പണത്തിന് പിന്നിലെ രഹസ്യങ്ങൾ

എന്താണ് പണത്തിന് പിന്നിലെ രഹസ്യങ്ങൾ. ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന പണം ആരുടേതാണ്. ബാങ്കുകൾ എന്താണ് ചെയ്യുന്നത്? പണത്തിന് പിന്നിലെ രഹസ്യങ്ങൾ- സിവിൻ എം സ്റ്റീഫൻ എഴുതുന്നു.

പണത്തിന് പിന്നിലെ രഹസ്യങ്ങൾ

സിവിൻ എം സ്റ്റീഫൻ

ഫ്രാക്ഷനൽ റിസർവ് ബാങ്കിങ്ങ്- ബാങ്കുകൾ അക്കങ്ങൾ അടിച്ച കടലാസ്സ് ഇരട്ടിപ്പിക്കുന്നു

ഫ്രാക്ഷനൽ റിസർവ് ബാങ്കിങ്ങ് (Fractional Reserve Banking) പേരിൽ തന്നെയുണ്ട് എന്താണ് അവരുടെ പരിപാടി എന്ന്. ബാങ്കിൽ നമ്മൾ ഒരു തുക നിക്ഷേപിക്കുമ്പോൾ, ആ തുകയുടെ വളരെ കുറച്ച് ഒരു ഭാഗം മാത്രമേ 'കരുതൽ തുക' ആയി (Reserve Money) ബാങ്ക് മാറ്റി വെയ്ക്കുക ഉള്ളൂ, ബാക്കിയുള്ള മുഴുവൻ തുകയും മറ്റൊരു വ്യക്തിക്ക് വായ്പ തുകയായി കൊടുക്കും അതും നിയമപരമായി തന്നെ. എത്ര തുകയാണ് കരുതൽ തുകയായി മാറ്റി വെക്കുന്നത് എന്നത് അതാത് രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന റിസർവ് നിരക്ക് (Reserve Ratio) അനുസരിച്ച് ആയിരിക്കും. ഓരോ നിക്ഷേപ സ്വഭാവത്തിന് അനുസരിച്ച് വ്യത്യസ്ഥ റിസർവ് നിരക്കുകളായിരിക്കും. എങ്ങനെയാണ് ഈ ഫ്രാക്ഷനൽ റിസർവ് ബാങ്കിങ്ങ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ , 10% റിസർവ് നിരക്ക് കണക്കാക്കി ഒരു ഉദ്ധാരണം പറയാം.


'ചോദിക്കുമ്പോൾ! ചോദിക്കുമ്പോൾ!, കാശ് എടുത്ത് തരാൻ, എന്റെ വീട്ടിൽ അതിന് പണം കായ്ക്കുന്ന മരം ഒന്നുമില്ല' എന്ന്, പക്ഷേ സത്യത്തിൽ ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തിൽ മരം കായ്ക്കുന്നനേക്കാൾ വേഗത്തിലാണ് പണം ഉണ്ടാകുന്നത്. ഇപ്പോൾ സോമൻ എന്ന വ്യക്തി 'വിരുതൻ ബാങ്കിൽ' 100 ഡോളർ നിക്ഷേപിച്ചാൽ, അതിലെ 90 ഡോളർ തുകയും വിരുതൻ ബാങ്കിന് നിയമപരമായി തന്നെ സോമനോട് ഒന്നും ചോദിക്കാതെ മറ്റൊരാൾക്ക് വായ്പയായി കൊടുക്കാം, ബാക്കി വരുന്ന 10 ഡോളർ (റിസർവ് നിരക്ക് പ്രകാരം നീക്കി വെച്ചത്) എന്തായാലും കരുതൽ തുകയായി വിരുതൻ ബാങ്കിൽ തന്നെ സൂക്ഷിക്കണം, അല്ല അഥവാ എപ്പോൾ ഏങ്ങാനും മനസ്സ് മാറി നമ്മുടെ സോമൻ വന്ന് തിരികെ കാശ് ചോദിച്ചാലോ എന്ന് സ്‌നേഹത്തിൻറെ പേരിൽ മാത്രം. ഇനി ഈ മാറ്റി വെച്ച 10 ഡോളർ കരുതൽ തുകയേ 'വോൾട്ട് കാശ്' (Vault Cash) എന്നാണ് പറയുന്നത്.

അപ്പോൾ ഇനി വരുന്ന ചോദ്യം എന്തുകൊണ്ട് ബാങ്ക് 90 ഡോളർ അടിച്ചുമാറ്റിയിട്ടും സോമന്റെ അക്കൌണ്ടിൽ 100 ഡോളർ ഉണ്ട് എന്ന് പറഞ്ഞുള്ള 'വിരുതൻ ബാങ്കിന്റെ' അക്കൌണ്ട് സ്‌റ്റേറ്റ്‌മെൻറ് തരുന്നത് എന്നായിരിക്കും? അതിന് കാരണം, വിരുതൻ ബാങ്കിന് ഇപ്പോൾ 90ഡോളറിന്റെ 'ബാങ്ക് ക്രെഡിറ്റ്' എന്ന പേരിൽ സോമൻ അറിയാതെ ഉടനെ പണമായി വന്ന് ചേരും. എന്താണ് ഈ ബാങ്ക് ക്രെഡിറ്റ്? പറഞ്ഞു തരാം, അതിന് ആദ്യം, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ചിക്കാഗോ, 1961ൽ പബ്ലിഷ് ചെയ്ത, 'മോഡേൺ മണി മെക്കാനിക്‌സ് (Modern Money Mechanics)' എന്ന പുസ്തകത്തിൽ എന്താണ് പറയുന്നത് എന്ന് നോക്കാം. (മലയാള പരിഭാഷ ഏകദേശം ഇങ്ങനെയാണ്)

തീർച്ചയായും ബാങ്കുകൾ നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച തുക വായ്പ തുകയായി കൊടുക്കാറില്ല, അങ്ങനെ ചെയ്താൽ പിന്നെ വാണിജ്യത്തിന് ആവശ്യമായ അധിക പണം ഉണ്ടാവുകയില്ലല്ലോ. അതിനാൽ അവർ വായ്പ കൊടുക്കുമ്പോൾ വായ്പക്കാരുടെ രേഖാമൂലം ഉള്ള വായ്പ കരാറിന് പകരം അവരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം അവിടെ പുതിയതായി ഉണ്ടാവുകയാണ്.

ഒന്നാം ഭാഗം: പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു?


'തീർച്ചയായും ബാങ്കുകൾ നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച തുക വായ്പ തുകയായി കൊടുക്കാറില്ല, അങ്ങനെ ചെയ്താൽ പിന്നെ വാണിജ്യത്തിന് ആവശ്യമായ അധിക പണം ഉണ്ടാവുകയില്ലല്ലോ. അതിനാൽ അവർ വായ്പ കൊടുക്കുമ്പോൾ വായ്പക്കാരുടെ രേഖാമൂലം ഉള്ള വായ്പ കരാറിന് പകരം അവരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം അവിടെ പുതിയതായി ഉണ്ടാവുകയാണ് 'അതായത് സോമൻ തന്റെ 100ഡോളർ വിരുതൻ ബാങ്കിൽ നിക്ഷേപിച്ച കഴിഞ്ഞ സമയത്ത് തന്നെ ബിജു ബാങ്കിൽ കയറി വന്നത്, ബിജുവിന് ബൈക്ക് വാങ്ങിക്കാൻ 90 ഡോളർ വായ്പ വേണം, വിരുതൻ ബാങ്കിന് വളരെ സന്തോഷം, അവർ 90 ഡോളർ ഉടൻതന്നെ വായ്പയായി കൊടുത്തു. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, നമ്മുടെ സോമൻ ചേട്ടന്റെ നിക്ഷേപത്തിൽ നിന്ന് മാറ്റി വെച്ച 90 ഡോളർ ആണ് വായ്പയായി കൊടുത്തത് എന്ന്, പിന്നെ ഇമ്മിണി പുളിക്കും!!

ഈ 90 ഡോളർ ഇപ്പോൾ ഈ നിമിഷം ബാങ്ക് ഉണ്ടാക്കിയ പണമാണ്, ഞാൻ നേരത്തെ പറഞ്ഞ ബാങ്ക് ക്രെഡിറ്റ്, ഇതെന്താ പരിപാടി എന്ന് വെച്ചാൽ ബിജുവിന് ലോൺ എടുക്കുന്ന ആ നിമിഷം വിരുതൻ ബാങ്കിൽ ബിജുവിന്റെ പേരിലുള്ള അക്കൌണ്ടിൽ വായ്പ തുകയായി ഇടുന്ന തുക പുതിയ കറൻസി ആയി മാറുക ആണ്, അതും വിരുതൻ ബാങ്കിൻറെ സ്വന്തം പണം.

ചുരുക്കി പറഞ്ഞാൽ ബാങ്കുകൾ ഓരോ വായ്പ തുക അനുവദിക്കുമ്പോഴും ആ തുക അവിടെ ആ നിമിഷം പണമായി ബാങ്കിൻറെ സ്വന്തമായി മാറുകയാണ്, പക്ഷേ ഈ പണം ബാങ്കുക്കാർ കമ്പ്യൂട്ടറിൽ അടിക്കുന്ന കുറച്ചു അക്കങ്ങൾ മാത്രമാകുന്നു, ഈ ഉണ്ടാകുന്ന അക്കങ്ങളും പേപ്പർ കറൻസിയിലെ അക്കങ്ങളും വ്യത്യസ്ഥമാണ്, കാരണം ഇവ കമ്പ്യൂട്ടറുകളിൽ മാത്രം നില നിൽക്കുന്നതാണ്, എങ്കിൽ കൂടിയും പ്രാബല്യത്തിൽ ഇതും കറൻസി തന്നെയാണ്. അങ്ങനെ ആകുമ്പോൾ ഇപ്പോൾ വിരുതൻ ബാങ്കിൽ സോമന്റെ 100 ഡോളർ കൂടാതെ ബിജുവിന് വായ്പയായി കൊടുത്തപ്പോൾ ബാങ്ക് ക്രെഡിറ്റ് വഴി കിട്ടിയ 90 ഡോളർ കൂടി കൂട്ടി മൊത്തത്തിൽ 190 ഡോളർ ആയി, പ്രാബല്യത്തിൽ ഈ തുക വിരുതൻ ബാങ്കിൻറെ സ്വന്തം പണമായി.

ഫ്രാക്ഷനൽ റിസർവ് ബാങ്കിങ്ങ്

ഇവിടെയും തീരുന്നില്ല, ഇനി ബിജു ബാങ്കിൽ നിന്ന് എടുത്ത 90 ഡോളർ വായ്പ തുക ശശി ചേട്ടൻ കൊടുത്ത് പുള്ളിയുടെ ബൈക്ക് വാങ്ങിച്ചു, ശശി ചേട്ടൻ ഈ 90 ഡോളർ ചേട്ടന്റെ സ്വന്തം അക്കൌണ്ട് ഉള്ള 'കേമൻ ബാങ്കിൽ' നിക്ഷേപിച്ചു. കേമൻ ബാങ്ക് എന്തു ചെയ്യും, ആ തുകയുടെ 90% ആയ 81 ഡോളർ മറ്റൊരാൾക്ക് വായ്പയായി കൊടുക്കും, അപ്പോൾ എല്ലാം ബാങ്കിന്റെ പണവും കൂട്ടി 190+81 = $ 271 പ്രാബല്യത്തിൽ മാർക്കറ്റിൽ കറൻസിയായി. ഈ പ്രക്രിയ ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും.

അങ്ങനെ വെറും 100ഡോളറിന്റെ നിക്ഷേപം നിരന്തരം ബാങ്ക് വിനിമയങ്ങളിലൂടെ പലമടങ്ങായി 900 ഡോളർ ബാങ്ക് ക്രെഡിറ്റ് കറൻസി തുകയായി വരെ മാറാൻ കഴിയും എന്നാണ് പറയുന്നത് (10% റിസർവ് നിരക്കായതിനാൽ ആദ്യ നിക്ഷേപ തുകയുടെ 9 മടങ്ങ് തുക വരെ പരമാവധി ഉണ്ടാവുകയുള്ളൂ). ഈ റിസർവ് നിരക്കുകൾ മാറി കൊണ്ട് ഇരിക്കും, ചിലപ്പോൾ 10%, 3% , എന്തിന് 0% നിരക്ക് വരെ ഉണ്ട്. ഇന്ത്യയിൽ റിസർവ് നിരക്ക് ഇപ്പോൾ 4% ആണ്, അതായത് 100ഡോളർ നിക്ഷേപത്തിന് 4ഡോളർ മാത്രമേ കരുതൽ തുകയായി വയ്ക്കുക ഉള്ളൂ. ഞാൻ ഈ പറഞ്ഞ ഉദാഹരണത്തേക്കാൾ നമ്മുക്കൊന്നും ഊഹിക്കാൻ പോലും കഴിയാവുന്നതിനേക്കാൾ ദശലക്ഷ കോടികളുടെ ഡോളറും/രൂപയും പലമടങ്ങായി ഈ ലോക മാർക്കറ്റിൽ അതി വേഗത്തിൽ കറൻസിയായി മാറുന്നത്.

പക്ഷേ ഇങ്ങനെയുണ്ടാകുന്ന കറൻസിയാണ് ഒരു രാജ്യത്തിന്റെ കൂടിയ പങ്കും കറൻസി സപ്ലൈ ആയി തീരുന്നത്, അമേരിക്ക, ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളിൽ 9697% കറൻസിയും ഇങ്ങനെയാണ് ഉണ്ടാകുന്നത്, അതായത് സർക്കാരിന്റെ പങ്ക് 3% മാത്രം, ബാക്കി മുഴുവൻ കറൻസിയുടെയും നിയന്ത്രണം വാണിജ്യ ബാങ്കുകൾ നിശ്ചയിക്കും വിധം. ഇന്ത്യയിലെ കൃത്യമായ കണക്കുകൾ അറിയില്ലെങ്കിലും മൊത്തം കറൻസിയുടെ 50% അധികമുള്ള ഇന്ത്യൻ രൂപ കറൻസി ഇങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാണ്.

കറൻസി ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ പലമടങ്ങായി വർദ്ധിക്കുന്നു എന്ന് അറിയുന്നത് ചിലപ്പോൾ ഒരു തമാശയായി തോന്നാം, പക്ഷേ തമാശ കാര്യമാവുന്നത് 'നാണയ പെരുപ്പം (Inflation)' പ്രത്യക്ഷപ്പെടുമ്പോൾ ആണ്. കറൻസിയുടെ ലഭ്യത മാർക്കറ്റിൽ കൂടുമ്പോൾ കൂടുതൽ പേരുടെ കയ്യിൽ കൂടുതൽ പണം എത്തിച്ചേരും, അങ്ങനെ ആകുമ്പോൾ കൂടുതൽ തുക കൊടുത്തും സാധനങ്ങൾ വാങ്ങിക്കാൻ ജനങ്ങൾ മുതിരും, അപ്പോൾ സ്വാഭാവികമായി ഉൽപന്നങ്ങളുടെ വിലയും കൂടും, അപ്പോൾ കറൻസിയുടെ മൂല്യം ഇടിയുകയും ചെയ്യും, അങ്ങനെ നാണയ പെരുപ്പം ഉണ്ടാവും.

 പലമടങ്ങായി വർദ്ധിച്ച അക്കങ്ങളിൽ നിന്ന് നമ്മുടെ കരം ഈടാക്കുമ്പോൾ


ഭൂരിപക്ഷം ആളുകളോടും ജീവിക്കുന്നത് എന്തിനാണ് എന്ന് ചോദ്യച്ചാൽ ഒറ്റ ഉത്തരമേ കാണുകയുള്ളൂ ,'പണത്തിന് വേണ്ടി'. ശരിയാണ് പണമാണ് ഇന്നത്തെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകം, ആ പണത്തിനായി മനുഷ്യരെല്ലാം ദിവസങ്ങളോളം, ആഴ്ചകളോളം, വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിക്കുന്നു. പക്ഷേ ഈ സമ്പാദിക്കുന്ന സമ്പാദ്യം ആരൊക്കെയോ ഒരു കടലാസ്സിൽ അച്ചടിച്ച നോട്ടുകളോ, കമ്പ്യൂട്ടറിൽ ടൈപ്പ് ചെയുന്ന കുറച്ച അക്കങ്ങളോ മാത്രമാണ്. എങ്കിൽ കൂടിയും ആ കറൻസികളിൽ നമ്മുടെ ഓരോത്തുരുടെയും ചോരയും , വിയർപ്പും, അദ്ധ്വാനവും, ചിന്തകളും, പ്രാഗത്ഭ്യവും ആണ്. നമ്മളേ പോലുള്ള സാധാരണക്കാരാണ് ഈ കറൻസിക്ക് മൂല്യം കൊടുക്കുന്നത്.

പക്ഷേ ഇപ്പോഴത്തെ സമ്പ്രദായം ഈ സാധാരണക്കാർക്ക് എതിരെയാണ്, കാരണം നമ്മൾ ഇത്രയും കഷ്ടപ്പെട്ട് സമ്പാദിച്ചു കുറച്ച് കാശ് മിച്ചം വെയ്ക്കുന്നതിൽ നിന്ന് കരം (ടാക്‌സ് എന്നാൽ ഇൻകം ടാക്‌സ് മാത്രമല്ല, നമ്മൾ വാങ്ങിക്കുന്ന ഓരോ ഉൽപ്പന്നങ്ങൾക്കും കൺസ്യൂമർ ടാക്‌സ് ഉണ്ട് എന്ന് ഓർക്കണം) സർക്കാർ പിരിച്ചെടുത്ത് ട്രഷറിക്ക് കൈമാറും. ഈ കിട്ടുന്ന തുക കൊണ്ടാണ് സെൻട്രൽ ബാങ്കിൽ നിന്ന് വാങ്ങിച്ച ചെക്കിലെ തുക പലിശയും ചേർത്ത് പ്രാബല്യത്തിൽ ഒരു കാശ് പോലും ഇല്ലാത്ത അക്കൌണ്ടിലേക്ക് ട്രഷറി അടയ്ക്കുന്നത്.

അതെ, നമ്മൾ അടയ്ക്കുന്ന കരത്തിന്റെ കൂടുതൽ പങ്കും സ്‌കൂളുകൾക്കോ, ആശുപത്രികൾക്കോ, പുതിയ റോഡ് പണിയാനോ ഒന്നുമല്ല പിന്നെയോ സെൻട്രൽ ബാങ്കിൽ കടപത്രം വാങ്ങിച്ചു പകരമായ കൊടുക്കുന്ന മുതലും പലിശയും അടച്ചു തീർക്കാൻ വേണ്ടിയാണ്. അതെ ഈ സെൻട്രൽ ബാങ്ക് ഇവിടെ നടത്തുന്നത് ഒരു തട്ടിപ്പാണ്. ഇനി മറ്റൊരു കാര്യം കൂടി പറയാം അമേരിക്കയിൽ ഫെഡറൽ റിസർവ് രൂപീകരിക്കുന്നതിന് മുൻപ് അതായത് 1913 മുൻപ് അമേരിക്കയിൽ പേർസണൽ ഇൻകം ടാക്‌സ് നിലവിൽ ഇല്ലായിരുന്നു, എന്നാൽ ഫെഡ് രൂപീകരിച്ച അതേ വർഷത്തിൽ ഭരണ ഘടന മുഖേന സർക്കാർ ഇൻകം ടാക്‌സും തുടങ്ങി, ഇത് തികച്ചും യാദൃശ്ചികമല്ല, ഒന്നാലോചിച്ചാൽ മനസ്സിൽ ആകും, ഈ സാമ്പത്തിക സമ്പ്രദായം നിലനിൽക്കണം എങ്കിൽ ഇതേ വഴി ഉള്ളൂ എന്ന് അവർ മനസ്സിലാക്കിയത് കൊണ്ടാണ്.

കടത്തിൽ ഓടുന്ന സാമ്പത്തിക സമ്പ്രദായത്തിൻറെ രഹസ്യം

ബോണ്ടുകൾക്ക് സർക്കാർ ഫെഡിൽ കൊടുക്കുന്ന മുതലിനോട് ഒപ്പം പലിശ ഉണ്ടല്ലോ, അത് പോലെ തന്നെ പോലെ ബാങ്ക് ലോൺ കൊടുക്കുമ്പോൾ ഉണ്ടാവുന്ന പണത്തിനും പലിശ ഉണ്ട്. അതായത് മാർക്കറ്റിൽ ഉള്ള ഓരോ കറൻസിയുടെ പേരിലും ഏതോ വായ്പയുടെ പലിശയുണ്ട്, അതിനർത്ഥം ഈ ലോകത്തു ഇന്ന് നിലവിലുള്ള എല്ലാ കറൻസിക്കും (ഡോളർ, യൂറോ, രൂപ, യുവാൻ...) അതായത് ഫിയറ്റ് കറൻസിക്കും പലിശയുണ്ട് എന്ന് സാരം.

ഇനി ഞാൻ മറ്റൊരു ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ? ഒറ്റയൊരു 1ഡോളർ നോട്ട് മാത്രമേ ഈ ഭൂമിയിൽ നിലവിൽ ഉള്ളു എന്ന് സങ്കൽപ്പിക്കുക, എന്നിട്ട് താങ്കൾ ആ 1ഡോളർ നോട്ട് വാങ്ങിച്ചിട്ട് പലിശയായി 1ഡോളർ അടയ്ക്കാം എന്ന സമ്മതിക്കുന്നു, പക്ഷേ ആകെ ഈ ഒരു ഒറ്റ 1ഡോളർ നോട്ട് മാത്രമേ ഈ ലോകത്ത് നിലവിൽ ഉള്ളെങ്കിൽ, പലിശയായി അടയ്ക്കാനുള്ള 1ഡോളർ എങ്ങനെ അടയ്ക്കും? അതിനൊരു ഉത്തരമേ ഉള്ളൂ, വീണ്ടും പോയി 1ഡോളർ വാങ്ങിക്കുക എന്ന്, പക്ഷേ ഇപ്പോൾ നിലവിൽ 2ഡോളറും പലിശയും ചേർത്ത് അടക്കേണ്ടത് തുക 4ഡോളർ ആയി. ഇനി ഈ 2ഡോളറിന് എവിടെ പോകും? ഇതാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം, എത്രത്തോളം കറൻസി നിലവിൽ ഉണ്ടോ ആ ഓരോ കറൻസിക്കും കട ബാധ്യതയായും ഒരു കറൻസി കാണും, പക്ഷേ എത്ര കറൻസി കൊണ്ട് അടച്ചാലും തീരാത്ത അത്ര കടം ഇന്ന് ഈ ലോകത്തിൽ പ്രാബല്യത്തിലുണ്ട്, ഒരു മാർക്കറ്റിൽ എപ്പോഴും കടം അടച്ചുതീർക്കാൻ കഴിയാത്തത്ര കറൻസികൾ മാത്രമേ പ്രാബല്യത്തിൽ നില നിൽക്കുകയുള്ളൂ അല്ലെങ്കിൽ അവർ നിർമ്മിക്കുക ഉള്ളൂ, എങ്കിൽ മാത്രമേ ഈ സാമ്പത്തിക സമ്പ്രദായം നിലനിൽക്കൂ. ചുരുക്കത്തിൽ പറഞ്ഞാൽ, കടം= പണം.

ഇന്ന് കടമാണ് പണം.

ഇതാണ്, ഇന്നത്തെ സാമ്പത്തിക സമ്പ്രദായം, ഈ കട ബാധ്യത ഒരിക്കലും അടച്ചു തീരില്ല, കാരണം നമ്മൾ ഓരോ മണിക്കൂറും, ഓരോ ദിവസവും, ഓരോ മാസവും അടയ്ക്കുന്ന ഓരോ തുകയിലും പലിശയുണ്ട്, അതായത് ഇന്ന് നിലവിലുള്ള ഓരോ നോട്ടിനും പലിശയുണ്ട്, ആ പലിശ താങ്കളുടെ അല്ലായിരിക്കാം പക്ഷേ തീർച്ചയായും മറ്റൊരാളുടെ ആയിരിക്കും എന്ന് മാത്രം.

ഇനി ഇപ്പോൾ നമ്മൾ പണം വാങ്ങാതെ ഇരുന്നാൽ, ഇപ്പോൾ നിലവിൽ ഉള്ള കറൻസികൾക്കുള്ള പലിശ അടച്ചു തീർക്കാനായി ഉള്ള പുതിയ കറൻസികൾ ഉണ്ടാവുകയില്ല, അപ്പോൾ നമുക്ക് മറ്റ് വഴിയോന്നുമില്ലാതെ വീണ്ടും പോയി വായ്പ ചോദിക്കേണ്ട വരും. അതെ, ഈ പ്രവർത്തനം ഒരിക്കലെങ്കിലും നിന്ന് പോകുകയില്ല, നമുക്ക് പുതിയ കറൻസി വാങ്ങിക്കാതെ വേറെ വഴിയൊന്നുമില്ല, അതാണ് സ്ഥിതി.

ഇനി മറ്റൊരു കാര്യം കൂടി ഉണ്ട്, ഇപ്പോൾ നിങ്ങൾ വായ്പയായി എടുത്ത തുക മുതലും പലിശയും ചേർത്ത് തിരിച്ചടയ്ക്കുമ്പോൾ, ആ കടം ഇല്ലാതാകും, പക്ഷേ കടം ഇല്ലാതാവുമ്പോൾ ആ കറൻസിയും ഇല്ലാതാകും, കാരണം കടവും കറൻസിയും ഒന്നിച്ച് ഉണ്ടാകൂ ഒന്നിച്ച് നശിക്കുകയും ഉള്ളൂ. അങ്ങനെ ആകുമ്പോൾ ഈ ലോകത്തുള്ള എല്ലാ വായ്പയ്ക്കും നമ്മുടെ മുതൽ മാത്രമേ അടയ്ക്കുന്നു ഉള്ളെങ്കിൽ നമ്മുടെ സാമ്പത്തിക സമ്പ്രദായം തന്നെ ആ നിമിഷം തകർന്ന് വീഴും. അതുകൊണ്ട് നമ്മൾ കൂടുതൽ കൂടുതൽ കടത്തിലേക്ക് പോയില്ലെങ്കിൽ ഈ സമ്പ്രദായത്തിൽ നില നിൽക്കില്ല, അതിനാണ് ഈ സാമ്പത്തിക വിദഗ്ദ്ധർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. !

ഉപസംഹാരം

ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തിൻറെ അറിയപ്പെടാത്ത മറ്റൊരു മുഖം വെളിച്ചത്തിലേക്ക് കൊണ്ടുവരാനാണ് ഈ ലേഖനത്തിലൂടെ ശ്രമിച്ചത്. നമുക്കെല്ലാം ഉള്ള ഒരു പൊതു സ്വഭാവമുണ്ട്, ആവശ്യകത വേണ്ട വിഷയങ്ങളെ കുറിച്ച് ഉള്ള അജ്ഞത, ഇനി എപ്പോഴെങ്കിലും മനസ്സിലാക്കാനുള്ള ഒരു അവസരം കിട്ടുമ്പോളോ, വേണ്ട പ്രാധാന്യം കൊടുക്കുകയുമില്ല. ഇങ്ങനെ ഒന്നിൽ പെടുന്ന ഒരു വിഷയം തന്നെയാണ് ഈ പണവും, പണം, അതിൻറെ സമ്പ്രദായവും.

ശക്തമായ വേരുകൾ ഊന്നിയ ഒരു സമ്പ്രദായമാണ് ഇന്നത്തെ ഈ സാമ്പത്തിക സമ്പ്രദായം, ഞാനോ താങ്കളോ വിചാരിച്ചാൽ ലോകത്തിൻറെ മണ്ണുകളിൽ എല്ലാം ഊന്നിയ ഈ ശക്തമായ വേരുകൾ പിരുതെടുക്കാൻ ആവുകയില്ലായ്യിരിക്കും.

നമ്മൾ ദിനവും ഉപയോഗിക്കുന്ന പണത്തെ കുറിച്ച് പ്രധാനമായും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. പണം എന്നതും അരി, പഞ്ചസാര എന്നൊക്കെ പറയും പോലെ ഒരു ഉൽപന്നമായി കണക്കാക്കിയാൽ മതി. ഓരോരോ വാണിജ്യ മാറ്റത്തിന് അനുസരിച്ച് അരിക്കും പച്ചക്കറിക്കും വില കൂടുകയും കുറയുകയും ചെയ്യും പോലെ കുറച്ച് പേരുടെ നേട്ടത്തിനായി പണത്തിൻറെ മൂല്യവും കൂടുകയും കുറയുകയും ചെയ്യും. ഇനി അരി ചോറാക്കി കഴിക്കുമ്പോളും, അധികം വരുന്ന ചോറു കളയുന്നതിന് വീട്ടുകാരോടോ സുഹൃത്തിനോടോ താങ്കൾ വഴക്ക് പറയുമെങ്കിൽ, ആഹാരത്തിന്റെ യഥാർത്ഥ വില അറിയാവുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഒരു വായ് ചോറിന് വേണ്ടി നില വിളിക്കുന്ന അനേക പേരുണ്ട് എന്ന് തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്. പണത്തിൻറെ കാര്യത്തിലും. അങ്ങനെ തന്നെ ചെയ്യുക. കറൻസി ഒരു ഉൽപന്നം ആണെന്ന തിരിച്ചറിവ് എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.

പണം സമ്പാദിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല, പക്ഷേ പണി എടുത്ത് നല്ല പോലെ അദ്ധ്വാനിച്ച് മാത്രം സമ്പാദിക്കുക, മറിച്ച് വായ്പ തുകയിൽ നിന്ന് വീടിനോ, വാഹനത്തിനോ വേണ്ടി ചെലവാക്കി, അവസാനം അത് അടച്ചുതീർക്കാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു പണത്തിന് അടിമയായി ജീവിക്കുന്നത് മാത്രം ഒഴിവാക്കുക.

'കൂടുതൽ കാശ് കൊടുത്ത് പഠിച്ചാൽ മാത്രമേ കൂടുതൽ പണമുള്ള ജോലി കിട്ടൂ'
'കൂടുതൽ പണം മുടക്കി കച്ചവടം ചെയ്താലേ കൂടുതൽ ലാഭം കിട്ടൂ'
'ഈ ജീവിത കാലം മുഴുവൻ സമ്പാദിച്ചാലും ഈ ചെറിയ കള്ളത്തരം ചെയ്തു കിട്ടുന്ന പണത്തിൻറെ അത്രയും കിട്ടുമോ?'
'മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ പണം കിട്ടുന്നത് ടൈയും കെട്ടി കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നതിന്നാണ്' !
'എത്ര കാശ് മുടക്കിയാലും വേണ്ടൂല്ല എനിക്ക് സാധനം ഇന്ന് തന്നെ കിട്ടണം'
'അത് പിന്നെ അങ്ങനെ അല്ലേ! കാശ് കൊടുത്താൽ കിട്ടാത്ത സാധനം ഉണ്ടോ ഈ ലോകത്ത്'

ഇങ്ങനെ പണത്തിന്റെ പുറകെ പോകാൻ നിറയേ പ്രേരണകൾ കൊണ്ട് ഫലപുഷ്ടിതമാണ് നമ്മുടെ സമൂഹത്തിലെ ജീവിതം. സത്യത്തിൽ പണത്തിനോടുള്ള അത്യാർത്തിയാണ് തന്നെയല്ലേ മനുഷ്യനെ മനുഷ്യൻ അല്ലാതാക്കി തീർക്കുന്നത്? നമ്മുടെ മനസ്സുകളിൽ എല്ലാം ഈ ദുഷിച്ച സാമ്പത്തിക സമ്പ്രദായം നിലനിർത്താനുള്ള വിത്തുകൾക്കുള്ള പ്രേരണകളും ഇത് തന്നെയല്ലേ ? അതിനാൽ തന്നെയല്ലേ ഈ സമ്പ്രദായത്തിൻറെ നിയന്ത്രണക്കാർ എപ്പോഴും വിജയിക്കുന്നതും ? ഓടിക്കുക, എക്കാലവും പണത്തിന്റെ പുറകേ സാധാരണക്കാരെ ഓടിപ്പിക്കുക, അവർ അത് കണ്ടിരുന്നു മതിമറന്ന് ആസ്വദിക്കട്ടെ, അല്ലേ ? അവസാനമായി ഈ കാര്യം കൂടി ഓർക്കുക

'ഇപ്പോൾ നിങ്ങളുടെ കയ്യിൽ ദൈനംദിന കുടുംബ ചെലവും കഴിഞ്ഞ് കുറച്ച് പണം മിച്ചം വെയ്ക്കാൻ കഴിയുന്നുവെങ്കിൽ!, അത് നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ കഴിവോ, അധ്വാനമോ, ബുദ്ധിയോ കൂടുതൽ ലഭിച്ചതിനാൽ അല്ല, പിന്നെയോ ഈ സമ്പ്രദായത്തിൻറെ ഈ ഘട്ടത്തിൽ താങ്കൾക്ക് പകരം മറ്റൊരാൾ ലോകത്തെവിടയോ താങ്കൾക്ക് വേണ്ടി ബലിയാട് ആയി തീർന്നതിനാൽ മാത്രമാണ് ആണ്. '

ഒന്നാം ഭാഗം: പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു?

Read More >>