നാണയപ്പെരുപ്പത്തിന്റെ കഥ

എന്താണ് നാണയപ്പെരുപ്പം? അതിന് പിന്നിലെ കാരണങ്ങളെന്താണ്? റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ എന്താണ്? സിവിൻ എം സ്റ്റീഫൻ എഴുതുന്നു.

നാണയപ്പെരുപ്പത്തിന്റെ കഥ

സിവിൻ എം സ്റ്റീഫൻ

നല്ല പുത്തൻ നോട്ട് ബാങ്ക് ലോക്കറിൽ നിന്ന് ഉദ്യോഗസ്ഥൻ എടുത്ത് കൊണ്ടുവരുന്നത് കാണുമ്പോൾ ഒരിക്കൽ എങ്കിലും അതിലെ കുറച്ച് നോട്ട് കെട്ടുകളെങ്കിലും നമ്മുടെ കയ്യിൽ വെറുതെ അവർക്ക് തന്നു കൂടെയെന്ന് തോന്നിയിട്ടില്ലേ? അല്ല ഒന്ന് ചിന്തിച്ചാൽ അങ്ങനെ ചെയ്യുന്നതിൽ വലിയ പ്രശ്‌നം ഒന്നും കാണുന്നില്ല, കാരണം ആ നോട്ട് കെട്ടുകൾ പിന്നീട് RBIയിൽ നിന്ന് എടുത്താൽ പോരെ ? RBIക്ക് കുറച്ചുകൂടി നോട്ട് അച്ചടിക്കണം അത്ര അല്ലേ ഉള്ളൂ? കാര്യം തീർന്നില്ലേ ?


അല്ല, ഇനി ശരിക്കും Reserve Bank of India (RBI)ക്ക് ഇങ്ങനെ സ്വന്ത ഇഷ്ട പ്രകാരം എത്ര ഇന്ത്യൻ രൂപ വേണേലും അച്ചടിക്കാൻ സാധിക്കുമോ? പിന്നെ, പുഷ്പം പോലെ സാധിക്കും, ഒരു ഒറ്റ രാത്രി കൊണ്ട് കോടികൾ അച്ചടിക്കണോ, അടിക്കാം. അല്ലെങ്കിൽ അത്രയും അച്ചടിച്ച് കഷ്ടപ്പെടുന്നത് എന്തിന്, ഒരു കോടിയുടെ ഒരു സ്‌റ്റൈലൻ ഒറ്റ നോട്ട് ആക്കി അച്ചടിച്ചാൽ പോരെ, പിന്നെന്താ ദാ പിടിച്ചോ നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് ഒരു കോടിയുടെ ഇന്ത്യൻ രൂപ നോട്ട്. ഹാ ഇത്രേയുള്ളോ കാര്യം, ഇത് കൊള്ളാല്ലോ പരിപാടി.

അല്ല ഇതിന് കണക്കും കാര്യങ്ങളും ഒന്നും ഇല്ലേ എന്നായിരിക്കും ചിലർ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നത്? പിന്നെ അതില്ലാതെ ഇരിക്കുമോ, പണമല്ലേ സാധനം! പക്ഷേ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പറഞ്ഞ കണക്കും കാര്യങ്ങളുമൊക്കെ നോക്കുന്നത്, ആരാ ? നമ്മുടെ സ്വന്തം ഇന്ത്യൻ ഗവണ്മെന്റ്, ഇനി ഈ നോട്ടുകളൊക്കെ അച്ചടിക്കാൻ അനുവാദം കൊടുക്കുന്നതോ? അതും നമ്മുടെ സ്വന്തം ഇന്ത്യൻ ഗവണ്മെന്റ്. പിന്നെ എത്ര നോട്ടുകളും പ്രിൻറ് ചെയ്യാൻ വല്ലോ പ്രയാസമുണ്ടോ? അല്ല സ്വന്തം വീട്ടിലെ റബർ പാൽ കൊണ്ട് എത്ര റബർ ഷീറ്റ് അടിക്കണം എന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്, അതിന് വേറെ വല്ലവരുടെയും സൗജന്യം വേണോ?

അല്ല, എന്നാൽ പിന്നെ ഇങ്ങനെ കുറേ രൂപ അച്ചടിച്ച് നേരെ വേൾഡ് ബാങ്കിൽ കൊണ്ട് പോയി നമ്മുടെ രാജ്യത്തിന്റെ കടം എല്ലാം അങ്ങ് തീർത്തു കൂടേ? പിന്നെയും കുറച്ചു അച്ചടിച്ച് നമുക്കെല്ലാം വീതിച്ചു തന്നു കൂടെ ? പാവപ്പെട്ടവരെ പണക്കാരനാക്കി കൂടെ ? ശേ ഇതാണ് ഈ ഗവണ്മെന്റ് ഒന്നിനും ബുദ്ധിയുമില്ല, കാൽ കാശിന് കൊള്ളുകയില്ല എന്നൊക്കെ പറയുന്നത്. !

ഇത് ഒരിക്കലും സംഭവിക്കില്ല, അങ്ങനെ ഒരിക്കലും സംഭവിക്കാനും പാടില്ല!

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം , ഏതെങ്കിലും ഒരു രാജ്യത്തിന് കറൻസി കൂടുതൽ പ്രിന്റ് ചെയ്തു സമ്പന്ന രാജ്യമാവാൻ കഴിയുമോ? ഇല്ല, കാരണം ഈ പ്രവർത്തി 'Inflation' അഥവാ 'നാണയപ്പെരുപ്പം' എന്ന അവസ്ഥയിൽ എത്തിക്കും, അത് ഒരു രാജ്യത്തിനെ ഭീമമായ കടത്തിലേക്ക് നയിക്കപ്പെടാനും കാരണമാകും. സാമ്പത്തിക ശാസ്ത്രത്തിൻറെ ഭാഷയിൽ, നാണയത്തിന്റെ മൂല്യം കുറയുകയും ചരക്കുകളുടെ വില വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് നാണയപ്പെരുപ്പം എന്ന് പറയുന്നത്.

നാണയപ്പെരുപ്പം വ്യക്തമായി മനസ്സിലാക്കാൻ സാമ്പത്തിക ശാസ്ത്രത്തെ മാതൃകയാക്കി, ഒരു ഉദാഹരണ കഥ ആക്കി പറയാൻ ശ്രമിക്കാം.

താങ്കൾ ഒരു കർഷകൻ ആണെന്ന് കരുതുക. മാങ്ങയാണ് താങ്കളുടെ കൃഷി , രാവും പകലും എന്നില്ലാതെ കഷ്ടപ്പെട്ട് താങ്കൾ ഓരോ സീസണിലും 100 കിലോഗ്രാമിന് തുല്യമായ നല്ല രുചിയുള്ള മാങ്ങകൾ കൃഷി ചെയ്തു കൊയ്യും.

മാങ്ങകൾ മാത്രം കഴിച്ചു കൊണ്ട് ആർക്കും ജീവിക്കാൻ കഴിയില്ല, താങ്കൾക്കും മാങ്ങ മാത്രം കഴിച്ച് ജീവിക്കാനും താൽപര്യമില്ല. എന്നാൽ താങ്കളുടെ മാങ്ങ വളരെ രുചി ഉള്ളതിനാലും, മികച്ച ഒരു സീസൺ ഫലം ആയതിനാലും ചുറ്റിനും ആവശ്യക്കാരും ഉണ്ട്. ഇത് മനസ്സിലാക്കിയ താങ്കൾ മാങ്ങകൾക്ക് പകരം മറ്റ് എന്തെങ്കിലും, ഉദാഹരണത്തിന് ഗോതമ്പ് പോലുള്ള ധാന്യങ്ങൾ കൈമാറ്റം നടത്താൻ ആഗ്രഹിച്ചു. അങ്ങനെ ഗോതമ്പ് കൃഷി ചെയ്യുന്ന ഒരു കൂട്ടുകാരനുമായി താങ്കൾ ഈ കാര്യം സംസാരിച്ചു. നല്ല സമയം എന്ന് പറഞ്ഞാൽ മതിയെല്ലോ, അദ്ദേഹത്തിന് മാങ്ങകൾ വളരെ ഇഷ്ടം ആയിരുന്നു, അതിനാൽ താങ്കൾ 5 kg മാങ്ങയ്ക്ക് 10 kg ഗോതമ്പ് വാങ്ങിച്ചു . കുറച്ച് നാൾ കൂടി കഴിഞ്ഞപ്പോൾ 10 kg മാങ്ങ കൊടുത്ത് 20 kg ഗോതമ്പ് വാങ്ങിച്ചു, 6 മാസത്തേക്ക് താങ്കളുടെ കുടുംബത്തിന് മൊത്തം ആവശ്യമായത് ആയിരുന്നു അത്. ഈ ഒരു പരിപാടി നല്ല പോലെ ബോധിച്ചപ്പോൾ, താങ്കളുടെ ചുറ്റുമുള്ള കൂട്ടുകാരുമായി സഹകരിച്ച് അരിയും , പച്ച കറികളും, മറ്റ് ഫലങ്ങളും ഇതേപോലെ കുടുംബത്തിന് ആവശ്യകതയുള്ളത് മാങ്ങകൾക്ക് പകരം കൈമാറി.

ആറു മാസക്കാലം കഴിഞ്ഞു, ശീതകാലം വന്ന് തുടങ്ങി, താങ്കളുടെ മാങ്ങകളുടെ എണ്ണവും കുറയാൻ തുടങ്ങി. മാങ്ങകൾ കുറയുന്നതിനാൽ താങ്കൾക്ക് കൂടുതൽ കൈമാറ്റങ്ങൾ നടത്താൻ കഴിയാതെ പോകുന്നു, കൈമാറ്റങ്ങൾ ഇല്ലാതെ എങ്ങനെ താങ്കൾ അടുത്ത 6 മാസക്കാലം ഗോതമ്പും മറ്റ് ധാന്യങ്ങളും ഒക്കെ കഴിക്കും ? മാങ്ങ അല്ലാതെ മറ്റൊന്നും താങ്കളുടെ കൈയിൽ ഇല്ല ,അപ്പോൾ എന്ത് ചെയ്യും ?
കുറച്ച് നേരം ഇങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ഒരു ബുദ്ധി തോന്നി, താങ്കൾക്ക് ഏറ്റവും വിശ്വസ്തനായ ഗോതമ്പ് കൃഷിയുള്ള കൂട്ടുകാരനെ പോയി കണ്ടു, എന്നിട്ട് താങ്കൾ 10 kg ഗോതമ്പ് ചോദിച്ചു, പകരം ഇനി വരുന്ന വേനൽ കാലത്ത് ഉണ്ടാകുന്ന 5 kg മാങ്ങ തരാം എന്ന് ഉറപ്പു കൊടുക്കുന്നു. ആ കൂട്ടുക്കാരൻ ഒന്ന് ആലോചിച്ചുനോക്കി, ചില സംശയങ്ങൾ മനസ്സിൽ ഉണ്ടായി, ഒരുപക്ഷേ മാങ്ങകൾ തിരികെ തരേണ്ട സമയത്ത് താങ്കൾ തന്നില്ലെങ്കിലോ ? അല്ലെങ്കിൽ തരുന്ന മാങ്ങകൾ കേടു ഉള്ളവ ആണെങ്കിലോ? അല്ലെങ്കിൽ മഴയുടെ ക്ഷാമം മൂലം മാങ്ങകൾ ഒന്നും ഉണ്ടാകാതെ ഇരുന്നാലോ ? പക്ഷേ, ഭാവിയിൽ തനിക്കും ഇതേ അവസ്ഥ ഉണ്ടായാൽ താങ്കൾ സഹായിക്കും എന്ന് മനസ്സിൽ കരുതി ഈ കൈമാറ്റത്തിന് സമ്മതിക്കുന്നു. കുറച്ച് പേർ ഒഴികെ , ഇതേപോലെ മറ്റുള്ളവരുടെ പക്കൽ ഉള്ളതിൽ നിന്ന് അവരുടെ സമ്മതത്തോടെ വാങ്ങിച്ചു. ഇപ്പോൾ താങ്കൾ നടപ്പിലാക്കിയത് ഒരു കൊടുക്കൽ-വാങ്ങൽ സമ്പ്രദായം ആണ് (പഴയ ബാർട്ടർ സമ്പ്രദായം) , ഇവിടെ ഒരു നാണയ വ്യവസ്ഥ / കറൻസി എന്നതിന് പകരം ഉൽപന്നങ്ങൾ/ ചരക്കുകൾ കൊണ്ട് കൈമാറ്റം നടത്തി എന്ന് മാത്രം .

ഇപ്പോൾ താങ്കൾ കുറേ പേരുമായി പല സമയങ്ങളിൽ പല വ്യവസ്ഥകൾ കൈമാറ്റങ്ങൾ നടത്തിയതിനാൽ, എല്ലാം കൂടി ഒരേ സമയം കൈകാര്യം ചെയ്യാൻ സാധിക്കാതെ പോകുന്നു. ഇതിനു ഒരു ഉപായവും താങ്കൾ കണ്ടു പിടിച്ചു, ഓരോ സുഹൃത്തിനും താങ്കൾ താങ്കളുടെ ഒപ്പോടെ കൂടിയ ഒരു കടലാസ് കൊടുക്കുന്നു, അതിൽ എത്ര മാങ്ങകൾ അവർക്ക് കൊടുക്കേണ്ടത് എന്ന് എഴുതിയിട്ട് ഉണ്ട്, ഈ കടലാസിനെ ഒരു സത്യപത്രമായി കണക്കാക്കാം. അടുത്ത വേനൽ കാലത്ത് താങ്കളുടെ അടുത്ത് വന്ന് ഈ സത്യപത്രം തിരികെ തരുമ്പോൾ അതിൽ എഴുതിയിട്ട് ഉള്ള എത്ര മാങ്ങകളാണോ അത് താങ്കൾ കൊടുക്കും.

ഇങ്ങനെ സത്യപത്രങ്ങൾ എല്ലാം കൊടുത്തു കഴിഞ്ഞു കുറച്ചുകാലം സമാധാനമായി ജീവിക്കുമ്പോൾ ആണ്, കാലാവസ്ഥയ്ക്ക് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് അറിയുന്നത്. അതറിഞ്ഞപ്പോൾ തൊട്ടു താങ്കൾക്ക് ഭയം തോന്നി തുടങ്ങി, ഒരു പക്ഷേ വരൾച്ചയോ മറ്റോ മൂലം മാങ്ങകൾ ഒന്നും കിട്ടാതെ പോയെങ്കിലോ , അല്ലെങ്കിൽ ഒരു പക്ഷേ പ്രതീക്ഷിച്ച അത്രയും മാങ്ങകൾ ലഭിച്ചു ഇല്ലങ്കിലോ. താങ്കളുടെ മുൻപിൽ മറ്റ് വഴി ഒന്നും തെളിയുന്നില്ല, അതുകൊണ്ട് ആ നാട്ടിലെ വിവേകശാലിയായ ഒരു കുട്ടുകാരന്റെ അടുത്ത് പോയി ഒരു പോംവഴി തേടി. ഈ കൂട്ടുകാരന് മറ്റ് നാടുകളിലും പോയി നിരവധി കച്ചവടങ്ങൾ നടത്തിയിട്ട് ഉണ്ടായതിനാൽ കച്ചവടത്തെ കുറിച്ച് നല്ല അറിവുകൾ ഉണ്ടായിരുന്നു.

കൂട്ടുകാരൻ പറഞ്ഞു, താങ്കൾ വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല, താങ്കളെ ബാധിക്കാതെ എങ്ങനെ കച്ചവടം നടത്താൻ ഒരു രഹസ്യവും പറഞ്ഞു തന്നു. താങ്കളുടെ മാങ്ങകൾക്ക് എപ്പോഴും നല്ല ആവശ്യക്കാർ ഉണ്ട്, അതിനൊരു മാറ്റം ഉണ്ടാകാൻ പോകുന്നില്ല. അങ്ങനെ ഉള്ളപ്പോൾ താങ്കൾ കുറച്ച് മാങ്ങകൾക്ക് കൂടുതൽ ഉല്പന്നങ്ങൾക്ക് വിലപേശാനും സാധിക്കും, അങ്ങനെയാകുമ്പോൾ മാർക്കറ്റിൽ താങ്കളുടെ മാങ്ങകളുടെ മൂല്യവും കൂടും.

കൂട്ടുകാരൻ പറഞ്ഞത് മനസ്സിലായി, പക്ഷേ ഇതെങ്ങനെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കും ? അടുത്ത വിളവെടുപ്പിൽ എത്ര മാങ്ങകൾ കിട്ടുമെന്ന് അറിയാതെ എങ്ങനെ വിലപേശും ? കൂട്ടുകാരൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു കഴിയും, ഒരു പുതിയ കച്ചവടം രീതി തുടങ്ങുക, അതിന് ആദ്യം 10 സത്യപത്രങ്ങൾ തയാറാക്കുക, ഈ 10 സത്യപത്രങ്ങൾ നിങ്ങളുടെ ഈ വിളവിൽ ലഭിച്ച 100 % മാങ്ങകളുടെ വിളവെടുപ്പിനെ സൂചിപ്പിക്കുന്നു. ഇനി ഓരോ സത്യ പത്രത്തിനു ഒരു വില ഇടുക, ഉദാ: 100, അങ്ങനെ 10 സത്യപത്രങ്ങൾക്ക് മൊത്തം 1000 വില. അപ്പോൾ 100 ൻറെ ഒരു സത്യപത്രം ഒരാളുടെ കൈവശം ഉണ്ടെങ്കിൽ അദ്ദേഹത്തിന് താങ്കളുടെ വിളവെടുപ്പിലെ 10 % മാങ്ങകൾ സ്വന്തമാണ്. അതായത് അദ്ദേഹത്തിന് താങ്കളുടെ അടുത്ത വിളവെടുപ്പിൽ എത്രത്തോളം മാങ്ങകൾ ലഭിച്ചോ അതിൻറെ 10% വരുന്ന മാങ്ങകൾ( ഉദാ: 100 മാങ്ങകൾക്ക് 10 മാങ്ങകൾ) അദ്ദേഹത്തിന് നൽകണം. മറിച്ച് ഈ വിളവെടുപ്പിൽ വരൾച്ചയോ മറ്റ് പ്രതിസന്ധിയോ ഉണ്ടായി താങ്കളുടെ മാങ്ങകൾ കുറവുണ്ടായാൽ, അദ്ദേഹത്തിൻറെ ഇഷ്ടം അനുസരിച്ച് ഈ വിളവെടുപ്പിനു പകരം ഇനി വരുന്ന വിളവെടുപ്പ് വരെ കാത്ത് നിന്ന അദ്ദേഹത്തിൻറെ പക്കലുള്ള സത്യപത്രം കൊടുത്ത് കൂടുതൽ മാങ്ങകൾ വാങ്ങിക്കാം. ഇനി മുതൽ, താങ്കളുടെ സത്യപത്രത്തെ മാംഗോ കറൻസി (MC) എന്ന് വിളിക്കാം .

മാംഗോ കറൻസി (MC) രീതി ഉപയോഗിച്ചുള്ള കച്ചവടം താങ്കൾ നടപ്പിലാക്കാൻ തുടങ്ങി, ആ പരിസരത്ത് ലഭിക്കുന്നവയിൽ ഏറ്റവും മാധുര്യവും, മേന്മയേറിയതുമായ മാങ്ങകൾ താങ്കളുടെ മാത്രം ആയിരുന്നതിനാൽ, അവിടെയുള്ളവർ എല്ലാം താങ്കളുടെ മാങ്ങകൾ തന്നെ എത്ര വിലകൊടുത്തു വാങ്ങാനും തയാർ ആകുന്ന അവസ്ഥയായി. ഒരു സത്യപത്രത്തിനു വേണ്ടി കൂടുതൽ അളവിൽ ഉത്പന്നങ്ങൾ തരാൻ തുടങ്ങി അപ്പോൾ ഒരാളുടെ കൈവശം തന്നെ ഒന്നിൽ കൂടുതൽ MC എത്തിച്ചേർന്നു, അങ്ങനെ MC കുറച്ച് പേർക്ക് മാത്രമേ കൈവശം വെയ്ക്കാവുന്ന വിലയേറിയ ഒന്നായി. അങ്ങനെ ഉള്ളപ്പോൾ മാങ്ങ കഴിക്കാൻ ആഗ്രഹമുള്ള കുറഞ്ഞ വിളവെടുപ്പ് ലഭിക്കുന്നവർക്ക് MC സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥ വന്നു. സത്യത്തിൽ ഇങ്ങനെയൊരു അവസ്ഥയും താങ്കളുടെ കച്ചവടത്തെ ബാധിക്കും, കാരണം MC താങ്കൾക്ക് കൈമാറി മാങ്ങകൾ സ്വീകരിക്കുന്നതിനു പകരം, MCയുടെ വില കൂടുന്നതിനാൽ അത് കൈവശമുള്ളവർ കൂടുതൽ നേരം കൈവശം വെയ്ക്കാൻ പ്രേരണയാവും. അങ്ങനെയാകുമ്പോൾ താങ്കൾക്ക് മാങ്ങകൾ കൊടുത്ത് തീർക്കാൻ കഴിയാതെ, ചീഞ്ഞു പോയി ഒരു ഉപകാരവും ഇല്ലാതാകും, അത് താങ്കൾക്ക് വലിയ നഷ്ടം വരുത്തും , അപ്പോൾ ഇനി മുതൽ താങ്കൾക്ക് MCയുടെ വില കൂടാതെയോ കുറയാതെയോ നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിച്ചു.

ഇതിനു വേണ്ടി വീണ്ടും കൂട്ടുകാരൻറെ അടുത്ത് പോയി സഹായം ചോദിച്ചു, അദ്ദേഹം താങ്കളോട് കൂടുതൽ സത്യപത്രങ്ങൾ നിർമിക്കുവാൻ പറഞ്ഞു, ഉദാഹരണത്തിന് 1000 വില വരുന്ന 10 സത്യപത്രങ്ങൾ കൂടി ആകുമ്പോൾ , മൊത്തം 2000 വിലയാവും താങ്കളുടെ വിളവെടുപ്പിൻറെ 100 % മാങ്ങകളെ സൂചിപ്പിക്കുന്നത്, അങ്ങനെ ആകുമ്പോൾ നേരത്തെ താങ്കളുടെ 100 വിലയുള്ള സത്യപത്രത്തിൻറെ ഉടമയ്ക്ക് ഉണ്ടായിരുന്ന 10 % മാങ്ങകൾ പകരം 5 % മാങ്ങകൾ മാത്രം വാങ്ങിക്കാൻ കഴിയുകയുള്ളൂ. അതായത് MCയുടെ മൂല്യം അതിൻറെ നേർപകുതിയായി മാറിയിരിക്കുന്നു (ഇങ്ങനെയാണ് RBI രൂപയുടെ മൂല്യം നിയന്ത്രണത്തിൽ നിലനിർത്തുന്നത്, മറിച്ചാണെങ്കിൽ കച്ചവടം കുറയും, ഷെയർ മാർക്കറ്റ് തകരും ,വാണിജ്യം ഇടിയും .രാജ്യം ദാരിദ്ര്യത്തിൽ ആകും) മറ്റുള്ളവരും ഇങ്ങനെ പിന്തുടർന്നു, താങ്കൾ ഇപ്പോൾ ഈ കച്ചവട സമ്പ്രദായത്തിൻറെ മാതൃകയാണ്, ഇത് കൂടാതെ MCയുടെ മൂല്യം മറ്റ് കറൻസികളുമായി വില ഇടിയാതെയിരിക്കാൻ സത്യപത്രങ്ങളുടെ ലഭ്യത അനുസരിച്ച് നിലനിർത്താനും പഠിച്ചു. അങ്ങനെ ഇരിക്കുമ്പോൾ താങ്കൾ കച്ചവടം വിപുലീകരിക്കാൻ തീരുമാനിച്ചു, താങ്കൾ നെല്ല് കൃഷി വഴി, റൈസ് കറൻസി (Rice Currency, RC) ഉപയോഗിച്ച് കച്ചവടം ചെയ്യുന്ന ഒരു കൂട്ടുക്കാരന്റെ അടുത്ത് പോയി താങ്കളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന് നല്ല കച്ചവടം ഉണ്ട് കൂടാതെ കുറേ RCയും കയ്യിൽ ഉണ്ട്, വിപുലീകരണത്തിൻറെ കാര്യം കേട്ടപ്പോൾ, തൻറെ കയ്യിൽ ഉള്ള RC പലിശ വ്യവസ്ഥയിൽ തരാം എന്ന് സമ്മതിക്കുന്നു, കാരണം വെറുതെ RC കൈവശം വച്ചിരിക്കുന്നതിലും ഭേദം അതാണെല്ലോ .

RCയുടെ വില MCയുടെ വിലയേക്കാൾ കൂടുതലാണ്, താങ്കൾക്ക് അദ്ദേഹം 500 RC തന്നു, മാർക്കറ്റിൽ 500 RCയ്ക്കു 1000 MC ലഭിക്കും (മൊത്തം വിളവെടുപ്പിന്റെ എത്ര % എന്നത് ഇതിന് ബാധകമല്ല). ഈ കാശു കൊണ്ട് താങ്കൾ ബിസിനസ് വലുതാക്കി, പക്ഷേ താങ്കളുടെ വളരെ മോശം സമയം ആയതിനാൽ ആയിരിക്കാം ഈ പ്രാവശ്യം കച്ചവടം കുറഞ്ഞു, വലിയ് നഷ്ടം താങ്കൾക്ക് ഉണ്ടായി. താങ്കൾ നിറയ സാധനങ്ങൾ RC കൊടുത്തു വാങ്ങിയിരുന്നു, പക്ഷേ അവയൊന്നും ആരും വാങ്ങിക്കാതെ താങ്കൾ നട്ടം തിരിഞ്ഞു. ഇപ്പോൾ താങ്കളുടെ കയ്യിൽ 1000 MC മാത്രമേ ബാക്കി ഉള്ളൂ. 500 RC കൊടുക്കണം എങ്കിൽ 1000 MC കൊടുക്കണം, അങ്ങനെ കൊടുക്കുകയാണെങ്കിൽ ബാക്കി MC ഒന്നും താങ്കളുടെ കൈവശം കാണുകയില്ല, അപ്പോൾ താങ്കൾ കട കെണിയിൽ ആകും.

ഇപ്പോൾ 2000 MC നിർമിച്ചിട്ടു 1000 RC തിരികെ നൽകാൻ സാധിക്കും, പക്ഷേ കൂടുതൽ MC മാർക്കറ്റിൽ വരുമ്പോൾ MCയുടെ വില ഇടിയും, അതും താങ്കളെ നഷ്ടത്തിൽ ആക്കും. അത് കൂടാതെ താങ്കൾക്ക് കള്ളത്തരം ഒന്നും ചെയ്യാനും ആഗ്രഹമില്ല, കാരണം ഇപ്പോൾ പല കറൻസികൾ ഉണ്ടായതിനാൽ കുറേ Auditorsൽ നിന്ന് അനുവാദം വാങ്ങിച്ചാൽ മാത്രമേ പ്രിന്റ് ചെയ്യാനും സാധിക്കൂ. അവരാണ് മാർക്കറ്റിൽ ലഭിക്കുന്ന ഓരോ കറൻസിയുടെ മൂല്യവും നിരീക്ഷിക്കുന്നതും.

ഇനി നിങ്ങൾക്ക് ഒരേ ഒരു പോംവഴിയെ ഉള്ളൂ, പഴയത് പോലെ കഠിന അദ്ധ്വാനം ചെയ്തു കൂടുതൽ കൃഷി നടത്തുക, കൂടുതൽ മാങ്ങകൾ വിളവെടുക്കുക, അങ്ങനെ കൂടുതൽ MCയുടെ മൂല്യം വീണ്ടെടുക്കുക, അങ്ങനെ ലോൺ അടച്ച് തീർക്കുക മറ്റൊന്നും ഇനി താങ്കളെ സഹായിക്കില്ല എന്ന് താങ്കൾക്ക് ബോധ്യമായി.

ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമായി എന്ന് വിശ്വസിക്കുന്നു, എത്ര കറൻസികൾ കൂടുതൽ അച്ചടിക്കുന്നോ അതേ നിരക്കിൽ തന്നെ കറൻസിയുടെ മൂല്യവും ഇടിയും. ഇന്ത്യൻ രൂപ എന്നത് RBI പ്രിൻറ് ചെയ്യുന്ന സത്യപത്രം മാത്രമാണ്. നമ്മുടെ രാജ്യത്തിൽ നടക്കുന്ന മൊത്ത കച്ചവടത്തിനും (കൃഷി, വ്യവസായം മുതലായവ) വിനിമയത്തിനും ആവശ്യമായ തുകയ്ക്ക് അനുസരിച്ച് ആയിരിക്കും എത്ര നോട്ടുകൾ പ്രിൻറ് ചെയ്യേണ്ടത് എന്ന് കണക്കാക്കുക. അതിൽ കൂടുതൽ പ്രിൻറ് ചെയുന്ന ഓരോ കറൻസിയും രൂപയുടെ മൂല്യം ഇടിയാൻ കാരണമാകും. കൂടാതെ വേൾഡ് ബാങ്കിൽ നിന്ന് നമ്മുടെ രാജ്യം എടുത്ത വായ്പ ഡോളറിലാണ് അടയ്‌ക്കേണ്ടത്, രൂപയുടെ മൂല്യം ഇടിയുമ്പോൾ ഒരു ഡോളർ വാങ്ങിക്കാൻ കൂടുതൽ ഇന്ത്യൻ രൂപ വേണ്ടി വരും, അങ്ങനെയാകുമ്പോൾ 10 ലോറി നിറച്ചുള്ള രൂപയും കൊണ്ട് പോയാലും വായ്പ അടച്ചുതീർക്കാൻ കഴിയാതെ പോകും.