലാളിമാർക്കും , പട്ടാളക്കാർക്കും ഒക്കെ വരുമാനം ആയി അവരുടെ കയ്യിൽ എത്തുന്നു, അവർ ആ പണം അവരവരുടെ ബാങ്കുകളിൽ കൊണ്ടുപോയി നിക്ഷേപിക്കുന്നു.

ബാങ്കുകളിൽ വരുമാനം നിക്ഷേപം ചെയ്യുന്നവർ ഒന്ന് ശ്രദ്ധിച്ചുകൊള്ളുക. നമ്മൾ ഓരോരുത്തരും നമ്മുടെ വരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നത് ആ പണം നമ്മുടെ അക്കൌണ്ടിൽ സുരക്ഷിതമായി ബാങ്കിൻറെ നിക്ഷേപമായി കിടക്കും എന്ന് വിശ്വാസത്തിൽ ആണെല്ലോ. പക്ഷേ യാഥാർത്ഥ്യത്തിൽ ആ പണത്തിന് ഒരു സുരക്ഷയുമില്ല, കാരണം നമ്മുടെ വരുമാനം ബാങ്കിന് വായ്പയായി(ലോൺ) കൊടുക്കുകയാണ് നമ്മൾ ചെയ്യുന്നത്. അതായത് ബാങ്കിൻറെ നിയമപരിധിയിൽ നിന്നുകൊണ്ട് തന്നെ ആ പണം അവർക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം (അല്ല ഈ നിയമങ്ങൾ ഒക്കെ ഉണ്ടാക്കുന്നതും അവർ തന്നെയാണെല്ലോ ). ഉദാഹരണത്തിന് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക, കൂടുതൽ സ്വകാര്യ ഓഹരികൾ വാങ്ങിക്കുക മുതലായ എന്തും ചെയ്യാം. തീർച്ചയായിയും ഇതിൽ നിന്നൊക്കെ ലാഭം എങ്ങനെ പിടിക്കാനും എന്നും ഇവർക്കറിയാം കേട്ടോ, അല്ലെങ്കിൽ പൂട്ടി പോകില്ലേ. പക്ഷേ ബാങ്കുകൾ നില നിൽക്കുന്നത് ഈ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ല, അതെ ഇനിയാണ് പണം നിർമാണ യന്ത്രത്തിന്റെ ഏറ്റവും കിറുക്കൻ ഭാഗം വരാൻ പോകുന്നത്.

Read More >>