മലയാളികളുടെ ആയൂർദൈർഘ്യത്തിന് പിന്നിലെ വസ്തുതകൾ

1960 കളിൽ ശരാശരി ആയുർദൈർഘ്യം 41 വയസ് .ഇന്നത് 68 ആയതിനു പിന്നിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകൾ ചില്ലറയല്ല. മലയാളിയുടെ ആയൂർദൈർഘ്യത്തിന് പിന്നിലെ വസ്തുത എന്താണ്- നെൽസൺ ജോസഫ് എഴുതുന്നു

മലയാളികളുടെ ആയൂർദൈർഘ്യത്തിന് പിന്നിലെ വസ്തുതകൾ

നെൽസൺ ജോസഫ്

പണ്ട് ഇന്ത്യയെന്ന് പറഞ്ഞാൽ ചുമ്മാ തപശക്തികൊണ്ട് മാത്രം തൊള്ളായിരം വർഷം വരെ ജീവിച്ചിരുന്ന മുനിമാരും ജീവിച്ച് മടുക്കുമ്പൊ വല്ല നദിയിലേക്കോ കുളത്തിലേക്കോ ഇറങ്ങിപ്പോയി ജീവത്യാഗം (അന്നൊക്കെ ആത്മഹത്യയ്ക്ക് സ്റ്റാൻഡാർഡ് തോന്നിക്കാൻ പറഞ്ഞോണ്ടിരുന്ന പേരാ) ചെയ്യുമായിരുന്നതുകൊണ്ട് മാത്രം മരിച്ചുകൊണ്ടിരുന്ന ജനങ്ങളും നിറഞ്ഞ , സമ്പൽ സമൃദ്ധിയും സന്തോഷവും മാത്രമുള്ള നാടായിരുന്നത്രേ.

പത്തോ അറുപതോ വർഷം മുൻപ് മാത്രം നിലവിൽ വന്ന അലോപ്പതി (അലോപ്പതി അല്ല ചേട്ടന്മാരേ, ഇറ്റ് ഈസ് മോഡേൺ മെഡിസിൻ) എവിടെ , സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആയുർവേദം എവിടെ.നമ്മുടെ അമ്മമാർ വീട്ടിലൊക്കെ ഇരുന്ന് സുഖപ്രസവം അങ്ങനെ നടത്തുമായിരുന്നത്രേ. കാൻസറാണെങ്കിൽ കണികാണാൻ പോലുമില്ലായിരുന്നു. ഡോക്ടർമാരും കെമിക്കലുകളും മരുന്നുകളും കൂടെ 120 കൊല്ലം വരെ ജീവിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരെ പെട്ടിയിലാക്കി കുഴിയിലേക്ക് തള്ളിവിടുന്നുവെന്ന് മന്ത്രിപോലും അവകാശപ്പെടുന്നു. രോഗം വന്നാൽ ചികിൽസിക്കുന്നതാണ് തെറ്റെന്ന് വരെ തോന്നിപ്പോകും വാദം കേട്ടാൽ. മാവേലിനാട്ടിലേക്ക് ഒന്ന് കടന്ന് ചെല്ലാൻ ശ്രമിക്കുകയാണിവിടെ.


ഓരോന്നായിട്ടെടുക്കാം

(1) ജനനം - മരണം - ആയുസ്സ്

മഹർഷിമാരുടെയും മനുഷ്യൻ 'കെമിക്കൽ' ഒന്നും കണ്ടുപിടിക്കാതിരുന്ന ശിലായുഗത്തിനു മുൻപത്തെ കാലത്തെയും സെൻസസ് ഡാറ്റ ഒന്നും കിട്ടാനില്ലാത്തതുകൊണ്ട് ( അന്ന് ഡാറ്റ എഴുതാൻ കാട്ടിൽ പോയവനെ പുലി പിടിച്ച് തിന്നത്രേ )കിട്ടാവുന്നതിൽ വച്ച് ഏറ്റവും പഴയ ഡാറ്റയിലേക്ക്. 1891ലെ മദ്രാസ് സെൻസസ് (ബ്രിട്ടീഷുകാർ നടത്തിയതാണ്) മദ്രാസ് പട്ടണമല്ല. മദ്രാസ് പ്രവിശ്യയാണേ.

'In Madras about 28 percent of the children born, die before the completion of the first year of life, and one half of them are dead before they reach the age of nine in the case of males, and before they are fourteen in the case of females'.

lifeഅതായത് ജനിച്ചതിൽ പകുതി കുട്ടികൾ പതിനഞ്ച് വയസ് തികയ്ക്കാറില്ലെന്ന്. തീർന്നില്ല, നൂറിൽ 20 പേർ വിധവകളായിരുന്നെന്നും സെൻസസ് പറയുന്നു.ചില വിഭാഗങ്ങളിൽ ഇത് 33% വരെ എത്തിയിരുന്നത്രേ.(സതി നിർത്തിക്കഴിഞ്ഞുള്ള കണക്കാന്നേ) അന്ന് വർദ്ധിച്ച തോതിൽ നിലനിന്നുപോന്നിരുന്ന ഇൻഫെക്ഷനുകൾ (വസൂരി,കോളറ,ന്യൂമോണിയ,ടി.ബി പോലെ), പ്രസവത്തോടനുബന്ധിച്ച മരണങ്ങൾ, പോഷകാഹാരക്കുറവ് തുടങ്ങിയവയായിരുന്നു പ്രധാന കാരണങ്ങൾ. ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങൾ വിധവകളുടെ എണ്ണവും കൂട്ടി.

നൂറ് വയസ് വരെ ജീവിച്ച മുത്തശ്ശന്റെ കഥ പറയുന്നവർ മുത്തശ്ശന്റെ കൂടപ്പിറപ്പുകളായിരുന്ന ബാക്കി ഒൻപത് പേർക്ക് എന്തുപറ്റിയെന്നുകൂടെ ചോദിക്കണം. അപ്പോൾ കേൾക്കാം പ്രസവത്തിൽ മരിച്ചുപോയതും പട്ടിണി കിടന്ന് മരിച്ചതുമൊക്കെ.ആദിവാസികൾക്കും ഗോത്രവർഗക്കാർക്കും ആയുസ് കൂടുതലാണെന്ന് വാദിക്കുന്നവർ ഏറ്റവും കൂടുതൽ ശിശുമരണങ്ങളും പട്ടിണിമരണങ്ങളും അവർക്കിടയിലാണെന്നത് സൗകര്യപൂർവം മറച്ചുവയ്ക്കുന്നു.

ഈ മാവേലി നാടിനെ അച്ചുകുത്തും അപ്പോത്തിക്കിരികളും കൂടി നശിപ്പിച്ചതിൽ നാം അതീവദുഖിതരാകേണ്ടതല്ലേ? ദേവിയുടെ കോപമായിരുന്ന വസൂരിയെ വാക്‌സിൻ വച്ച് കൊന്നതുതന്നെ മഹാപാപം. 1960 കളിൽ ശരാശരി ആയുർദൈർഘ്യം 41 വയസ് .ഇന്നത് 68 ആയതിനു പിന്നിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകൾ ചില്ലറയല്ല.

കേരളത്തിലെ ശരാശരി ആയുസ്സ് ഇന്ന് 74 ആണ്. കേരള മോഡലെന്ന് പേരുകേട്ട ആരോഗ്യമാതൃകയുടെ ഗുണഫലം. ശരാശരികളിൽ വിശ്വാസമില്ലെന്ന് ആരോ പറയുകയുണ്ടായി. അവർക്ക് വേണ്ടി ഒരു ചെറിയ കണക്ക്. നൂറ് വയസ് വരെ നിങ്ങൾ പറഞ്ഞതുപോലെ ആളുകൾ ജീവിച്ചിരുന്നെങ്കിൽ പണ്ടത്തെ ശരാശരി ആയുസ് 100 ആയേനെ.എന്തുകൊണ്ട് ശരാശരി അന്ന് നാൽപ്പതിനടുത്ത് എത്തി എന്നാണു വിശദീകരിക്കുന്നത്.

പത്ത് കുട്ടികൾ ജനിച്ചെന്നിരിക്കട്ടെ. (മദ്രാസ് സെൻസസിന്റെ കണക്കാണ് അടിസ്ഥാനമായി എടുക്കുന്നത്) ഒരാൾ നൂറ് വയസ് വരെ ജീവിച്ചു. മൂന്ന് പേർ 1 വയസ് തികച്ചില്ല (28%). പിന്നെയും രണ്ട് പേർ 15 വയസ് വരെയും.(50% 15 വയസിനു മുൻപ്).(മറ്റുള്ളവർ 50-70 വരെയെന്നും എടുക്കുന്നു). അപ്പോൾ ശരാശരി (100+3+30+240 = 373/10) 37.3 - അതായത് നാൽപ്പതോടടുത്തെന്ന് കാണാം..ഇന്ന് ഒരു വയസിനു താഴെയുള്ള ശിശുമരണങ്ങൾ വൻ തോതിൽ കുറഞ്ഞു. ശരാശരി പ്രായം ഉയർന്നു. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്ന് മാത്രം

(2) സുഖപ്രസവം- സിസേറിയൻ

നമ്മുടെയൊക്കെ വീട്ടിലെ പഴമക്കാരോട് ചോദിച്ചാൽ കേൾക്കാം, ഇപ്പോൾ ജീവിച്ചിരിക്കുന്ന കുട്ടികളെ കൂടാതെ പ്രസവത്തോടെയോ ഒരു വയസിനു മുൻപോ മരിച്ചുപോയ ഒന്നിലധികം കുട്ടികളുടെ കഥ. വയസിന്റെ മരണനിരക്ക് മദ്രാസ് സെൻസസിൽ 100 കുട്ടികൾക്ക് 28 ആണ്. ഇന്ന് ഒന്നോ രണ്ടോ കുട്ടികൾ ഉള്ള കാലത്ത് അങ്ങനെ ശിശുമരണങ്ങളും മാതൃമരണങ്ങളും ഏറിയാൽ എന്തുണ്ടാവും? ചിന്തിക്കൂ ഉപഭോക്താവേ ചിന്തിക്കൂ.

ലോകബാങ്കിന്റെ കണക്കനുസരിച്ച് 1981-85 കാലയളവിൽ ശിശുമരണനിരക്ക് (ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്) 111 ആയിരുന്നു. 2015ൽ അത് 38 ആയി കുറഞ്ഞു (http://data.worldbank.org/indicator...) കേരളത്തിൽ 2012 ലെ കണക്ക് വച്ച് അത് 12 ആണ് (http://nrhm.gov.in/nrhm-in-state/st...).മാതൃമരണനിരക്കിലും സമാനമായ കുറവുണ്ട്. 1990 കാലയളവിൽ 556 ആയിരുന്നത് ഇപ്പോൾ 174ൽ എത്തിനിൽക്കുന്നു.(http://data.worldbank.org/indicator...) കേരളത്തിൽ ഇത് 66 ആണ്. ലോകത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്നതരത്തിൽ കേരളത്തെ വളർത്തുകയും ഇന്ത്യയിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷിതരാക്കുകയും ചെയ്തത് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും അതിന്റെ പ്രവർത്തകരുടെയും ഫലം കൂടെയാണ്. രോഗം കുറഞ്ഞപ്പോൾ വിദ്യാഭ്യാസത്തിലും ജീവിത സാഹചര്യത്തിലും വന്ന മുന്നേറ്റം ഇതിന്റെ വേഗത കൂട്ടി.മറിച്ച് അഭിപ്രായമുള്ളവർ കാര്യവും കാരണവും പറഞ്ഞ് സമർഥിക്കട്ടെ

(3) കാൻസർ

പണ്ട് കാൻസർ ഇല്ലേയില്ല എന്നും ഇന്ന് കാൻസർ ഉണ്ടാവാൻ തന്നെ കാരണം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നു വരവും കീടനാശിനികളുടെ ഉപയോഗവും മാത്രമാണെന്നും ചില പ്രചാരണങ്ങൾ നടത്തപ്പെടുന്നുണ്ട്.കാൻസർ രോഗം ഉണ്ടാകുന്നത് ഒന്നോ രണ്ടോ കാരണങ്ങൾ കൊണ്ട് മാത്രമല്ല.കാരണമായി. ജനിതകപരമായ കാരണങ്ങൾ തുടങ്ങി പാരിസ്ഥിതികവുമായ പല ഘടകങ്ങളുണ്ട്

ചരകനെന്നും സുശ്രുതനെന്നും കേൾക്കാത്ത ഇന്ത്യക്കാർ ചുരുക്കമായിരിക്കും. പണ്ട് രോഗങ്ങളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നവരാണ് ചരകനും സുശ്രുതനും. ( അവർ കണ്ടെത്തിയ കാരണങ്ങളെല്ലാം ശരിയാണെന്ന് ഞാൻ പറയില്ല.കാരണം ശാസ്ത്രീയ അടിത്തറ എത്രത്തോളമുണ്ടെന്ന് അറിയാത്തതുകൊണ്ട് തന്നെ.)അവർ കണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് എഴുതിയത് നമുക്ക് വായിക്കാം.. ചരക സംഹിതയിൽ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന മുഴപോലെയുള്ള, അനക്കാൻ സാധിക്കാത്ത,ഉറപ്പുള്ള ചിലപ്പോൾ വേദന ഉണ്ടാക്കുന്ന ഒരു വളർച്ചയെപ്പറ്റി പറയുന്നുണ്ട്. ( a large vegetation of flesh appears at any part of the body which becomes rounded, immovable, slightly painful and has its root considerably deep in the flesh ) അർബുദം എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.

ഇനി 100 വയസ് വരെ ജീവിച്ചിരുന്ന മുത്തശ്ശൻ ഫാൻസിനു വേണ്ടി. മേൽപ്പറഞ്ഞ മുത്തശ്ശനോട് ചോദിച്ചാൽ അവരുടെ ചെറുപ്പകാലത്ത് മുറുക്കാൻ ചവച്ചുകൊണ്ടിരുന്ന ചില മുത്തശ്ശന്മാർക്കും മുത്തശ്ശികൾക്കും വരാറുണ്ടായിരുന്ന ഒരു അസുഖത്തെപ്പറ്റി പറഞ്ഞുതരും - വായ്പ്പുണ്ണ്. കാൻസർ ഈ നൂറ്റാണ്ടിൽ ആദ്യമായിട്ട് കടന്നുവന്ന ഒന്നല്ലെന്ന് സൂചിപ്പിച്ചെന്നേയുള്ളു.

SMOKING CAUSES CANCER

മെച്ചപ്പെട്ട രോഗനിർണയസംവിധാനങ്ങളും ചികിൽസാരീതികളും കാൻസറിന്റെ നിർണയം വേഗത്തിലാക്കുന്നു. കൂടുതൽ രോഗികളെ വളരെ നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കുന്നു.ചികിൽസിക്കാനും സുഖപ്പെടുത്താനും സാധിക്കുന്നു. അതിനർഥം രോഗം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടതാണെന്ന് ആകണമെന്നില്ല. ആധുനിക വൈദ്യശാസ്ത്രത്തെ പഴി ചാരുന്നവർ ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള കാൻസറുകളിൽ ഒന്ന് വായിലെയും ശ്വാസകോശത്തിലെയും കാൻസറാണെന്ന് സൗകര്യപൂർവം മറക്കുന്നു.പുകവലി നമുക്ക് വേണ്ടെന്ന് വയ്ക്കാൻ പറ്റുന്നതല്ലല്ലോ

(4) വാക്‌സിൻ

വാക്‌സിനെക്കുറിച്ച് പറയാൻ ഒരുപാട് ഉദാഹരണങ്ങളൊന്നും വേണ്ട. വസൂരിയെന്നും പേവിഷമെന്നും മാത്രം പറഞ്ഞാൽ മതി.പിന്നെ കാലിലൊരു മുറിവുണ്ടായാൽ ഉടനെ എടുക്കാൻ ആശുപത്രിയിലേക്ക് ഓടുന്ന TT.

ഇപ്പോൾ ചിക്കൻ പോക്‌സ് വരുന്നെന്ന് കേട്ടാൽ ആരും പേടിക്കില്ല. പക്ഷേ പണ്ട് ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഒരു പനി വന്നാൽ , ദേഹത്ത് ഒരു കുമിളയുണ്ടായാൽ മനസ് നടുങ്ങിയിരുന്നു. ദേവിയുടെ ശാപം , ദേവി വിത്തെറിഞ്ഞത്, വസൂരി അങ്ങനെ പല രീതിയിൽ അറിയപ്പെട്ടിരുന്ന സ്‌മോൾ പോക്‌സ് ആയിരുന്നു അന്നത്തെ സാധാരണക്കാരന്റെ പേടിസ്വപ്നം. വന്നാൽ ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടാം . അന്നും വർഷങ്ങൾ പഴക്കമുള്ള ആയുർവേദം ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. വസൂരി വന്ന് രക്ഷപെട്ടവർ ചുരുക്കമായിത്തന്നെ തുടർന്നു. രക്ഷപെട്ടവർക്ക് ആജീവനാന്തം നീളുന്ന വൈരൂപ്യങ്ങളും.

ഗോവസൂരി കൊണ്ട് വസൂരിയെ കീഴ്‌പ്പെടുത്താൻ സഹായിച്ച ജന്നറിന്റെ വാക്‌സിൻ വന്ന ശേഷം അച്ചുകുത്തെന്ന പേരിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം വാക്‌സിനേഷനുകൾ നൽകുകയുണ്ടായി. അന്ന് അവരുടെ തോളിൽ അച്ചുകുത്തിയതുകൊണ്ടാണ് ഇന്ന് പലരും വാക്‌സിനെ തള്ളിപ്പറയാൻ ജീവനോടെയുണ്ടായത്. അന്നത്തെ അച്ചുകുത്തിന്റെ രീതിയും വേദനയും പാർശ്വഫലവും അറിയാവുന്നവർ ഇന്നത്തെ ഇഞ്ചക്ഷനെ ഭർത്സിക്കില്ല.അന്നാരും നിർബന്ധിത വാക്‌സിനേഷനെ എതിർത്തില്ല. എന്തിനാ? ജീവൻ വേണമായിരുന്നതുകൊണ്ട്

(5) പകർച്ചവ്യാധികൾ

1854ൽ ലണ്ടനിൽ ബ്രോഡ് സ്ട്രീറ്റിൽ പൊട്ടിപ്പുറപ്പെട്ട കോളറ പകർച്ചവ്യാധിയെക്കുറിച്ച് പഠിച്ച ജോൺ സ്‌നോ എന്ന ഫിസിഷ്യൻ ഒടുവിൽ അതിന്റെ ഉറവിടം ബ്രോഡ് സ്ട്രീറ്റിലെ ഒരു ഹാൻഡ് പമ്പിലേക്ക് ട്രേസ് ചെയ്തു. ലണ്ടൻ ഗവണ്മെന്റ് വിസർജ്യങ്ങൾ തെംസ് നദിയിലേക്ക് ഒഴുക്കി നിർമാർജനം ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമായി തുടർന്ന് മറ്റൊരു കോളറ പകർച്ചവ്യധിയുമുണ്ടായി. ലണ്ടന്റെ കാര്യം ഇതായിരുന്നെങ്കിൽ സ്വതവേ പട്ടിണികൊണ്ട് ദുർബലരാക്കപ്പെട്ടിരുന്ന അന്നത്തെ ഇന്ത്യയിലെ കഥ പറയാനുണ്ടോ?
വെറും പത്ത് ദിവസം കൊണ്ട് 500 ബ്രോഡ് സ്ട്രീറ്റ് നിവാസികളെ ഇല്ലാതാക്കാൻ ഒരു കോളറയ്ക്ക് കഴിഞ്ഞു.

[caption id="attachment_27241" align="aligncenter" width="638"]THE-BROAD-STREET-PUMP THE-BROAD-STREET-PUMP[/caption]

THE BROAD STREET PUMP

ഈ ബ്രോഡ് സ്ട്രീറ്റ് പമ്പ് സംഭവമാണ് പബ്ലിക് ഹെൽത്തിനെക്കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്.നമ്മൾ അതുപോലെയുള്ള പകർച്ചവ്യാധികൾ - ടൈഫോയ്ഡും കോളറയുമൊന്നും - നേരിട്ട് കണ്ടിട്ടില്ലാത്തതുകൊണ്ട് മാത്രമാണ് ഇപ്പൊഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കാതെ ജീവനുള്ള വെള്ളം കുടിക്കാൻ പറഞ്ഞുനടക്കുന്ന പമ്പരവിഡ്ഢികളെ കുറ്റിച്ചൂലിനടിച്ച് പുറത്താക്കാതെ കേട്ട് നിൽക്കുന്നതും

CONCLUSION

ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നെന്ന് അഭിമാനിക്കുന്ന ഒരു ജനവിഭാഗത്തിന്റെ മുഖത്തേൽക്കുന്ന അടികളാണ് ഒഴിവാക്കാവുന്ന ഓരോ മരണങ്ങളും. ബാക്ടീരിയ ഇല്ലെന്നും മരുന്ന് വിഷമാണെന്നും പ്രചരിപ്പിച്ച് സ്വന്തം ബിസിനസ് കൊഴുപ്പിക്കുന്ന വ്യാജന്മാരെ വിശ്വസിക്കുമ്പൊ നഷ്ടമാകുന്നത് കേരള മോഡൽ എന്ന് അഭിമാനിച്ചിരുന്ന ആ പഴയ ആരോഗ്യമേഖലയെയാണ്. ഒരിക്കൽ പട്ടിണിയും പകർച്ചവ്യാധിയും നാമാവശേഷമാക്കിയ കേരളം യഥാർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടാകാൻ കാരണം പ്രൈമറി ഹെൽത്ത് സെന്ററുകളും പ്രൈമറി വിദ്യാഭ്യാസവും പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ കിട്ടിയതുകൊണ്ടാണെന്ന് മറക്കരുത്

ഒഴിവാക്കാമായിരുന്ന മരണങ്ങൾ കൊലപാതകത്തിനു തുല്യമാണ്

Story by