ജനിതക വിരലടയാളങ്ങൾ; ചരിത്രവും ശാസ്ത്രവും

കുറ്റാന്വേഷണത്തിൽ ഡിഎൻഎ ഫിംഗർപ്രിന്റിങ്ങിന്റെ ചരിത്രം, ശാസ്ത്രം വർത്തമാനം- ഡോ: അരുൺ ടി രമേഷ് എഴുതുന്നു.

ജനിതക വിരലടയാളങ്ങൾ; ചരിത്രവും ശാസ്ത്രവും

ഡോ: അരുൺ ടി രമേഷ്

ജിഷവധക്കേസിൽ പ്രതിയെ തിരിച്ചറിയാൻ പ്രയോഗിക്കപ്പെട്ടതോടെ ഡിഎൻഎ ടെസ്റ്റ് (ഫോറൻസിക് ഡിഎൻഎ പ്രൊഫൈലിങ്ങ്, ഡിഎൻഎ ഫിംഗർപ്രിന്റിങ്ങ്) വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. വിശ്വസനീയമായ തെളിവ് ലഭിച്ചെന്ന് പോലീസ് ഉറപ്പു പറയുമ്പോഴും, 'വ്യാജതെളിവുകൾ ഉണ്ടാക്കുകയാണ്' എന്ന ആരോപണം സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും ശക്തമാണ്. 'മൃതദേഹം കത്തിച്ചു കളഞ്ഞിട്ട് ഡിഎൻഎ എവിടെ നിന്ന് വന്നു?' എന്ന ബാലിശമായ ആരോപണം പോലും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ഡിഎൻഎ ഫിംഗർപ്രിന്റിങ്ങിന്റെ ശാസ്ത്രവും ചരിത്രവും നാം മനസ്സിലാക്കേണ്ടതുണ്ട്.


രക്തം, ബീജം, ശരീരസ്രവങ്ങൾ എന്നിവയിൽ നിന്നോ ശരീരഭാഗങ്ങളിൽ നിന്നോ ഉള്ള കോശങ്ങളിലെ ജനിതകദ്രവ്യം അഥവാ ഡിഎൻഎയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുകയാണ് ഡിഎൻഎ ഫിംഗർപ്രിന്റിങ്ങിലൂടെ ചെയ്യുന്നത്. മനുഷ്യരുടെ 99.9% ഡിഎൻഎയും സമാനമായിരിക്കുമെങ്കിലും ഓരോ വ്യക്തിയിലും കൃത്യമായ വ്യത്യസ്തത കാണിക്കുന്ന ചില ഡിഎൻഎ സീക്വൻസുകൾ ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ടെസ്റ്റ് രൂപകൽപന ചെയ്തിട്ടുള്ളത്.

'ജനിതക വിരലടയാള' പരിശോധനയുടെ ചരിത്രം

1983ൽ ഇംഗ്ലണ്ടിലെ ലസ്റ്റർഷയർ എന്ന സ്ഥലത്ത് നടന്ന ലിൻഡ മാൻ വധക്കേസിലാണ് ഈ ശാസ്ത്രീയ രീതി ആദ്യമായി ഉപയോഗിക്കുന്നത്. കൂട്ടുകാരിയെ കാണാൻ വീട്ടിൽ നിന്നിറങ്ങിയ ലിൻഡയെ ദിവസങ്ങൾക്കു ശേഷം ക്രൂരമായ ബലാത്സംഗത്തിനു വിധേയയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയാണുണ്ടായത്. മൂന്നു വർഷങ്ങൾക്ക് ശേഷം കൗമാരപ്രായക്കാരിയായ മറ്റൊരു പെൺകുട്ടി കൂടി സമാനമായ രീതിയിൽ കൊല്ലപ്പെട്ടത് ഇംഗ്ലണ്ടിൽ വലിയ വാർത്തയായി. രണ്ടു പെൺകുട്ടികളുടെ ശരീരത്തിൽ നിന്നും ലഭിച്ച ശുക്ലസാമ്പിൾ ഒരേ വ്യക്തിയുടേതാണെന്നും തിരിച്ചറിഞ്ഞു.

തുടർന്നുള്ള അന്വേഷണത്തിൽ റിച്ചാർഡ് ബെക്ക്‌ലാന്റ് എന്ന 17-കാരനാണ് പ്രതിയെന്ന് പോലീസ് കണ്ടുപിടിച്ചു. എന്നാൽ രണ്ടാമത്തെ കൊലപാതകം സമ്മതിച്ച റിച്ചാർഡ് ആദ്യത്തേത് നിഷേധിച്ചു. ദൃക്‌സാക്ഷികളുടെയും മറ്റു തെളിവുകളുടെയും അഭാവം പോലീസിനെ കുഴക്കിയപ്പോഴാണ് അലെക് ജെഫ്രിസ് എന്ന ബ്രിട്ടിഷ് ജനിതക ശാസ്ത്രജ്ഞൻ ഡി.എൻ.എ. പ്രൊഫൈലിംഗ് എന്ന ശാസ്ത്രീയരീതിയുമായി മുന്നോട്ട് വരുന്നത്. രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാൾ തന്നെയാണ്, പക്ഷെ അത് ബെക്ക്‌ലാന്റ് അല്ലെന്നായിരുന്നു ജെഫ്രിസിന്റെ പരീക്ഷണഫലം. താൻ പോലീസിന്റെ സമ്മർദ്ദം മൂലം ഒരു കേസ് സമ്മതിക്കുകയായിരുന്നു എന്ന ബെക്ക്‌ലാന്റിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ ബ്രിട്ടീഷ് പോലീസ് കടുത്ത നാണക്കേടിലായി. അങ്ങനെ ബെക്ക്‌ലാന്റിന്റെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് ഡി.എൻ.എ. പ്രൊഫൈലിംഗ് കുറ്റാന്വേഷണചരിത്രത്തിൽ ആദ്യ ചുവടുവെച്ചു.

അവസാനം പ്രതിയെ കണ്ടെത്താൻ ജെഫ്രിസിന്റെ സഹായം തന്നെ പോലീസ് അഭ്യർത്ഥിച്ചു. തുടർന്ന് മൂന്ന് നഗരങ്ങളിൽ നിന്നായി 5000 വ്യക്തികളുടെ രക്തഗ്രൂപ്പ്‌നിർണയം നടത്തുകയും എ ബ്‌ളഡ് ഗ്രൂപ്പെന്ന് തിരിച്ചറിഞ്ഞ മുഴുവൻ പേരുടെയും ഡി.എൻ.എ. പരിശോധന നടത്തുകയുമുണ്ടായി. എന്നാൽ പ്രതിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. രക്തപരിശോധനയിൽ നിന്നും ഒഴിഞ്ഞു മാറിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം അവസാനിച്ചത് കോളിൻ പിച്ച്‌ഫോർക്ക് എന്ന 27-കാരനിലാണ്. ഡി.എൻ.എ. പരിശോധനയിൽ അയാൾ തന്നെയായിരുന്നു പ്രതി എന്നു തിരിച്ചറിഞ്ഞു.

തുടർന്നുള്ള വർഷങ്ങളിൽ തെളിയിക്കാനാവാതെ കിടന്ന നിരവധി കേസുകളിൽ ഡി.എൻ.എ. പരിശോധന മുഖേന യഥാർത്ഥ പ്രതികൾ കണ്ടുപിടിക്കപ്പെട്ടു. കുറ്റവാളികളെ തിരിച്ചറിയുന്നതു കൂടാതെ പിതൃത്വ/മാതൃത്വ പരിശോധന, ശവശരീരങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയൽ, കൂടിയേറ്റക്കാരുടെ രക്തബന്ധങ്ങൾ തിരിച്ചറിയൽ തുടങ്ങിയ കേസുകളിലും ഡി.എൻ.എ ഫിംഗർപ്രിന്റിങ്ങ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് പുറമേ ജീവപരിണാമവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താനും, ബാക്റ്റീരിയ മുതൽ സസ്തനികൾ വരെയുള്ള സ്പീഷീസുകളുടെ വർഗീകരണ പഠനങ്ങൾക്കും ഈ ശാസ്ത്രീയ രീതി അവലംബിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ ടെസ്റ്റ് ആദ്യമായി നടത്തിയത് ഹൈദരാബാദിലെ സി.സി.എം.ബി. (സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്ക്യുളാർ ബയോളജി)യിൽ ആണ്. കേരളത്തിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, കേരളാ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി എന്നീ സ്ഥാപനങ്ങളിൽ ഈ പരിശോധന നടത്തുന്നുണ്ട്.

[caption id="attachment_26629" align="aligncenter" width="638"]Alec Jeffreys Alec Jeffreys[/caption]

ഡി.എൻ.എ ഫിംഗർപ്രിന്റിങ്ങിനു പിന്നിലെ ശാസ്ത്രം

ബാക്റ്റീരിയ മുതൽ മനുഷ്യൻ വരെയുള്ള ജീവിവർഗങ്ങളിൽ സ്വഭാവസവിശേഷതകൾ രൂപപ്പെടുത്തുന്നതു തൊട്ട് ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതു വരെയുള്ള ധർമ്മം നിർവഹിക്കുന്നത്  ഡി.എൻ.എ. തന്മാത്രകളിലെ ജനിതക ഇൻഫർമേഷൻ ആണ്. അഡിനിൻ (A), തൈമിൻ(T), ഗുവാനിൻ(G), സൈറ്റോസിൻ (C) എന്നീ ന്യൂക്ലിയോ ബേസുകളുടെ വ്യത്യസ്തമായ ക്രമങ്ങളാണ് ഓരോ ഡി.എൻ.എ സീക്വൻസിനേയും വ്യത്യസ്തമാക്കുന്നത്. വി.എൻ.ടി.ആർ. (വേരിയബിൾ നമ്പർ ടാന്റം റിപ്പീറ്റ്‌സ്) എന്ന് അറിയപ്പെടുന്ന ഡി.എൻ.എ. ഭാഗങ്ങളിൽ  ആവർത്തിക്കപ്പെടുന്ന ചില സീക്വൻസുകളാണ് ഡി.എൻ.എ ഫിംഗർപ്രിന്റിങ്ങിൽ ഉപയോഗപ്പെടുത്തുന്നത്. ഇവയുടെ സീക്വൻസും ആവർത്തനങ്ങളുടെ എണ്ണവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി അമീറുൽ ഇസ്ലാമിന്റെ ഡി.എൻ.എയിൽ AGAGAG എന്ന സീക്വൻസ് 5 തവണ ആവർത്തിച്ചിട്ടുണ്ടെങ്കിൽ മറ്റൊരാളുടെ ഡി.എൻ.എയിൽ തികച്ചും വ്യത്യസ്തമായ സീക്വൻസിന്റെ ആവർത്തനങ്ങളാകാം ഉണ്ടാവുക. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള നിരവധി റിപ്പീറ്റുകൾ പരിശോധിക്കപ്പെടുന്നുണ്ട്. ഈ റിപ്പീറ്റുകളുടെ പാറ്റേൺ ആണ് രണ്ടു വ്യക്തികൾ തമ്മിൽ ഒത്തുനോക്കുന്നത്. ചിത്രത്തിൽ കൊടുത്തിട്ടുള്ളത് ഡി.എൻ.എ ഫിംഗർപ്രിന്റിങ്ങ് പരിശോധന ഫലമാണ്. കുറ്റകൃത്യം നടന്നിടത്തു നിന്ന് ലഭിച്ച (crime scene) ഡി.എൻ.എയുടെ പാറ്റേൺ സംശയിക്കപ്പെടുന്ന മൂന്നു പേരിൽ (suspects 1,2,3) രണ്ടാമത്തെയാളുടേതുമായി പൂർണമായും യോജിക്കുന്നു എന്ന് വ്യക്തമാകുന്നു.
dna-profiling-pattern dna profiling pattern source: wikia)
അമീറിന്റെ മാതാപിതാക്കളുടെയോ മക്കളുടെയോ ഡി.എൻ.എയിൽ ഇതേ റിപ്പീറ്റുകളിൽ പകുതിയെങ്കിലും തീർച്ചയായും ഉണ്ടാകുമെന്നതുകൊണ്ട് സാമ്യമുള്ള പാറ്റേണുകളാകും ലഭിക്കുക.

ഇതാണ് മാതൃത്വ/പിതൃത്വ പരിശോധനയുടെ അടിസ്ഥാനം.

ജിഷവധക്കേസിൽ ഡി.എൻ.എ പരിശോധന: പോലീസ് പറയുന്നത് വിശ്വസിക്കാമോ?

ജിഷയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലെ ഡി.എൻ.എ അമീറിന്റേതുമായി യോജിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. അതായത് നേരത്തെ പറഞ്ഞതുപോലെയുള്ള റിപ്പീറ്റുകളുടെ പാറ്റേൺ പൂർണമായും യോജിക്കുന്നു എന്നർത്ഥം. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ് എന്ന ആരോപണം നിലനിൽക്കെ അതിനുള്ള സാധ്യതകൾ കൂടി പരിശോധിക്കാം. രണ്ടു ഡി.എൻ.എയും ഒന്നാണെന്നു തെളിഞ്ഞ സാഹചര്യത്തിൽ, പ്രതിയുടേതെന്നു കരുതുന്ന സാമ്പിളിനു പകരം അമീറിന്റെ സാമ്പിൾ തന്നെ പരിശോധിക്കപ്പെടുക എന്നതു മാത്രമാണ് ഒരേയൊരു 'അട്ടിമറി സാധ്യത'. ഒന്നുകിൽ അമീറിന്റെ രക്തവും ഉമിനീരും മറ്റൊരാൾ ജിഷയുടെ മുറിവിലും ശരീരത്തിലും നിക്ഷേപിക്കണം. അയാളുടെ സമ്മതമില്ലാതെ ഇത് ശേഖരിച്ച് മുറിവിൽ നിക്ഷേപിച്ചു എന്നത് അസംഭവ്യമായ സാധ്യതയാണ്. രണ്ടാമത്തെ സാധ്യത അമീറിന്റെ സാമ്പിളുകൾ തന്നെ, പ്രതിയുടേത് എന്ന് സംശയിക്കുന്നവയെന്ന പേരിൽ അയക്കുകയോ, ലബോറട്ടറിയിൽ വെച്ച് മാറ്റുകയോ ചെയ്തു എന്നതാണ്. എന്നാൽ ഈ സാമ്പിളുകൾ അറസ്റ്റിന് ആഴ്ചകൾ മുൻപ് തന്നെ അയച്ചിട്ടുള്ളതും, ലബോറട്ടറിയിൽ ഡി.എൻ.എ വേർതിരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇതേ ഡി.എൻ.എ റഫറൻസ് ആയി ഉപയോഗിച്ച്, കേസിൽ ആദ്യം സംശയിക്കപ്പെട്ട ചിലരുടെ ഡി.എൻ.എയുമായുള്ള സാമ്യം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പരിശോധനാഫലങ്ങൾ ഫോട്ടോയടക്കമുള്ള രേഖകളായി സൂക്ഷിക്കുന്നവയായതുകൊണ്ട് ഇടയ്‌ക്കെപ്പോഴെങ്കിലും റഫറൻസ് ഡി.എൻ.എ സാമ്പിൾ മാറ്റുകയെന്നതും സാധ്യമല്ല.

ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള ഫലമാണ് ഇപ്പോൾ പോലീസിന്റെ കൈവശമുള്ളതെന്നും, ഡി.എൻ.എ ഫിംഗർപ്രിന്റിങ്ങിനായി വീണ്ടും കോടതി അനുമതിയോടെ അമീറിന്റെ സാമ്പിൾ അയയ്ക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ട്. രക്തക്കറയിൽ നിന്നും ഉമിനീരിൽ നിന്നും ലഭിച്ച ഡി.എൻ.എ അമീറിന്റേതുമായി യോജിക്കുന്നു എന്ന റിപ്പോർട്ട് ശരിയാണെങ്കിൽ, അത് അയാൾ തന്നെയാണ് പ്രതിയെന്നതിന്റെ അനിഷേധ്യമായ തെളിവ് തന്നെയായിരിക്കും. പരിശോധനാഫലം മറിച്ചായിരുന്നുവെങ്കിൽ 'ജനിതക വിരലടയാള' പരിശോധന കുറ്റവിമുക്തനാക്കിയ നിരപരാധികളുടെ പട്ടികയിൽ, അമീറുൽ ഇസ്ലാമിന്റെ പേര് കൂടി എഴുതിച്ചേർക്കപ്പെട്ടേനെ