വയറ്റാട്ടിയുടെ കൈയിൽ കത്തി കൊടുക്കുമ്പോൾ

ആയുർവേദ - സിദ്ധ - യുനാനി ചികിൽസകർക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദൂരവ്യാപകങ്ങളായ ഫലങ്ങളാകും ഉണ്ടാക്കുക. മോഡേൺ മെഡിസിൻ വിഷമാണെന്നും ആന്റിബയോട്ടിക്കുകൾ അനാവശ്യമാണെന്നും ബാക്റ്റീരിയ ഇല്ലെന്ന് വാദിക്കുന്നവർക്കുമൊക്കെ എങ്ങനെ മോഡേൺ മെഡിസിൻ അനുശാസിക്കുന്നതുപോലെ സേഫ് സർജറി നടത്താൻ കഴിയും? നെൽസൺ ജോസഫ് എഴുതുന്നു

വയറ്റാട്ടിയുടെ കൈയിൽ കത്തി കൊടുക്കുമ്പോൾ

നെൽസൺ ജോസഫ്

അബോർഷൻ അല്ലെങ്കിൽ ഗർഭഛിദ്രം നടത്തുകയെന്നത് എല്ലാക്കാലത്തും ലോകത്ത് എവിടെയും മാനുഷികവും മതപരവും വൈദ്യശാസ്ത്രപരവുമായ തർക്കങ്ങൾക്ക് വക വച്ചിട്ടുള്ള ഒന്നാണ്. ഇന്ത്യയിൽ 1971ൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് ( Medical Termination of Pregnancy Act (1971)) ഗർഭചിദ്രം നടത്താൻ അനുമതിയുള്ള സാഹചര്യങ്ങളെയും നടത്താവുന്ന സ്ഥലങ്ങളെയും അനുമതിയുള്ള ആളുകളെയും പറ്റിയുള്ള രൂപരേഖ നൽകി. കർശനമായ നിബന്ധനകളുള്ള ഈ നിയമം ആയുർവേദ - സിദ്ധ - യുനാനി ചികിൽസകർക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന രീതിയിൽ ഭേദഗതി ചെയ്യാൻ ഗവണ്മെന്റ് ആലോചിക്കുന്നതായി ഈ അടുത്തയിടെ വാർത്ത പുറത്തുവന്നിരുന്നു. അതാണ് ഈ കുറിപ്പിനുള്ള കാരണം.


ഗർഭഛിദ്രം ഇന്ത്യയിൽ

1971ന് മുൻപും ശേഷവുമായി ഇന്ത്യയിലെ ഗർഭഛിദ്രത്തിന്റെ ചരിത്രത്തെ വിഭജിക്കാം. 1971ന് മുൻപ് വരെ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ഗർഭഛിദ്രത്തെ സംബന്ധിച്ച് ഇന്ത്യയിലുണ്ടായിരുന്നത്. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന ഘട്ടം ഒഴിച്ചാൽ മറ്റൊരു സാഹചര്യത്തിലും അബോർഷൻ അനുവദിക്കപ്പെട്ടിരുന്നില്ല. ഇത് അപര്യാപ്തമെന്ന് തോന്നിയതിനാലും ഗർഭഛിദ്രത്തെ ഒരു ജനസംഖ്യാ നിയന്ത്രണ മാർഗമായി ഉപയോഗിക്കാം എന്ന് കരുതിയും 1971ൽ ഗവണ്മെന്റ് ഈ നിയമം പുനപരിശോധിക്കാൻ തീരുമാനിച്ചു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് 1971 (MTP ACT, 1971)

വേണ്ടത്ര അറിവോ പരിജ്ഞാനമോ ഇല്ലാത്ത, അപകടകരമായ രീതികളുപയോഗിച്ച് ഗർഭഛിദ്രം നടത്തിക്കൊണ്ടിരുന്നതും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെൺ ഭ്രൂണഹത്യകളുമെല്ലാം വഴി ഇന്ത്യയിലെ മാതൃമരണനിരക്ക് ഉയർന്ന തോതിലായിരുന്നു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താൻ അനുവാദമുള്ള സാഹചര്യങ്ങളെയും നടത്താൻ വേണ്ട യോഗ്യതകളെയും ചെയ്യേണ്ട സ്ഥലത്തെയും സംബന്ധിച്ച് നിയമം കൊണ്ടുവരേണ്ടത് ആവശ്യമായിരുന്ന സാഹചര്യത്തിൽ ഇവയ്ക്കുള്ള നിർദേശങ്ങളുമായാണ് MTP ACT, 1971ൽ നിലവിൽ വന്നത്.

ഏതൊക്കെ സാഹചര്യങ്ങളിൽ അനുവദനീയമാണ്

1971ലെ നിയമപ്രകാരം

(1) Therapeutic: ഗർഭാവസ്ഥ തുടർന്നാൽ മാതാവിനോ ഗർഭസ്ഥ ശിശുവിനോ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ (2) Eugenics: ശാരീരികമോ മാനസികമോ ആയ വൈകല്യം ഉള്ള കുട്ടി ജനിക്കുന്ന സാഹചര്യത്തിൽ. (3) Humanitarian: റേപ്പ് (4) Social: ഗർഭനിരോധന മാർഗ്ഗങ്ങൾ പരാജയപ്പെട്ടതിനാൽ ഗർഭം ധരിക്കുക, അത് മൂലമുണ്ടാകുന്ന കടുത്ത മാനസികസമ്മർദ്ദം. (5) Environmental: സാമൂഹികവും സാമ്പത്തികവും ആയ അസന്തുലിതാവസ്ഥ മൂലം മാതാവിന്റെ ആരോഗ്യത്തിനുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ.

ചെയ്യാൻ അനുവാദമുള്ള ആളുകൾ / സ്ഥലങ്ങൾ

12 ആഴ്ച വരെയുള്ള കാലത്ത് ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർക്കും ( ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഷെഡ്യൂൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ) 12-20 ആഴ്ചകളിൽ രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാരുടെ വിദഗ്ധാഭിപ്രായപ്രകാരവും തീരുമാനമെടുക്കാം. ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ 6 മാസം ഒബ്സ്റ്റട്രിക്‌സ് (പ്രസവ വിഭാഗം) വിഭാഗത്തിൽ ഹൗസ് സർജൻസി ചെയ്ത , ഒരു വർഷത്തിൽ കൂടുതൽ ജോലി ചെയ്ത രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ ( പഠന കാലം ഗവണ്മെന്റ് അംഗീകരിച്ച ആശുപത്രിയിൽ തന്നെ ആയിരിക്കണം ) ഇത് ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ ഗവണ്മെന്റ് ആശുപത്രിയോ അല്ലെങ്കിൽ ഗവണ്മെന്റ് അനുശാസിക്കുന്ന സ്ഥലത്തോ മാത്രമേ സാദ്ധ്യമാകൂ. കൂടാതെ 25 കേസുകൾ അസിസ്റ്റ് ചെയ്യുകയും 5 എണ്ണമെങ്കിലും സ്വതന്ത്രമായി - മേൽനോട്ടത്തോടെ - നടത്തുകയും വേണം.

ചുരുക്കിപ്പറഞ്ഞാൽ എം.ബി.ബി.എസ് മാത്രം പോരെന്ന് സാരം.

എം.ടി.പി ഭേദഗതി (ബിൽ) 2014

20 ആഴ്ച വരെ എന്നുള്ളത് 24 ആഴ്ച ആക്കാനും രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ എന്നുള്ളത് മാറ്റി രജിസ്റ്റേർഡ് ഹെൽത്ത് കെയർ പ്രൊവൈഡർ എന്നുമാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. അതായത് എം.ബി.ബി.എസ് യോഗ്യത പോലും മതിയാകാതിരുന്നയിടത്ത് യുനാനി,സിദ്ധ,ആയുർവേദ ഡോക്ടർമാർക്കും എ.എൻ.എം നഴ്‌സുമാർക്കും നടത്താവുന്നതാണ്.

മേൽപ്പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും ഇന്ത്യൻ പീനൽ കോഡ് അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരാകുന്ന അവസരങ്ങളിൽ ശിക്ഷാർഹവുമാണ്.

ഈ ഭേദഗതി വന്നാൽ ഉണ്ടാകാവുന്ന പ്രധാന പ്രശ്‌നങ്ങൾ ഇവയാണ്.

(1) ഗർഭഛിദ്രം നടത്തുന്നതിനു മുൻപ് ഗർഭിണി ആണെന്നും ആയിരുന്നാൽ തന്നെ ഗർഭപാത്രത്തിനുള്ളിലാണ് ഗർഭധാരണമെന്നും ഉറപ്പുവരുത്തണം. ഗർഭപാത്രത്തിനു പുറത്തെ ഗർഭധാരണത്തിൽ ഗർഭഛിദ്രത്തിനു ശ്രമിച്ചാൽ അത് അമ്മയുടെ ജീവനു തന്നെ ഭീഷണി ആയേക്കാം. കൂടാതെ ഗർഭപാത്രത്തിൽ വന്നേക്കാവുന്ന ഘടനാപരമായ വ്യതിയാനങ്ങളും തിരിച്ചറിയാൻ വിദഗ്ധാഭിപ്രായം കൂടിയേ തീരൂ.

(2) അനാട്ടമി, ഒബ്സ്റ്റട്രിക്‌സ്,ഫാർമക്കോളജി, റേഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഉള്ള അറിവ് ആവശ്യമാണ്. മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ ഹെൽത്ത് കെയർ പ്രൊവൈഡർമാർക്ക് ഇവയിലുള്ള പ്രവൃത്തിപരിചയം താരതമ്യേന കുറവായിരിക്കും.

(3) മരുന്നുകൾ ഉപയോഗിച്ച് നടത്തുന്ന ഗർഭഛിദ്രത്തിൽ പാർശ്വഫലങ്ങൾ കുറവാണെങ്കിലും ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാവാം.രക്തസ്രാവം, അണുബാധ, ഭാഗികമായ ഗർഭഛിദ്രം തുടങ്ങിയുള്ള പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്തേണ്ടതും ഉചിതമായ ചികിൽസനൽകേണ്ടതുമാണ്. ഇത് പറയുമ്പോൾ അടുത്തടുത്ത് ആശുപത്രികളുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാനമല്ല മനസിൽ വരേണ്ടത്. ഒരു പ്രാഥമികാരോഗ്യകേന്ദ്രം പോലും നന്നായി നടക്കാത്ത ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ചിലപ്പോൾ അമ്മയുടെ മരണം മാത്രമാവും അവസാനം.

(4) ശസ്ത്രക്രിയ ഉപയോഗിച്ചുള്ള അബോർഷനുകൾക്ക് കുറേക്കൂടി വൈദഗ്ധ്യം ആവശ്യമാണ്. ഗർഭാശയത്തിനും ഗർഭശയമുഖത്തിനുമടക്കം പരിക്കുകൾ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയുണ്ട്. കൂടാതെ ചിലപ്പോൾ അനസ്‌തേഷ്യ നൽകേണ്ടതായും വന്നേക്കാം. ചില അവസ്ഥകളിൽ സർജന്റെയോ യൂറോളജിസ്റ്റിന്റെയോ സഹായവും വേണ്ടിവരാം. ഇതെല്ലാം മോഡേൺ മെഡിസിനോട് പുറം തിരിഞ്ഞ് നിൽക്കുന്നവർക്കും വേണ്ടത്ര പരിചയമില്ലാത്തവർക്കും അപ്രാപ്യമാണ്.

(5) 24 ആഴ്ചയായി വർദ്ധിപ്പിക്കുന്നതും ആശാസ്യമാണെന്ന് തോന്നുന്നില്ല. 23 ആഴ്ച വളർച്ചയെത്തിയ ശിശുവിനെ ഇന്റൻസീവ് കെയറിന്റെ സഹായത്തോടെ വിജയകരമായി ജീവൻ നിലനിർത്താനുള്ള സൗകര്യം വിദേശരാജ്യങ്ങളിലുണ്ട്. (ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആഴ്ചയും 5 ദിവസവുമാണ്). ഗർഭകാലം കൂടും തോറും ഗർഭസ്ഥശിശുവിന്റെ വളർച്ചയും കൂടും. താമസിക്കുംതോറും സങ്കീർണതകളും കൂടും. മാനുഷികവും വൈദ്യശാസ്ത്രപരവുമായ മാനങ്ങളിൽ ഏതെടുത്താലും ശരിയാണെന്ന് കാണാം.

(6) പെൺ ഭ്രൂണഹത്യ ഇപ്പൊഴും , നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളപ്പൊഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. കർശനമായ നിയമത്തിൽ വിട്ടുവീഴ്ചകൾ വരുത്തുന്നത് ഇതിന്റെ എണ്ണം കൂട്ടാനേ ഉപകരിക്കൂ. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തുന്നതും കുഞ്ഞ് പെണ്ണാണെന്ന ഒറ്റക്കാരണം മതി കൊല്ലാൻ എന്ന് തീരുമാനിക്കുന്നതും ശിക്ഷാർഹമായ തെറ്റുതന്നെയാണ്.

(7) മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാത്ത ഒരാൾ മോഡേൺ മെഡിസിനിലെ മരുന്നുകൾ ഉപയോഗിക്കുന്നതും ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുന്നതും ശരിയാണോ? പിഴവുകൾ വന്നാൽ നിയമപ്രകാരം അതിനെ മെഡിക്കൽ നെഗ്ലിജൻസ് എന്ന പേരിലേ കാണാൻ കഴിയൂ. ഇതിന്റെ നിയമ വശങ്ങളെപ്പറ്റിയൊന്നും വ്യക്തത ഇല്ലാത്തതിനാൽത്തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരാൻ പാടില്ലാത്തതാണ്.

ഭേദഗതി വരുത്തിയാലും പണ്ട് മിഡ് വൈഫുമാരടക്കമുള്ള ഇതര ചികിൽസക്കാർ ചെയ്തിരുന്നതുപോലെ കമ്പും കടൽപ്പായലുമുപയോഗിച്ചുള്ള രീതികൾക്ക് അനുവാദമുണ്ടായിരിക്കില്ലെന്നും മോഡേൺ മെഡിസിൻ അനുശാസിക്കുന്ന രീതികളേ സ്വീകരിക്കാൻ പാടുള്ളൂ എന്നും അനുമാനിക്കാം.ആധുനിക ചികിൽസയുമായി ബന്ധമില്ലാത്ത ( ചിലപ്പോഴൊക്കെ എതിരുമായ) ഇതര ചികിത്സകരെ പരിശീലനം നൽകി അബോർഷൻ ചെയ്യിപ്പിക്കും എന്ന് പറയുന്നത് വികലമായ കാഴ്ചപ്പാട് ആണ് . എയർ ഇൻഡ്യക്ക് പൈലറ്റില്ലാതെ വന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരിശീലനം നൽകി ഫ്‌ലൈറ്റ് പറത്തുമെന്ന് പറയുന്നതുപോലെ. (കടപ്പാട്:ഡോ.ദീപു സദാശിവൻ)

(8) ഭേദഗതിക്ക് ഒരു കാരണം പറഞ്ഞത് ഡോക്ടർമാരുടെ കുറവാണ്.1700 രോഗികൾക്ക് ഒരു ഡോക്ടർ എന്നായിരുന്നു ഇന്ത്യയിലെ അനുപാതം . ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത് 1000 പേർക്ക് ഒരു ഡോക്ടറെന്നാണ്. കേരളത്തിൽ ഈ അനുപാതം 700 പേർക്ക് ഒന്ന് എന്നാണ് (ഏതാനും വർഷങ്ങൾക്ക് മുൻപ്) വർഷാ വർഷം 30,000 എം.ബി.ബി.എസ് ബിരുദധാരികളും 10,000 നു മേൽ സ്‌പെഷ്യൽറ്റി ഡോക്ടർമാരും പുറത്തിറങ്ങുന്ന ഇന്ത്യയിൽ ഡോക്ടർമാരുടെ എണ്ണക്കുറവ് അധികം കാലം ഉണ്ടാകാനിടയുമില്ല. കേരളത്തിന്റെ കാര്യത്തിലാണെങ്കിൽ ഇവിടെ മറ്റ് വിഭാഗങ്ങളിലെ ചികിൽസകരില്ലാതെതന്നെ ആവശ്യത്തിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളും ചികിൽസകരുമുണ്ടെന്ന് കാണാം.

വാൽക്കഷണം:

നിയമങ്ങളും ഭേദഗതികളും നടപ്പിൽ വരുത്തേണ്ടത് സമഗ്രമായ പഠനങ്ങൾക്ക് ശേഷമാണ്. പ്രത്യേകിച്ച് ആരോഗ്യമേഖലയുമയി നേരിട്ട് ബന്ധം വരുന്നവ. അല്ലാതെ കോടതിയിലോ മന്ത്രി സഭകളിലോ ഉള്ള ആരുടെയെങ്കിലും ഒരാളുടെ തോന്നലുകൾ ആയിരിക്കരുത് ഹെൽത്ത് പോളിസികളുടെ അടിസ്ഥാനം. മാതൃമരണനിരക്കുകളും പെൺ ഭ്രൂണഹത്യയും കൂട്ടാൻ ഇടവരുത്തുന്ന ഈ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് നടപ്പിൽ വരുത്തരുതെന്ന് തന്നെയാണ് പറഞ്ഞുവയ്ക്കാനുള്ളത്

മോഡേൺ മെഡിസിൻ വിഷമാണെന്നും ആന്റിബയോട്ടിക്കുകൾ അനാവശ്യമാണെന്നും ബാക്റ്റീരിയ ഇല്ലെന്ന് വാദിക്കുന്നവർക്കുമൊക്കെ എങ്ങനെ മോഡേൺ മെഡിസിൻ അനുശാസിക്കുന്നതുപോലെ സേഫ് സർജറി നടത്താൻ കഴിയും?