രണ്ടും കണക്കുതന്നെ

മന്ത്രിസഭയിലെ കരുത്തനായ നേതാവ് കാണിക്കേണ്ട ശ്രദ്ധ ഈ വിഷയത്തിൽ ഇ പി ജയരാജൻ കാണിച്ചിട്ടില്ല. മുഴുവൻ സമയ ജോലിയാണ് സ്പോർട്സ് കൗൺസിൽ മേധാവിയുടേത്. അതിനെ വിസിറ്റിങ്ങ് ജോലിയാക്കിയത് അഞ്ജു ബോബി ജോർജ് കാണിച്ച അതിസാമാർത്ഥ്യം. ഇതിൽ ആരാണ് അതിബുദ്ധിമാൻ. അഴിമതികൾ മറച്ചുവെയ്ക്കാൻ അഞ്ജു ബേബി ജോർജിനെ മേധാവിയാക്കിയ മുൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണോ ആ അതിബുദ്ധിമാൻ- ശ്യാംലാൽ എഴുതുന്നു

രണ്ടും കണക്കുതന്നെ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിഎസ് ശ്യാംലാല്‍ എഴുതുന്നു

പിണറായി വിജയൻ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജൻ. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമൻ. പക്ഷേ, അദ്ദേഹത്തെ പ്രസിദ്ധനാക്കിയത് -അതോ കുപ്രസിദ്ധനോ -കായിക വകുപ്പാണ്. ജയരാജനെന്ന കായിക മന്ത്രിയെ ഇന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാം, അത്ര നല്ലതല്ലാത്ത കാരണങ്ങളുടെ പേരിൽത്തന്നെ.

ഇ.പി.ജയരാജൻ കണ്ണൂരിലെ മാടമ്പിയല്ല. സംസ്ഥാനത്തെ മന്ത്രിയാണ്. അതനുസരിച്ചുള്ള മാന്യത അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പ്രതീക്ഷിക്കുന്നു. സി.പി.എമ്മിന്റെ മുതിർന്ന നേതാവാണ് ജയരാജൻ -കേന്ദ്ര സമിതി അംഗം. പക്ഷേ, അദ്ദേഹം ഭരണത്തിൽ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ പാളിച്ചകൾ പ്രകടനത്തിൽ കാണാം. പാളിച്ചകൾ ഉണ്ടാവുന്നത് തുടക്കത്തിൽ ഒഴിവാക്കാനാവില്ല, കുറ്റവുമല്ല. പക്ഷേ, പാളിച്ചകളിൽ നിന്നു പാഠം പഠിക്കാനും അത് ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.


ലോകപ്രശസ്ത ബോക്സിങ് താരം മുഹമ്മദലി മരിച്ച വേളയിൽ മനോരമ ന്യൂസിന് നൽകിയ ലൈവ് പ്രതികരണത്തിൽ ജയരാജൻ വിളമ്പിയ വിഡ്ഡിത്തം വരുത്തിയ ക്ഷീണം മാറിയിട്ടില്ല. അപ്പോഴാണ് മുൻ രാജ്യാന്തര കായികതാരവും രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്ന ജേത്രിയുമായ അഞ്ജു ബോബി ജോർജ്ജുമായി കായിക മന്ത്രി കൊമ്പുകോർത്തത്. ട്രോളുകാർക്ക് ചാകര തന്നെ.

കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണ് അഞ്ജു ബോബി ജോർജ്ജ്. യു.ഡി.എഫാണ് അവരെ നിയമിച്ചത്. എൽ.ഡി.എഫ്. അധികാരത്തിൽ വന്ന സാഹചര്യത്തിൽ അഞ്ജുവിന് സ്ഥാനം നഷ്ടമാവുമെന്നത് അവർക്കു തന്നെ 100 ശതമാനം ഉറപ്പുള്ള കാര്യം. തിരുവനന്തപുരത്തെ ഓഫീസിലെ സാധനങ്ങളൊക്കെ ഒതുക്കി പായ്ക്ക് ചെയ്തു വെയ്ക്കാൻ ബംഗളൂരിവിൽ നിന്നു തന്നെ ഫോണിലൂടെ സഹായികൾക്ക് നിർദ്ദേശം നൽകിയ ശേഷമാണ് അവർ എത്തിയതു തന്നെ. രാജിയെക്കുറിച്ച് ഇപ്പോൾ ചോദിക്കുമ്പോൾ കാത്തിരുന്നു കാണാം എന്നാണ് പ്രതികരണമെങ്കിലും ഒഴിയാൻ തയ്യാറായിട്ടാണ് അവർ വന്നതെന്നു വ്യക്തം.

എന്നാൽ, അഞ്ജു തിരുവനന്തപുരത്തെത്തിയപ്പോൾ നിലപാടിൽ ചെറിയ മാറ്റമുണ്ടായി. തുടരാനുള്ള സാഹചര്യമുണ്ടെങ്കിൽ അതാവാം എന്ന നിലപാടിലേക്ക് അവരെ എത്തിച്ചത് ചില ഉപദേശകർ. അങ്ങനെയാണ് അഞ്ജു കായിക മന്ത്രിയെ കാണാനെത്തിയത്. കൗൺസിൽ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ, എല്ലാം കൈവിട്ടുപോയി. തങ്ങൾ സ്ഥാനമേറ്റെടുത്ത ശേഷം എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നു എന്നൊക്കെ മന്ത്രിയെ ബോദ്ധ്യപ്പെടുത്താനായിരുന്നു സന്ദർശനമെന്ന് അഞ്ജു പറയുന്നു. 'നിങ്ങൾ പഴയ സർക്കാരിന്റെ ആളുകളല്ലേ, അവിടെ മൊത്തം അഴിമതിയാണല്ലോ' എന്നായിരുന്നു ജയരാജന്റെ ഉടൻപ്രതികരണം.

അടച്ചാക്ഷേപിക്കും മുമ്പ് ആരൊക്കെയാണ് സ്പോർട്സ് കൗൺസിൽ എന്നത് ജയരാജൻ പരിഗണിക്കേണ്ടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് അഞ്ജു ബോബി ജോർജ്ജ്. പി.ആർ.ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണ്. രാജ്യത്തിനു വേണ്ടി മെഡൽ വേട്ട നടത്തിയ അത്ലറ്റുകളായ കെ.എം.ബീനാമോൾ, പ്രീജ ശ്രീധരൻ, വോളി താരം ടോം ജോസഫ് എന്നിവരാണ് മറ്റംഗങ്ങൾ. ഇവരെല്ലാം അർജ്ജുന പുരസ്‌കാര ജേതാക്കൾ. ഇവരെയെല്ലാം ഒരു രാഷ്ട്രീയ മുന്നണിയുടെ തൊഴുത്തിൽ കെട്ടിയത് ജയരാജന്റെ വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ. അഞ്ജുവിന്റെ വിലയിരുത്തൽ ഇങ്ങനെ -'സ്പോർട്സിനെക്കുറിച്ച് അല്പമെങ്കിലും കാര്യവിവരമുള്ള ഒരു നേതാവിനെ കായിക മന്ത്രി ആക്കുന്നതായിരിക്കും കേരളത്തിന് നല്ലത്'.

കൗൺസിലിലെ സ്ഥലംമാറ്റങ്ങൾ സംബന്ധിച്ച ചർച്ചയാണ് പ്രസിഡന്റും മന്ത്രിയും ഇടയുന്നതിനു കാരണമായതെന്ന് പരസ്യമായ രഹസ്യം. ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്തേക്ക് മാറ്റം ചോദിച്ച പത്തനംതിട്ട ജില്ലാ സ്പോർട്സ് ഓഫീസറുടെ അപേക്ഷ പരിഗണിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യുന്ന വേളയിൽ കഴിഞ്ഞ 6 മാസത്തിനിടെ കൗൺസിലിൽ നടന്ന സ്ഥലംമാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷികമായ പരിഗണനയിൽ മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാമെങ്കിലും മൊത്തത്തിൽ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് കായികതാരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അഞ്ജു ചൂണ്ടിക്കാട്ടി. പുതിയ സീസണിനു വേണ്ടിയുള്ള തയ്യാറാറെടുപ്പുകൾ മുഴുവൻ അവതാളത്തിലാവും. പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് ഓഫീസർമാരുടെയും പരിശീലകരുടെയും പോസ്റ്റിങ്ങ് നിശ്ചയിച്ചിട്ടുള്ളതെന്നും ഇതിൽ സ്വജനപക്ഷപാതമില്ലെന്നും അഞ്ജു വ്യക്തമാക്കിയെങ്കിലും ജയരാജൻ വഴങ്ങിയില്ല. ഉടക്കായി. അധികാരസ്ഥാനത്തിന്റെ പേരിൽ അല്പം ഉയരത്തിലുള്ള ജയരാജൻ ശബ്ദമുയർത്തി സംസാരിച്ചു. അഞ്ജു നിലവിളി സയറനുമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റടുത്തേക്കോടി. അവർ പറഞ്ഞതു മുഴുവൻ മുഖ്യമന്ത്രി സമചിത്തതയോടെ ക്ഷമാപൂർവ്വം കേട്ടു. പിണറായിക്കു ബുദ്ധിയുണ്ട്. പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അഞ്ജു ചാനൽ മൈക്കുകൾക്കു മുന്നിൽ പറഞ്ഞു. ആദ്യത്തെ ചൂടൊന്നു കുറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ദേ വന്നു -ജയരാജന്റെ നടപടിയിൽ തെറ്റൊന്നുമില്ല!

2015 നവംബർ 27നാണ് അഞ്ജു സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റത്. പത്മിനി സെൽവന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നായിരുന്നു നിയമനം. തന്നെ നിയമിച്ച വാർത്ത ടെലിവിഷനിൽ എഴുതിക്കാണിച്ചപ്പോഴാണ് അറിഞ്ഞതെന്ന് അഞ്ജു പറയുന്നു. ഏതു സാഹചര്യത്തിലാണ് അഞ്ജു വന്നത്? ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ശക്തമായി ഉയരുന്ന കാലം. രാഷ്ട്രീയബന്ധമില്ലാത്ത കായികതാരങ്ങളെ കൗൺസിലിന്റെ തലപ്പത്തിരുത്തി വിമർശനത്തിന്റെ മൂർച്ച കുറയ്ക്കാൻ അന്നത്തെ സ്പോർട്സ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ നീക്കം. ശ്രീജേഷും ബീനയും പ്രീജയുമെല്ലാം അങ്ങനെ വന്നവർ തന്നെ. അഞ്ജുവിനെപ്പോലെ ഒരാളാവുമ്പോൾ എൽ.ഡി.എഫും എതിർക്കില്ല എന്നായിരുന്നു തിരുവഞ്ചൂരിന്റെ കണക്കുകൂട്ടൽ.

കൗൺസിൽ പ്രസിഡന്റ് സ്ഥാനമേൽക്കാൻ അഞ്ജുവിന് ആദ്യം താല്പര്യമുണ്ടായിരുന്നില്ല. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അവർക്ക് തിരുവനന്തപുരത്തേക്ക് പ്രവർത്തന കേന്ദ്രം മാറ്റാൻ സാധിക്കുമായിരുന്നില്ല. അഴിമതി ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാൻ അഞ്ജു എന്ന മറ ആവശ്യമായിരുന്ന തിരുവഞ്ചൂർ അവർ മുന്നോട്ടുവെച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ചു, ബംഗളൂരുവിൽ നിന്നു വന്നു പോകാനുള്ള വിമായാത്രാക്കൂലി നൽകുന്നതടക്കം. അതിന്റെ ഫലമോ? മുഴുവൻ സമയ പ്രവർത്തനം ആവശ്യമുള്ള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നു പോകുന്ന 'വിസിറ്റിങ്' പ്രസിഡന്റായി അഞ്ജു മാറി. ബംഗളൂരുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥയാണ് അവർ. കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന ടോപ്സിന്റെ ചെയർപേഴ്സണായ അഞ്ജു അതിന്റെ ഭാഗമായി ഇപ്പോൾ ഡെപ്യൂട്ടേഷനിലാണ്. കസ്റ്റംസിൽ നിന്നാണ് ശമ്പളമെങ്കിലും അഞ്ജുവിന്റെ പ്രവർത്തനം ടോപ്സിലാണെന്നർത്ഥം. ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ ചുമതലയ്ക്കിടെയാണ് കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും അഞ്ജു 'കഷ്ടപ്പെട്ട്' ചുമക്കുന്നത്.

ടോപ്സും സ്പോർട്സ് കൗൺസിലും ഇപ്പോൾ അഞ്ജുവിന് ഒരു വിഷയമേയല്ല. അതിനെക്കാൾ അവർക്കു താല്പര്യമുള്ള, അങ്ങേയറ്റം ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു സംഗതിയുണ്ട്. ഭർത്താവ് റോബർട്ട് ബോബി ജോർജ്ജിനൊപ്പം ബംഗളൂരുവിൽ ആരംഭിച്ച അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷൻ. ഇപ്പോളത് അക്കാദമിയായി മാറി. ഒളിമ്പ്യൻ പി.ടി.ഉഷ കോഴിക്കോട്ട് നടത്തുന്ന ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന്റെ മാതൃകയിലാണ് അഞ്ജുവിന്റെ സ്പോർട്സ് അക്കാദമിയുടെയും രൂപകല്പന. ടോപ്സിന്റെ മേധാവിയായ അഞ്ജു മുഴുവൻ സമയവും ദേശീയ അത്ലറ്റിക്സ് ക്യാമ്പിലുണ്ടാവണമെന്നാണ് വ്യവസ്ഥ. അതിനാണ് കസ്റ്റംസുകാർ ഡെപ്യൂട്ടേഷൻ എന്ന പേരിൽ ശമ്പളം നൽകി അങ്ങോട്ടു വിട്ടിരിക്കുന്നത്. അതിനു പകരം സ്വന്തം അക്കാദമിയിലാണ് അവർക്കു ശ്രദ്ധയെന്നത് പരസ്യമായ രഹസ്യം. സൈഡ് ബിസിനാക്കി മാറ്റിയിരിക്കുന്ന ടോപ്സിനും അപ്പുറത്തെ സൈഡിലാണ് സ്പോർട്സ് കൗൺസിൽ! കസ്റ്റംസിൽ നിന്നു തന്നെ ലഭിക്കുന്ന ടോപ്സിലെ ശമ്പളത്തിനു പുറമെ കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ ഓണറേറിയം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതും പ്രശ്നമാണ്.

കൗൺസിലിന് മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്ന് അഞ്ജുവുമായുള്ള കൂടിക്കാഴ്ചയിൽ ജയരാജൻ വ്യക്തമാക്കി. പക്ഷേ, അഞ്ജുവിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞില്ല എന്നും മനസ്സിലാക്കുന്നു. എന്തിനു പറയണം? മുഴുവൻ സമയ പ്രസിഡന്റായി അഞ്ജുവിനിരിക്കാൻ പറ്റില്ലെന്നത് ഉറപ്പല്ലേ! സർക്കാർ കുത്തുപാളയെടുത്തിരിക്കുന്ന വേളയിൽ അഞ്ജു വിമാനയാത്രാക്കൂലി കൈപ്പറ്റുന്നതും മന്ത്രിയുടെ വിമർശന വിധേയമായി. അഞ്ജുവിന് വിമാനയാത്രാക്കൂലി അനുവദിക്കാനുള്ള ഉത്തരവ് അടുത്തിടെ മാത്രമാണ് പുറത്തിറങ്ങിയതെന്നും മുൻകൂട്ടി നിശ്ചയിച്ച് നേരത്തേ ടിക്കറ്റെടുക്കുകയാണെങ്കിൽ ബംഗളൂരുവിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ബസ് യാത്രാക്കൂലിയെക്കാൾ കുറവാണെന്നുമുള്ളത് വേറെ കാര്യം.

വ്യക്തിപരമായ ചില ആക്ഷേപങ്ങൾ അഞ്ജുവിന്റെ കൗൺസിൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ നിലനിൽക്കുന്ന ആക്ഷേപങ്ങൾ തന്നെ. തന്റെ സ്ഥാനം സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി അഞ്ജു പ്രയോജനപ്പെടുത്തി. രാജ്യത്തിനു വേണ്ടി മെഡൽ നേടിയ താരത്തിന് എന്തും ആവാം, ആരും ചോദിക്കരുതെന്ന ചിന്ത ശരിയല്ലല്ലോ. സഹായം ചോദിച്ചു വാങ്ങാം, തെറ്റില്ല. പക്ഷേ, ഇത് അങ്ങനെയല്ല. അടുത്തിടെ സായി ഡയറക്ടർ ഇഞ്ചെതി ശ്രീനിവാസ് കൂടിയാലോചനകൾക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സംഭവിച്ചത് ഒരുദാഹരണം. എൽ.എൻ.സി.പി.ഇ. അടക്കം സായിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ യോഗത്തിനു ക്ഷണിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ അഞ്ജു ബോബി ജോർജ്ജിനെയും വിളിച്ചു. കുട്ടികൾക്ക് നല്ല പരിശീലനം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രസിഡന്റിന്റെ അഭിപ്രായം കേൾക്കണ്ടേ -'നല്ല കുട്ടികളുണ്ടെങ്കിൽ എന്റെ അക്കാദമിയിലേക്കു കൊണ്ടുപോകാം. അവിടെ ബോബി ട്രെയിൻ ചെയ്തുകൊള്ളും.' സ്വകാര്യ അക്കാദമിയിലേക്ക് ആളെപ്പിടിക്കുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്! അഞ്ജുവിന്റെ കമന്റ് കേട്ട ശ്രീനിവാസ് യോഗത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെയെല്ലാം മുഖത്ത് മാറി മാറി നോക്കി. എല്ലാവരും തലകുനിച്ചിരുന്നതേയുള്ളൂ. അഞ്ജുവിന് പ്രത്യേകിച്ച് ഉറപ്പൊന്നും കൊടുക്കാതെ അദ്ദേഹം മടങ്ങി. ആ യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖേന പുറത്തുവന്ന വിവരം കായികരംഗവുമായി പ്രവർത്തിക്കുന്ന മുഴുവനാളുകളും ചർച്ച ചെയ്തതാണ്. മന്ത്രിയും അറിഞ്ഞിട്ടുണ്ടാവണം.

സായി ഡയറക്ടർ ജനറലിനു മുന്നിൽ വെച്ച നിർദ്ദേശം അഞ്ജു പിന്നീട് വേറൊരു രീതിയിൽ പ്രാവർത്തികമാക്കി. മെയ് അവസാനവാരം കോഴിക്കോട് സർവ്വകലാശാലാ ക്യാമ്പസിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിൽ ക്യാൻവാസിങ്ങുമായി നടന്ന അഞ്ജു പ്രതീക്ഷയുള്ള ഏതാനും അത്ലറ്റുകളെ വലയിലാക്കി. രണ്ടു പേർ മാത്രമാണ് ഇതുവരെ അതു പരസ്യമായി പറയാൻ ധൈര്യം കാണിച്ചത്. ബാക്കിയുള്ളവർ നിലവിലുള്ള പരിശീലകരുടെ അപ്രീതി ഭയന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പോൾ വോൾട്ടറായ മരിയ ജെയ്സണും ലോങ് ജംപറായ രുഗ്മ ഉദയനുമാണ് അഞ്ജുവിന്റെ അക്കാദമിയിൽ ചേർന്നതായി പരസ്യപ്രഖ്യാപനം നടത്തിയ താരങ്ങൾ. ജൂനിയർ തലത്തിൽ കഴിഞ്ഞ 4 വർഷത്തിനിടെ 6 തവണ പോൾ വോൾട്ട് ദേശീയ റെക്കോഡ് തിരുത്തിയ മിടുക്കിയാണ് മരിയ ജെയ്സൺ. ദേശീയ തലത്തിലെ വിവിധ മത്സരങ്ങളിൽ 11 സ്വർണ്ണ മെഡലുകളും ഈയിനത്തിൽ വാരിക്കൂട്ടി. പക്ഷേ, പോൾ വോൾട്ട് ഉപേക്ഷിച്ചിട്ടാണ് മരിയ ഇനി മുന്നോട്ടു നീങ്ങുക. അഞ്ജുവിന്റെ അക്കാദമിയിൽ ഈ പെൺകുട്ടി പരിശീലനം നേടുക ലോങ് ജംപിലായിരിക്കും. പോൾ വോൾട്ടിനെക്കാൾ അന്താരാഷ്ട്ര തലത്തിൽ മെഡൽ സാദ്ധ്യത ലോങ് ജംപിനാണെന്ന വിദഗ്ദ്ധോപദേശം പരിഗണിച്ചാണ്രേത മാറ്റം. ഉപദേശി മറ്റാരുമല്ല -അഞ്ജു ബോബി ജോർജ്ജ്. ഉപദേശത്തിന്റെ കാരണം കൂടി പറയാം. അഞ്ജുവിന്റെ ഭർത്താവ് റോബർട്ട് ബോബി ജോർജ്ജ് ലോങ് ജംപ് പരിശീലകനാണ്. പോൾ വോൾട്ട് താരത്തെ കിട്ടിയിട്ട് അക്കാദമിക്ക് പ്രയോജനമില്ല എന്നർത്ഥം!

കേരളത്തിലെ സ്പോർട്സ് വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്നു പറയുന്ന അഞ്ജു സ്വന്തം അക്കാദമിയിലേക്ക് ആളെ പിടിക്കാൻ നടക്കുന്നത് വിരുദ്ധ താല്പര്യമല്ലേ? വേണമെങ്കിൽ ഒരു അധികാരവുമില്ലാതെ അത്ലറ്റ് എന്ന നിലയിലുള്ള വിശ്വാസ്യത മാത്രം മുതലാക്കി അതു ചെയ്യണമായിരുന്നു. പ്രതിഭകളെ സ്വന്തം സ്ഥാപനത്തിലേക്കു വലിക്കുന്നതിനു പകരം ഇവിടെയുള്ള പരിശീലന സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയല്ലേ പ്രസിഡന്റ് എന്ന നിലയിൽ അവർ ചെയ്യേണ്ടിയിരുന്നത്? ഇതെന്റെ ചോദ്യങ്ങളല്ല. ഇത്രയും കാലം ആ പ്രതിഭകളെ നട്ടുനനച്ചു വളർത്തിയിരുന്ന സായി പരിശീലകർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. അഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടിൽ അത്ഭുതമില്ല. റോബർട്ട് ബോബി ജോർജ്ജ് എന്ന പരിശീലകനു മുമ്പ് അവരെ വളർത്തിയെടുത്ത ആരെയും ഇപ്പോൾ അഞ്ജു അംഗീകരിക്കുന്നില്ല. 2003 മുതൽ 2005 വരെയുള്ള വർഷങ്ങളിലാണ് അഞ്ജു ഏറ്റവുമധികം തിളങ്ങിയത്. ബോബിയുടെ പരിശീലനമല്ല, മറിച്ച് മൈക്ക് പവലിന്റെ ട്രെയ്നിങ്ങായിരുന്നു മികവിനാധാരം. ലോങ് ജംപിലെ ലോഞ്ചിങ് റണ്ണിലെ വേഗക്കുറവായിരുന്നു അഞ്ജുവിന്റെ പ്രധാന പ്രശ്നം. പവൽ അതു തിരിച്ചറിയുകയും സ്‌ക്വാട്ട് ട്രെയ്നിങ്ങിലൂടെ ലോവർ ബോഡി ബലപ്പെടുത്തുകയും ചെയ്തതോടെ അഞ്ജു എന്ന അത്ലറ്റിന്റെ രൂപഭാവങ്ങൾ മാറി. 2003 ലോക ചാമ്പ്യൻഷിപ്പിലെ വെങ്കലവും 2005 ലോക അത്ലറ്റിക്സിൽ പിന്നീട് സ്വർണ്ണമായി മാറിയെ വെള്ളിയുമെല്ലാം വന്നത് അങ്ങനെയാണ്. ആദ്യം കാമുകനും പിന്നെ ഭർത്താവുമായ ബോബിയിലെ പരിശീലകനെ അഞ്ജുവിന് വിശ്വാസമായിരിക്കാം, പക്ഷേ യാഥാർത്ഥ്യം അതല്ല. ഇതു പറയുന്ന എന്നെ പിന്തിരിപ്പൻ എന്നു വിളിച്ചേക്കാം. പക്ഷേ, ഏതു രംഗത്തും വിജയം വരിക്കാൻ ആദ്യം വേണ്ടത് നേരും നെറിയുമാണ്. സ്പോർട്സിലും അത് അങ്ങനെ തന്നെ.

സഹോദരനായ അജിത് മാർക്കോസിന് കൗൺസിലിൽ വഴിവിട്ട നിയമനം തരപ്പെടുത്താൻ അഞ്ജു കരുനീക്കം നടത്തിയെന്ന ആക്ഷേപവുമുണ്ട്. രാജ്യാന്തര അത്ലറ്റ് സിനിമോൾ പൗലോസിന്റെ ഭർത്താവും പരിശീലകനുമാണ് അജിത്. കൗൺസിലിലെ അസിസ്റ്റന്റ് സെക്രട്ടറി -ടെക്നിക്കൽ തസ്തികയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനായിരുന്നു നീക്കം. നേരത്തേ രാജ്യാന്തര താരം ബോബി അലോഷ്യസ് വഹിച്ചിരുന്ന പദവിയാണിത്. കനത്ത ശമ്പളമുള്ള ഈ തസ്തികയിലേക്ക് അജിത് നേരത്തേ അപേക്ഷിച്ചിരുന്നുവെങ്കിലും ആവശ്യമായ യോഗ്യതയില്ലെന്നു പറഞ്ഞ് അത് തള്ളി. അഞ്ജു ചുമതലയേറ്റതോടെ ഇല്ലാത്ത യോഗ്യത പെട്ടെന്ന് കൈവന്നു!

ഇനി ജയരാജനിലേക്ക് തിരിച്ചുവരാം. മന്ത്രിയെന്ന നിലയിൽ മാന്യമായി സംസാരിക്കാനുള്ള ഭാഷ ഉപയോഗിക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്. അഞ്ജുവിന്റെ പ്രവർത്തനശൈലിയോട് അദ്ദേഹത്തിന് വിയോജിപ്പ് പുലർത്താം. പക്ഷേ, അറിയപ്പെടുന്ന കായികതാരമായ വനിതയോട് അല്പം കൂടി മാന്യമായി സംസാരിക്കാം. ജയരാജൻ അമാന്യമായി സംസാരിച്ചത് നിങ്ങൾ കണ്ടോ എന്നു ചോദിച്ചേക്കാം. 'പച്ച' മനുഷ്യനായ ജയരാജന്റെ സംസാരം എത്രയോ തവണ കണ്ടിരിക്കുന്നു. മന്ത്രിക്ക് ഇത്ര 'പച്ച' പാടില്ല. അല്പം സംസ്‌കാരം പ്രകടിപ്പിച്ചേ മതിയാകൂ.

ജയരാജന് ബുദ്ധിയില്ല എന്നു തന്നെ ഞാൻ പറയും. അദ്ദേഹത്തിന്റെ ഗ്രാമ്യ ഭാഷയിൽ പറഞ്ഞാൽ തലയ്ക്കകത്ത് ആൾതാമസമില്ല. മുള്ളിനെ മുള്ളു കൊണ്ടെടുക്കാമായിരുന്നത് അദ്ദേഹം വെട്ടുകത്തി കൊണ്ടെടുത്ത് കുളമാക്കി. അഞ്ജുവിനെ ഒഴിവാക്കണമെങ്കിൽ അതിനായി ഒരു ഫയൽ തുറക്കണമായിരുന്നു. വിമാനയാത്രയുടെ പേരിലുള്ള 'ധൂർത്ത്' അടക്കം അവർക്കെതിരായ ആക്ഷേപങ്ങളുടെ പേരിൽ വിശദീകരണം ചോദിക്കണമായിരുന്നു. എന്നിട്ട്, വേണമെന്നുണ്ടെങ്കിൽ വിശദീകരണം ചോദിച്ച വാർത്ത കൈരളിയിലോ മറ്റേതെങ്കിലും ചാനലിലോ ചോർത്തിക്കൊടുക്കണം. ജയരാജന്റെ ഇഷ്ട ചാനലായ മനോരമ ന്യൂസ് വേണ്ട. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ജയരാജനെ വലിച്ചുകീറുന്നവർ വർദ്ധിതവീര്യത്തോടെ അഞ്ജുവിനെ നെടുകെ പിളർന്ന് ചുമരിലൊട്ടിച്ചേനെ. പോയ ബുദ്ധി പാമ്പു പിടിച്ചാലും കിട്ടില്ല. കർക്കശക്കാരനായ പിണറായി വിജയനെ ഇപ്പോഴത്തെ മൃദുഭാവത്തിൽ പുനഃസൃഷ്ടിച്ചതിന്റെ അവകാശവാദവുമായി നടക്കുന്ന മഹാന്മാരൊക്കെ ഉണ്ടല്ലോ. അവരെ യഥാർത്ഥത്തിൽ ആവശ്യം പിണറായിക്കല്ല, ജയരാജനാണ്. മുഖ്യമന്ത്രിയുടെ 'ഉപദേശകർക്ക്' കായിക മന്ത്രിയുടെ ഓഫീസിലേക്ക് കുറച്ചുകാലത്തേക്ക് ഡെപ്യൂട്ടേഷൻ നൽകുന്ന കാര്യം പരിഗണിക്കണം.

ഇക്കഥയിലെ യഥാർത്ഥ വില്ലൻ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് പുഞ്ചിരിക്കുകയാണ്. ഒരക്ഷരം മിണ്ടാൻ ഇദ്ദേഹമാണ് തയ്യാറായിട്ടില്ല. കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സഹപാഠി എന്നതാണ് യോഗ്യത. തസ്തിക സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്. പേര് ടി.കെ.ഇബ്രാഹിംകുട്ടി. 'വിസിറ്റിങ്' പ്രസിഡന്റായ അഞ്ജുവിന്റെ അസാന്നിദ്ധ്യത്തിൽ സ്പോർട്സ് കൗൺസിൽ ഭരിക്കുന്നത് ഇദ്ദേഹമാണ്. പിൻസീറ്റ് ഡ്രൈവർ. ഇപ്പോൾ ജയരാജൻ പറഞ്ഞ വിവാദമായ എല്ലാ സ്ഥലംമാറ്റങ്ങൾക്കും പിന്നിൽ ഇബ്രാഹിം കുട്ടി തന്നെ. വല്ലപ്പോഴും വരുന്ന അഞ്ജു ഉത്തരവിൽ ഒപ്പുവെയ്ക്കുക മാത്രമാണ് ചെയ്തതെങ്കിലും ഉത്തരവാദിത്വം അവർക്കാണ്. സ്ഥാനമൊഴിയാൻ തീരുമാനിച്ചെത്തിയ അഞ്ജു തുടരാമെന്ന ചിന്താഗതിയുമായി മന്ത്രിയെ കാണാൻ പോയതെങ്ങനെയെന്ന് മനസ്സിലായില്ലേ? അഞ്ജു തുടർന്നാൽ കൗൺസിൽ തുടരും. ഇബ്രാഹിംകുട്ടിക്ക് കളിച്ചു തിമർക്കാം. ജയരാജന്റെ ചാട്ടം മുഴുവൻ ഇബ്രാഹിംകുട്ടിക്കു നേരെയായിരുന്നു. അഞ്ജുവിനെ പരിചയാക്കി അദ്ദേഹമത് പ്രതിരോധിച്ചു. വിവാദമായി, വാർത്തയുമായി.

അഞ്ജുവിനെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നാണ് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നത്. അഞ്ജുവിനു വേണ്ടിയാണോ ഇബ്രാഹിംകുട്ടിക്കു വേണ്ടിയാണോ ഈ നിലവിളി എന്നാണറിയേണ്ടത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയപ്പോൾ സ്പോർട്സ് കൗൺസിലിൽ നടന്നത് എന്താണെന്ന് അദ്ദേഹം മറന്നു. 2011ൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുമ്പോൾ സി.പി.എമ്മുകാരനായ ടി.പി.ദാസനായിരുന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്. കായിക മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ഥാനമൊഴിയുന്ന കാര്യം സംസാരിക്കാൻ ഗണേഷിനെ ദാസൻ കണ്ടു. 'പുതിയ ആളെ നിയമിക്കുമ്പോൾ സ്ഥാനമൊഴിഞ്ഞാൽ മതി, അതു വരെ തുടരൂ' എന്നു പറഞ്ഞ് ദാസനെ ഗണേഷ് മടക്കി. എന്നാൽ, ദാസൻ തിരികെ ഓഫീസിലെത്തും മുമ്പ് അവിടെ പത്മിനി സെൽവൻ പ്രസിഡന്റ് കസേരയിൽ പിൻവാതിലിലൂടെ കയറി ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടു നടത്തിയ നീക്കം മന്ത്രിയായ ഗണേഷ് അറിഞ്ഞുപോലുമില്ല. ഒടുവിൽ തന്റെ പെട്ടി പോലുമെടുക്കാൻ ദാസന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. അതേ ടി.പി.ദാസൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പി.ജയരാജനുമായും പുലർത്തുന്ന അടുത്ത ബന്ധമാണ് ദാസന്റെ കൈമുതൽ.

ട്രോളിൽ നിന്ന് ജയരാജന് അല്പം ആശ്വാസമായത് ഈശ്വരാനുഗ്രഹം കൊണ്ടാണ്. ദൈവം ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കില്ലായിരിക്കാം. പക്ഷേ, ജയരാജന് ഈശ്വരാനുഗ്രഹമുണ്ടെന്ന് പറയാതെ വയ്യ. അനുഗ്രഹം വന്നത് കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ രൂപത്തിലാണെന്നു മാത്രം. സുധാകരന്റെ വാക്കുകൾ ജയരാജന്റെ കർണ്ണപുടങ്ങളിൽ കുളിർമഴയായി പെയ്തിറങ്ങി. ഇതാ ആ വാക്കുകൾ:

'അഞ്ജു ബോബി ജോർജ്ജ് കേരളത്തിനു വേണ്ടി നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. അവരുടെ ഭർത്താവ് ജിമ്മി ജോർജ്ജും കുടുംബം മുഴുവനും കേരളത്തിനു വേണ്ടി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്.'

പ്ലിങ് കണ്ണൂരുകാരനായ മുൻ സ്പോർട്സ് മന്ത്രി കെ.സുധാകരന് കണ്ണൂരുകാരൻ തന്നെയായ ജിമ്മി ജോർജ്ജിനെ അറിയില്ല. അഞ്ജു ബോബി ജോർജ്ജിനെ അറിയില്ല. അഞ്ജുവിന്റെ ഭർത്താവ് റോബർട്ട് ബോബി ജോർജ്ജിനെയും അറിയില്ല. ജയരാജനൊക്കെ എന്ത്! അങ്ങ് അമേരിക്കയിലുള്ള മുഹമ്മദലിയെ അറിയില്ലെന്നു പറഞ്ഞ് ജയരാജനെ ട്രോളുന്ന നമ്മൾ അപ്പോൾ സുധാകരനെ എന്തു ചെയ്യണം?

ബോബിയുടെ ജ്യേഷ്ഠ സഹോദരനും പ്രശസ്ത വോളിബോൾ താരവുമായ ജിമ്മി ജോർജ്ജ് 1987 നവംബർ 30ന് ഇറ്റലിയിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. അപ്പോൾ അഞ്ജുവിന് പ്രായം കൃത്യം 10 വയസ്സ്! ഈ കണ്ണൂരുകാരെല്ലാമെന്താ ഇങ്ങനെ?

എന്തായാലും വിവാദം കൊഴുത്തു എന്നു പറഞ്ഞാൽ മതി. ജയരാജൻ വ്യവസായം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് -വിവാദ വ്യവസായം. തലയ്ക്കകത്ത് ആൾതാമസമില്ലാത്ത ഒരു മന്ത്രിയും സ്വാർത്ഥത മുഖമുദ്രയാക്കിയ ഒരു കായിക ഭരണാധികാരിയും. ചേരി തിരിഞ്ഞ് ഇവരുടെ പക്ഷം പിടിക്കുന്ന നമ്മൾ പൊതുജനം വെറും കഴുതകൾ.